”അഭി… അങ്ങോട്ട് ഇരിക്ക്…”
അമ്മ ആകെ തളർന്നപോലെ സോഫയിലേക്ക് ചൂണ്ടി.
ഇനിയിപ്പോ എന്നെ എടുത്തിട്ട് പെരുമാറാനാണോ? ഏയ് ആവില്ല…..’
അമ്മയുടെ ആ ദയനീയമായ മുഖം കണ്ടപ്പോൾ ഞാൻ ഒന്നും മിണ്ടാതെ അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ അവിടെ ചെന്നിരുന്നു.
അമ്മ എന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചുനോക്കി. പിന്നെ പതിയെ, സ്നേഹത്തോടെ എന്റെ കൈയിൽ പിടിച്ചു…
“നിനക്കെന്താ ഈ കാര്യത്തിൽ പറയാനുള്ളത്….”
അമ്മയുടെ ചോദ്യം കേട്ടപ്പോഴാണ് ഞാനും അതിനെപ്പറ്റി കാര്യമായി ഒന്ന് ചിന്തിച്ചത്…
സത്യം പറഞ്ഞാൽ, ഏതൊരു ആണും കൊതിക്കുന്ന സൗന്ദര്യമുള്ള ഒരു മാലാഖ തന്നെയാണവൾ. അതിലൊരു സംശയവുമില്ല. പക്ഷെ, എനിക്ക് അവൾ ചേരില്ല.
പോരാത്തതിന് അവൾ എന്നെപ്പറ്റി ചോദിച്ചെന്നേ ഉള്ളൂ, എന്നെ ഇഷ്ടമാണെന്നോ കല്യാണം കഴിക്കണമെന്നോ ഒന്നും പറഞ്ഞിട്ടില്ലല്ലോ. വെറുതെ ഞാൻ മനക്കോട്ട കെട്ടിയിട്ട് അവസാനം ‘അയ്യേ, ഞാൻ ഡ്രൈവർ പോസ്റ്റിന്റെ കാര്യമാ ചോദിച്ചത്’ എന്നങ്ങാനും അവൾ പറഞ്ഞാൽ നാണംകെട്ട് പണ്ടാരമടങ്ങും.
അതുകൊണ്ട് മറുപടി പറയാൻ എനിക്ക് കൂടുതൽ സമയം വേണ്ടിവന്നില്ല. ഞാൻ അമ്മയുടെ മുഖത്തുനോക്കി വെട്ടിത്തുറന്നു പറഞ്ഞു:
”ഏയ്… അതൊന്നും ശരിയാവില്ല അമ്മേ.”
എന്റെ മറുപടി കേട്ടതും അമ്മയുടെ മുഖത്തൊരു ആശ്വാസം തെളിഞ്ഞു. വലിയൊരു മല മുകളിൽ നിന്നും ഇറക്കിവെച്ച പോലെ അമ്മ ദീർഘശ്വാസം വിട്ടു.
”ഹാവൂ… സമാധാനമായി. എന്റെ മോന് വിവരം വെച്ചുതുടങ്ങി.”
എന്നിട്ട് അമ്മ എനിക്ക് നേരെ തിരിഞ്ഞ് കാര്യമായിട്ട് ഉപദേശിക്കാൻ തുടങ്ങി:
”അല്ലെങ്കിലും മോനെ, നീ ഒന്ന് ആലോചിച്ചു നോക്കിയേ… എവിടെ കിടക്കുന്ന അവള്, എവിടെ കിടക്കുന്ന നീ? ആ സൗന്ദര്യം മാത്രം നോക്കിയാൽ പോരേ….”
അമ്മ വിരൽ മടക്കി എണ്ണാൻ തുടങ്ങി.
