കവിളിൽ ചെറുതായിട്ടൊന്ന് തട്ടി ഞാൻ കിടക്കയിൽ നിന്നും എഴുന്നേറ്റു.
‘തത്കാലം ഇപ്പോൾ ഇവിടുന്ന് പോകാം… ഇനിയും ഇവിടെ നിന്ന് ഇവൻ എന്റെ ക്ഷമ പരീക്ഷിച്ചാൽ, എന്റെ കൺട്രോൾ പോയി ചിലപ്പോൾ ഇവൻ എന്റെ കയ്യിന്റെ ചൂടറിയും! അത് വേണ്ട…’
പിന്നീടുള്ള അഞ്ചു ദിവസങ്ങൾ ആ വി.ഐ.പി മുറിക്കുള്ളിൽ എനിക്ക് ശരിക്കും ഒരു യുഗം പോലെയാണ് കടന്നുപോയത്.
അന്ന് ആ മുറിയിൽ നിന്ന് പുഞ്ചിരിച്ചുകൊണ്ട് ഇറങ്ങിപ്പോയ എന്റെ പ്രിയതമ വെറുതെയങ്ങ് പോവുകയായിരുന്നില്ല! പിറ്റേന്ന് രാവിലെ എനിക്ക് മരുന്ന് തരാനും ബി.പി നോക്കാനുമായി വാതിൽ തുറന്നു കയറിവന്ന ആളെ കണ്ടപ്പോൾ എന്റെ നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞു.
കഴിഞ്ഞ ദിവസം എന്റെ മുന്നിൽ ശരീരവടിവുകൾ കാണിച്ച് കൊഞ്ചിക്കുഴഞ്ഞ ആ മൂന്ന് സുന്ദരിമാർക്ക് പകരം, ഏകദേശം അറുപത് വയസ്സ് പ്രായം തോന്നിക്കുന്ന, മുഖത്ത് കട്ടിയുള്ള കണ്ണട വെച്ച, ചിരിക്കാൻ പോലും മറന്നുപോയ ഒരു തടിയൻ അമ്മച്ചി നഴ്സ്!
എന്റെ കയ്യിലേക്ക് സൂചി കുത്തിയിറക്കുമ്പോൾ പോലും ആ തള്ളയുടെ മുഖത്ത് യാതൊരു ഭാവവ്യത്യാസവുമില്ലായിരുന്നു.
എന്നാൽ എന്റെ ആരോഗ്യത്തിന്റെ കാര്യത്തിൽ അനുവിന് യാതൊരു വിട്ടുവീഴ്ചയുമില്ലായിരുന്നു. ഒരു സാധാരണ മനുഷ്യന്റെ ശരീരത്തിൽ നിന്ന് പകുതിയിലധികം രക്തം ഒറ്റരാത്രികൊണ്ട് വാർന്നുപോയാൽ, അത് പഴയപടിയാകാൻ ആഴ്ചകൾ തന്നെ എടുക്കുമെന്ന് ഒരു ഡോക്ടറായ അവൾക്ക് നന്നായി അറിയാമായിരുന്നു.
അതുകൊണ്ട് തന്നെ കൃത്യമായ മെഡിക്കൽ പ്രോട്ടോക്കോളുകളിലൂടെയാണ് അവൾ എന്നെ തിരികെ കൊണ്ടുവന്നത്.
ആദ്യത്തെ രണ്ട് ദിവസങ്ങളിൽ തുടർച്ചയായി എനിക്ക് മൂന്ന് യൂണിറ്റ് ‘ഒ-നെഗറ്റീവ്’ രക്തം കയറ്റി. ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് അപകടകരമായ അവസ്ഥയിൽ നിന്ന് പതിയെ സാധാരണ നിലയിലേക്ക് ഉയർത്തുകയായിരുന്നു അവളുടെ
ആദ്യ ലക്ഷ്യം.
രക്തം കയറ്റിയതിന് പിന്നാലെ, പുതിയ റെഡ് ബ്ലഡ് സെൽ വേഗത്തിൽ ഉല്പാദിപ്പിക്കപ്പെടാനായി അയൺ സക്രോസ് ഇൻജക്ഷനുകളും, ഫോളിക് ആസിഡും, വിറ്റാമിൻ ബി-12 ഡ്രിപ്പുകളും എന്റെ ഞരമ്പുകളിലേക്ക് കൃത്യമായ ഇടവേളകളിൽ കയറിക്കൊണ്ടിരുന്നു.
