“എടീ… എടീ എഴുന്നേൽക്ക്…”
എന്ന് പറഞ്ഞ് അവളെ തട്ടിവിളിക്കാൻ ശ്രമിച്ചു. അപ്പോഴാണ് അവളുടെ തലയുടെ പുറകിൽ നിന്നും തറയിലേക്ക് ഒഴുകിയിറങ്ങിയ ആ കട്ടച്ചോര അവൻ കണ്ടത്. ഭയം കൊണ്ട് അവൻ വായ് പൊത്തിപ്പോയി. അവനെപ്പോഴും വിറപ്പിച്ചു നിർത്തിയിരുന്നവൾ, ഇതാദ്യമായിട്ടാണ് യാതൊരു അനക്കവുമില്ലാതെ ഇങ്ങനെ ഒരു അവസ്ഥയിൽ അവന്റെ കൺമുന്നിൽ കിടക്കുന്നത്.
പെട്ടെന്നവന്റെ തലയിൽ ഒരു വലിയ ഡൗട്ടടിച്ചു.
‘ഇനിയിപ്പോ എന്റെ ചോര കിട്ടാൻ വേണ്ടി യക്ഷി വല്ല നാടകവും കളിക്കുകയാണോ? ഒരുപക്ഷെ ബോധംകെട്ടതുപോലെ കിടന്നിട്ട്, ഞാൻ അടുത്ത് ചെല്ലുമ്പോൾ എന്റെ കഴുത്തിൽ കേറി പിടിക്കാനുള്ള വല്ല സൈക്കോളജിക്കൽ മൂവ് ആണെങ്കിലോ?’
അതൊന്ന് കൺഫോം ചെയ്യാൻ വേണ്ടി അവൻ അവളുടെ വെളുത്തു തുടുത്ത ആ കവിളിലേക്ക് നോക്കി. എന്നിട്ട് ഒരു ദീർഘശ്വാസം എടുത്ത്, വലതുകൈ വീശി കവിളിൽ നോക്കി ഒറ്റയടി!
അടിച്ചിട്ട് അവൻ ശ്വാസം അടക്കിപ്പിടിച്ച് കുറച്ചു സെക്കൻഡ് വെയിറ്റ് ചെയ്തു നോക്കി. അവളിൽ നിന്നും ഒരു
പ്രതികരണവുമില്ല!
‘ഏയ്യ്… അഭിനയമാകാൻ ചാൻസില്ല. അങ്ങനെ അഭിനയിക്കുന്നതായിരുന്നെങ്കിൽ എന്റെ ഈ അടിയോടുകൂടി അവളെന്നെ എടുത്ത് പരലോകത്തേക്ക് അയക്കേണ്ട ടൈം കഴിഞ്ഞു! ഇതിപ്പോ ശരിക്കും ബോധം പോയത് തന്നെയാണോ അതോ ഇനി ചത്തോ?.’
‘എന്നാലും ഇതെങ്ങനെ സംഭവിച്ചു?’ അവൻ തലയ്ക്ക് കൈകൊടുത്തു. തല പുകഞ്ഞ് അവൻ ചിന്തിക്കാൻ തുടങ്ങി. താൻ ആ ഇല മൊത്തത്തിൽ വിഴുങ്ങിയത് അവന് ഓർമ്മവന്നു. പിന്നെ ശരീരത്തിൽ കയറിയ ആ വലിയ ചൂട്… അവൾ തന്നെ തടയാൻ വന്നത്… താൻ ഒറ്റത്തള്ളൽ തള്ളിയത്… അവളുടെ തല പോയി ഭിത്തിയിലെ മേശയിൽ ഇടിച്ചത്…
കാര്യങ്ങൾ ഓരോന്നായി ഒരു സിനിമാ റീൽ പോലെ അവന്റെ ഓർമ്മയിലേക്ക് ഓടിയെത്തി. താൻ ചെയ്ത അബദ്ധത്തിന്റെ വ്യാപ്തി മനസ്സിലാക്കിയ അഭിമന്യു, ഇനി എന്ത് ചെയ്യണമെന്നറിയാതെ ആ അടച്ചിട്ട മുറിക്കുള്ളിൽ ഭയംകൊണ്ട് വിറങ്ങലിച്ച് നിന്നുപോയി
തറയിൽ ബോധംകെട്ടു കിടക്കുന്ന അനുവിനെ നോക്കി അഭിയുടെ തലച്ചോർ വല്ലാത്തൊരു സ്പീഡിൽ പ്രവർത്തിക്കാൻ തുടങ്ങി. ആ നിമിഷം അവന് ശരിക്കും വട്ടാകുന്ന അവസ്ഥയായിരുന്നു.
