കഷ്ടപ്പെട്ട് കണ്ണുകൾ വലിച്ച് തുറന്നപ്പോൾ ആദ്യം കണ്ടത് പുകമഞ്ഞ് മൂടിയതുപോലെയുള്ള കുറെ രൂപങ്ങളാണ്.
തലയ്ക്കകത്ത് വല്ലാത്തൊരു ശൂന്യതയാണ്.
ഇന്നലെ രാത്രി കുറെയധികം കള്ളുകുടിച്ച് കിടന്നിട്ട് രാവിലെ എഴുന്നേൽക്കുമ്പോൾ, താൻ ആരാണെന്നും എവിടെയാണെന്നും പോലും അറിയാത്ത ഒരു അവസ്ഥയില്ലേ? ആ ഒരു ഹൈ-ലെവൽ ഹാങ്ങോവറിലാണ് ഞാൻ!
രണ്ടുമൂന്ന് തവണ കണ്ണുകൾ ചിമ്മിത്തുറന്നപ്പോൾ കാഴ്ച പതുക്കെ ക്ലിയർ ആയി വന്നു. മൂക്കിലേക്ക് അടിച്ചുകയറിയത് ആ പഴയ ഡെറ്റോളിന്റെയും ഫിനോയിലിന്റെയും മണമാണ്.
നോക്കുമ്പോൾ എന്റെ കട്ടിലിന് ചുറ്റും കുടുംബസമേതം എല്ലാവരും നിരന്നു നിൽപ്പുണ്ട്!
അമ്മയുണ്ട്, അച്ഛനുണ്ട്, ചേച്ചിയും,ഏട്ടനും,ഏട്ടത്തിയും… എല്ലാവരും കൂടി എന്റെ മുഖത്തേക്ക് നോക്കി തേങ്ങിത്തേങ്ങി കരയുകയാണ്!
ഇവരൊക്കെ എന്തിനാ ഇങ്ങനെ കൂട്ടത്തോടെ നിന്ന് മോങ്ങുന്നത്?’
അപ്പോഴാണ് അമ്മ സാരിത്തലപ്പുകൊണ്ട് കണ്ണും മൂക്കുമൊക്കെ അമർത്തി തുടച്ചുകൊണ്ട് എന്റെ അടുത്തേക്ക് നീങ്ങി നിന്നത്. ശേഷം ശബ്ദമൊക്കെ ഇടറി, വലിയൊരു സീരിയൽ നടിയെപ്പോലെ നല്ല ഈണത്തിൽ എന്നെ വിളിച്ചു
“അഭീഈഈ…”
ഇതെന്തിനാ ഈ തള്ള എന്നെ ഇങ്ങനെ വിളിക്കുന്നത്. കാര്യം എന്താണെന്ന് ഒരു പിടിയുമില്ലെങ്കിലും, ആ സിറ്റുവേഷന്റെ ഗൗരവം കളയാതിരിക്കാൻ ഞാനും അമ്മ വിളിച്ച അതേ ഈണത്തിൽ, അതേ ടോണിൽ തിരിച്ചു ചോദിച്ചു
“എന്താ അമ്മേഏഏ…”
അത് കേട്ടതും അമ്മയുടെ കരച്ചിലിന്റെ സ്പീഡ് കൂടി. അമ്മ എന്റെ തലയിലൂടെ കൈ ഓടിച്ചുകൊണ്ട് വിതുമ്പിപ്പറയാൻ തുടങ്ങി
“എന്തൊരു കഷ്ടമാണെടാ മോനേ നിനക്ക് വന്നത്! നിനക്ക് ഇത്രയും ഭയങ്കരമായ പ്രഷർ ഉണ്ടായിരുന്നോ എന്റെ കുട്ടിക്ക്? രാത്രി ഉറക്കത്തിൽ പെട്ടെന്ന് പ്രഷർ കൂടി നിന്റെ മൂക്കിലെയും തൊണ്ടയിലെയും ഞരമ്പ് പൊട്ടി ചോര ഒഴുകി എന്ന് കേട്ടപ്പോൾ എന്റെ നെഞ്ചു തകർന്നുപോയി!
