“നടക്കൂല തള്ളേ… ഈ കല്യാണം നടക്കൂല!”
എന്റെ ഒച്ച പൊങ്ങി. ക്ഷീണം കൊണ്ട് ശബ്ദം ഇടറിയെങ്കിലും അതിലെ ദൃഢത കണ്ട് അമ്മയും ചേച്ചിയും ഒന്ന് ഞെട്ടി.
“നിങ്ങൾ ആരോട് ചോദിച്ചിട്ടാ ഈ കല്യാണം ഉറപ്പിച്ചത്? എന്നോട് ചോദിച്ചോ? എനിക്ക് സമ്മതമാണോ എന്ന് തിരക്കിയോ?”
ഞാൻ കിതച്ചുകൊണ്ട് എല്ലാവരെയും മാറി മാറി നോക്കി.
“അത്രക്കും പൈസ ഉള്ള ഒരു പെണ്ണിനേ താങ്ങാനുള്ള ശേഷി എനിക്കില്ല.”
ഞാൻ നെഞ്ചത്ത് കൈ വെച്ച് പറഞ്ഞു.
“എനിക്ക് മാത്രമല്ല, അത്യാവശ്യം ജോലിയും കൂലിയും ഒക്കെയുള്ള നിങ്ങൾ ഉൾപ്പെടുന്ന നമ്മുടെ ഈ കുടുംബത്തിനും കഴിയില്ല അവളെ താങ്ങാൻ. അവളുടെ ജീവിതരീതിയും നമ്മുടെ ജീവിതരീതിയും തമ്മിൽ ഏഴയലത്ത് പോലും വരില്ല. നാളെ അവളുടെ കാശിന്റെ ഹുങ്ക് കണ്ട് മിണ്ടാതിരിക്കാൻ പറഞ്ഞാൽ അതൊന്നും എന്നെക്കൊണ്ട് പറ്റില്ല. അതുകൊണ്ട് വേണ്ട… എനിക്ക് വേണ്ട ഈ ബന്ധം.”
അത്രയും പറഞ്ഞ് മറുപടിക്ക് കാത്തുനിൽക്കാതെ ഞാൻ തിരിഞ്ഞു നടന്നു.
തല കറങ്ങുന്നുണ്ടായിരുന്നു. കാലുകൾ നിലത്തു ഉറയ്ക്കുന്നില്ല.
ഒരു മദ്യപാനിയെപ്പോലെ ആടിയാടി, ചുവരുകളിൽ പിടിച്ചാണ് ഞാൻ എന്റെ മുറിയിലേക്ക് നടന്നത്. പിന്നിൽ അമ്മ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. അതൊന്നും കേൾക്കാൻ ഞാൻ നിന്നില്ല.
റൂമിൽ കയറിയതും വാതിൽ വലിച്ചടച്ചു.
ബെഡിലേക്ക് വീഴാൻ തുടങ്ങിയ ഞാൻ, ദേഹമാകെ ഒട്ടിപിടിക്കുന്ന അസ്വസ്ഥത കാരണം നേരെ ബാത്ത്റൂമിലേക്ക് വേച്ചു വേച്ചു നടന്നു.
വല്ലാത്തൊരു ചൂട്… ശരീരം ആകെ പുകയുന്ന പോലെ. പിന്നേ ഉണ്ടായ വെപ്രാളവും എല്ലാം കൂടി എന്നെ ശ്വാസം മുട്ടിക്കുന്നുണ്ടായിരുന്നു.
ഒന്നും വേണ്ടായിരുന്നു… ഇപ്പോൾ കാര്യങ്ങളെല്ലാം കൂടുതൽ വഷളായത് പോലേ…
ഷവർ തുറന്നു…
‘ജലധാര…’
തണുത്ത വെള്ളം തലയിലേക്ക് വീണപ്പോൾ… ഹാ!