‘ഇനിയിപ്പോ ഞാൻ എന്ത് ചെയ്യും? വീട്ടിലാണെങ്കിൽ വേറെ ആരുമില്ല. ഇവളെ എടുത്ത് പറമ്പിൽ എവിടെയെങ്കിലും ഒരു കുഴിയെടുത്ത് മൂടിയാലോ? ഏയ്യ്… അത് വേണ്ട. അമ്മയ്ക്ക് ഈ ചെടി നടുന്ന അസുഖമുണ്ട്. രാവിലെ എഴുന്നേറ്റാൽ പിന്നെ കൈക്കോട്ടും പിടിച്ച് ഓരോ പൂവിനും ചെടിക്കും കുഴിയെടുക്കാൻ ഇറങ്ങും. ചിലപ്പോ അമ്മ ആദ്യം കുഴിച്ചെടുക്കുന്നത് ഇവളുടെ തലയായിരിക്കും!’
അവന്റെ ചിന്തകൾ അടുത്ത പ്ലാനിലേക്ക് മാറി.
‘പിന്നെ എന്ത് ചെയ്യും? എവിടെയെങ്കിലും കൺസ്ട്രക്ഷൻ നടക്കുന്ന വലിയ ബിൽഡിങ്ങിന്റെ തറയിൽ കൊണ്ടുപോയി കുഴിച്ചിട്ടാലോ? ജോർജ്ജുകുട്ടി മോഡൽ! ഏയ്യ്… അതൊക്കെ സിനിമയിൽ
മാത്രമേ വർക്കൗട്ട് ആവൂ. അതിലും നല്ലത് ഇവളെ എണ്ണയൊഴിച്ച് കത്തിച്ചു കളയുന്നതല്ലേ?’
പെട്ടെന്ന് അവന് തന്നെ തന്റെ ചിന്തകളോട് വല്ലാത്തൊരു ഭയം തോന്നി.
‘ദൈവമേ… ഞാൻ ഇതെന്തൊക്കെയാ ഈ ആലോചിക്കുന്നത്? കൊടും ക്രിമിനലുകൾ പോലും ചിന്തിക്കാത്ത കാര്യങ്ങളാണല്ലോ ഈ സിറ്റുവേഷനിൽ എന്റെ തലയിൽ വരുന്നത്! നാളെ രാവിലെ ഹോസ്പിറ്റലിൽ നിന്നോ വീട്ടിൽ നിന്നോ ഇവളെ എവിടെ എന്ന് ചോദിച്ചാൽ ഞാൻ എന്ത് മറുപടി പറയും?
മേശയിൽ തട്ടി വീണ് ചത്തെന്നോ?’
അപ്പോഴാണ് വലിയൊരു സംശയം അവന്റെ തലയിൽ ഉദിച്ചത്.
‘അല്ല… ഇവൾ ശരിക്കും ചത്തോ?’
അത് ഉറപ്പിക്കാൻ അവൻ വേഗം അവളുടെ അടുത്തേക്ക് ഇരുന്നു. സിനിമയിൽ ഡോക്ടർമാർ നോക്കുന്നതുപോലെ അവൻ അവളുടെ വലതുകൈ എടുത്തു പിടിച്ച് നാഡിമിടിപ്പ് നോക്കാൻ തുടങ്ങി. പൊട്ടൻ ഇരുട്ടത്ത് തപ്പുന്നതുപോലെ അവൻ ആ കയ്യിൽ ഞരമ്പ് തപ്പി നടക്കുകയാണ്!
തള്ളവിരൽ കൊണ്ടും ചൂണ്ടുവിരൽ കൊണ്ടും മാറിമാറി പലയിടത്തും അമർത്തി നോക്കി. അപ്പോഴാണ് വളരെ നേർത്ത ഒരു ചെറിയ അനക്കം അവന്റെ വിരൽത്തുമ്പിൽ തട്ടിയത്.
