ഒരനുഗ്രഹമായത് കൊണ്ട് ഇങ്ങനെയുള്ള ഒട്ടിയുള്ള നടപ്പ് കണ്ട് തന്നെ ആളുകൾ മനസ്സിലാക്കിക്കോളും ഞങ്ങൾ പുതിയതായി കല്യാണം കഴിഞ്ഞ
ആളുകളാണെന്നത്. ചുരിദാറുകൾ അടക്കി വെച്ചിരുക്കുന്ന സെഷനിൽ എത്തിയപ്പോഴാ അവർ എന്റെ കൈയ്യിലുള്ള പിടി വിട്ടത്. “ആദി ഇതെങ്ങനെയുണ്ട് കൊള്ളാമോ? എനിക്ക് മാച്ചാണോന്ന്” ഒക്കെ ചോദിച്ച് പിന്നെ ഓരോരോ ചുരിദാറുകൾ എടുത്ത് കണ്ണാടിയുടെ മുൻപിൽ പോയി എന്നെ കൊണ്ട് മാർക്ക് ഇടീപ്പിക്കലായിരുന്നു പിന്നെ അവളുടെ പരിപാടി. ഒടുവിൽ 7 ചുരിദാറുകൾ കക്ഷി പാക്ക് ചെയ്യിപ്പിച്ചു. അതിൽ 4 എണ്ണവും ഞാൻ തന്നെയാ സെലക്ട് ചെയ്തത്. പിന്നെ അനു കുട്ടിയ്ക്ക് ഏറ്റവും ഇഷ്ടം ഫ്രോക്കുകൾ ആണ് അതും ഒരു അഞ്ചാറ് എണ്ണം എടുത്തു. തെലുങ്ക് സിനിമ ‘ഡിയർ കോമ്രേഡ്’ ൽ നായികയായ രാശ്മിക മന്ദാന ഫ്രോക്ക് ഇടുന്നത് കണ്ടപ്പോൾ തൊട്ട് തുടങ്ങിയതാണ് കക്ഷിയ്ക്ക് ഈ ഫ്രോക്കുകളോടുള്ള ഇഷ്ടം. ഏതാണ്ട് ഒരു ഭാഗത്ത് നിന്നൊക്കെ നോക്കിയാൽ അനൂനെ രാശ്മികയുടെ മുഖ ഛായയുണ്ട് താനും. അതെങ്ങാനും ഇടക്ക് പറഞ്ഞ് പോയാൽ തീർന്നു പിന്നെ പെണ്ണിന് വല്യ ഗമയാ. ഡ്രസ്സ് ഒക്കെ സെലക്ട് ചെയ്ത് കഴിഞ്ഞപ്പോൾ ഞാൻ അനൂന്റെ ചെവിയിൽ പതിയെ“അടിയിലിടാൻ ഉള്ള ഐറ്റംസ് ഒന്നും വാങ്ങുന്നില്ലേന്ന്” ചോദിച്ചു. അപ്പോഴാണ് പെണ്ണ് ആ കാര്യം ഓർത്തത് തന്നെ. അണ്ടർ ഗാർമന്റ് സെക്ഷനിൽ നിന്ന് അതൊക്കെ എടുക്കാനായി എന്നെ കൂടെ കൂട്ടു വിളിച്ചെങ്കിലും അവിടെയ്ക്ക് പോകാൻ നാണമായത് കൊണ്ട് ഞാൻ അവളോട് പറഞ്ഞു “എല്ലാം എടുത്തു കഴിഞ്ഞു താഴെയ്ക്ക് വാ ഞാൻ അവിടെ കാണും ട്ടോ” പെണ്ണ് ചിരിച്ച് കൊണ്ട് ശരിയെന്ന് പറഞ്ഞ് ആ സെക്ഷനിലോട്ട് നീങ്ങി. ഞാൻ താഴത്തെ നിലയിലേയ്ക്കും നീങ്ങി. താഴെയുള്ള ബില്ലിംഗ് സെക്ഷന്റെ അടുത്ത് ഇട്ടിരുന്ന വലിയ സോഫ സെറ്റിയിൽ പോയി ഇരുന്ന ഞാൻ ജീൻസിന്റെ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് ഫേസ്ബുക്ക് ഓപ്പൺ ചെയ്ത് എന്റെ പ്രൊഫൈലിലെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് മ്യാരീഡ് എന്നാക്കി മാറ്റി. റിലേഷൻഷിപ്പ് സ്റ്റാറ്റസിൽ ഭാര്യയുടെ പേരിന്റെ സ്ഥാനത്ത് ഞാൻ അനൂന്റെ പ്രൊഫൈൽ സെലക്ട് ചെയ്ത് അവളെ ആ പോസ്റ്റിൽ ടാഗ് ചെയ്തു. ഇനിയെന്തായാലും