ലവ് ബൈറ്റ് – 2 33

 

“നീ ഒന്ന് കണ്ണടച്ച് ആലോചിച്ചു നോക്കിയേ… ഇന്ന് നീ അവളെ കൊണ്ട് പോയത് എങ്ങോട്ടാ? ഹയാത്തിലെ എസി റൂമിലേക്കല്ല, ഓടയുടെ സൈഡിലെ നാറുന്ന തട്ടുകടയിലേക്ക്. അവിടെ ആ ഈച്ചയാർക്കുന്ന ബെഞ്ചിൽ ഇരിക്കാൻ അവൾ മടി കാണിച്ചോ? ഇല്ലല്ലോ…”

 

അവൻ പറയുന്നത് കേട്ടപ്പോൾ ആ ചിത്രം എന്റെ മനസ്സിൽ തെളിഞ്ഞു.

 

“അവൾ വിചാരിച്ചിരുന്നെങ്കിൽ നിന്നേ രണ്ട് ചീത്തയും പറഞ്ഞ് പോകാമായിരുന്നു. പക്ഷെ അവൾ നിന്റെ കൂടെ ഇരുന്നു. നീ കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ ഒക്കെ സഹിച്ചു. എന്തിനാണെന്ന് അറിയാമോ? അത് നിന്നേ ഇഷ്ട്ടമായത്ക്കൊണ്ടല്ലേ?. പണമുള്ളവർക്ക് പണം വെറും പേപ്പറാണ് അഭി… പക്ഷേ അവൾ നോക്കുന്നത് മനസ്സാണ്. ആ മനസ്സ് നീ കാണാതെ പോകരുത്….”

 

സാധാരണ കിരൺ ഇങ്ങനെ ഒന്നും സംസാരിക്കാത്ത ആളാണ് പക്ഷേ അവന്റെ വാക്കുകൾ എന്റെ ഉള്ളിൽ തറച്ചുപോവുകയാണ്…

 

“പിന്നെ നീ പേടിക്കുന്നത് പണത്തെയാണോ? എടാ, നാളെ നിനക്ക് ജോലി കിട്ടും. നീയും പൈസ ഉണ്ടാക്കും. പക്ഷെ സ്നേഹം… അത് കാശ് കൊടുത്താൽ കിട്ടുമോടാ? നിന്റെ കോലം കണ്ടിട്ടും അവൾ അത്രയും വിലപ്പിടിപ്പുള്ള കാറിൽ നിന്നേ കയറ്റിയില്ലേ. എല്ലാം നിന്റെ അഭിനയമാണെന്ന് മനസ്സിലായിട്ടും അവൾ അതിനെല്ലാം നിന്ന് തന്നില്ലേ… അത്രയൊക്കെ മതിയട ഒരാണിന് ജീവിതകാലം മുഴുവൻ സന്തോഷിക്കാൻ…”

 

കിരണിന്റെ ഓരോ വാക്കും എന്റെ മനസ്സിലെ ഇരുട്ട് മാറ്റുന്നതുപോലെ തോന്നി.

 

ശരിയാണല്ലോ… അവൾക്ക് വേണമെങ്കിൽ എത്രയോ വലിയ പണക്കാരെ കല്യാണം കഴിക്കാമായിരുന്നു. എന്നിട്ടും അവൾ തിരഞ്ഞെടുത്തത് എന്നെയാണ്. ഈ അഭിമന്യുവിനെ!

 

എന്റെ മനസ്സിൽ അനു ചൈതന്യയുടെ രൂപം തെളിഞ്ഞു വന്നു. ഇത്തവണപണക്കാരിയുടെ പശ്ചാത്തലത്തിലല്ല, മറിച്ച് എന്റെ ജീവിതസഖിയായി, എന്റെ കൂടെ നിൽക്കുന്ന ഒരു സാധാരണ പെൺകുട്ടിയായി. അവളുടെ കഴുത്തിൽ ഒരു താലി… അവളുടെ മുഖത്ത് ആ ചിരി…

 

അവളുടെ പണം… അതൊരു പ്രശ്നമേയല്ല എന്ന് എനിക്ക് തോന്നിത്തുടങ്ങി. കിരൺ പറഞ്ഞതാണ് സത്യം. സ്നേഹത്തിന് മുന്നിൽ പണം വെറും കടലാസാണ്. ഞാൻ വെറുതെ എന്റെ സന്തോഷം കളയുകയായിരുന്നു.

