ആദ്യം തന്നെ ഈ പഴയ കട്ടപ്പുറത്തെ ഫോൺ ഒന്ന് മാറ്റണം. ഒരു ഐഫോൺ ഒപ്പിക്കണം, അല്ലെങ്കിൽ വേണ്ട, നല്ലൊരു ആൻഡ്രോയിഡ് ഫ്ലാഗ്ഷിപ്പ് മതി. 50,000 രൂപയുണ്ടല്ലോ! എന്ത് വാങ്ങണം എന്ന് ആലോചിച്ചപ്പോൾ തന്നെ മനസ്സ് ലഡു പൊട്ടി.
പക്ഷേ, ആ സന്തോഷം അധികനേരം നീണ്ടുനിന്നില്ല. ചിന്തകൾ മെല്ലെ അനു ചൈതന്യയിലേക്ക് തിരിഞ്ഞു.
ആ മാരണം… അതെ, അതൊരു മാരണം തന്നെയാണ്.
എങ്ങനെയെങ്കിലും അവളെ എന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കണം.
ഇപ്പൊത്തന്നെ എന്റെ കുടുംബം മൊത്തം അവളുടെ അടിമകളാണ്. ഞാൻ കൂടി ആ വലയിൽ വീഴാൻ പാടില്ല. ഇന്ന് വൈകുന്നേരം കാണുമ്പോൾ തന്നെ കാര്യങ്ങൾ വെട്ടിത്തുറന്ന് പറയണം. ‘എന്നെ വിട്ടേക്ക് ചേച്ചി, എനിക്ക് ഇതിലൊന്നും താല്പര്യമില്ല’ എന്ന് മുഖത്തുനോക്കി പറയണം.
പക്ഷേ…
അവളെ എന്നന്നേക്കുമായി ഒഴിവാക്കണം എന്ന് ചിന്തിച്ചപ്പോൾ… നെഞ്ചിനുള്ളിൽ എവിടെയോ, വല്ലാത്തൊരു അസ്വസ്ഥത. ഒരു ചെറിയ നീറ്റൽ പോലെ.
എന്താ എനിക്ക് പറ്റിയത്? ഇന്നലെ മാത്രം കണ്ട ഒരു പെണ്ണിനെ ഓർത്ത് എന്തിനാ ഇങ്ങനൊരു വിഷമം?
ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു. ഇരുട്ടിൽ അവളുടെ ആ മുഖം വീണ്ടും തെളിഞ്ഞു വന്നു. ആ ചിരി, ആ കണ്ണുകൾ, ആ ശരീരം…
സത്യം പറഞ്ഞാൽ, അവൾ ഒരു കോടീശ്വരി അല്ലായിരുന്നെങ്കിലോ? വെറുമൊരു സാധാരണ വീട്ടിലെ പെൺകുട്ടി ആയിരുന്നെങ്കിൽ… എനിക്ക് അധ്വാനിച്ച് അവളെ നോക്കാൻ കഴിയുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നെങ്കിൽ…
ഞാൻ രണ്ടാമതൊന്ന് ആലോചിക്കില്ലായിരുന്നു. ചാടിക്കയറി യെസ് പറഞ്ഞേനെ!
കാരണം, ആ സൗന്ദര്യം… ആ തന്റേടം… അത് ഏതൊരു ആണിന്റെയും സ്വപ്നമാണ്. അവളെപ്പോലൊരു പെണ്ണ് കൂടെയുണ്ടെങ്കിൽ ജീവിതം സ്വർഗ്ഗമായേനെ.
പക്ഷേ ഇത്…
ഇത് നടക്കേണ്ടതല്ല. ആകാശവും ഭൂമിയും തമ്മിലുള്ള അന്തരം. ആ പണക്കൊഴുപ്പും എന്റെ ഇല്ലായ്മയും തമ്മിൽ ഒരിക്കലും ചേരില്ല. പ്രേമം കണ്ണില്ലാത്തതാവാം, പക്ഷെ ജീവിതത്തിന് കണ്ണും കാതും ഒക്കെ വേണം. ഭാവിയിൽ അത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും.എല്ലാം ചോദ്യചിഹ്നമാകും.
