അമ്മയും അഞ്ജുവും അച്ഛൻ പറഞ്ഞത് കേട്ട് കഴിഞ്ഞപ്പോൾ മുതൽ കരഞ്ഞ് മൂക്കു പിഴിഞ്ഞൊക്കെ തുടങ്ങിയിട്ടുണ്ട്. അച്ഛന്റെ മുഖത്തും നല്ല വിഷമമുണ്ട് കക്ഷി അത് പുറത്ത് കാണിക്കുന്നില്ലെന്നേ ഉള്ളൂ. എനിക്കാണേൽ ഇത് വരെ വീട് വിട്ട് മാറി നിന്നിട്ടില്ലാത്തത് കൊണ്ട് ആ കാര്യം ആലോചിച്ചിട്ട് എന്തോ പോലെ തോന്നി. ഞാൻ എഴുന്നേറ്റ് സിറ്റൗട്ടിലേയ്ക്ക് നടന്നു എന്റെ തൊട്ടു പിറകിൽ അനുവും അമ്മയും അഞ്ജുവും അച്ഛനും നിയാസും എല്ലാവരും ഉണ്ട്. അപ്പോഴാണ് പോകുന്ന കാര്യം അമൃതിന് വിളിച്ച് പറയണമെന്ന കാര്യം ഓർത്തത്. ഞാൻ ജീൻസിന്റെ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് അമൃതിന്റെ നമ്പർ എടുത്ത് വിളിച്ചു നോക്കി പക്ഷേ നെറ്റ്‌വർക്ക് ബിസി ആയത് കൊണ്ട് അവന്റെ കോൾ കണക്ടായില്ല. രണ്ടാമതും ഞാൻ ഡയൽ ചെയ്ത് വിളിക്കുന്നതിനിടെ അച്ഛൻ ശബ്ദമുയർത്തി കൊണ്ട്: “നീ ആരെയാ വിളിക്കുന്നെ, നേരം കളയാതെ വേഗം ഇറങ്ങാൻ നോക്ക് അവിടെ എത്തുമ്പോഴെയ്ക്കും വൈകും” അച്ഛൻ എന്നോടുള്ള പതിവ് ഗൗരവത്തിൽ പറഞ്ഞു. ” ഞാൻ ഇറങ്ങുന്ന വിവരം അമൃതിനെ ഒന്ന് വിളിച്ച് പറയാൻ നോക്കീതാ പക്ഷേ ലൈൻ ബിസി ആയതോണ്ട് കിട്ടണില്ല” ഞാൻ കോൾ കട്ട് ചെയ്ത് ഫോൺ പോക്കറ്റിൽ ഇടുന്നതിനിടെ അച്ഛനോട് പറഞ്ഞു. അനൂന്റെ കൈ ചേർത്ത് പിടിച്ചു എന്തൊക്കെയോ സംസാരിക്കുന്നുണ്ട് അമ്മ. അമ്മയ്ക്കൊപ്പം തന്നെ അഞ്ജുവും നിൽപ്പുണ്ട്. ഞാൻ സിറ്റൗട്ടിലെ സ്റ്റാന്റിൽ വച്ചിരുന്ന ഷൂ ഇട്ട് മുറ്റത്തേയ്ക്ക് ഇറങ്ങിയപ്പോൾ ടൈലിൽ അങ്ങിങ്ങായി ചിതറി കിടക്കുന്ന ചില്ല് കണ്ടപോഴാണ് രാവിലെ സംഗീത് എന്റെ സാൻട്രോ കാറിന്റെ ചില്ലൊക്കെ അടിച്ച് പൊട്ടിച്ച കാര്യം വീണ്ടും മനസ്സിലേയ്ക്ക് വന്നത്. ഞാൻ ഒരു പോറൽ പോലും പറ്റാതെ കൊണ്ട് നടന്ന വണ്ടിയാ എല്ലാ ഗ്ലാസും പൊട്ടി ചിതറി കിടക്കുന്നത് കണ്ടപ്പോ സംഗീതിനോടുള്ള ദേഷ്യത്തിൽ കൈ ചുരുട്ടി പിടിച്ച് തുടയിൽ ഇടിച്ചു കൊണ്ടിരുന്ന എന്നെ നോക്കികൊണ്ട് അച്ഛൻ ചെറുതായി ചിരിച്ചിട്ട് “എന്റെ പൊന്ന് ആദി നിന്റെ കാറിന്റെ ചില്ല് അടിച്ച് പൊട്ടിച്ചതിന് സംഗീതിനെ ഇടിച്ച് പഞ്ചറാക്കിയിട്ടും