ഉത്തരം കിട്ടാത്ത ആ ചോദ്യവുമായി ഞാൻ മുറിയിലേക്ക് നടന്നു…….
************************
പിന്നീടുള്ള കുറച്ച് ആഴ്ചകൾ…
ചൈനയുടെ ബുള്ളറ്റ് ട്രെയിൻ പാഞ്ഞുപോകുന്ന വേഗത്തിലായിരുന്നു പിന്നീടുള്ള എന്റെ ജീവിതം.
കണ്ണൊന്നു ചിമ്മിത്തുറക്കുന്ന വേഗത്തിൽ കാര്യങ്ങൾ മാറിമറിഞ്ഞു.
വീട്ടിലാകെ ഐശ്വര്യത്തിന്റെ ഒരാരവം.
ചേച്ചിക്കും ഏട്ടത്തിക്കും പ്രൊമോഷൻ കിട്ടി, അതും കൈനിറയെ ശമ്പളത്തിൽ. പിന്നാലെ അച്ഛന്റെയും അമ്മയുടെയും കാര്യങ്ങളിലും വലിയ മാറ്റങ്ങൾ.
പണ്ട് സാമ്പത്തികം ഉണ്ടായിട്ടും ബുദ്ധിമുട്ട് പറഞ്ഞ് നെടുവീർപ്പിട്ടിരുന്ന വീട്ടിൽ, ഇപ്പോൾ ചിരിയും കളിയും മാത്രം.
പക്ഷേ, അവരുടെയൊക്കെ മുഖത്തെ ഈ അമിതസന്തോഷം കാണുമ്പോൾ എന്റെ ഉള്ളിൽ എവിടെയോ ഒരു കനൽപ്പാട് നീറിപ്പുകഞ്ഞു.
‘ഇതൊക്കെ എന്നെ വിറ്റ് കിട്ടിയ പൈസയാണോ? എന്റെ കല്യാണം എന്ന കച്ചവടത്തിന്റെ ലാഭവിഹിതമാണോ ഈ കാണുന്നതെല്ലാം?’
ആ ചിന്ത എന്റെ മുഖത്ത് നിഴൽ വീഴ്ത്തിയിരുന്നു. അധികം വൈകാതെ ഏട്ടത്തിയും ചേച്ചിയും അത് കണ്ടുപിടിച്ചു. എന്റെ ഉള്ളിലെ സംശയം തിരിച്ചറിഞ്ഞതും, അവരുടെ മുഖത്തെ സന്തോഷം കെട്ടുപോയി. അത് അവരെ വല്ലാതെ വേദനിപ്പിച്ചു.
“നിനക്ക് അങ്ങനെയാണ് തോന്നുന്നതെങ്കിൽ, ഈ നിമിഷം ഞങ്ങൾ ഈ ജോലി രാജിവെക്കാം അഭി… ഞങ്ങൾക്ക് നീയാണ് വലുത്…”
കണ്ണീരോടെ ഏട്ടത്തി അത് പറഞ്ഞപ്പോൾ എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി. ഞാൻ എങ്ങനെയൊക്കെയോ പറഞ്ഞ് അവരെ അതിൽ നിന്നും പിന്തിരിപ്പിച്ചു.
അവർ ഇടക്കിടക്ക് ചോദിക്കും, “നിനക്ക് ഈ കല്യാണത്തിന് പൂർണ്ണ സമ്മതമാണോ?” എന്ന്.
ആദ്യമൊക്കെ ഞാൻ “മ്മ്… ഓക്കെ…” എന്നൊരു ഒഴുക്കൻ മട്ടിലായിരുന്നു മറുപടി പറഞ്ഞിരുന്നത്.
എന്നാൽ, പിന്നീടുള്ള ദിവസങ്ങളിൽ കാര്യങ്ങൾ മാറി.
അനു…
അവൾ പതിയെപ്പതിയെ എന്റെ മനസ്സിൽ ഒരു കൂടുകൂട്ടി തുടങ്ങിയിരുന്നു.