വായിലൂടെയും മൂക്കിലൂടെയും ശരീരത്തിലെ പകുതി ചോരയും വാർന്നുപോയില്ലേ എന്റെ മോന്റെ… കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചില്ലായിരുന്നെങ്കിൽ തലച്ചോറിലെ ഞരമ്പ് വരെ പൊട്ടിപ്പോയേനെ എന്നാ അനു പറഞ്ഞത്!
ഇത്രയും വലിയൊരു അപകടം വന്നിട്ട് നീയെങ്ങനെ സഹിച്ചെടാ മോനേ…”
അമ്മയുടെ ആ വിവരണം കേട്ടതും, കിടന്നിരുന്ന ഞാൻ കറന്റ് അടിച്ചതുപോലെ ഞെട്ടിപ്പിടഞ്ഞ് എഴുന്നേൽക്കാൻ ആഞ്ഞു!
“പ്രഷറോ?! മൂക്കിലെ ഞരമ്പ് പൊട്ടിയെന്നോ?!”
ഞാൻ അന്തംവിട്ട് ചുറ്റും നോക്കി. സംഗതി സത്യമാണ്! വലിയൊരു വി.ഐ.പി ഐ.സി.യു റൂമാണ്. എന്റെ രണ്ടു കയ്യിലും വലിയ സൂചികൾ
കുത്തിവെച്ച് ട്യൂബുകൾ ഘടിപ്പിച്ചിരിക്കുന്നു.
ഒരു സ്റ്റാൻഡിൽ തൂങ്ങിക്കിടക്കുന്ന കവറിൽ നിന്ന് കടുംചുവപ്പ് നിറത്തിലുള്ള ചോര തുള്ളിതുള്ളിയായി എന്റെ ഞരമ്പിലേക്ക് കയറുന്നുണ്ട്! സൈഡിലെ മോണിറ്ററിലാണെങ്കിൽ ‘ബീപ്പ്… ബീപ്പ്…’ എന്ന് സൗണ്ടോടെ പച്ച വരകൾ ഓടിക്കൊണ്ടിരിക്കുന്നു.
ഇതൊക്കെ കണ്ടപ്പോൾ എനിക്ക് തന്നെ എന്നോട് വല്ലാത്തൊരു സഹതാപം തോന്നിപ്പോയി. ‘എന്റെ ദൈവമേ… അപ്പോൾ എനിക്ക് ശരിക്കും അത്രയ്ക്ക് വയ്യേ? ഞാൻ മാരകമായ ഏതോ രോഗിയാണോ?
ഇതൊക്കെ എപ്പോ നടന്നു? ഇന്നലെ രാത്രി വരെ ഒരു കുഴപ്പവുമില്ലാതെ നടന്ന എന്റെ മൂക്കിലെ ഞരമ്പ് എപ്പോഴാ പൊട്ടിയത്?’
ഞാൻ എന്റെ മൂക്കിലേക്ക് ഒന്ന് തൊട്ടുനോക്കി. ഒരു വേദനയുമില്ല, നല്ല ക്ലീൻ ആയിരിക്കുന്നു! പക്ഷേ ഇന്നലെ രാത്രി എന്തോ വലിയൊരു കലാപരിപാടി നടന്നതായിട്ട് എന്റെ മനസ്സിൽ ചെറിയൊരു പുകമഞ്ഞുപോലെ ഓർമ്മയുണ്ട്.
പേഴ്സിൽ നിന്നെടുത്ത ആ ഉണക്കയില… പിന്നെ തറയിൽ ചോര… ഷേവിങ് ബ്ലേഡ്…
ഞാൻ വേഗം എന്റെ ഇടത് കൈത്തണ്ടയിലേക്ക് നോക്കി. അവിടെ ബ്ലേഡ് വെച്ച് വരച്ചതിന്റെ ഒരു ചെറിയ പാടുപോലുമില്ല! നല്ല മിനുസമുള്ള തൊലി!
അപ്പോൾ ഞാൻ കണ്ടതൊക്കെ സ്വപ്നമായിരുന്നോ? എന്റെ മൂക്കിൽക്കൂടി ശരിക്കും ചോര പോയതാണോ? എന്റെ കിളി പൂർണ്ണമായും പറന്നുപോയി!
ഞാൻ ഇങ്ങനെ കിളിപോയി ഇരിക്കുമ്പോഴാണ് അമ്മ വീണ്ടും കരച്ചിലിനിടയിലൂടെ അടുത്ത ഡയലോഗ് കാച്ചിയത്
