“എന്താ അർജുൻ അങ്ങനെ പറഞ്ഞത്?” അവൾ ചോദിച്ചു.
“പറഞ്ഞാൽ മനസ്സിലാകില്ല, ആ സാരിയിൽ നീ അത്രയ്ക്ക് മാരകമായിട്ടുണ്ട്. ആരെയും കൊതിപ്പിക്കുന്ന ഒരു നാടൻ അഴക്…”
അർജുന്റെ ആ മറുപടി വായിച്ചതും ഗായത്രിയുടെ ഉള്ളിലൊരു വെള്ളിടി വെട്ടിയതുപോലെ തോന്നി. “മാരകമായിട്ടുണ്ട്”, “കൊതിപ്പിക്കുന്ന അഴക്”—ആ വാക്കുകൾ അവളുടെ കണ്ണ് തുറപ്പിച്ചു. അതുവരെ എന്തോ ഒരു ലഹരിയിലായിരുന്ന അവൾ പെട്ടെന്ന് യാഥാർത്ഥ്യത്തിലേക്ക് ഉണർന്നു.
താൻ എന്താണ് ഈ ചെയ്തുകൂട്ടിയത്? വലിയൊരു തറവാട്ടിൽ ജനിച്ചവൾ, മാന്യമായി ജീവിക്കുന്ന ഒരാളുടെ ഭാര്യ. പണ്ടത്തെ സുഹൃത്താണെങ്കിലും, അർജുൻ ഒരു അന്യപുരുഷനല്ലേ? ഒരു അന്യപുരുഷന് തന്റെ ശരീരത്തിന്റെ വടിവുകൾ വ്യക്തമാകുന്ന ചിത്രങ്ങൾ എടുത്തു അയച്ചു കൊടുക്കാൻ തനിക്ക് എങ്ങനെ തോന്നി?
കൈകൾ വിറച്ചുകൊണ്ട് അവൾ പെട്ടെന്ന് തന്നെ ആ ഫോട്ടോകൾ ‘ഡിലീറ്റ് ഫോർ എവരിവൺ’ കൊടുത്തു. നെഞ്ചിടിപ്പ് നിലയ്ക്കുന്നില്ലായിരുന്നു. മുഖം വല്ലാതെ ചുവന്നു തുടുത്തു. ഭക്തിയോടെ നിൽക്കേണ്ട അമ്പലമുറ്റത്ത് വെച്ച് താൻ കാമനകൾക്ക് വശപ്പെട്ടു പോയല്ലോ എന്നോർത്തപ്പോൾ
അവൾക്ക് തന്നോട് തന്നെ വല്ലാത്ത വെറുപ്പ് തോന്നി.
വഴിയിലുടനീളം ആളുകൾ നോക്കുന്നുണ്ടോ എന്ന ഭയത്താൽ അവൾ സാരിത്തുമ്പ് ഒന്നുകൂടി വലിച്ച് മുറുക്കി പുതച്ചു. വേഗത്തിൽ നടന്ന് ഫ്ലാറ്റിലെത്തി വാതിൽ അടച്ചു. അകത്തെ ഇരുട്ടിൽ അവൾ തളർന്നിരുന്നു.
കിച്ചുവിനോടുള്ള ദേഷ്യമാണോ അതോ അർജുന്റെ ആ സാമീപ്യമാണോ തന്നെ ഇങ്ങനെ മാറ്റിയത്?
അവൾ നേരെ ബെഡ്റൂമിലേക്ക് ഓടി ബെഡിൽ മുഖമമർത്തി പൊട്ടിക്കരഞ്ഞു.
“ഈശ്വരാ… ഞാൻ എന്തിനാ ഇങ്ങനെ ആയത്? കിച്ചുവിനെ വഞ്ചിക്കുകയാണോ ഞാൻ?” അവൾ വിങ്ങിക്കരഞ്ഞു കൊണ്ട് സ്വയം ചോദിച്ചു.
അർജുൻ ചെയ്ത സഹായങ്ങളും അവന്റെ മാന്യമായ പെരുമാറ്റവും ഓർക്കുമ്പോൾ അവൾക്ക് കൂടുതൽ കുറ്റബോധം തോന്നി. അവൻ തന്നെക്കുറിച്ച് ഇപ്പോൾ എന്ത് വിചാരിച്ചു കാണും? ഒരുപക്ഷേ താനൊരു അഴിഞ്ഞാട്ടക്കാരിയാണെന്ന് അവൻ കരുതിക്കാണുമോ? ആലോചിക്കുന്തോറും അവളുടെ സങ്കടം നിയന്ത്രിക്കാൻ കഴിയാത്ത തരത്തിലായി. തന്റെ അന്തസ്സും തറവാടിത്തവും എല്ലാം ആ കുറച്ചു ഫോട്ടോകളിലൂടെ തകർന്നു പോയതുപോലെ അവൾക്ക് തോന്നി.
