ലവ് ബൈറ്റ് – 6 17

 

അവളുടെ മുഖത്ത് അപ്പോഴെങ്കിലും ഒരു ചിരി വരുമെന്ന് ഞാൻ കരുതി. എവിടെ! നാട്ടുകാരെയൊക്കെ കാണിക്കാൻ വേണ്ടി ചുണ്ടിൽ ഒരു ചെറിയ വളവ് വരുത്തി എന്നല്ലാതെ, ആ കണ്ണുകളിൽ പഴയ ആ പുച്ഛം തന്നെയായിരുന്നു.

 

“വലതുകാൽ വെച്ച് അകത്തേക്ക് കയറിക്കോളൂ മോളെ…”

 

അമ്മ സ്നേഹത്തോടെ പറഞ്ഞു.

ചേച്ചി കത്തിച്ച നിലവിളക്ക് അവളുടെ കയ്യിലേക്ക് വെച്ചുകൊടുത്തു. അവൾ ആ വിളക്കും പിടിച്ച്, വലതുകാൽ വെച്ച് എന്റെ വീടിന്റെ ഉമ്മറത്തേക്ക് കയറി. കൂടെ ഞാനും. അവളുടെ സൗന്ദര്യത്തെ ചൊല്ലിയുള്ള കുശുകുശുപ്പ് കേട്ടപ്പോൾ ചെറിയ അഹങ്കാരമൊന്നുമല്ല എനിക്ക് തോന്നിയത്…

 

മുറ്റത്ത് നിന്നിരുന്ന കിരണും ഗിരിയേട്ടനും അജുവുമൊക്കെ ആ സമയത്ത് എന്നെ നോക്കി എന്തൊക്കെയോ കളിയാക്കുന്നുണ്ടായിരുന്നു.

 

ഗിരിയേട്ടനാണെങ്കിൽ ഇടയ്ക്ക് എന്റെ ചേച്ചിയെ നോക്കി സൈറ്റ് അടിക്കുന്നതും ഞാൻ കണ്ടു.

നേരെ പൂജാമുറിയിൽ കൊണ്ടുപോയി വിളക്കുവെച്ച ശേഷം, ഹാളിലിട്ടിരുന്ന വലിയ സോഫയിലേക്ക് ഞങ്ങളെ ഇരുത്തി. പിന്നെ പതിവ് ചടങ്ങുകൾ തുടങ്ങി. ഏട്ടത്തി ഒരു ഗ്ലാസ്സ് പാലും ഒരു പഴവുമായി വന്നു. ആദ്യം പകുതി പാൽ ഞാൻ കുടിച്ചിട്ട് ബാക്കി അവൾക്ക് കൊടുക്കാൻ പറഞ്ഞു. ഞാൻ പതുക്കെ ഗ്ലാസ്സ് അവളുടെ ചുണ്ടിനോട് ചേർത്തു. അവൾ എന്നെ ഒന്ന് രൂക്ഷമായി നോക്കിയിട്ട് ഒരു കവിൾ കുടിച്ചു.

ആ നോട്ടം കണ്ടപ്പോൾ തന്നെ ഞാൻ ബാക്കി പാലും വേഗം വിഴുങ്ങി ഗ്ലാസ്സ് താഴെ വെച്ചു.

 

പിന്നെ ബന്ധുക്കളുടെ വകയായി ഓരോരുത്തരായി വന്ന് പരിചയപ്പെടലും, കുശലാന്വേഷണങ്ങളുമായിരുന്നു. ഇതിനിടയിലും അവൾ ഒരു റോബോട്ടിനെപ്പോലെ ഇരിക്കുകയാണ്. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ ഒരു മൂളൽ, അല്ലെങ്കിൽ തലയാട്ടൽ. അത്ര തന്നെ.

 

പതുക്കെപ്പതുക്കെ എനിക്ക് ശരിക്കും ടെൻഷൻ ആകാൻ തുടങ്ങി. എന്താണിവൾക്കിത്ര ഗൗരവം? ഈ കല്യാണത്തിന് ഇവൾക്ക് തീരെ താല്പര്യമില്ലായിരുന്നോ? അല്ല, താല്പര്യമില്ലെങ്കിൽ അവളത് നേരത്തെ പറയേണ്ടതല്ലേ. ഇനി ഈ ഹെവി ഡ്രസ്സും മാലയും ഇട്ട് മണിക്കൂറുകളായി ഇരിക്കുന്നതിന്റെ ക്ഷീണവും ദേഷ്യവുമാണോ?

