“ഒരു പെണ്ണ് രാവിലെ കുളിച്ചൊരുങ്ങി അമ്പലത്തിൽ പോയി പ്രസാദവും തൊട്ടു വരുമ്പോൾ ആ വീടിനും ഒരു ഐശ്വര്യം വരും.”
അർജുന്റെ വാക്കുകൾ ഗായത്രിയുടെ ഉള്ളിൽ ഒരു കുളിർമയുണ്ടാക്കി. ആ പഴയ പുലർകാലങ്ങൾ അവൾ ഓർത്തു. കുളത്തിൽ മുങ്ങിക്കുളിച്ച്, ഈറൻ മുടിയുമായി അമ്പലത്തിൽ പോയിരുന്ന ആ സുന്ദരമായ നാളുകൾ. വളർന്നപ്പോൾ എപ്പോളോ കൂടെ കൂടിയ മടിയും കഴപ്പും പിന്നെ കല്യാണം കഴിഞ്ഞപ്പോ എല്ലാം അവതാളത്തിൽ ആയി.
“നാളെ മുതൽ നീ പോയി തുടങ്ങിക്കോ.” അർജുൻ അവളുടെ കണ്ണുകളിലേക്ക് നോക്കി ഉറപ്പിച്ചു പറഞ്ഞു.
അർജുന്റെ ആ കരുതലിൽ ഗായത്രിക്ക് വല്ലാത്തൊരു
ആത്മബന്ധം തോന്നി. തന്റെ ഇഷ്ടങ്ങളെയും വിശ്വാസങ്ങളെയും ഇത്രത്തോളം മാനിക്കുന്ന ഒരാൾ കൂടെയുണ്ടല്ലോ എന്ന ആശ്വാസം. ഇന്നലെ രാത്രി ആ മുറിക്ക് മുന്നിൽ വെച്ച് കണ്ട ആ രൂപമോ, അവന്റെ വാക്കുകളിലെ നിഗൂഢതയോ ഇപ്പോൾ അവളുടെ മനസ്സിലില്ലായിരുന്നു. പകരം, തന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുന്ന ഒരു ഉത്തമ സുഹൃത്തായി അവൾ അർജുനെ കണ്ടു.
പക്ഷേ അർജുൻ മറ്റൊന്നായിരുന്നു ചിന്തിച്ചിരുന്നത്. ഗ്രാമീണ പെൺകൊടിയുടെ ആ നിഷ്കളങ്കമായ സൗന്ദര്യം, കുളികഴിഞ്ഞ് ഈറൻ മുടിയും ചന്ദനക്കുറിയുമായി നിൽക്കുന്ന ആ രൂപം, അതൊന്നു കാണാൻ അവൻ ഉള്ളാലെ ആഗ്രഹിച്ചിരുന്നു. കൊച്ചിയിലെ ഫാഷൻ സുന്ദരികൾക്കിടയിൽ ഗായത്രിയുടെ ആ നാടൻ വടിവുകളും ഒതുക്കവും അവനെ വല്ലാതെ മോഹിപ്പിക്കുന്നുണ്ടായിരുന്നു.
“ശരി അർജുൻ… ഞാൻ നാളെ മുതൽ പോകാം,” മടിയോടെ ആണെങ്കിലും അവൾ പതുക്കെ മറുപടി നൽകി.
അർജുൻ അവളുടെ ആ വാക്കുകൾ കേട്ട് ഒന്ന് കൂടി ചിരിച്ചു. ആ ചിരിയിൽ ഒരു സംതൃപ്തി ഉണ്ടായിരുന്നു. അവൻ പതുക്കെ എഴുന്നേറ്റ് അവളുടെ അരികിലൂടെ നടന്നു പോകുമ്പോൾ അവന്റെ ശരീരത്തിലെ ആ പെർഫ്യൂമിന്റെ ഗന്ധം ഗായത്രിയിലേക്ക് പടർന്നു. അവൾ ഒരു നിമിഷം ശ്വാസമടക്കി ഇരുന്നുപോയി.
