തന്നെ പച്ചക്ക് തിന്നാൻ നടക്കുന്നവളിൽ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിന് മുന്നിൽ തന്റെ ഈ ചെറിയ ശാരീരിക മാറ്റങ്ങളൊന്നും അവനൊരു വിഷയമേ അല്ലായിരുന്നു.
അങ്ങനെയിരിക്കെയാണ് വീട്ടുകാർ എല്ലാവരും കൂടി അമ്പലങ്ങളിൽ ഒരു വലിയ ടൂർ പോകാൻ പ്ലാൻ ചെയ്തത്. രണ്ടു ദിവസത്തെ ട്രിപ്പ്. ഹോസ്പിറ്റലിൽ വളരെ പ്രധാനപ്പെട്ടൊരു കേസ് ഉള്ളതുകൊണ്ട് താൻ പോകുന്നില്ല
എന്ന് അനു നേരത്തെ തന്നെ പറഞ്ഞിരുന്നു. അവൾ ഇല്ലാത്തതുകൊണ്ട് അവനെയും അവർക്കൊണ്ടുപോയില്ല…
ശനിയാഴ്ച രാവിലെ തന്നെ വീട്ടുകാർ എല്ലാവരും കൂടി വണ്ടിയിൽ കയറി പോയി. വലിയൊരു വീടിനുള്ളിൽ അഭിയും അവന്റെ പട്ടിണി കിടക്കുന്ന യക്ഷിയും മാത്രം!
പകൽ സമയം മുഴുവൻ അവൻ അവളെ അഭിമുഖീകരിക്കാതെ പരമാവധി മാറി നടന്നു.
അന്ന് രാത്രി.
സമയം പന്ത്രണ്ട് കഴിഞ്ഞിട്ടുണ്ടാകും. അവൻ പതിവുപോലെ ഇലയുടെ ചെറിയൊരു കഷ്ണം ഉപയോഗിച്ചു. ലഹരി തലയ്ക്ക് പിടിച്ച ആ വലിയ ധൈര്യത്തിൽ കോണിപ്പടികൾ കയറി അവൻ റൂമിലേക്ക് നടന്നു.
വാതിൽ തുറന്ന് ഉള്ളിലേക്ക് കയറിയ അഭിയുടെ നെഞ്ചിടിപ്പൊന്ന് നിലച്ചു!
കട്ടിലിൽ, ഉറങ്ങാതെ അവനെയും കാത്ത് അനു ഇരിപ്പുണ്ടായിരുന്നു! കുറച്ചു ദിവസമായി ചോര കിട്ടാതെ തീർത്തും അവശയായെങ്കിലും, അവളുടെ ആ ഇരിപ്പിൽ ഒരുതരം വന്യതയുണ്ടായിരുന്നു.
ആ കണ്ണുകളിൽ അവനെ കീറിമുറിച്ച് സത്യം അറിയാനുള്ള വല്ലാത്തൊരു വാശി തിളങ്ങുന്നുണ്ടായിരുന്നു.
ഇത്രയും ദിവസം അവന്റെ മാറ്റത്തിന് പിന്നിലെ രഹസ്യം എന്താണെന്ന് അവൾക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ല. വീട്ടിൽ മറ്റാരുമില്ലാത്ത ഈ രാത്രി, അവനെ ചോദ്യം ചെയ്യാൻ… തന്റെ എല്ലാ സംശയങ്ങൾക്കും ഉത്തരം കണ്ടെത്താൻ അവൾ കരുതിക്കൂട്ടി കാത്തിരിക്കുകയാണെന്ന് അവന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായി.
വാതിൽപ്പടിയിൽ തന്നെ ഒരു നിമിഷം അവൻ തറഞ്ഞു നിന്നുപോയി. രണ്ടും കൽപ്പിച്ച് അവൾ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്!