എല്ലാരും സംഭവം അറിയട്ടെന്ന് ഞാനും കരുതി. അങ്ങിനെ ഒരു അര മണിക്കൂർ ആയപ്പോഴെയ്ക്കും പെണ്ണ് ഡ്രസ്സിന്റെ ബില്ലൊക്കെ കൊടുത്ത് എന്റെ അടുത്തെത്തി. അവളുടെ കൈയ്യിലുള്ള ഡ്രസ്സിന്റെ കവറുകളിൽ പകുതി വാങ്ങി കൈയ്യിൽ പിടിച്ച ഞാൻ അവളോടൊപ്പം പുറത്തിറങ്ങി. ഞങ്ങൾ പുറത്തിറങ്ങിയപ്പോഴെയ്ക്കും നേരെയുള്ള പാർക്കിംഗ് ലോട്ടിൽ സെക്യൂരിറ്റി കാർ കൊണ്ട് വന്ന് ഇട്ടിരുന്നു. എന്നെ കണ്ട ഉടനെ കാർ കൊണ്ടുപോയ സെക്യൂരിറ്റിക്കാരൻ കീ തരാനായി വന്നു. അയാൾക്കൊരു നൂറു രൂപ ടിപ്പ് കൊടുത്തു. ഡ്രസ്സ് എല്ലാം എടുത്ത് പുറകിലുള്ള സീറ്റിൽ വച്ച ശേഷം ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. കാറിനുള്ളിലെ മ്യൂസിക് സിസ്റ്റ്ത്തിലെ സമയം നോക്കിയപോൾ 6.30 ആയിട്ടുണ്ട്. പുറത്തൊക്കെ ഇരുട്ട് പരന്ന് തുടങ്ങി. എന്തായാലും
തൃശൂരിൽ തന്നെയുള്ള ഏതേലും ഹോട്ടലിൽ നിന്ന് കഴിച്ചിട്ട് റിസോർട്ടിലേയ്ക്ക് തിരിക്കാമെന്ന് തീരുമാനിച്ച ഞങ്ങൾ അത്യാവശ്യം നല്ല ഒരു വെജിറ്റേറിയൻ ഹോട്ടൽ കണ്ടപ്പോൾ അവിടെ കയറി മസാല ദോശ കഴിച്ച് പുറത്തിറങ്ങി. തൃശൂര് നിന്ന് എത്രയും പെട്ടെന്ന് റിസോർട്ട് പിടിക്കണം അതുകൊണ്ട് കാർ അത്യാവശ്യം സ്പീഡിൽ തന്നെ ഞാൻ പായിച്ചു വിട്ടു. അനു ഭക്ഷണം കഴിച്ച് കാറിൽ കയറിയപ്പോൾ തൊട്ട് ഉറക്കം പിടിച്ചിട്ടുണ്ട്. സീറ്റ് പിറകിലോട്ട് ചായ്ച്ച് വച്ചാണ് കക്ഷിയുടെ കിടപ്പ്. ഉറങ്ങിക്കോട്ടെന്ന് കരുതി ഞാൻ പിന്നെ കാറിൽ പാട്ട് ഒന്നും വച്ചില്ല. എനിക്കും
നല്ല ക്ഷീണമുണ്ട് എങ്ങനേലും റിസോർട്ടിൽ എത്തി കിട്ടിയാൽ മതിയെന്നാണ് മനസ്സിൽ അത്രത്തോളം ഇന്നത്തെ ദിവസം ക്ഷീണിപ്പിച്ചിട്ടുണ്ട്. അങ്ങനെ രണ്ടു മണിക്കൂർ കൊണ്ട് കാർ പാലക്കാടെത്തി ഇനി റിസോർട്ടിലേയ്ക്കുള്ള വഴി ഗൂഗിൾ മാപ്പിൽ നോക്കി പോകാമെന്ന് കരുതി മൊബൈൽ എടുത്ത് മാപ്പിൽ സ്ഥലം സെറ്റ് ചെയ്ത് ഓടിച്ചു തുടങ്ങി പാലക്കാട് ടൗണിൽ നിന്ന് ഏതാണ്ട് 20 മിനിറ്റേ റിസോർട്ടിലേയ്ക്കുളളൂ എന്നാണ് മാപ്പിൽ കാണിക്കുന്നത്. മാപ്പ് ഇട്ട് വണ്ടിയോടിച്ച് പണി കിട്ടിയെന്ന് പറഞ്ഞാൽ മതിയല്ലോ ചെറിയ ഊട് വഴികളിൽ കൂടി ചുറ്റിച്ചാണ് അവസാനം റെയ്മണ്ട് റിസോർട്ടിൽ എത്തിയത്. റിസോർട്ടിന്റെ പേര് പോലെ നല്ല ഗംഭീരം തന്നെ ആണ് പരിസരവും ഗേറ്റിൽ നിന്ന് ഏതാണ്ട് ഒരു അര കിലോമീറ്റർ ഓടിച്ചാണ് പ്രധാന ബിൽഡിംഗിൽ എത്തിയത്. അവിടത്തെ പാർക്കിംഗിൽ കാർ നിർത്തി ഞാൻ അനുവിനെ കുലുക്കി വിളിച്ചു “അനു കുട്ടി എഴുന്നേൽക്കഡി സ്ഥലമെത്തി” പക്ഷേ പെണ്ണുണ്ടോ ഏഴുന്നേൽക്കുന്നു ക്ഷീണം കാരണം നല്ല ഉറക്കത്തിൽ തന്നെയാ. പെണ്ണിനെ ഒന്ന് ദേഷ്യം പിടിപ്പിക്കാനായിട്ട് കുറച്ച് മുൻപ് ഹോട്ടലിൽ കയറിയപ്പോൾ വാങ്ങിയ മിനറൽ വാട്ടർ ബോട്ടിൽ എടുത്ത് അതിൽ നിന്ന് കുറച്ചു വെള്ളം കൈയ്യിൽ എടുത്ത് അവളുടെ മുഖത്തേയ്ക്ക് കുടഞ്ഞു അതോടെ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ പെണ്ണ് അസ്വസ്ഥതയോടെ “എന്ത് പണിയാ ആദീ നീ കാണിച്ചേന്ന്” പറഞ്ഞ് മുഖത്ത് വീണ വെള്ളം കൈ കൊണ്ട് തുടച്ചിട്ട് സീറ്റ് അഡ്ജസ്റ്റ് ചെയ്യുന്ന സ്വിച്ചിൽ ഞെക്കിയിട്ട് ചാഞ് കിടന്ന സീറ്റ് നേരെയാക്കി. ഷാൾ കൊണ്ട് മുഖമൊക്കെ ശരിക്കുമൊന്ന് തുടച്ചിട്ട് വെള്ളം കുടഞ്ഞതിനു എന്റെ കൈയ്യിൽ നല്ലോണം പിച്ചിയാണ് കക്ഷി ദേഷ്യം തീർത്തത്. കാറിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഞങ്ങൾ വരുന്ന വഴി വാങ്ങിച്ച ഡ്രസ്സുകളുടെ കവറും പിന്നെ വീട്ടിൽ നിന്ന് ഞാൻ ഡ്രസ്സൊക്കെ എടുത്തു വെച്ച ട്രോളി ബാഗും അതിനോടൊപ്പം അച്ഛൻ പുറത്ത് പോകുമ്പോൾ കൊണ്ടുപോകാറുള്ള ഒരു ഓഫീസ് ബാഗും അനു കൈയ്യിൽ എടുത്ത് പുറത്തിറങ്ങി. അനുവിന്റെ കൈയ്യിലുള്ള ബാഗ് ഇറങ്ങുന്ന സമയം അമ്മ അവളുടെ കൈയ്യിൽ കൊണ്ട് വന്ന് ഏൽപ്പിച്ചതാണ് അതിലെന്താണെന്ന് ഇത് വരെ നോക്കിയില്ല ഞങ്ങൾ. അങ്ങനെ സാധനങ്ങൾ എല്ലാം എടുത്ത ശേഷം കാർ ലോക്ക് ചെയ്ത് റിസപ്ഷനിൽ എത്തി അവിടെ ഒരു പത്തിരുപത് വയസ്സ് തോന്നിക്കുന്ന പയ്യൻ മാത്രമേ റിസപ്ഷനിൽ ഉണ്ടായിരുന്നുള്ളൂ അവനോട് വിനോദ് ഏട്ടനെ അന്വേഷിച്ചതോടെ കക്ഷി ചിരിച്ചു കൊണ്ട് നിങ്ങൾ ആലുവയിൽ നിന്ന് വരുന്നതാണോന്ന് ചോദിച്ചു. അതെയെന്ന് പറഞ്ഞതോടെ അവൻ റിസപ്ഷൻ ക്യാബിനിൽ നിന്ന് ഞങ്ങൾക്കരിലേയ്ക്ക് വന്നിട്ട് പറഞ്ഞു: “നിങ്ങൾ രണ്ടാളും സ്പെഷ്യൽ ഗെസ്റ്റുകളണെന്നാണ് വിനോദ് സാർ പറഞ്ഞത്. അതുകൊണ്ട് നിങ്ങളെ കാര്യമായി നോക്കി കൊള്ളാൻ പറഞ്ഞാണ് പുള്ളി പോയത്. നാളെ രാവിലെ കക്ഷി നിങ്ങളെ വന്ന് കാണുമെന്ന കാര്യം എന്നോട്
