അമ്മ എന്റെ സാധനങ്ങളെല്ലാം വെച്ചുകൊണ്ട് പറഞ്ഞു.എന്നാലും ഈ തള്ളയും ഒരു ഡോക്ടർ അല്ലെ.എന്നിട്ടും ഇതിനൊന്നും ഒരു സംശയവും തോന്നിയില്ലല്ലോ എന്റെ കാര്യത്തിൽ.
ആ… അമ്മയെ പറഞ്ഞിട്ടും കാര്യമില്ല. അവൾ പറയുന്ന പോയിന്റ്സ് കേട്ടാൽ എനിക്ക് വരെ സംശയം തോന്നും. പഠിച്ച കള്ളിയാണ് അവൾ…
“അതൊക്കെ ഞാൻ നോക്കിക്കൊള്ളാം അമ്മേ… ഇനി എന്റെ കണ്ണ് എപ്പോഴും അവന്റെ മുകളിൽ തന്നെയുണ്ടാകും!”
എന്റെ തോളിലൂടെ കയ്യിട്ട് തന്നിലേക്ക് ചേർത്തുനിർത്തിക്കൊണ്ട് അനു മറുപടി പറഞ്ഞു. അവളുടെ ആ പറച്ചിലിൽ വീട്ടുകാർക്ക് വലിയ സ്നേഹം തോന്നിയെങ്കിലും, എന്റെ നട്ടെല്ലിലൂടെ ഒരു തണുപ്പാണ് പാഞ്ഞുകയറിയത്!
ആശുപത്രിയുടെ നീണ്ട ഇടനാഴിയിലൂടെ നടന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ, ചുറ്റുമുള്ള ഡോക്ടർമാരും സ്റ്റാഫുകളുമൊക്കെ ഭയഭക്തിയോടെ എഴുന്നേറ്റു നിന്ന് ഞങ്ങൾക്ക് വഴി മാറിത്തരുന്നുണ്ടായിരുന്നു.
കാറിലേക്ക് കയറാൻ നേരം ഞാൻ വെറുതെ ആ ആശുപത്രി കെട്ടിടത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കി.
ഒരു കണക്കിന് പറഞ്ഞാൽ ഈ ആശുപത്രി വാസം എനിക്കൊരു രക്ഷയായിരുന്നു. ചുറ്റും ആളുകളുള്ളതുകൊണ്ട് രാത്രികാലങ്ങളിൽ ഇവളുടെ ആ കൂർത്ത പല്ലുകൾ എന്റെ കഴുത്തിൽ ആഴ്ന്നിറങ്ങുമെന്ന പേടിയില്ലാതെ എനിക്ക് അഞ്ചു ദിവസം സുഖമായി ഉറങ്ങാൻ പറ്റിയിരുന്നു!
പക്ഷേ ഇപ്പോൾ ദാ… ആരോഗ്യമൊക്കെ വീണ്ടെടുത്ത്, നല്ല ഫ്രഷ് ചോരയുമായി ഞാൻ വീണ്ടും ആ പഴയ കൂട്ടിലേക്ക് തന്നെ തിരികെ പോവുകയാണ്!
ഇനി ആ അടച്ചിട്ട മുറിക്കുള്ളിൽ വെച്ച് ഇവളുടെ പുതിയ നാടകമായ വൺ-വേ പ്രേമവും, ഒപ്പം വേറെ
എന്തെങ്കിലും എന്നെ കാത്തിരിക്കുന്നുണ്ടോ എന്നോർത്തപ്പോൾ, കാറിന്റെ എസിയിലും എന്റെ നെറ്റിയിലൂടെ വിയർപ്പുതുള്ളികൾ പൊടിഞ്ഞുതുടങ്ങി!
____________________________________________
((മനുഷ്യരുടെ കണ്ണുകളോ പകൽവെളിച്ചമോ ഒരിക്കൽപ്പോലും കടന്നുചെന്നിട്ടില്ലാത്ത, നിബിഡമായ കരിങ്കാടിന്റെ അഗാധതയിൽ, കോടമഞ്ഞും ഇരുട്ടും ഇഴചേർന്ന ആ നിഗൂഢ താഴ്വര സ്ഥിതിചെയ്യുന്നു.
