ഓരോരോ കഴപ്പ് അല്ലാതെന്ത് പറയാൻ…
ഞാൻ ആ സോപ്പ് പതുക്കെ എന്റെ കയ്യിലെടുത്തു. അതിലേക്ക് നോക്കി നിൽക്കെ, എന്റെ മനസ്സിൽ വല്ലാത്തൊരു കുരുട്ടുബുദ്ധി ഉണർന്നു വന്നു….
എന്നെ ദിവസവും ഇട്ട് ഇഞ്ചിഞ്ചായി കൊല്ലുന്ന ആ യക്ഷിയുടെ, ചിലപ്പോ ലക്ഷങ്ങൾ വിലവരുന്ന ഈ സോപ്പ് ഞാൻ തേച്ചു കുളിച്ചാലോ?
അവളുടെ സ്പെഷ്യൽ സോപ്പ് ഞാൻ തീർത്താൽ എങ്ങനെയുണ്ടാകും?
ആലോചിച്ചപ്പോൾ എന്റെ ചുണ്ടിൽ അറിയാതെ വലിയൊരു വക്രചിരി വിടർന്നു!
പിന്നെ ഒന്നും നോക്കിയില്ല, ഞാൻ ഷവർ ഓൺ ചെയ്തു. ശേഷം ആ ആഡംബര സോപ്പ് എന്റെ ശരീരമാസകലം നന്നായിട്ടങ്ങ് പതപ്പിച്ചു! ഒരു തരി പോലും വിടാതെ എന്റെ കക്ഷത്തിലും, തുടയിടുക്കിലും, ഏറ്റവും അവസാനമായി എന്റെ ചന്തി വിടവിലും ഒക്കെ അത് നല്ല സൂപ്പറായി തേച്ചു പിടിപ്പിച്ചു.
ചിലപ്പോൾ മുഖത്ത് തേക്കുന്ന സ്വർണ്ണത്തരികളുള്ള വിലകൂടിയ സോപ്പ്, എന്റെ കുണ്ടിയിലൊക്കെ ഇട്ട് ഉരയ്ക്കുകയാണെന്ന് അവളറിയുമ്പോഴുള്ള ആ അവസ്ഥ ഒന്നു ആലോചിച്ചു നോക്കിയേ…
ഒന്നുമില്ല… ഓരോരോ മനസുഖം…..😌
ജീവിതത്തിൽ ഇങ്ങനെയൊക്കെ സന്തോഷിച്ച കാലം ഞാൻ മറന്നു…
ആ വിലപിടിപ്പുള്ള സോപ്പും തേച്ച്, നല്ല രാജകീയമായ ഒരു കുളിയും പാസ്സാക്കി ഞാൻ ബാത്റൂമിന്റെ വാതിൽ തുറന്ന് പുറത്തേക്ക് വന്നു.
റൂമിലേക്ക് നോക്കുമ്പോൾ കക്ഷി ഡ്രസ്സൊക്കെ മാറി ഹോസ്പിറ്റലിലേക്ക് പോകാൻ റെഡിയായി നിൽക്കുകയാണ്. എന്നാൽ എന്നെ കണ്ടതും അവൾ ഇരുന്ന സ്ഥലത്ത് നിന്നും എന്തോ ഇറച്ചിക്കഷ്ണം കണ്ട പട്ടിയെപ്പോലെ മൂക്കുവികസിപ്പിച്ച് വായുവിലേക്ക് മണക്കാൻ തുടങ്ങി!
എന്റെ ശരീരത്തിൽ നിന്നും വരുന്ന സോപ്പിന്റെ ഗന്ധം അവളുടെ മൂക്കിലേക്ക് കൃത്യമായി അടിച്ചു കയറിയിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. അവൾ കണ്ണുകൾ ചെറുതാക്കി എന്നെ ഒന്ന് കൂർപ്പിച്ചു നോക്കി.
അവളുടെ ആ നോട്ടം കണ്ട് ഉള്ളൊന്നു കാളിയെങ്കിലും, ‘ഞാനൊന്നും ചെയ്തില്ലേ രാമനാരായണാ…’ എന്ന ഭാവത്തിൽ, അവളെ ഒട്ടും മൈൻഡ് ചെയ്യാതെ വലിയ ഗമയിൽ ഞാനെന്റെ പാട്ടിന് നടന്നു.