വേണ്ട അഭിമന്യു… മോഹിക്കരുത്. നിനക്ക് വിധിച്ചതല്ല അത്.
ആ ചിന്തയോടെ, ഒരു നെടുവീർപ്പോടെ ഞാൻ തിരിഞ്ഞുകിടന്നു. മനസ്സിലെ ആഗ്രഹം കടിച്ചമർത്തിക്കൊണ്ട്…
ഒന്ന് തിരിഞ്ഞു മറിഞ്ഞ ശേഷം ഞാൻ ഫോൺ കയ്യിലെടുത്തു, വാട്സാപ്പ് തുറന്നു.
‘Anu Chaithanya’
ആ പേരിലേക്ക് കുറച്ചു നേരം നോക്കിയ ശേഷം ഒട്ടും താമസിക്കാതെ ഞാൻ ടൈപ്പ് ചെയ്തു തുടങ്ങി…:
“Today 5 PM. Grand Hyatt, Bolgatty. Coffee Shop.”
മെസ്സേജ് അയച്ച് ബ്ലൂ ടിക്ക് വീഴുന്നത് വരെ നോക്കിയിരുന്നു. അവൾ കണ്ടു. മറുപടിയൊന്നും വന്നില്ല, സമ്മതം എന്ന് കരുതിയാൽ മതി.
പെട്ടെന്നാണ് അവളുടെ പ്രൊഫൈൽ പിക്ചറിലേക്ക് (DP) എന്റെ കണ്ണുടക്കിയത്. ഞാൻ അതൊന്ന് സൂം ചെയ്തു നോക്കി. സ്വന്തം ഫോട്ടോയോ പൂച്ചക്കുട്ടിയുടെ ചിത്രമോ ഒന്നുമല്ല.
കത്തിയെരിയുന്ന ഒരു ചുവന്ന റോസാപ്പൂവ്!
കറുത്ത പശ്ചാത്തലത്തിൽ, ജ്വലിച്ചു നിൽക്കുന്ന ഒരു റോസാപ്പൂവ്. അത് കണ്ടപ്പോൾ എനിക്ക് കൗതുകം തോന്നി. പണക്കാരിയാണെങ്കിലും എന്തോ സങ്കടം ഉള്ളിലിരിപ്പുണ്ടെന്ന് തോന്നുന്നു.
ഞാൻ ഫോൺ നെഞ്ചോട് ചേർത്ത് കണ്ണുകളടച്ചു കിടന്നു.
വെറുതെ അങ്ങോട്ട് പോയി “എനിക്ക് താല്പര്യമില്ല” എന്ന് മാന്യമായി പറഞ്ഞാൽ ചിലപ്പോൾ അവൾ സമ്മതിച്ചില്ലെങ്കിലോ? കാരണങ്ങൾ ചോദിച്ചാൽ ഞാൻ ഉത്തരം മുട്ടും.
അതുകൊണ്ട് അത് പറ്റില്ല.
അവൾ ഇങ്ങോട്ട് പറയണം, “ഇറങ്ങി പോടാ… നിന്നെപ്പോലൊരുത്തനെ എനിക്ക് വേണ്ട” എന്ന്. അവൾക്ക് എന്നോട് വെറുപ്പ് തോന്നണം.
അതിന് ഞാൻ എന്ത് ചെയ്യണം?
ഒരു നിമിഷം ഞാൻ ആലോചിച്ചു.
തനി ലോക്കൽ ആവണം!
സംസാരത്തിലും നടപ്പിലും എടുപ്പിലും ഒക്കെ ഒരു ക്ലാസ്സില്ലാത്തവൻ ആവണം. കണ്ടാൽ പുച്ഛം തോന്നുന്ന, സംസാരിച്ചാൽ വെറുക്കുന്ന, മര്യാദ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരൊന്നൊന്നര കൂതറയാവണം ഞാൻ.

1k like ini eppo avana . Plz am waiting for next part