ഭക്ഷണത്തിന്റെ കാര്യത്തിലായിരുന്നു ഏറ്റവും വലിയ പീഡനം! രക്തം ഉണ്ടാകാൻ വേണ്ടി പച്ചച്ചീര ജ്യൂസ്, ബീറ്റ്റൂട്ട് സൂപ്പ്, പകുതി വേവിച്ച ആട്ടിൻകരൾ, മാതളനാരങ്ങ എന്നിങ്ങനെ ചവച്ചുറക്കാൻ പറ്റാത്ത സകല സാധനങ്ങളും അവൾ എന്റെ മുന്നിൽ നിരത്തി.കൂട്ടിന് വീട്ടിലെ ബാക്കിയുള്ള പെൺ പുലികളും ഉള്ളത്കൊണ്ട് തന്നെ എനിക്ക് പ്രത്യേകിച്ച് ഒന്നും പറയാനോ ചെയ്യാനോ ഉണ്ടായിരുന്നില്ല….
ഞാൻ മുഖം തിരിച്ച് ‘എനിക്കിത് വേണ്ട’ എന്ന് പറയുമ്പോഴൊക്കെ, കട്ടിലിനരികിലിരുന്ന് അവൾ എന്നെ രൂക്ഷമായി ഒന്ന് നോക്കും. പിന്നെ ഒരക്ഷരം മിണ്ടാതെ കണ്ണും പൂട്ടി ഞാൻ അതെല്ലാം വിഴുങ്ങും.
സത്യത്തിൽ എന്നെ ഇഷ്ടം കൊണ്ടാണോ, അതോ എന്റെ ശരീരത്തിലെ ചോര പഴയതുപോലെ കട്ടിയായിട്ട് ഇനിയും അവൾക്ക് ഊറ്റി കുടിക്കാൻ വേണ്ടിയാണോ ഇങ്ങനെ തീറ്റിപ്പൊറ്റുന്നത് എന്ന് എനിക്ക് നല്ല സംശയമുണ്ടായിരുന്നു!
അഞ്ചാം ദിവസമായപ്പോഴേക്കും എന്റെ ശരീരത്തിലെ തളർച്ചയും തലകറക്കവുമൊക്കെ പൂർണ്ണമായും മാറിയിരുന്നു. വിളറി വെളുത്തിരുന്ന എന്റെ മുഖത്തേക്ക് പഴയ തുടിപ്പും ചുവപ്പുനിറവും തിരിച്ചെത്തി.
രാവിലെ എടുത്ത ബ്ലഡ് ടെസ്റ്റ് റിപ്പോർട്ടിൽ ഹീമോഗ്ലോബിൻ ലെവലും, ബി.പിയും എല്ലാം തികച്ചും നോർമൽ ആണെന്ന് കണ്ടതോടെയാണ് എനിക്ക് ഡിസ്ചാർജ് തരാൻ അവൾ തീരുമാനിച്ചത്.
അന്ന് ഉച്ചയോടെ ഡിസ്ചാർജ് നടപടികളെല്ലാം പൂർത്തിയായി. സ്വന്തം ആശുപത്രിയായതുകൊണ്ട് ബില്ലും പേപ്പർവർക്കുമൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല. കയ്യിലെ കാനുലയൊക്കെ ഊരിമാറ്റി, ആശുപത്രിയിലെ വസ്ത്രം മാറ്റി ഞാൻ എന്റെ സാധാരണ ഷർട്ടും പാന്റുമിട്ട്
കട്ടിലിൽ ഇരിക്കുമ്പോഴാണ് അനുവും അമ്മയും കൂടി അകത്തേക്ക് വന്നത്.
“അപ്പോൾ എല്ലാം ഓക്കെയല്ലേ മോനേ? ഇനി വീട്ടിൽ ചെന്നാലും കുറച്ചു ദിവസം നല്ല റെസ്റ്റ് വേണം കേട്ടോ.”
