ലവ് ബൈറ്റ് – 6 17

 

അവളുടെ സ്ഥായിഭാവമായ പുച്ഛവുമെന്തി തോഴിമാരുടെ നടുവിലൂടെ അവൾ പതുക്കെ നടന്നു വരികയാണ്.

 

എന്റെ ചുറ്റുമുള്ള ആളുകളെയോ ബഹളങ്ങളെയോ ഒന്നും ഞാൻ അറിയുന്നുണ്ടായിരുന്നില്ല. സമയം അവിടെ നിശ്ചലമായതുപോലെ. എന്റെ ലോകത്ത് ഇപ്പോൾ ഞാനും, എനിക്ക് നേരെ നടന്നുവരുന്ന എന്റെ മന്ദാരവും മാത്രം! ഞാൻ ഈ ഭൂമിയിൽ തന്നെയാണോ അതോ സ്വർഗ്ഗത്തിലാണോ എന്ന് എനിക്ക് സംശയമായി.

 

 

ആർത്തിയോടെ അവളെ നോക്കി നിൽക്കുന്ന എന്റെ നോട്ടം കണ്ട്, തൊട്ടുപിന്നിൽ നിന്നിരുന്ന കിരൺ പതുക്കെ എന്റെ തോളിലൊന്ന് തോണ്ടിയിട്ട് ചെവിയിൽ മന്ത്രിച്ചു:

“എന്റെ പൊന്ന് മോനെ കുറച്ചു നേരംകൂടെ കഴിഞ്ഞാൽ അവൾ നിന്റെ ഭാര്യയാവില്ലേടാ… ഇപ്പൊ ആ വായ ഒന്ന് അടച്ചു വക്കാമോ അല്ലെങ്കിൽ അതിനുള്ളിൽ എന്തെങ്കിലും കയറി കൂടും…!”

 

അത് കേട്ടപ്പോഴാണ് എനിക്ക് ശരിക്കും ബോധം വന്നത്. ഞാൻ വേഗം ജാള്യതയോടെ ചുറ്റുമൊന്ന് നോക്കി നിൽപ്പൊന്ന് ശരിയാക്കി. എങ്കിലും എന്റെ കണ്ണുകൾക്ക് അവളിൽ നിന്നും ഒരിഞ്ച് പോലും മാറാൻ കഴിയുന്നുണ്ടായിരുന്നില്ല.

 

തോഴിമാരുടെ അകമ്പടിയോടെ അവൾ ആ മണ്ഡപത്തിന്റെ പടികൾ കയറി എന്റെ അടുത്തേക്ക് വന്നു. മണ്ഡപത്തിലെ ആ വലിയ നിലവിളക്കിന് മുന്നിലായി വിരിച്ചിരുന്ന പീഠത്തിലേക്ക് ഞങ്ങൾ അടുത്തടുത്ത് ഇരുന്നു.

 

അവൾ ഇരുന്നതും എന്റെ ശ്വാസഗതി ഒന്നുകൂടി വേഗത്തിലായി. ആ കാഞ്ചീപുരം സാരിയുടെയും അവൾ ചൂടിയ മുല്ലപ്പൂവിന്റെയും ഒപ്പം എന്റെ മന്ദാരത്തിന്റെ ആ പ്രത്യേക സുഗന്ധവും എന്റെ മൂക്കിലേക്ക് അടിച്ചുകയറി.

 

ചുറ്റും നൂറുകണക്കിന് കണ്ണുകളും ക്യാമറയും ഞങ്ങളെ തന്നെ നോക്കി നിൽക്കുകയാണ്. എന്നാലും എനിക്ക് വെറുതെ ഇരിക്കാൻ തോന്നിയില്ല. ഞാൻ ആരും കാണാതെ പതുക്കെ എന്റെ കൈവിരലുകൾ കൊണ്ട് അവളുടെ കയ്യിലൊന്ന് തോണ്ടി.

 

അവൾ പെട്ടെന്ന് എന്നെ നോക്കി.