”ഒന്നാമത് അവളുടെ പഠിപ്പ്… വെറും ഡോക്ടർ ഒന്നുമല്ല, വേൾഡ് ടോപ്പ് കാർഡിയാക് സർജനാണ്. ലണ്ടനിലും അമേരിക്കയിലും ഒക്കെ പോയി പഠിച്ച് വലിയ വലിയ ബിരുദങ്ങൾ വാങ്ങിയ കൊച്ചാ…”
ഞാൻ തലയാട്ടി.
”രണ്ടാമത് അവളുടെ പദവി… നമ്മളീ കാണുന്ന ഹോസ്പിറ്റലും, അച്ഛന്റെ ജ്വല്ലറിയും, ചേച്ചിയുടെ കമ്പനിയും ഒക്കെ അവളുടെയാ… കോടികളുടെ ആസ്തിയുണ്ട്. നാളെ നിനക്ക് ജോലി കിട്ടിയാൽ പോലും, അവളുടെ അത്ര വരുമോ?”
അമ്മയുടെ ആ ചോദ്യം കേട്ടപ്പോൾ എനിക്ക് ചെറിയൊരു കുത്ത് തോന്നിയില്ലെന്നില്ല. എന്നാലും സംഭവം സത്യമായതുകൊണ്ട് ഞാൻ ഒന്നും മിണ്ടിയില്ല.
”പിന്നെ അവളുടെ തറവാടിത്തം, സ്വഭാവം… എല്ലാം കൊണ്ടും തികഞ്ഞ ഒരു പെണ്ണാ അവൾ. എന്റെ മോന് അവൾ ചേരൂല. അത് അമ്മയ്ക്ക് നല്ല ഉറപ്പുണ്ട്.”
അമ്മയുടെ എല്ലാ വാക്കുകളും കേട്ടതോടുക്കൂടി എനിക്കൊരു കാര്യം മനസ്സിലായി തള്ള എന്നേ ദത്തെടുത്തത് തന്നേ…..😐
അല്ലെങ്കിൽ ഒരു തള്ളക്ക് സ്വന്തം മോനേ ഇത്രക്കും തരം താഴ്ത്താൻ പറ്റുമോ…
അമ്മയാണത്രേ… അമ്മ…. 😤
“അതെന്താ അമ്മേ അങ്ങനെ ഒരു ടോക്ക്? നമ്മടെ അഭി അത്രക്കും മോശമൊന്നുമല്ല കേട്ടോ…”
ഏട്ടത്തി എന്നെ സപ്പോർട്ട് ചെയ്യാനായി ചാടിക്കയറി പറഞ്ഞു.
പക്ഷെ ആ സപ്പോർട്ട് കേട്ടപ്പോൾ എനിക്ക് കരയണോ ചിരിക്കണോ എന്ന് തോന്നിപ്പോയി. ഞാൻ ഏട്ടത്തിയെ ഒന്ന് സൂക്ഷിച്ചു നോക്കി.
‘അത്രക്കും മോശമൊന്നുമല്ല…’
ആ വാചകം ഞാൻ മനസ്സിലിട്ട് ഒന്ന് ഉരുട്ടി നോക്കി.
അപ്പൊ ഞാൻ മോശമാണ്, പക്ഷെ സഹിക്കാൻ പറ്റാത്ത അത്രക്കും അങ്ങോട്ട് മോശമായിട്ടില്ല എന്നല്ലേ ഏട്ടത്തിയും ഈ പറഞ്ഞു വരുന്നത്? അതായത്, ഒരു ആവറേജ് മോശം!
എന്നെ താങ്ങിയതാണോ അതോ താഴ്ത്തിയതാണോ എന്ന് ഏട്ടത്തിക്ക് പോലും അറിയാത്ത അവസ്ഥ.
സ്വന്തം ഏട്ടത്തി പോലും ഇങ്ങനെ പറഞ്ഞ സ്ഥിതിക്ക്, ഇനി എന്തിന് ഞാൻ ഇവിടെ നിൽക്കണം?
അപമാനം!
ഘോരഘോര അപമാനം!

1k like ini eppo avana . Plz am waiting for next part