“അമ്മേ… എനിക്കൊരു ഒരു ലക്ഷം രൂപ വേണം. ഇപ്പൊത്തന്നെ!”
അത് കേട്ടതും അമ്മയുടെ ശ്വാസം തൊണ്ടയിൽ കുടുങ്ങി. കണ്ണുകൾ രണ്ടും പുറത്തേക്ക് തള്ളി.
“എ… എന്തിനാടാ നിനക്ക് അത്രയും പൈസ? നിനക്ക് വല്ല പ്രാന്തുമുണ്ടോ?” അമ്മ നെഞ്ചത്ത് കൈ വെച്ച് ശ്വാസം ആഞ്ഞു വലിച്ചു.
ഞാൻ കൂളായി മറുപടി പറയാൻ തുടങ്ങി..:
“അല്ല… അവൾക്ക് എന്നെ കാണണമെന്ന്! അതും പേഴ്സണലായിട്ട്. അപ്പൊ പിന്നെ കാണാൻ പോകുന്നത് വല്ല തട്ടുകടയിലോട്ടോ പാർക്കിലോട്ടോ ആവാൻ പറ്റില്ലല്ലോ. നല്ല സ്റ്റാൻഡേർഡ് സ്ഥലത്തേക്ക് പോകണം. ഫൈവ് സ്റ്റാർ ഹോട്ടലിലോ മറ്റോ…”
ഞാൻ ഒന്ന് നിർത്തി, എല്ലാവരെയും നോക്കി.
“പിന്നെ വെറും കൈയോടെ പോകാൻ പറ്റുമോ? അവൾക്ക് എന്തെങ്കിലും നല്ല ഗിഫ്റ്റ് വാങ്ങി കൊടുക്കണം. നല്ല ഡ്രസ്സ് ഇടണം… അതിനൊക്കെ നല്ല പൈസയാവും.”
അമ്മ എന്തോ പറയാൻ തുടങ്ങിയതും ഞാൻ കൈയുർത്തി തടുത്തു.
“കൂടുതൽ ചോദ്യമൊന്നും വേണ്ട.എന്റെ കുടുംബത്തിന്റെ മാനം കാക്കേണ്ടത് എന്റെ ആവശ്യമാണ് അതുകൊണ്ട്… കാശെടുക്ക്!”
എന്റെ ആ ഒഴുക്കൻ മട്ടിലുള്ള മറുപടി കേട്ട് അമ്മ സ്തംഭിച്ചുപോയി. ‘ഇവൻ ഇത് എവിടെക്കൊണ്ടെത്തിക്കും’ എന്നൊരു പേടി അമ്മയുടെ മുഖത്തുണ്ട്.
അമ്മ കുറച്ചുനേരം ആലോചിച്ചു.ഞാൻ കാണാൻ പോവുന്നത് വേറേ ആരെയെങ്കിലും ആയിരുന്നെങ്കിൽ ചോദിക്കേണ്ട താമസം എന്നേ വീട്ടിൽ നിന്നും പുറത്താക്കിയേനെ, എന്നാൽ കക്ഷി നമ്മടെ അനു ചൈതന്യയായത് ക്കൊണ്ട് റിസ്ക് എടുക്കാൻ അമ്മക്കോ അച്ഛനോ ബാക്കിയുള്ളവർക്കോ സാധിക്കില്ല…
കുറച്ചു നേരത്തേ ആലോചനക്കൊടുവിൽ അമ്മ നെടുവീർപ്പിട്ടു.
“ഒരു ലക്ഷമൊന്നും കയ്യിലില്ല… വേണമെങ്കിൽ ഒരു അമ്പതിനായിരം തരാം. അതും പറഞ്ഞ് ഇനി ചോദിച്ചുകൊണ്ട് വന്നേക്കരുത്.”
അമ്മ താൽപ്പര്യമില്ലാത്ത മട്ടിൽ മുഖം വെട്ടിച്ച് പറഞ്ഞു.
യെസ്…!!’