 

അങ്ങനെ ഓരോന്ന് ആലോചിച്ചും ചിന്തിച്ചും സമയം പെട്ടെന്ന് പെട്ടെന്നാണ് ഓടിക്കൊണ്ടിരുന്നത്…

 

രാത്രിയായപ്പോഴേക്കും ബന്ധുക്കളും നാട്ടുകാരും ഒക്കെ ഭക്ഷണം കഴിഞ്ഞ് ഓരോരുത്തരായി പിരിഞ്ഞു തുടങ്ങി. ക്ഷീണം കാരണം ബാക്കിയുള്ളവർ പല മുറികളിലായി കിടന്നുറങ്ങാൻ തുടങ്ങിയിരുന്നു..പന്തലിലെ ബഹളങ്ങളൊക്കെ പതുക്കെ അടങ്ങി. എന്റെ ഹൃദയമിടിപ്പ് മാത്രം പതുക്കെ കൂടിവരുന്നുണ്ടായിരുന്നു. കാരണം എന്റെ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ ആ മുഹൂർത്തം അടുത്തുകൊണ്ടിരിക്കുകയാണ്!

 

പുറത്ത് വല്ലാത്തൊരു ഭംഗിയുള്ള രാത്രിയായിരുന്നു അത്. ഒരു പൂർണ്ണ ചന്ദ്രൻ ആകാശത്ത് വെള്ളിത്താലികണക്കെ തിളങ്ങി നിൽക്കുന്നുണ്ട്.

 

ജനലഴികളിലൂടെ ആ നിലാവ് റൂമിലേക്ക് അരിച്ചിറങ്ങുന്നുണ്ടായിരുന്നു. പുറത്തെ മരങ്ങളിലെ ഇലകൾ കാറ്റിലുലയുമ്പോൾ, ആ നിലാവിന്റെ വെളിച്ചം വെട്ടിത്തിളങ്ങി. രാത്രിയിലെ ആ ഇളം തണുപ്പുള്ള കാറ്റിന് മുല്ലപ്പൂവിന്റെയും ചന്ദനത്തിന്റെയും നേർത്ത ഗന്ധമുണ്ടായിരുന്നു.

 

ചുറ്റും വല്ലാത്തൊരു നിശബ്ദത. ഇടയ്ക്ക് എവിടെയോ ചിലയ്ക്കുന്ന ചീവീടുകളുടെ ശബ്ദം മാത്രമാണ് ആ നിശബ്ദതയെ ഭേദിക്കുന്നത്.

ഞാൻ എന്റെ മണിയറയിൽ വല്ലാത്തൊരു നെഞ്ചിടിപ്പോടെ അവളെ കാത്തിരിക്കുകയാണ്.

 

റൂം മുഴുവൻ ചുവന്ന റോസാപ്പൂക്കളും മുല്ലപ്പൂക്കളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. മനം മയക്കുന്ന സുഗന്ധം ആ മുറിയിലാകെ നിറഞ്ഞുനിൽക്കുന്നു. ബെഡിന്റെ ഒരറ്റത്ത് ഇരിക്കുമ്പോൾ എന്റെ കാലുകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.

 

സിനിമയിലൊക്കെ കാണുന്ന പോലെ, കയ്യിലൊരു പാൽ ഗ്ലാസ്സും പിടിച്ച്, നാണത്താൽ തല കുനിച്ച് എന്റെ മന്ദാരം വാതിൽ തുറന്നു വരുന്നത് ഞാൻ മനസ്സിൽ സങ്കൽപ്പിച്ചു കൊണ്ടിരുന്നു. സമയം പോകുംതോറും എന്റെ നെഞ്ചിടിപ്പ് കൂടിവന്നു.

Updated: March 25, 2026 — 5:15 pm

Leave a Reply

Your email address will not be published. Required fields are marked *