 

“എടാ… നീ പറഞ്ഞതിൽ കാര്യമുണ്ട്.”

 

ഞാൻ കിരണിനെ നോക്കി ചിരിച്ചു. മനസ്സിലെ വലിയൊരു ഭാരം ഇറക്കിവെച്ച പോലെ.

 

“അപ്പൊ സെറ്റല്ലേ? സാഡിസ്റ്റ് പരിപാടി നിർത്തിയിട്ട് ജീവിതം നേരെയാക്കാൻ നോക്ക് …”

 

അവൻ എന്റെ തോളിൽ തട്ടി.

ഞാനും അറിയാതെ ചിരിച്ചുപോയി.

 

 

 

**************

 

കിരണിന്റെ വാക്കുകൾ തന്ന ആത്മവിശ്വാസത്തിൽ ഞാൻ വീട്ടിലേക്ക് നടന്നു. മനസ്സിൽ നിറയെ അനുവായിരുന്നു.

ആലോചിച്ച് ആലോചിച്ച് വീടിന്റെ ഗേറ്റ് കടന്നത് അറിഞ്ഞില്ല.

 

ഉമ്മറത്തേക്ക് കയറിയപ്പോൾ തന്നെ കണ്ടു, ഹാളിൽ ഒരു വട്ടമേശ സമ്മേളനം.

 

അച്ഛൻ, അമ്മ, ചേച്ചി, ഏട്ടൻ,ഏട്ടത്തി… എല്ലാവരും ഉണ്ട്..

 

നേരത്തെ ഞാൻ “ഈ കല്യാണം നടക്കില്ല” എന്ന് പറഞ്ഞ് ഷോ കാണിച്ച് ഇറങ്ങിപ്പോയതാണല്ലോ. അതിന്റെ ഗൗരവം എല്ലാവരുടെയും മുഖത്തുണ്ട്. ആകെ ഒരു നിശബ്ദത.

 

ഇവരുടെ മുഖത്ത് നോക്കാൻ എനിക്കൊരു മടി. പ്രത്യേകിച്ചും ഇപ്പോൾ മനസ്സ് മാറിയ സ്ഥിതിക്ക്, നേരത്തെ കാട്ടിക്കൂട്ടിയതൊക്കെ ഓർക്കുമ്പോൾ ചമ്മൽ തോന്നുന്നു.

 

ഞാൻ ആരെയും നോക്കാതെ, തലയും താഴ്ത്തി ഒരു പൂച്ച പമ്മി പോകുന്ന പോലെ സൈഡിലൂടെ റൂമിലേക്ക് വലിഞ്ഞു കളയാം എന്ന് വിചാരിച്ചു.

 

ഒരടി മുന്നോട്ട് വെച്ചു…

 

“അഭി…പോവല്ലേ… ഇവിടെ വന്നിരിക്ക്…”

 

അച്ഛന്റെ ശബ്ദം!

ആ ശബ്ദത്തിൽ ഒരു തീരുമാനമുണ്ട്. ഞാൻ പെട്ടു. അനുസരിക്കാതെ വയ്യല്ലോ.

ഞാൻ പതുക്കെ തിരിഞ്ഞു. എല്ലാവരും എന്നെത്തന്നെ നോക്കി ഇരിക്കുകയാണ്. ഒരു പ്രതിയെ വിസ്തരിക്കാൻ ഇട്ടിരിക്കുന്ന ജഡ്ജിയേയും വക്കീലന്മാരെയും പോലെ.

 

ഞാൻ പമ്മിപ്പമ്മി ചെന്ന് സോഫയുടെ ഒരറ്റത്ത്, അച്ഛന്റെ മുഖത്ത് നോക്കാതെ ഇരുന്നു. അടുത്ത വെടിയുണ്ട എവിടുന്ന് വരുമെന്ന് അറിയാത്തതുകൊണ്ട് ഞാൻ തറയിലേക്ക് തന്നെയാണ് നോക്കിയത്….

Updated: February 20, 2026 — 7:00 pm

1 Comment

Add a Comment
  1. 1k like ini eppo avana . Plz am waiting for next part

Leave a Reply

Your email address will not be published. Required fields are marked *