ലവ് ബൈറ്റ് – 2 33

ഹോ! എന്തൊരു നോട്ടമാണത്! നിലവിളക്കിന് മുന്നിൽ ചാണകം കണ്ടത് പോലെയൊരു നോട്ടം…

 

‘ഇവനെപ്പോലൊരു കൂതറയുടെ കൂടെ ഇങ്ങനൊരു മാലാഖയോ?’ എന്ന അസൂയയും പുച്ഛവും ഒക്കെ ആ കണ്ണുകളിൽ ജ്വലിച്ചു നിൽക്കുന്നത് കാണാം.

 

സംഗതി ഏറ്റിട്ടുണ്ട്! ഇനി കുറച്ചുകൂടി ഒന്ന് ഉഷാറാക്കിയാൽ മതി, ഇവൾ എന്റെ ജീവിതത്തിൽ നിന്നും എന്നന്നേക്കുമായി പൊയ്ക്കോളും.

 

അവൾ റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന കാറിന് നേരെ കൈ കാണിച്ചു. ഡ്രൈവർ വേഗം വണ്ടി സ്റ്റാർട്ട് ചെയ്ത് ഞങ്ങളുടെ മുന്നിൽ കൊണ്ടുവന്നു നിർത്തി.

 

അവൾ ഡ്രൈവറുടെ അടുത്തുചെന്നു.

“താൻ പൊയ്ക്കോ.ഞാൻ വന്നോളാം…”

 

അവളുടെ ശബ്ദത്തിൽ തികഞ്ഞ അധികാരം. ഡ്രൈവർ മറുത്തൊന്നും പറഞ്ഞില്ല. ഒരു മാതൃകാ പുരുഷോത്തമനെപ്പോലെ ശരി മേഡം എന്ന മട്ടിൽ തലയാട്ടി സല്യൂട്ട് അടിച്ച്, കീ അവൾക്ക് കൈമാറി അവിടെ നിന്നും മാറി നിന്നു.

 

അവൾ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.

ഞാൻ ആ കറുത്ത സുന്ദരിയെ (കാറിനെയാണ്!) ഒന്ന് തൊട്ടുനോക്കി.

 

മിനുമിനുത്ത ബോഡി… എന്തൊരു ഫിനിഷിംഗ്! അറിയാതെ എന്റെ അഭിനയം ഒക്കെ മറന്നുപോയി. ആ കാറിനെ ഒന്ന് തലോടി.

 

പെട്ടെന്ന് പാസഞ്ചർ സീറ്റിന്റെ ഡോർ തുറന്നു. അവൾ ഉള്ളിൽ നിന്നും എനിക്ക് ഡോർ തുറന്നു തരികയാണ്!

 

“കയറുന്നില്ലേ?”

 

ഞാൻ ഞെട്ടി. ശേഷം വേഗംതന്നേ പഴയ കൂതറ ലുക്ക് മുഖത്ത് വരുത്തി.

 

“ആ കയറാം കയറാം…”

 

ഞാൻ അകത്തേക്ക് കയറി.

വാതിൽ അടഞ്ഞതും പുറത്തെ ബഹളങ്ങളൊക്കെ കട്ട് ചെയ്ത പോലെ. എസി തണുപ്പ് ശരീരത്തിലേക്ക് അരിച്ചിറങ്ങുന്നു. സീറ്റിന്റെ കുഷ്യൻ… ഹോ! അമ്മയുടെ മടിയിൽ തലവെച്ച് കിടക്കുന്ന സുഖം!

 

ഇത്രയും സോഫ്റ്റ് ആയ സീറ്റ് ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ആ സുഖം കൊണ്ടാണോ, അവളിൽ നിന്നും വരുന്ന സുഗന്ധം കൊണ്ടാണോ എന്നറിയില്ല… ഞാൻ പോലും അറിയാതെ എന്റെ കണ്ണുകൾ പതിയെ അടഞ്ഞു പോയി. സ്വർഗ്ഗത്തിലൂടെ ഒഴുകി നടക്കുന്ന പോലെ…

 

 

****************

 

എന്റെ ശരീരം കുലുങ്ങുന്നുണ്ട് അതിനൊപ്പം ആരുടെയോ ശബ്ദവും കേൾക്കാം…

 

“അഭി… കണ്ണ് തുറക്ക്… വീടെത്തി….”