*******************
വാതിൽ തുറന്ന് അവൻ അകത്തേക്ക് കയറിയതും എന്റെ നോട്ടം അവനിൽ തന്നെയായിരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി എന്റെ ദാഹവും ഉറക്കവും കെടുത്തിയ ആ വൃത്തികെട്ട ഗന്ധം വീണ്ടും എന്റെ മൂക്കിലേക്ക് തുളച്ചുകയറി.
അവന്റെ ആ വരവ് കണ്ടാൽ എന്തോ വലിയ ലോകം
കീഴടക്കിയ പോലെയുണ്ട്. കണ്ണിലൊരു വല്ലാത്ത തിളക്കവും മുഖത്തൊരു അഹങ്കാരവും.
പക്ഷേ എന്റെ കണ്ണുകൾക്ക് മുൻപിൽ അതൊരു വെറും അഭിനയം മാത്രമാണെന്ന് എനിക്കറിയാമായിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസമായി അവൻ എന്തോ ഒരു ലഹരിയിലാണ് ജീവിക്കുന്നത്. ആ ലഹരിയാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമായ അവന്റെ ചോരയെ ഒരു വിഷം പോലെ മാറ്റിത്തീർത്തത്.
ഞാൻ കട്ടിലിൽ നിന്നും പതുക്കെ എഴുന്നേറ്റു.
ദിവസങ്ങളായി ചോര കിട്ടാത്തതുകൊണ്ട് എന്റെ ശരീരത്തിൽ പഴയ ആ ഊർജ്ജമില്ലായിരുന്നു.
സകല സന്ധികളും വേദനിക്കുന്നുണ്ട്. ഒരു വെറും മനുഷ്യന്റെ മുന്നിൽ ഇത്രയും ദുർബലയായി നിൽക്കേണ്ടി വന്നല്ലോ എന്നോർത്ത് എനിക്ക് എന്നോട് തന്നെ വല്ലാത്ത ദേഷ്യം തോന്നി.
എങ്കിലും എന്റെ മുഖത്ത് ഞാൻ അത് പുറത്തുകാണിച്ചില്ല.
വളരെ സാവധാനം ഞാൻ അവന്റെ അടുത്തേക്ക് നടന്നു. എന്റെ ഓരോ ചുവടിലും അവനിലെ ആ കൃത്രിമമായ ധൈര്യം ചോർന്നുപോകുന്നത് ഞാൻ നോക്കിക്കണ്ടു.
എന്റെ നോട്ടം നേരിടാൻ കഴിയാതെ അവൻ വാതിൽപ്പടിയിൽ തന്നെ ഒരു നിമിഷം തറഞ്ഞു നിന്നുപോയി.
“എന്താടാ നീ നിന്റെ ശരീരത്തോട് ചെയ്തു വെച്ചിരിക്കുന്നത്?”
എന്റെ ശബ്ദം താഴ്ന്നതായിരുന്നു….
ആ ചോദ്യം കേട്ടതും പെട്ടെന്നവനൊന്ന് ഞെട്ടിവിറച്ചു. കുറച്ചു ദിവസമായി അവൻ ഇട്ടുനടന്നിരുന്ന ആ സിംഹത്തിന്റെ തോൽ അഴിഞ്ഞുവീണു. ആ പഴയ പേടിത്തൊണ്ടനായി അവൻ എന്റെ മുന്നിൽ നിന്നു പരുങ്ങാൻ തുടങ്ങി.
“എ… എന്ത്? ഞാ… ഞാനൊന്നും ചെയ്തില്ലല്ലോ അ… അനു…”
തൊണ്ടയിൽ കുരുങ്ങിയ ഉമിനീർ കഷ്ടപ്പെട്ട് ഇറക്കിക്കൊണ്ട് അവൻ വിക്കി വിക്കി പറഞ്ഞു.
“നുണ പറയരുത് അഭി!”
ഞാൻ അവന്റെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ച് എന്റെ മുഖത്തേക്ക് വലിച്ചടുപ്പിച്ചു.