അവിടെയുള്ള വൻമരങ്ങളുടെ ഉണങ്ങിയ കൊമ്പുകളിൽ രാപ്പക്ഷികൾ പോലും ചേക്കേറാൻ ഭയപ്പെട്ടിരുന്നു. ആ കാടിന്റെ ഹൃദയഭാഗത്തായി, നൂറ്റാണ്ടുകളുടെ പഴക്കവും ശാപവും പേറുന്ന ഒരു കൂറ്റൻ ഗോത്തിക് ബംഗ്ലാവ് തലയുയർത്തി നിന്നു.
കരിങ്കല്ലിൽ പണിത അതിന്റെ പടുകൂറ്റൻ ചുമരുകളിലൂടെ കറുത്ത വള്ളിച്ചെടികൾ പാമ്പുകളെപ്പോലെ പടർന്നുകയറിയിരുന്നു. തുരുമ്പെടുത്ത ഇരുമ്പുഗേറ്റുകളും, ആകാശത്തേക്ക് കൂർത്തുനിൽക്കുന്ന മച്ചുകളും, പായൽ പിടിച്ച കൽത്തൂണുകളുമുള്ള ആ മാളിക കണ്ടാൽത്തന്നെ മരണത്തിന്റെ തണുത്ത ഗന്ധം വായുവിൽ അലിഞ്ഞുചേർന്നതായി തോന്നും.
പുറത്ത് ആർത്തുപെയ്യുന്ന പേമാരിയിലും, ആ ബംഗ്ലാവിനുള്ളിൽ ശ്മശാനമൂകത തളംകെട്ടി നിന്നിരുന്നു.
ആ ബംഗ്ലാവിന്റെ ഏറ്റവും ഉള്ളിലായി സ്ഥിതിചെയ്യുന്ന പടുകൂറ്റൻ ദർബാർ ഹാൾ.
മങ്ങിയ അരണ്ട വെളിച്ചം മാത്രം പകരുന്ന പഴയ ഷാൻഡ്ലിയറുകൾ മച്ചിൽ തൂങ്ങിയാടുന്നുണ്ട്. ആ ഹാളിന്റെ ഒത്തനടുവിലായി, ഉയർന്ന കൽത്തറയ്ക്ക് മുകളിൽ ആ ഭീമാകാരമായ വിക്ടോറിയൻ സിംഹാസനം സ്ഥാപിച്ചിരിക്കുന്നു.
ആയിരം വർഷം പഴക്കമുള്ള കറുത്ത എബണി മരത്തിൽ കൊത്തിയെടുത്തതായിരുന്നു ആ ഇരിപ്പിടം. അതിന്റെ കൈപ്പിടികളിൽ കൊത്തിവെച്ചിരുന്ന വ്യാളീരൂപങ്ങളുടെ വായ്ക്കുള്ളിൽ രക്തം പുരണ്ട മാണിക്യക്കല്ലുകൾ തിളങ്ങിനിന്നു.
കസേരയുടെ പിൻഭാഗത്ത് കടുംചുവപ്പ് നിറത്തിലുള്ള വെൽവെറ്റ് തുണി പൊതിഞ്ഞിരുന്നു. സിംഹാസനത്തിന്റെ ഏറ്റവും മുകളിലായി തലയോട്ടികളും സർപ്പങ്ങളും പിണഞ്ഞുകിടക്കുന്ന അവരുടെ കുലത്തിന്റെ രാജകീയ മുദ്ര ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു.
അധികാരത്തിന്റെയും ഭീകരതയുടെയും പ്രതീകമായിരുന്നു ആ കസേര.
ആ സിംഹാസനത്തിൽ, ഇരുട്ടിന്റെ സാമ്രാജ്യത്തിലെ ചക്രവർത്തിനിയെപ്പോലെ കാൽമേൽ കാൽ കയറ്റിവെച്ച് അവൾ
ഇരിക്കുകയായിരുന്നു…
അവളുടെ സൗന്ദര്യം മനുഷ്യന്റെ സങ്കല്പങ്ങൾക്കപ്പുറമുള്ള ഒന്നായിരുന്നു.
