അവളുടെ മുഖത്തേക്ക് നോക്കാൻ പോലും ധൈര്യമില്ലാതെ തലകുനിച്ചാണ് ഡോക്ടർമാർ ഒപ്പം ഓടിയത്.
“ബി.പി വല്ലാതെ ഡ്രോപ്പ് ആയിട്ടുണ്ട്. ഉടൻ തന്നെ രണ്ട് ലാർജ് ബോർ കാനുല (Large bore cannula) ഇട്ട് നോർമൽ സലൈൻ (Normal Saline) ഫാസ്റ്റ് ആയി കയറ്റണം.
ഒപ്പം ഒ-നെഗറ്റീവ് (O-Negative) ബ്ലഡ് എത്രയും വേഗം അറേഞ്ച് ചെയ്യാൻ ബ്ലഡ് ബാങ്കിലേക്ക് വിളിക്ക്. സ്പെഷ്യൽ വി.ഐ.പി ഐ.സി.യു (VIP ICU) ഇപ്പോൾ തന്നെ റെഡിയാക്കണം!”
അവളുടെ ഓരോ വാക്കും ഓരോ കല്പനകളായിരുന്നു. ‘യെസ് മാഡം’ എന്ന് ഭയപ്പാടോടെ വിറച്ചുകൊണ്ട് ജീവനക്കാർ നെട്ടോട്ടമോടി.
അഭിയെ വി.ഐ.പി ഐ.സി.യുവിലെ ബെഡിലേക്ക് മാറ്റിയതും ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ ഡോക്ടർ അവനെ പരിശോധിച്ചു. അദ്ദേഹത്തിന്റെ നെറ്റി ചുളിഞ്ഞു. എങ്കിലും അനുവിനോട് എങ്ങനെ ചോദിക്കും എന്ന ഭയത്തോടെ, വിയർത്തൊലിച്ച് ഉമിനീരിറക്കി അദ്ദേഹം അനുവിന് നേരെ തിരിഞ്ഞു.
“മാഡം… അ… അത് പിന്നെ… സാറിന്റെ ശരീരത്തിൽ ചോര വാർന്നുപോയ ലക്ഷണങ്ങളുണ്ട്, ഹീമോഗ്ലോബിൻ ലെവൽ നന്നേ കുറവാണ്. പക്ഷേ… ശരീരത്തിൽ എവിടെയും മുറിവുകളൊന്നും കാണാനില്ലല്ലോ? പിന്നെ എന്താ സംഭവിച്ചതെന്ന്…”
വാക്കുകൾ മുഴുവനാക്കാൻ കഴിയാതെ ആ ഡോക്ടർ അനുവിന്റെ നോട്ടത്തിന് മുന്നിൽ പതറിപ്പോയി. അനുവിന്റെ തണുത്തതും തുളച്ചുകയറുന്നതുമായ കണ്ണുകൾ ആ ഡോക്ടറുടെ മുഖത്തേക്ക്
നീണ്ടു.
ആ ഒറ്റ നോട്ടത്തിൽ തന്നെ ചോദ്യം ചോദിച്ച ഡോക്ടറുടെ മുട്ട് വിറച്ചു.
“എന്താ സംഭവിച്ചതെന്ന് തനിക്ക് അറിയണോ ?”
അനുവിന്റെ ശബ്ദത്തിൽ അധികാരത്തിന്റെയും പുച്ഛത്തിന്റെയും തണുപ്പുണ്ടായിരുന്നു.
“സഡൻ ബി.പി സർജ് വന്നിട്ട് മൂക്കിലെ പ്രധാന രക്തക്കുഴൽ പൊട്ടി സിവിയർ ആയിട്ട് ബ്ലീഡിങ് (Posterior Epistaxis) ഉണ്ടായതാണ്! ഉറക്കത്തിലായതുകൊണ്ട് ചോര മുഴുവൻ ഉള്ളിലേക്കിറങ്ങി ബ്ലഡ് വൊമിറ്റ് ചെയ്തു.
കൂട്ടത്തിൽ മൂക്കിലൂടെയും ചോര പോയി. ഞാൻ വീട്ടിൽ വെച്ച് തന്നെ നേസൽ പാക്കിങ് (Nasal packing) ചെയ്ത് ബ്ലീഡിങ് കൺട്രോൾ ആക്കിയ ശേഷമാണ് ഇങ്ങോട്ട് കൊണ്ടുവന്നത്!