എന്തൊരു ആശ്വാസം! മരുഭൂമിയിൽ മഴ പെയ്തതുപോലെ. സിരകളിലൊക്കെ തീ പിടിച്ചു കിടന്ന എനിക്ക് ആ തണുപ്പ് വല്ലാത്തൊരു സുഖം നൽകി. തലച്ചോറിലെ പുകച്ചിൽ പതിയെ മാറുന്നത് പോലെ. വെള്ളം ഒഴുകിയിറങ്ങുന്ന ഓരോ നിമിഷവും ശരീരത്തിന്റെ ഭാരം കുറയുന്നത് പോലെ തോന്നി.
കണ്ണുകൾ ഇറുക്കിയടച്ച് ഞാൻ ആ തണുപ്പിൽ കുറച്ചുനേരം നിന്നു.
പെട്ടെന്നാണ്…
വെള്ളത്തുള്ളികൾ എന്റെ കഴുത്തിലൂടെ ഒഴുകിയിറങ്ങിയപ്പോൾ അവിടെ വല്ലാത്തൊരു നീറ്റൽ അനുഭവപ്പെട്ടത്.
ഞാൻ അറിയാതെ എന്റെ കൈവിരലുകൾ കഴുത്തിലേക്ക് കൊണ്ടുപോയി. അവിടെ, ചെവിയുടെ താഴെയായി, കഴുത്തിന്റെ ആ മൃദുലമായ ഭാഗത്ത് വെറുതെയൊന്ന് തൊട്ടു.
ഒരു നേരിയ വേദന! നഖം കൊണ്ടതോ അതോ പല്ല് കൊണ്ടതോ എന്നറിയാത്ത ഒരു ചെറിയ മുറിവിന്റെ നീറ്റൽ.
ആ നീറ്റലിൽ വിരലോടിച്ചപ്പോൾ മനസ്സ് വീണ്ടും കാടുകയറാൻ തുടങ്ങി.
ഏയ്… വല്ല പ്രാണിയോ മറ്റോ കടിച്ചതാവും.
ഷവർ ഓഫ് ചെയ്ത് തോർത്ത് എടുത്ത് തല തുവർത്തി. ഈറൻ മാറിയപ്പോൾ ശരീരത്തിന് ചെറിയൊരാശ്വാസം. വല്ലാത്തൊരു ക്ഷീണം കണ്ണിനെ വലിക്കുന്നുണ്ട്.
വസ്ത്രം മാറി ഞാൻ നേരെ ബെഡിലേക്ക് വീണു. തലയിണയിൽ മുഖം അമർത്തിക്കിടന്നപ്പോൾ പുറത്തെ ബഹളങ്ങളൊന്നും കേൾക്കാനില്ല. നിമിഷങ്ങൾക്കുള്ളിൽ ഞാൻ ഗാഢമായ ഉറക്കത്തിലേക്ക് വഴുതി വീണു.
കൃത്യം അര മണിക്കൂർ.
ഞെട്ടി എഴുന്നേറ്റു. ക്ലോക്കിലേക്ക് നോക്കി. സമയം 8 മണി കഴിഞ്ഞിരിക്കുന്നു. തലയ്ക്ക് ഇപ്പോഴും ഒരു ഭാരമുണ്ട്. പക്ഷെ നേരത്തെ ഉണ്ടായിരുന്ന ആ കറക്കം മാറിയിട്ടുണ്ട്.
ഇനിയും ഈ വീട്ടിൽ നിന്നാൽ അമ്മയുടെയും ചേച്ചിയുടെയും ‘കല്യാണപുരാണം’ കേട്ട് എനിക്ക് വട്ടാവും. ഒരാളോട് സംസാരിക്കണം. എന്റെ അവസ്ഥ മനസ്സിലാക്കുന്ന ഒരേയൊരാൾ…
കിരൺ!
അവനെ കണ്ടാലേ എനിക്കൊരാശ്വാസം കിട്ടൂ. കാര്യങ്ങൾ അവനോട് ഒന്ന് തുറന്നു പറയണം.
ഞാൻ വേഗം ഷർട്ട് എടുത്തു ഇട്ടു. ഹാളിന്റെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി. അമ്മയും ചേച്ചിയും ഇപ്പോഴും സോഫയിൽ ഇരുന്ന് ഗൗരവമായ ചർച്ചയിലാണ്….

1k like ini eppo avana . Plz am waiting for next part