അത് കൂട്ടിയുറപ്പിക്കാം വിധം ഞങ്ങൾ ഇടയ്ക്കിടെ കാണുമായിരുന്നു. വലിയ സംസാരമൊന്നുമില്ല. ഞാൻ ചോദിക്കുന്നതിന് മറുപടി പറയും, അത്രമാത്രം. പക്ഷേ, അവളുടെ പെരുമാറ്റത്തിൽ എവിടെയോ… എന്തോ ഒരു ഇഷ്ടക്കേട് പോലെ എനിക്ക് തോന്നുമായിരുന്നു.
ചിലപ്പോൾ എന്നെ കാണുമ്പോൾ മുഖം തിരിക്കും, അല്ലെങ്കിൽ കണ്ണിൽ നോക്കാതെ സംസാരിക്കും.
അത് അവൾക്ക് എന്നോട് താല്പര്യമില്ലാത്തതുകൊണ്ടാണോ? അതോ വെറും നാണം കൊണ്ടാണോ? അറിയില്ല.
എന്തായാലും, ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് അനു എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു.
പക്ഷേ, അവളുടെ ആ പണക്കൊഴുപ്പിന് മുന്നിൽ തലകുനിച്ചു നിൽക്കാൻ എനിക്ക് വയ്യല്ലോ. നാളെ അവളുടെ ചിലവിൽ കഴിയുന്നവനാണ് ഞാൻ എന്ന് ആരും പറയരുത്.
സ്വന്തമായി എന്തെങ്കിലും ചെയ്യണം.
അങ്ങനെ ഞാനൊരു തീരുമാനമെടുത്തു.
ഒരു മെൻസിന് വേണ്ടിയുള്ള ഒരു ചെറിയ ടെക്സ്റ്റൈൽ ഷോപ്പ് തുടങ്ങി. അധികം വലുതൊന്നുമല്ല, എന്റെ വിയർപ്പിന്റെ ഗന്ധമുള്ള ഒരു ചെറിയ സ്ഥാപനം.
കിരണിനോട് കാര്യം പറഞ്ഞു. അവൻ ഒട്ടും ആലോചിക്കാതെ ചാടിക്കയറി സമ്മതിച്ചു.
“നീ എന്ത് തുടങ്ങിയാലും ഞാനുണ്ട് കൂടെ.”
വീട്ടിൽ ചോദിച്ചപ്പോഴും ആർക്കും എതിർപ്പില്ല. “എത്ര രൂപ വേണം?” എന്നാണ് അച്ഛൻ ചോദിച്ചത്. പണ്ടത്തെ ആ ഞെരുക്കമൊക്കെ മാറി, എല്ലാവരുടെയും കയ്യിൽ എന്തിനും പോന്ന കാശുണ്ട്.
അങ്ങനെ സ്വപ്നങ്ങൾ ഓരോന്നായി നെയ്തുകൂട്ടിയ ദിനങ്ങൾ…
ഇന്ന് വലിയൊരു ദിവസമാണ്.
ഞങ്ങൾ അനുവിന്റെ വീട്ടിലേക്ക് പോവുകയാണ്. കല്യാണം ഉറപ്പിക്കാൻ.
എന്തുകൊണ്ടോ അവളുടെ അമ്മയ്ക്ക് ഒരേ നിർബന്ധം, കല്യാണം എത്രയും പെട്ടെന്ന് നടത്തണമെന്ന്.
എന്താണിത്ര തിടുക്കം? അറിയില്ല.
ഒരുപക്ഷേ, അവൾക്ക് ജാതകദോഷം എന്തെങ്കിലുമുണ്ടോ, അതോ വേറെന്തെങ്കിലും കാരണമുണ്ടോ?
എന്തായാലും, ഞാനിന്ന് എന്റെ അനുവിനെ സ്വന്തമാക്കാൻ പോവുകയാണ്.

1k like ini eppo avana . Plz am waiting for next part