വലിയ സ്ലൈഡിങ് ജനാലയ്ക്കരികിലേക്ക് നടന്നവൾ ആ ഗ്ലാസ്സുകൾ നീക്കി. പുറത്ത് മാനത്ത് പൂർണ്ണ സ്വരൂപത്തിൽ വെള്ളിത്താലികണക്കെ തിളങ്ങിനിൽക്കുന്ന അമ്പിളിയെ അവൾ കുറച്ചുനേരം നോക്കിനിന്നു.
കാറ്റിൽ അവളുടെ പാറിക്കിടക്കുന്ന മുടിയിഴകൾ ഉലഞ്ഞു. ഇതിനിടയിൽ അഴിഞ്ഞുപോയിരുന്ന ആ കസവുസാരി അവൾ പൂർണ്ണമായും അഴിച്ചുമാറ്റി. ഒരു വെളുത്ത പാവാടയിലും ബ്ലൗസിലുമായി അവൾ വീണ്ടും തണുത്ത ഫ്ലോറിൽ കിടക്കുന്ന അവന്റെ അടുത്തേക്ക് നടന്നു.
ആ വലിയ മൽപ്പിടുത്തത്തിൽ അവൻ അവൾക്ക് നൽകിയ മുറിവുകളും പാടുകളും അത്രയും ആ രക്തപാനത്തിൽ പൂർണ്ണമായും മാഞ്ഞുപോയിരുന്നു. അവളുടെ ചർമ്മവും സൗന്ദര്യവും പതിവിലും മൃദുവായി.
ജീവിതത്തിൽ ആദ്യമായി തന്നെ തല്ലിയവനെ അവൾ നോക്കി. അവൾ നൽകിയ നഖപ്പാടുകളിലും കഴുത്തിലെ മുറിവിലും ചോരയൊലിപ്പിച്ച് അബോധാവസ്ഥയിൽ കിടക്കുകയാണവൻ. കുറച്ചു മുൻപ് വരെ പച്ചയ്ക്ക് കൊന്നുതിന്നാൻ തോന്നിയ ആ മനുഷ്യനോട് ഇപ്പോൾ തനിക്ക് യാതൊരു ദേഷ്യവുമില്ലല്ലോ എന്ന് അവൾ അത്ഭുതപ്പെട്ടു.
അവനെ ഏത് അർത്ഥത്തിലാണ് ഇപ്പോൾ താൻ നോക്കിനിൽക്കുന്നതെന്ന് അവൾക്ക് തന്നെ മനസ്സിലാകുന്നുണ്ടായിരുന്നില്ല.
പക്ഷേ, പെട്ടെന്നാണ് അവൻ ചെയ്ത കാര്യങ്ങളും, തന്നെ വിളിച്ച ആ മോശമായ തെറികളും അവളുടെ മനസ്സിലേക്ക് വീണ്ടും അരിച്ചെത്തിയത്. ഒരു സ്ത്രീയാണെന്ന് പോലും നോക്കാതെ അവൻ എന്തൊക്കെയാണ് തന്നോട് ചെയ്തത്! അവളുടെ കണ്ണുകൾ വീണ്ടും ചുവന്നു. അവൾ പെട്ടെന്ന് അവന്റെ അരികിലിരുന്ന്, തന്റെ രണ്ട് കൈകൾ കൊണ്ടും ആ കഴുത്തിൽ സർവ്വ ശക്തിയുമെടുത്ത് ഞെരിക്കാൻ തുടങ്ങി.
എന്നാൽ ആ പ്രവൃത്തി അവൾക്ക് കൂടുതൽ നേരം തുടരാൻ കഴിഞ്ഞില്ല. അവളുടെ കൈകൾ വിറച്ചു, പിടി അയഞ്ഞു. എന്തോ ഒരു വികാരം അവളെ തടയുന്നതുപോലെ. അവൾ അവനിലേക്ക് കുനിഞ്ഞു. അവളുടെ കൂർത്ത പല്ലുകളും നഖങ്ങളും അവനിൽ ഉണ്ടാക്കിയ ആഴത്തിലുള്ള മുറിവുകൾ മുഴുവൻ അവൾ തന്റെ നാവുകൊണ്ട് പതുക്കെ നക്കിത്തുടച്ചു. അവളുടെ ഉമിനീർ സ്പർശിച്ചതും ആ വലിയ മുറിവുകളെല്ലാം അത്ഭുതകരമായി കരിഞ്ഞുണങ്ങി, യാതൊരു പാടുമില്ലാതെ പൂർണ്ണമായും സുഖപ്പെട്ടു.