കരഞ്ഞു തളർന്ന് അവൾ അവിടെത്തന്നെ കിടന്നു. ഫോൺ ദൂരേക്ക് എറിഞ്ഞു. ഇനി അർജുന്റെ മുഖത്ത് എങ്ങനെ നോക്കും എന്നോർത്ത് അവൾ നീറിപ്പുകഞ്ഞു.
കരഞ്ഞു തളർന്ന് ബെഡിൽ കിടക്കുമ്പോൾ ഗായത്രിയുടെ ഉള്ളിൽ അർജുനോടുള്ള ബഹുമാനം വല്ലാത്ത ദേഷ്യമായി മാറിക്കൊണ്ടിരുന്നു. “അവനല്ലേ എന്നോട് ഫോട്ടോ അയക്കാൻ പറഞ്ഞത്? എന്റെ നിഷ്കളങ്കതയെ അവൻ മുതലെടുക്കുകയായിരുന്നില്ലേ?” അവൾ സ്വയം ചോദിച്ചു. അർജുന്റെ ആ സൗമ്യമായ പെരുമാറ്റവും കരുതലും എല്ലാം ഒരു മുഖംമൂടിയാണോ എന്ന് അവൾ സംശയിച്ചു. തന്നെയും കിച്ചുവിനെയും സഹായിക്കുന്നത് തന്റെ ശരീരത്തോടുള്ള മോഹം കൊണ്ടാണോ എന്ന ചിന്ത അവളുടെ ഉള്ളിൽ വിഷം പോലെ പടർന്നു.
പെട്ടെന്ന് ബെഡിൽ
കിടന്ന ഫോൺ ശബ്ദിച്ചു. സ്ക്രീനിൽ ‘Arjun’ എന്ന പേര് തെളിഞ്ഞപ്പോൾ അവൾക്ക് അറപ്പാണ് തോന്നിയത്. ആദ്യത്തെ തവണ അവൾ ഫോൺ കട്ട് ചെയ്തു. പക്ഷേ അവൻ വീണ്ടും വിളിച്ചു. ദേഷ്യം അടക്കാനാവാതെ അവൾ ഫോൺ എടുത്തു.
“ഗായൂ…” അപ്പുറത്ത് അർജുന്റെ ശബ്ദം.
“എന്തിനാ നീ എന്നെ വിളിക്കുന്നത്?” ഗായത്രിയുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു, പക്ഷേ അതിൽ വല്ലാത്തൊരു കാർക്കശ്യമുണ്ടായിരുന്നു.
“നിനക്ക് എന്താ വേണ്ടത്? നിന്നെ ഞാൻ എന്റെ ഫ്രണ്ടിനെ പോലെയേ കണ്ടത്.. നീ ഇങ്ങനെ ആണോ എന്നെ കാണുന്നത്…എന്റെ അവസ്ഥ കണ്ട് നീ എന്നെ സഹായിക്കുകയാണെന്നാ ഞാൻ കരുതിയത്. പക്ഷേ
നീ…” അവൾക്ക് വാക്കുകൾ മുട്ടി.
“ഗായൂ, നീ പറയുന്നത് ഒന്ന് കേൾക്ക്…” അർജുൻ ശാന്തനായി പറയാൻ ശ്രമിച്ചു.
“എന്ത് കേൾക്കണം?” അവൾ ചീറി. “നീ എന്നെക്കൊണ്ട് ഫോട്ടോ എടുപ്പിച്ചു, എന്നിട്ട് എന്നെക്കുറിച്ച് മോശമായി സംസാരിച്ചു. കൊച്ചിയിലെ നിന്റെ പെണ്ണുങ്ങളെപ്പോലെയല്ല ഞാൻ. എന്നെ ഇങ്ങനെയൊന്നും കിട്ടില്ല. നിന്റെ സഹായം ഒന്നും ഇനി ഞങ്ങൾക്ക് വേണ്ട. ഞങ്ങൾ എങ്ങോട്ടെങ്കിലും പൊയ്ക്കോളാം!”