രാത്രി. പുറത്ത് മഴ പെയ്തു തോർന്നതിന്റെ ഒരു തണുപ്പുണ്ടായിരുന്നു. അർജുൻ തന്റെ ലാപ്ടോപ്പും ബാഗുമായി രാത്രി എട്ടുമണിയോടെ തന്നെ ഒരു ബിസിനസ് ഡിന്നറിനായി പുറത്തേക്ക് പോയിരുന്നു. ഗായത്രി ഹാളിൽ കിച്ചുവിനെ കാത്തിരിക്കുകയായിരുന്നു.
പെട്ടെന്ന് ഡോർബെൽ മുഴങ്ങി. ഗായത്രി വേഗം ചെന്ന് വാതിൽ തുറന്നു. പക്ഷേ മുന്നിൽ നിൽക്കുന്ന കിച്ചുവിനെ കണ്ട് അവൾ വിശ്വസിക്കാനാവാതെ തരിച്ചു നിന്നുപോയി.
ഭിത്തിയിൽ ചാരി, കണ്ണ് ചുവന്ന്, വസ്ത്രങ്ങളൊക്കെ അലങ്കോലമായി
നിൽക്കുന്ന കിച്ചു. അവനിൽ നിന്ന് രൂക്ഷമായ മദ്യത്തിന്റെ ഗന്ധം വമിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് വല്ലപ്പോഴും മദ്യപിച്ചിരുന്ന കിച്ചു ഇപ്പോൾ..
“കിച്ചൂ… ഇതെന്താ… നീ കുടിച്ചോ?” ഗായത്രി പേടിയോടെയും വെറുപ്പോടെയും അവന്റെ അടുത്തേക്ക് ചെന്നു.
“ഹ ഹ… കുടിച്ചോ എന്നോ?” കിച്ചു ഒരു വശത്തേക്ക് ചരിഞ്ഞു വീഴാൻ പോയി. അവൾ അവനെ താങ്ങിപ്പിടിച്ചു.
“ഗായൂ… എറണാകുളമാണ്… ഇവിടെ ഇതൊക്കെ സാധാരണയല്ലേ? പിന്നെ ആനന്ദ് ഗ്രൂപ്പിലെ ആൾക്കാരെ സോപ്പിടണ്ടേ? അവർ നിർബന്ധിച്ചപ്പോൾ ഞാൻ…”
അവൻ വാക്കുകൾ കിട്ടാതെ കുഴഞ്ഞു. ഗായത്രിക്ക് കരച്ചിൽ വന്നു. തന്റെ കിച്ചു ഇങ്ങനെയൊരു അവസ്ഥയിൽ വരുമെന്ന് അവൾ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. കഷ്ടപ്പാടുകൾക്കിടയിലും അവൻ കാണിച്ചിരുന്ന ആ ആഭിജാത്യം എവിടെയോ നഷ്ടപ്പെട്ടതുപോലെ അവൾക്ക് തോന്നി.
“നീ ഒന്ന് മിണ്ടാതിരിക്ക് കിച്ചൂ, അർജുൻ ഇപ്പോൾ വരും. അവൻ കണ്ടാൽ എന്തുവിചാരിക്കും? നീ വാ… അകത്തേക്ക് നടക്ക്,” അവൾ അവനെ ബലം പ്രയോഗിച്ച് ബെഡ്റൂമിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു.
“അർജുൻ… അർജുൻ എന്റെ ചങ്കാടി… അവൻ എനിക്കൊരു വഴി കാണിച്ചു തന്നു. നിനക്കറിയാമോ, ഇന്ന് നടന്ന മീറ്റിംഗിൽ അവർക്ക് എന്നെ ബോധിച്ചു. പക്ഷേ… പക്ഷേ ഈ നഗരത്തിൽ പിടിച്ചു നിൽക്കണമെങ്കിൽ ഇതൊക്കെ വേണമത്രേ!” കിച്ചു ഉറക്കെ ചിരിച്ചു കൊണ്ട് ബെഡിലേക്ക് മലർന്നു വീണു.