മുറിവുകൾ മാറിയ അവന്റെ ശാന്തമായ മുഖത്തേക്ക് നോക്കിയപ്പോൾ അവളുടെ മനസ്സിൽ വീണ്ടും വലിയൊരു കുറ്റബോധം നിറഞ്ഞു. അവൻ അല്ലെങ്കിലും എന്താണ് ചെയ്തത്? തന്നെ ജീവനുതുല്യം പ്രണയിച്ചു എന്നത് മാത്രമല്ലേ? അവൻ ഈ രാത്രിയെക്കുറിച്ച് കണക്കുകൂട്ടിയ സ്വപ്നങ്ങളെല്ലാം ഒറ്റ നിമിഷം കൊണ്ട് താനല്ലേ നശിപ്പിച്ചുകളഞ്ഞത്! ആവശ്യമില്ലാത്ത ചിന്തകളും സങ്കടങ്ങളും മനസ്സിലേക്ക് ഇരച്ചുകയറിയപ്പോൾ അവൾക്ക് വല്ലാത്ത ഭാരം തോന്നി, അവൾ തന്റെ തലയിൽ ഇരുകൈകളും വെച്ചു പോയി.
അവൾ വീണ്ടും അവനെ നോക്കി. അവനെ ആദ്യമായി കണ്ട നാൾമുതൽ അവൾ ചോദിക്കുന്ന ആ ചോദ്യം അപ്പോഴും അവളുടെ ഉള്ളിൽ മുഴങ്ങി.
“ആരാണവൻ തനിക്ക്? പ്രണയമാണോ? പാടില്ല… അവൻ എനിക്കോ, അവന് ഞാനോ ഒരിക്കലും ചേരില്ല…”
ചോര കുടിച്ച് പൂർണ്ണ ശക്തിയിൽ നിൽക്കുമ്പോഴും, എന്ത് ചെയ്യണമെന്നറിയാതെ അവൾ അവളോട് തന്നെ പിച്ചും പേയും പറയാൻ തുടങ്ങി. അവളുടെ ഉള്ളിലെ ആ വലിയ ആന്തരിക മൽപ്പിടുത്തം അവസാനിച്ചത്, വല്ലാത്തൊരു വാത്സല്യത്തോടെ അവന്റെ നെറ്റിയിൽ ഒരു ചൂട് ചുംബനം നൽകി, അവന്റെ ആ വിശാലമായ നെഞ്ചിലേക്ക് തന്നെ തലവെച്ച് അവൾ ഉറക്കത്തിലേക്ക് വീണപ്പോഴായിരുന്നു.
തുടരണോ….?
കാരണം ഈ കഥ ശരിക്കും ഈ പാർട്ടോടു കൂടി തുടങ്ങിയിട്ടേ ഉള്ളു… ഇനിയും ചിലപ്പോൾ ഒരുപാട് പാർട്ട് ഉണ്ടായേക്കാം അതുവരെ എനിക്ക് എഴുതാൻ സാധിക്കുമോ എന്നറിയില്ല….ഇപ്പോൾ നിർത്തിയാൽ അത് ഈ കഥയെ അഫ്ഫക്റ്റ് ചെയ്യില്ല…
നിധിയുടെ കാവൽക്കാരൻ എന്ന സ്റ്റോറി തീർത്തിട്ട്. എഴുത്തൊക്കെ നിർത്താൻ പ്ലാൻ ചെയ്യുകയാണ്…..ഒരുപാട് തിരക്കുകൾ വരാനിരിക്കുന്നുണ്ട്….
