അവൻ പേടിച്ച്
കണ്ണുകൾ ഇറുക്കിയടച്ചു. എന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ടാകണം. ദാഹം കൊണ്ട് വരണ്ട എന്റെ ചുണ്ടുകൾക്കിടയിലൂടെ ആ കൂർത്ത പല്ലുകൾ പുറത്തേക്ക് വരുന്നത് അവൻ പാളി നോക്കുന്നുണ്ടായിരിക്കണം…
“നിന്റെ ചോരയിലെ ആ മാറ്റം… നിന്റെ ശരീരത്തിൽ നിന്നുള്ള ഈ വൃത്തികെട്ട ഗന്ധം… ഇതൊന്നും വെറുതെയുണ്ടായതല്ല എന്ന് എനിക്കറിയാം. കഴിഞ്ഞ ഒരാഴ്ചയായി നീ എന്തോ ഉപയോഗിക്കുന്നുണ്ട്. അതെന്താണെന്ന് എനിക്കിന്ന് അറിഞ്ഞേ തീരൂ!”
ഞാൻ പല്ലിറുമ്മി.
എന്റെ പിടുത്തത്തിൽ അവന് ശ്വാസം മുട്ടുന്നുണ്ടായിരുന്നു. വിറയ്ക്കുന്ന കൈകൾ കൊണ്ട് അവൻ എന്റെ കൈത്തണ്ടയിൽ പിടിച്ചു മാറ്റാൻ ശ്രമിച്ചു.
എന്റെ പിടുത്തം വല്ലാതെ മുറുകിയിരുന്നു.
വിറയ്ക്കുന്ന ആ കൈകൾക്ക് എന്റെ പിടി വിടുവിക്കാനുള്ള യാതൊരു ശക്തിയുമില്ലായിരുന്നു. അവന്റെ മുഖം വിയർപ്പിൽ കുളിക്കുന്നതും, കണ്ണുകൾ പുറത്തേക്ക് തള്ളുന്നതും ഞാൻ അപ്പോഴാണ് ശ്രദ്ധിച്ചത്. ജീവവായുവിനായി അവന്റെ നെഞ്ച് വല്ലാതെ പിടയുന്നുണ്ടായിരുന്നു. ശരിക്കും അവൻ ശ്വാസമെടുക്കാൻ പാടുപെടുകയാണ്!
അത് കണ്ടതും എന്റെ ഉള്ളിലൊന്ന് പിടഞ്ഞു. എത്രയൊക്കെ ദേഷ്യം വന്നാലും ഇവന്റെ കാര്യത്തിൽ എനിക്ക് എപ്പോഴും സംഭവിക്കാറുള്ള ആ വല്ലാത്തൊരു മനമാറ്റം ഈ നിമിഷവും എന്നെ തോൽപ്പിച്ചു. എന്റെ വിശപ്പിനേക്കാളും, എന്റെ അഹങ്കാരത്തേക്കാളും എത്രയോ വലുതായിരുന്നു എനിക്ക് ഇവനോടുള്ള ആ ഒരിത്… വെറുമൊരു ഇരയോട് ഒരിക്കലും തോന്നാൻ പാടില്ലാത്ത വല്ലാത്തൊരു പൊസസീവ്നെസ്സ്!
അവന് വേദനിക്കുന്നത് കാണാൻ എന്റെ ഉള്ളിലെ വാമ്പയറിന് പോലും എന്തുകൊണ്ടോ കഴിയുമായിരുന്നില്ല.
ഒരു നിമിഷം എന്റെ കണ്ണുകളിലെ ചുവപ്പ് നിറം മങ്ങി. അറിയാതെ തന്നെ ഞാൻ അവന്റെ കഴുത്തിലെ പിടുത്തം പതുക്കെ അയച്ചു. പിന്നെ പൂർണ്ണമായും എന്റെ കൈകൾ പിൻവലിച്ചു….