തള്ള വിശ്വസിച്ചു! ഡോക്ടർ അന്നെന്നേ ഉള്ളു തള്ളക്ക് ബുദ്ധിയില്ല..
സംഗതി വർക്ഔട് ആയെങ്കിലും തൽക്കാലത്തേക്ക് ഗൗരവം വിടാൻ നിൽക്കേണ്ട..
“മ്മ്… തൽക്കാലം അത് മതി. ബാക്കി നമുക്ക് അഡ്ജസ്റ്റ് ചെയ്യാം.”
ചേച്ചിയും ഏട്ടത്തിയും ഇപ്പോഴും അന്തംവിട്ട് നിൽക്കുകയാണ്.
“അപ്പൊ എങ്ങനെയാ… ക്യാഷ് ആണോ അതോ കാർഡ് ആണോ!”
“ഇതാ… അമ്പതിനായിരത്തിന്റെ ലിമിറ്റ് ഉണ്ട്. നോക്കി ചിലവാക്കണം…”
അമ്മ നെടുവീർപ്പിട്ടുകൊണ്ട്, മനസ്സില്ലാമനസ്സോടെ പേഴ്‌സിൽ നിന്നും എടിഎം കാർഡ് എടുത്ത് എനിക്ക് നേരെ നീട്ടി. മുഖത്ത് അപ്പോഴും അനിഷ്ട്ട ഭാവമുണ്ടായിരുന്നു…
ഞാൻ അതൊന്നും ഗൗനിക്കാതെ, തികഞ്ഞ പുച്ഛത്തോടെ ആ കാർഡ് രണ്ട് വിരൽ കൊണ്ട് റാഞ്ചി എടുത്തു.
“മ്മ്… കാണാം…”
ഒരു മുരളലോടെ ഞാൻ തിരിഞ്ഞു നടന്നു.
പിന്നെ അങ്ങോട്ട് ഒരു നടപ്പായിരുന്നു… സാക്ഷാൽ രജനികാന്ത് സ്റ്റൈലിൽ! സ്ലോ മോഷനിൽ, തല ഉയർത്തി, നെഞ്ച് വിരിച്ച്… ഓരോ ചുവടിലും ആ തറ കുലുങ്ങുന്നുണ്ടോ എന്ന് തോന്നും വിധം ഗമയിൽ ഞാൻ നീങ്ങി.
ചേച്ചിയും ഏട്ടത്തിയും അച്ഛനും അമ്മയും ഒക്കെ എന്റെ പിന്നിൽ അന്തംവിട്ട് നിൽക്കുകയാണ് എനിക്ക് അവരേ നോക്കാതെ തന്നേ മനസ്സിലായിരുന്നു… അതുക്കൊണ്ടുതന്നെ ഞാൻ അതൊന്നും മൈൻഡ് ചെയ്യാൻ നിന്നില്ലാ,സാവധാനം നടന്ന് ഹാളിന്റെ മൂലയിലേക്ക് നീങ്ങി.
ഹാളിന്റെ ആ വളവ് തിരിഞ്ഞ്, അവരുടെ കണ്ണിൽ നിന്നും മറഞ്ഞതും…
പിന്നെ ഒരൊറ്റ ഓട്ടമായിരുന്നു!
ആരും കാണുന്നില്ലെന്ന് ഉറപ്പായ നിമിഷം, കാലിന് ചിറക് മുളച്ച പോലെ ഞാൻ റൂമിലേക്ക് വെച്ചുപിടിച്ചു. ശരവേഗത്തിൽ റൂമിലെത്തി, വാതിലടച്ചു കുറ്റിയിട്ടു.
ശേഷം കയ്യിലിരുന്ന ആ എടിഎം കാർഡിലേക്ക് നോക്കി…
“മുത്തേ… നീ എൻ ഖൽബാണ്…”
ഞാൻ ബെഡിലേക്ക് മലർന്നു കിടന്നു, കയ്യിലിരുന്ന ആ എടിഎം കാർഡ് നെഞ്ചോട് ചേർത്തുപിടിച്ചു.

1k like ini eppo avana . Plz am waiting for next part