നിന്റെ ദേഷ്യം മാറിയില്ലേ ഇതുവരെ നിന്റെ കാറിന്റെ ഗ്ലാസ്സ് എല്ലാം മാറ്റിയിട്ടിട്ട് നിനക്ക് എവിടെയാന്ന് വച്ചാ ഞാൻ അത് എത്തിച്ച് തന്നേക്കാം പോരേ?” അച്ചൻ സിറ്റൗട്ടിൽ നിന്ന് വിളിച്ച് പറഞ്ഞു. അച്ഛൻ പറഞ്ഞത് കേട്ട സന്തോഷത്തിൽ ഞാൻ തിരിച്ച് അച്ഛന്റെ അടുത്ത് ചെന്നിട്ട് “എന്നാ അച്ഛാ ഞങ്ങൾ ഇറങ്ങട്ടെ അവിടെ എത്തി കഴിഞ്ഞിട്ട് വിളിക്കാം. ഞാൻ അച്ഛനെ കെട്ടി പിടിച്ചു കൊണ്ടാണ് യാത്ര പറഞ്ഞത്. അച്ഛന്റെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്. അത് കുറച്ച് നേരം കൂടി നോക്കി നിന്നാൽ ഞാനും കരഞ്ഞു പോകുമെന്ന് തോന്നിയത് കൊണ്ട് ഞാൻ കാർ പോർച്ചിൽ കിടക്കുന്ന പുതിയ പോളോ കാറിന്റെ അടുത്തേയ്ക്ക് നീങ്ങി. അവിടെ കാറിന്റെ ഫ്രണ്ട് സീറ്റിൽ
അനു കയറി ഇരിപ്പുണ്ട് ഡോറിനടുത്തായി എന്റെ അമ്മ മരുമോൾക്ക് എന്തൊക്കെയോ ഉപദേശമൊക്കെ കൊടുക്കുന്നുണ്ട്. എന്താ പറയുന്നതെന്ന് മനസ്സിലായില്ലെങ്കിലും എന്നെ ശരിക്കും നോക്കിക്കോളണം എന്നൊക്കെയാ പറയുന്നതെന്ന് മാത്രം കത്തി. ഒടുക്കം ഞാൻ അമ്മയെ കെട്ടി പിടിച്ചിട്ട് ” ഇറങ്ങട്ടെ അമ്മാ അവടെ എത്തിയിട്ട് വിളിക്കാം ഞാൻ” അതോടെ അമ്മ ഏങ്ങലടിച്ച് കരഞ്ഞ് എന്റെ നെഞ്ചിൽ ചാരി നിന്നിട്ട്: “നിങ്ങൾക്കുള്ള വീട് റെഡിയായിട്ടു ഞങ്ങൾ 3 ആളും അങ്ങോട്ട് വരുന്നുണ്ട്. അനൂനെ നോക്കിക്കോണെ”. അമ്മയുടെ കരച്ചിൽ കണ്ടതോടെ അത്ര നേരം കരയാതെ പിടിച്ച് നിന്ന എന്റെ കണ്ണും നിറഞ്ഞൊഴുകാൻ തുടങ്ങി.
ഞങ്ങളുടെ യാത്ര പറച്ചിലും കണ്ണ് നിറയുന്നതൊക്കെ കണ്ട് മാറി നിന്ന് കരഞ്ഞ് കൊണ്ടിരുന്ന അഞ്ജു ന്റെ അടുത്ത് ചെന്നിട്ട് ഞാൻ അവളെ ചേർത്ത് പിടിച്ചിട്ട് ” ഏട്ടൻ പോയിട്ടു വരാം മോളെ അവിടെ എത്തിയിട്ടു വിളിക്കാം ട്ടോ” അതോടെ അഞ്ജു എന്നെ കെട്ടി പിടിച്ചിട്ട് “ശരി ഏട്ടാ ഞാൻ വിളിച്ചോളാം രണ്ടാളെയും അനു ചേച്ചിയെ നോക്കികൊണേ” കരഞ്ഞ് ശബ്ദമിടറി കൊണ്ട് അഞ്ജു പറഞ്ഞൊപ്പിച്ചു. അവസാനം ഞാൻ യാത്ര പറയാൻ നോക്കിയത് നിയാസിനെയാ നോക്കിയപ്പോൾ കക്ഷി മുറ്റത്ത് പാർക്ക് ചെയ്ത അവന്റെ ബുള്ളറ്റിൽ ഇരുന്ന് ഫോണിൽ ആർക്കോ വിളിക്കുന്നുണ്ടായിരുന്നു. ഞാൻ അവന്റെ അടുത്തേയ്ക്ക് നടന്നടുത്ത് വരുന്നത് കണ്ടതോടെ കക്ഷി ഫോൺ കട്ടാക്കി പാൻസിന്റെ പോക്കറ്റിൽ ഇട്ടിട്ട് എന്നെ നോക്കി ചിരിച്ചിട്ട് പറഞ്ഞു. “അവിടെ നോക്കിയപ്പോൾ എല്ലാരും സെന്റി ആയി കരഞ്ഞ് മൂക്കു പിഴിയുന്ന സീൻ അതു കണ്ട് ഞാൻ പതിയെ വലിഞ്ഞതാ”. നിയാസിനും ഞാൻ പോകുന്നതിൽ നല്ല വിഷമമുണ്ട് അവനത് പുറത്തു കാണിക്കുന്നില്ലെന്നേ ഉള്ളൂ. “മച്ചാനെ, എന്നാൽ ഞാൻ ഇറങ്ങട്ടേ ഡാ ഇവിടുത്തെ കാര്യങ്ങൾ നീ ഒന്ന് ശ്രദ്ധിച്ചോണെ” ഞാൻ ഇടറിയ സ്വരത്തിൽ പറഞ്ഞ് അവനെ കെട്ടി പിടിച്ചു. “അത് നീ പറഞ്ഞിട്ട് വേണോ അതൊക്കെ ഞാൻ നോക്കിക്കോളാം. റിസോർട്ടിൽ നിങ്ങൾ രണ്ടാളും വൈകീട്ടത്തേയ്ക്ക് എത്തും എല്ലാ കാര്യങ്ങളും റെഡിയാക്കിക്കോളാൻ പറഞ്ഞ് ഞാൻ വിനോദ് ഏട്ടന് വിളിച്ച് പറഞ്ഞിട്ടുണ്ട്. പിന്നെ നിങ്ങൾക്കുള്ള വീടും പുള്ളി തന്നെ സെറ്റാക്കി തരും. ഇനി വൈകണ്ട അവിടെ വരെ ഡ്രൈവ് ചെയ്യേണ്ടതല്ലെ എന്നാൽ നീ സ്ക്കൂട്ട് ആയിക്കോ”. നിയാസ് കെട്ടി പിടുത്തത്തിൽ നിന്ന് അകന്ന് മാറിയിട്ട് പറഞ്ഞു. ഞാൻ നിയാസിനോടും എല്ലാരോടും ഒരിക്കൽ കൂടി യാത്ര പറഞ്ഞിട്ട് കാറിൽ കയറി. അനുവിനെ നോക്കിയപോൾ കക്ഷി ചെറുതായി കണ്ണൊക്കെ തുടക്കുന്നുണ്ട്. ഞാൻ എന്താന്ന് ചോദിച്ചപ്പോൾ “ഒന്നൂല്യ ആദീ” ന്ന് പറഞ്ഞ് തുവാല കൊണ്ട് കണ്ണ് തുടക്കുന്നുണ്ട്. ഞാൻ കാറിന്റെ സീറ്റ് ബെൽറ്റ് വലിച്ച് ഇട്ട ശേഷം കാർ സ്റ്റാർട്ടാക്കി പോർച്ചിന് വെളിയിലിറക്കി. കാർ മുന്നോട്ട് നീങ്ങും തോറും ഡ്രൈവർ സൈഡിലെ കണ്ണാടിയിൽ നോക്കിയപ്പോൾ എല്ലാരും ഞങ്ങളുടെ കാർ നോക്കി നിൽക്കുന്ന കാഴ്ച വീടിന്റെ ഗേറ്റ് വരെ കണ്ടു. പുതിയ കാറിൽ ഇങ്ങനെയൊരു യാത്ര പോകേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല എല്ലാം വിധി തന്നെ അല്ലാതെ എന്താ പറയാ……. കാർ ആലുവ ടൗണിൽ എത്തിയതോടെ ഞാൻ അത്യാവശ്യം വേഗത്തിൽ തന്നെ പായിച്ച് വിട്ടു. അനു കാറിൽ കയറിയപ്പോൾ മുതൽ ഒന്നും മിണ്ടിയിട്ടില്ല ആകെ വിഷമിച്ച പോലെയാ ഇരുപ്പ്. അവളുടെ ആ മൂഡ് ഒന്ന് മാറ്റാനായി ഞാൻ കക്ഷിയെ തോണ്ടിയും ഇക്കിളിയാക്കിയൊക്കെ നോക്കിയിട്ടും പെണ്ണ് അത് പോലെ തന്നെ