പിടിവിട്ടതും അവൻ വലിയൊരു ശബ്ദത്തോടെ
ചുമച്ചുകൊണ്ട് താഴേക്ക് ഊർന്ന് ഭിത്തിയിലേക്ക് ചാരി. കഴുത്തിൽ ഇരുകൈകളും ചേർത്തുപിടിച്ച്, വാ പിളർന്ന് അവൻ വല്ലാത്തൊരാർത്തിയോടെ ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തു. മരണത്തെ മുഖാമുഖം കണ്ടവന്റെ ആ വെപ്രാളവും, ജീവൻ തിരികെ കിട്ടിയപ്പോഴുള്ള അവന്റെ ആ വലിയ കിതപ്പും ഞാൻ യാതൊരു ഭാവവ്യത്യാസവുമില്ലാതെ, കണ്ണെടുക്കാതെ നോക്കി നിന്നു.
ഭയം കൊണ്ട് വിറയ്ക്കുന്ന അവനെത്തന്നെ നോക്കി നിൽക്കുമ്പോൾ, എങ്ങനെയെങ്കിലും ഈ രഹസ്യം അവനിൽ നിന്നും പുറത്തുകൊണ്ടുവരണം എന്ന വാശി എന്റെ ഉള്ളിൽ ഒന്നുകൂടി ശക്തമാവുകയായിരുന്നു.
പക്ഷേ, കാര്യങ്ങൾ ഞാൻ വിചാരിക്കുന്നതിനും അപ്പുറത്തേക്ക് കൈവിട്ടു പോകുന്നതുപോലെ എനിക്ക് തോന്നിത്തുടങ്ങിയിരുന്നു. ദിവസങ്ങളായുള്ള പട്ടിണി കാരണം എന്റെ ശരീരം വല്ലാതെ തളരുകയാണ്.
ഞരമ്പുകളിലെ ചോര വറ്റി വരണ്ടതുപോലെ, ശരീരത്തിലെ സന്ധികളിൽ ഓരോന്നിലും ആയിരം സൂചികൾ ഒന്നിച്ചു കുത്തിയിറക്കുന്നതുപോലെയുള്ള വല്ലാത്തൊരു വേദന എന്നെ കാർന്നു തിന്നുകയാണ്.
എന്റെ ജീവിതത്തിൽ ഇങ്ങനെയൊരു ഗതികേട് ഞാൻ അനുഭവിച്ചിട്ടില്ല. ഇന്ന് എങ്ങനെയെങ്കിലും കുറച്ചു ചോര കിട്ടിയില്ലെങ്കിൽ എന്റെ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് എനിക്ക് തന്നെ ഒരു പിടിയുമില്ല. അത്രത്തോളം ഭയാനകമായ ഒരു അവസ്ഥയിലൂടെയാണ് എന്റെ ശരീരം ഇപ്പോൾ കടന്നുപോകുന്നത്. ആ ഒരു ചിന്ത എന്നെ വല്ലാതെ ഭയപ്പെടുത്തി.
എന്റെ ഈ ശാരീരികമായ അസ്വസ്ഥതകൾക്കിടയിലാണ് ഞാൻ അവനിലേക്ക് ഒന്നുകൂടി സൂക്ഷിച്ചു നോക്കിയത്. എന്റെ പിടിവിട്ടതിന്റെ ആശ്വാസത്തിൽ ശ്വാസം ആഞ്ഞുവലിച്ച് ഭിത്തിയിലേക്ക് ചാരിയിരിക്കുന്ന എന്റെ അഭി… അവൻ ശബ്ദമുണ്ടാക്കാതെ വിതുമ്മി കരയുകയായിരുന്നു! ശ്വാസത്തിനായി നെഞ്ച് പിടയുന്നതിനിടയിലും അവന്റെ അടഞ്ഞ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരധാരയായി താഴേക്ക് ഒഴുകുന്നുണ്ടായിരുന്നു. ഭയം കൊണ്ടും വേദന കൊണ്ടും അവന്റെ ചുണ്ടുകൾ വല്ലാതെ വിറയ്ക്കുന്നത് ഞാൻ നോക്കിക്കണ്ടു.
