“എല്ലാം നമ്മുടെ അനു മോളുടെ പുണ്യമാടാ! രാത്രി നീ ചോര വാർന്ന് ബോധംകെട്ടു കിടന്നപ്പോൾ മോൾ അടുത്തുണ്ടായിരുന്നതുകൊണ്ട് മാത്രമാണ് നിന്റെ ജീവൻ തിരിച്ചു കിട്ടിയത്.
ഒരു ഡോക്ടറായതുകൊണ്ട് മോൾ അപ്പോൾ തന്നെ നിന്റെ മൂക്കിലെ ബ്ലീഡിങ് ഒക്കെ നിർത്തി, ഫസ്റ്റ് എയ്ഡ് തന്ന്, ഒറ്റയ്ക്ക് വണ്ടിയോടിച്ച്
നിന്നെ ഈ ആശുപത്രിയിൽ എത്തിച്ചു.
അനു മോൾ ഇല്ലായിരുന്നെങ്കിൽ എന്റെ കുട്ടീടെ അവസ്ഥ ഇന്ന് എന്താകുമായിരുന്നു ഭഗവാനേ…”
അമ്മ അത് പറഞ്ഞതും എന്റെ തലച്ചോറിലെ സ്പാർക്ക് പെട്ടെന്നൊന്ന് തെളിഞ്ഞു. അമ്മയുടെ പിന്നിലായി, കൈകൾ മാറിൽ പിണച്ചുകെട്ടി, ഒരു മാലാഖയെപ്പോലെ നിൽക്കുന്ന എന്റെ പ്രിയതമയിലേക്ക് ഞാൻ കണ്ണുകൾ ചെറുതാക്കി ഒന്ന് സൂക്ഷിച്ചു നോക്കി.
ഇത്രയും കാലം രാത്രികാലങ്ങളിൽ എന്റെ കഴുത്തിൽ കടിച്ച് ചോര കുടിച്ചുകൊണ്ടിരുന്ന ആ ഭീകരജീവി, ഇപ്പോൾ ദാ എല്ലാവരുടെയും മുന്നിൽ എന്റെ ജീവൻ രക്ഷിച്ച പുണ്യാളത്തി ആയിട്ട് നിൽക്കുന്നു!
ഞാൻ അവളെത്തന്നെ തുറിച്ചുനോക്കിയപ്പോൾ, ആരും കാണാതെ അവളുടെ ചുണ്ടിലൊരു കള്ളച്ചിരി വിരിയുന്നുണ്ടോ? ഉണ്ട്! വളരെ ചെറുതായിട്ട്, എന്നെ കളിയാക്കുന്നതുപോലെ അവളുടെ ചുണ്ടൊന്ന് കോടിയിട്ടുണ്ട്!
ആ കണ്ണുകളിലാണെങ്കിൽ ‘മോനേ അഭീ, നീ എന്റെ കയ്യിൽ തന്നെയാടാ’ എന്നൊരു ഭാവവും!
എന്റെ ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞു.
‘ഇല്ല… എനിക്ക് പ്രഷറും തേങ്ങയുമൊന്നുമല്ല! എന്റെ മൂക്കിലെ ഞരമ്പും പൊട്ടിയിട്ടില്ല! ഇന്നലെ രാത്രി നടന്നതൊന്നും എന്റെ സ്വപ്നവുമല്ല! ഇവൾ എന്തോ വലിയ ഉടായിപ്പ് കാണിച്ച് എല്ലാവരെയും പറ്റിച്ചിരിക്കുകയാണ്!
എന്തോ വലിയൊരു പന്തികേട് ഇവിടെ മണക്കുന്നുണ്ടല്ലോ എന്റെ കൃഷ്ണ…’
അമ്മയുടെ കരച്ചിലിനിടയിൽ പെട്ട് എന്തുചെയ്യണമെന്നറിയാതെ ഞാൻ വിയർത്തൊലിച്ച് കിടക്കുമ്പോഴാണ്, രക്ഷകയെപ്പോലെ അനു മുന്നോട്ട് വന്നത്.