ഞാൻ വളരെ പതുക്കെ, എന്റെ ചുണ്ടനങ്ങുന്നത് ആരും കാണാത്ത രീതിയിൽ മന്ത്രിച്ചു:

“സൂപ്പർ ആയിട്ടുണ്ട്…”

 

എന്റെ ആ കോംപ്ലിമെന്റ് കേട്ടാൽ സാധാരണ ഏതൊരു പെണ്ണും നാണിച്ചു തലതാഴ്ത്തുകയോ അല്ലെങ്കിൽ ഒരു പുഞ്ചിരിയെങ്കിലും തരുകയോ ചെയ്യും. പക്ഷേ ഇത് എന്റെ അനുവല്ലേ… അവൾ ആ വലിയ കണ്ണുകൾ കൊണ്ട് എന്നെയൊന്ന് കൂർപ്പിച്ചു നോക്കി. എന്നിട്ട് യാതൊരു ഭാവവ്യത്യാസവുമില്ലാതെ, ഒരക്ഷരം പോലും മറുപടി പറയാതെ, പഴയ ആ പുച്ഛം മുഖത്തണിഞ്ഞ് നോട്ടം മുന്നിലേക്ക് തന്നെ മാറ്റി.

 

എന്റെ ഈശ്വരാ… ഈ പെണ്ണിനെ ഞാൻ എന്ത് ചെയ്യാനാ!

 

ഞങ്ങൾക്ക് മുന്നിലിരിക്കുന്ന പൂജാരി ഹോമകുണ്ഡത്തിലേക്ക് നെയ്യൊഴിച്ച് ഉച്ചത്തിൽ മന്ത്രങ്ങൾ ഉരുവിടുകയാണ്. അഗ്നിയുടെ ചൂടും അതിൽ നിന്നുള്ള പുകയും മണ്ഡപത്തിൽ നിറഞ്ഞു നിന്നു. പെട്ടെന്നാണ് പൂജാരിയുടെ മന്ത്രോച്ചാരണങ്ങൾ ഉച്ചത്തിലായത്. മുഹൂർത്തം അടുത്തിരിക്കുന്നു. എന്റെ നെഞ്ചിടിപ്പ് ഒരു ചെണ്ടമേളം പോലെ എനിക്ക് തന്നെ കേൾക്കാമായിരുന്നു. ആ വലിയ ഓഡിറ്റോറിയം മുഴുവൻ പെട്ടെന്ന് ഭക്തിസാന്ദ്രമായ ഒരു നിശബ്ദതയിലേക്ക് വഴിമാറി. ആ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് നാദസ്വരവും തകിലും അതിന്റെ ഏറ്റവും ഉയർന്ന താളത്തിൽ മുഴങ്ങാൻ തുടങ്ങി. വാദ്യമേളങ്ങളുടെ ആ ശബ്ദം കാതടപ്പിക്കുന്നതായിരുന്നു.

 

പൂജാരി മന്ത്രങ്ങൾ ജപിച്ച് പൂജിച്ച ആ സ്വർണ്ണത്താലി ഒരു വെറ്റിലയിലായി എനിക്ക് നേരെ നീട്ടി.

 

ആലിലയുടെ ആകൃതിയിലുള്ള, നടുവിൽ ലക്ഷ്മിദേവിയുടെ രൂപം കൊത്തിയ ആ മനോഹരമായ സ്വർണ്ണത്താലി ഞാൻ ഇരുകൈകളും നീട്ടി ഭവ്യതയോടെ ഏറ്റുവാങ്ങി. ആ താലി എന്റെ കയ്യിലെത്തിയ ആ നിമിഷം… എന്റെ ലോകം അക്ഷരാർത്ഥത്തിൽ നിശ്ചലമായി. ഇത്രയും കാലം ഞാൻ കണ്ട സ്വപ്നങ്ങളുടെ, എന്റെ കാത്തിരിപ്പിന്റെ, എന്റെ പ്രണയത്തിന്റെയൊക്കെ പൂർണ്ണത ആ ചെറിയ സ്വർണ്ണ നൂലിൽ തൂങ്ങി നിൽക്കുകയാണ്.

 

“മുഹൂർത്തമായി… താലി ചാർത്തിക്കോളൂ…”

 

പൂജാരിയുടെ നിർദ്ദേശം വന്നതും ഞാൻ പതുക്കെ അവളുടെ നേരെ തിരിഞ്ഞിരുന്നു. എന്റെ കൈകൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.

Updated: March 25, 2026 — 5:15 pm

Leave a Reply

Your email address will not be published. Required fields are marked *