എന്തേ, ഒരു ചീഫ് ഡോക്ടറായ ഞാൻ പറയുന്നതിൽ തനിക്ക് വല്ല സംശയവുമുണ്ടോ?”
“ഇ… ഇല്ല മാഡം! ഒരിക്കലുമില്ല… ഞാൻ വെറുതെ കേസ് ഷീറ്റിൽ എഴുതാൻ വേണ്ടി ചോദിച്ചെന്നേയുള്ളൂ, സോറി മാഡം!”
ഡോക്ടർ പേടിച്ച് രണ്ടടി പിന്നോട്ട് മാറി.
“കേസ് ഷീറ്റ് ഞാൻ നേരിട്ട് ഹാൻഡിൽ ചെയ്തോളാം. തന്റെ ജോലി ബ്ലഡ് കയറ്റുക എന്നതാണ്, അത് മാത്രം ചെയ്താൽ മതി. ഇനി ഒരു ചോദ്യം പോലും ഇവിടെ ആരും ചോദിച്ചുപോകരുത്!”
അനുവിന്റെ ആ ആജ്ഞയ്ക്ക് മുന്നിൽ ഒരക്ഷരം തിരിച്ചു പറയാൻ ആ മനുഷ്യന് ധൈര്യമുണ്ടായിരുന്നില്ല. വിറയ്ക്കുന്ന കൈകളോടെ നിമിഷങ്ങൾക്കുള്ളിൽ അഭിയുടെ ഇരു കൈകളിലുമായി ട്യൂബുകൾ ഘടിപ്പിക്കപ്പെട്ടു.
മോണിറ്ററിൽ അവന്റെ ഹൃദയമിടിപ്പിന്റെ പച്ച വരകൾ തെളിഞ്ഞുവന്നു. രക്തം തുള്ളിതുള്ളിയായി അവന്റെ സിരകളിലേക്ക് കയറാൻ തുടങ്ങിയതോടെ, അവന്റെ വിളറിയ മുഖത്തേക്ക് പതിയെ ജീവന്റെ തുടിപ്പുകൾ തിരിച്ചെത്തുന്നത് അനു കണ്ടു.
“എല്ലാവരും പുറത്തുപോ! ഇനി എന്റെ അനുവാദമില്ലാതെ ഒരുത്തനും ഈ റൂമിന്റെ പരിസരത്തുപോലും കണ്ടുപോകരുത്!”
അനുവിന്റെ ഒറ്റ
ആട്ടലിൽ ഡോക്ടറും നഴ്സുമാരും ശ്വാസം പോലും വിടാതെ മുറി വിട്ട് പുറത്തേക്ക് ഓടി.
ഐ.സി.യുവിലെ ആ തണുത്ത ഏകാന്തതയിൽ അഭിയുടെ കട്ടിലിനരികിൽ അനു ഒറ്റയ്ക്കിരുന്നു. ബോധരഹിതനായി കിടക്കുന്ന അവന്റെ കൈകളിൽ അവൾ പതിയെ തലോടി. അവൻ സുരക്ഷിതനാണ്, പക്ഷേ യഥാർത്ഥ അപകടം പുറത്ത് തങ്ങളെ കാത്തിരിക്കുന്നതേയുള്ളൂ എന്ന് അവളോടാരോ വിളിച്ചുപറയുന്നത്പോലെ അവൾക്ക് തോന്നി…..
ആരാണവൾ? അവൾ എന്തിന് വന്നു? ഇനിയും എന്നെ പോലെയുള്ളവർ എന്റെ ചുറ്റിനുമുണ്ടോ?
ഉത്തരം കിട്ടാത്ത ആ ചോദ്യങ്ങൾ അനുവിന്റെ ഉള്ളിൽ ഒരു കനലായി എരിഞ്ഞുകൊണ്ടിരുന്നു.
ഐ.സി.യുവിലെ ആ തണുത്ത നിശബ്ദതയിൽ മോണിറ്ററിലെ നേർത്ത ബീപ്പ് ശബ്ദം മാത്രമാണ് മുഴങ്ങിക്കൊണ്ടിരുന്നത്. കട്ടിലിനരികിലിരുന്ന അനു, ഐ.വി ട്യൂബുകൾ ഘടിപ്പിച്ച അഭിയുടെ കൈപ്പത്തി തന്റെ ഇരുകൈകൾക്കുള്ളിലാക്കി നെഞ്ചോട് ചേർത്തുപിടിച്ചു.