അവൾ അമ്മയുടെ തോളിൽ വളരെ സ്നേഹത്തോടെ ഒന്ന് തട്ടി. ശേഷം ഈ ലോകത്തിലെ ഏറ്റവും നല്ല മരുമകളെപ്പോലെ, ശബ്ദത്തിൽ പരമാവധി സങ്കടവും കരുതലുമൊക്കെ കലർത്തിക്കൊണ്ട് പറഞ്ഞു
“അമ്മേ… വിഷമിക്കാതെ. അഭിയ്ക്ക് ഇപ്പോൾ ഒരു കുഴപ്പവുമില്ല, അപകടനിലയൊക്കെ തരണം ചെയ്തു കഴിഞ്ഞു. പക്ഷേ അവനിപ്പോൾ നല്ല വിശ്രമം
ആവശ്യമാണ്. നമ്മൾ എല്ലാവരും കൂടി ഇങ്ങനെ ചുറ്റും നിന്ന് കരഞ്ഞാൽ അവന്റെ ബി.പി ഇനിയും കൂടാൻ സാധ്യതയുണ്ട്.
അതുകൊണ്ട് അവൻ കുറച്ചുനേരം സമാധാനമായിട്ട് കിടന്ന് വിശ്രമിച്ചോട്ടെ… നമുക്ക് പുറത്തേക്ക് നിൽക്കാം, വാ…”
‘എന്റെ മോനേ… എന്തൊരു ആക്ടിങ് ആണ് ഈ പുണ്ടച്ചി എല്ലാവരും ഉള്ളപ്പോൾ കാണിച്ച് കൂട്ടുന്നത്! ഓസ്കാർ അവാർഡ് കമ്മിറ്റിക്കാർ വല്ലതും ഇത് കണ്ടിരുന്നെങ്കിൽ അപ്പോൾ തന്നെ അവാർഡ് ഇവളുടെ കയ്യിൽ കൊടുത്തിട്ട് പോയേനെ!
രാത്രി എന്റെ കഴുത്തിൽ കടിച്ച് ചോര കുടിക്കാൻ നടക്കുന്ന രക്തരക്ഷസ്സാണ് ഇപ്പോൾ എന്റെ ബി.പി കൂടുന്നതിനെപ്പറ്റി ക്ലാസ്സെടുക്കുന്നത്!
നിന്റെ ഈ കള്ളക്കളികളും തട്ടിപ്പുമൊക്കെ ഒരു നാൾ ഈ നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ വെച്ച് തന്നെ പിടിക്കപ്പെടും മോളേ… അന്ന് ഈ അഭിമന്യു ആയിരിക്കും നിന്നെ ചവിട്ടി പുറത്താക്കുന്നത്! നോക്കിക്കോ!’ 😼
ഞാൻ മനസ്സിലിരുന്ന് അവളെ പച്ചയ്ക്ക് തെറിവിളിച്ചുകൊണ്ട് കിടക്കുമ്പോൾ, അവളുടെ വാക്ക് കേട്ട് അവരെല്ലാവരും എന്റെ തലയിൽ ഒരിക്കൽക്കൂടി തലോടിയിട്ട് ഓരോരുത്തരായി വാതിൽ തുറന്ന് പുറത്തേക്ക് നടന്നു.
എല്ലാവരും പുറത്തേക്കിറങ്ങി വാതിൽ അടഞ്ഞു എന്ന് ഉറപ്പാക്കിയതും, അനു പതുക്കെ തിരിഞ്ഞു. അതുവരെ മുഖത്തുണ്ടായിരുന്ന ആ പാവം മരുമകളുടെ ഭാവമൊക്കെ മാറി, ആ പഴയ കുസൃതിയും അധികാരവും ആ കണ്ണുകളിൽ തിളങ്ങി.
അവൾ നടന്ന് എന്റെ കട്ടിലിന്റെ തൊട്ടരികിലേക്ക് വന്നു.
ശേഷം എന്നിലേക്ക് പതുക്കെ കുനിഞ്ഞു.
അവളുടെ തണുത്ത വിരലുകൾ എന്റെ കവിളിലൂടെ വളരെ മൃദുവായി തലോടാൻ തുടങ്ങി.
“എന്നാൽ പിന്നെ കാണാം ട്ടോ അഭീ…”