 

​ആരുടെയോ മൃദുവായ,ഉറച്ച ശബ്ദം.

 

​ഞാൻ കഷ്ടപ്പെട്ട് കണ്ണ് തുറക്കാൻ ശ്രമിച്ചു. കൺപോളകൾക്ക് ഭയങ്കര ഭാരം. പശ വെച്ച് ഒട്ടിച്ചതുപോലെ വല്ലാത്തൊരു ആലസ്യം. ആ തണുപ്പും സുഖവും എന്നെ വിട്ടുപോവുന്നില്ല.

 

​’ഞാനിതെവിടെയാ…?’

 

സ്വർഗ്ഗത്തിലാണോ അതോ വല്ല സ്വപ്നത്തിലാണോ?

 

​ഞാൻ പാതി മാത്രം കണ്ണ് തുറന്നു. എല്ലാം മങ്ങിയിരിക്കുകയാണ്. മൂടൽമഞ്ഞ് മൂടിയ പോലെ അവ്യക്തമായ രൂപങ്ങൾ.

​കാഴ്ച്ച തെളിഞ്ഞു വരാൻ കുറച്ച് സമയമെടുത്തു.

 

​പതിയെ പതിയെ എന്റെ മുന്നിലുള്ള ചിത്രം വ്യക്തമായി വന്നു. സ്റ്റിയറിംഗിൽ കൈവെച്ച്, എന്നെത്തന്നെ നോക്കി നിൽക്കുന്ന ഒരു പെൺരൂപം…

 

​അനു!

 

​അപ്പോഴാണ് ബോധം വീണത്. ഞാൻ കാറിലാണ്! ഉറങ്ങിപ്പോയി! നാശം… അഭിനയിക്കാൻ വന്നവൻ കൂർക്കം വലിച്ച് ഉറങ്ങിയോ? ഛെ! നാണക്കേട്!

 

​ഞാൻ ഞെട്ടിപ്പിടഞ്ഞ് സീറ്റിൽ നിന്നെഴുന്നേൽക്കാൻ നോക്കി.

​

പക്ഷേ…

 

ശരീരത്തിന്റെ പാതി ബലം ആരോ ഊറ്റിയെടുത്തെപോലെ! കൈകാലുകൾക്ക് ഒരു സ്വാധീനവുമില്ലാത്ത അവസ്ഥ.

കണ്ണുകൾ ഇറുക്കിത്തുറന്ന് ഞാൻ ഗ്ലാസിലൂടെ പുറത്തേക്ക് നോക്കി.

 

ഇതെന്റെ വീടാണ്! കാർ വീടിന്റെ ഗേറ്റിന് മുന്നിൽ വന്നുനിൽക്കുന്നു. എപ്പോഴാണ് ഇത്രയും ദൂരം ഓടിയെത്തിയത്? ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ.

 

“സോറി…”

 

എന്തിനാണെന്ന് അറിയാതെ, എന്റെ വായിൽ നിന്നും ഒരു ‘സോറി’ വീണുപോയി. ക്ഷീണം കൊണ്ട് ശബ്ദം പുറത്തേക്ക് വന്നോ എന്ന് പോലും സംശയം.

 

അവൾ അതിന് മറുപടിയൊന്നും തന്നില്ല.

 

സ്റ്റിയറിംഗിൽ പിടിച്ച് മുന്നോട്ട് നോക്കി ഇരിക്കുകയാണ്.

 

ഞാൻ വിറയ്ക്കുന്ന കൈകൊണ്ട് ലിവർ വലിച്ച് കാറിന്റെ ഡോർ തുറന്നു. പുറത്തേക്ക് കാലെടുത്തു വെച്ചതും…

Updated: February 20, 2026 — 7:00 pm

1 Comment

Add a Comment
  1. 1k like ini eppo avana . Plz am waiting for next part

Leave a Reply

Your email address will not be published. Required fields are marked *