ശേഷം അലമാര തുറന്ന്, എന്റെ മുണ്ടെടുത്ത് ഡ്രസ്സ് മാറ്റാൻ തുടങ്ങി. ഞാൻ ഇതൊന്നും ശ്രദ്ധിക്കുന്നില്ല എന്ന് അവളെ കാണിക്കുകയായിരുന്നു എന്റെ ലക്ഷ്യം.
പക്ഷേ പെട്ടെന്നാണ് എന്റെ പുറകിൽ എന്തോ ഒരു കൊടുങ്കാറ്റ് വീശിയതുപോലെ എനിക്ക് തോന്നിയത്. തിരിഞ്ഞു നോക്കുന്നതിന് മുൻപ് തന്നെ അവൾ എന്റെ തൊട്ടടുത്ത് പാഞ്ഞെത്തിയിരുന്നു!
യാതൊരു മുന്നറിയിപ്പുമില്ലാതെ, ഒരക്ഷരം പോലും മിണ്ടാതെ അവൾ ഡയറക്റ്റായിട്ടെന്റെ കഴുത്തിന് കുത്തിപ്പിടിച്ച് എന്നെ വായുവിലേക്ക് ഒറ്റ ഉയർത്തൽ!
“അക്ക്…”
എന്റെ തൊണ്ടയിൽ നിന്നും ഒരു ഞരക്കം മാത്രമേ പുറത്തുവന്നുള്ളൂ. എന്റെ കാലുകൾ നിലത്തുനിന്നും മുകളിലേക്ക് പൊങ്ങി. ആ ഒറ്റക്കൈയുടെ പിടുത്തത്തിൽ എന്റെ ശ്വാസം നിന്നുപോയി.
ആ സോപ്പ് ഞാൻ എന്റെ കുണ്ടിയിലൊക്കെ തേച്ചുരച്ചതിന്റെ
കലിപ്പിലാണല്ലോ ദൈവമേ ഇവളെന്നെ ഈ കൊല്ലാൻ പോകുന്നതെന്ന് വിചാരിച്ച് ഞാൻ പ്രാണവെപ്രാളത്തിൽ കൈകാലിട്ടടിച്ചു.
“അ… അനു… എന്നെ വി… വിടെടി… ഞാ… ഞാനിനി നിന്റെ ആ സോപ്പ് എടുക്കില്ല… സത്യം! വേണമെങ്കിൽ ഞാൻ വേറെ വാങ്ങിത്തരാം… സോറി… എന്നോട് ക്ഷമിക്ക്…”
ശ്വാസം കിട്ടാതെ പിടയുന്നതിനിടയിലും ഞാൻ വിക്കി വിക്കി പറഞ്ഞു.
പക്ഷേ അവൾ അതൊന്നും കേൾക്കാത്ത മട്ടിലായിരുന്നു. ആ മുഖത്ത് ഒരുതരം വന്യമായ ഭാവം നിറഞ്ഞുനിന്നു. അവളുടെ കണ്ണുകളിൽ ആ ഭീകരമായ ചുവപ്പുനിറം വീണ്ടും പടരുന്നത് ഞാൻ നടുക്കത്തോടെ കണ്ടു. എന്റെ ആ മാപ്പപേക്ഷകൾക്കൊന്നും യാതൊരു വിലയും കൊടുക്കാതെ, അവളുടെ ചുണ്ടുകൾക്കിടയിലൂടെ പുറത്തുവന്ന ആ കൂർത്ത പല്ലുകൾ എന്റെ കഴുത്തിലെ ഞരമ്പിലേക്ക് അവൾ ആഴ്ത്തിയിറക്കി!
കഴുത്തിൽ അവളുടെ പല്ല് താഴ്ന്നതും എന്റെ കഥ കഴിഞ്ഞു എന്ന് ഞാൻ ഉറപ്പിച്ചു.
സോപ്പ് കുണ്ടിയിൽ തേച്ചതിന്റെ കലിപ്പിൽ ഇവളിന്ന് എന്നെ ഊറ്റിക്കുടിക്കുമെന്ന് തന്നെ ഞാൻ വിചാരിച്ചു.
