ലവ് ബൈറ്റ് – 9 Likeഅടിപൊളി  

​ആ കാഴ്ച കണ്ട് അവനൊരു നിമിഷം ശ്വാസം നിലച്ചുപോയി.

​പതുക്കെ ആ മുറിവിന്റെ ഭീകരമായ എരിവ് തലച്ചോറിലേക്ക് എത്തിയതും, തന്റെ ജീവന്റെ പാതിയാണ് ഈ കുടുകുടാന്ന് ഒഴുകിപ്പോയിക്കൊണ്ടിരിക്കുന്നത് എന്ന് അവന് മനസ്സിലായി.

​”ആാാാാ…….”

​സകല നിയന്ത്രണങ്ങളും വിട്ട് അവൻ അലറിക്കരഞ്ഞു. പിന്നെ അവൻ ചുറ്റുമുള്ളതൊന്നും കണ്ടില്ല! തറയിൽ ജീവനുവേണ്ടി പിടയുന്ന അനുവിനെ പോലും മറന്ന്, ആ അടഞ്ഞ മുറിക്കുള്ളിൽ അവൻ വാവിട്ടു നിലവിളിച്ചു!

​”അമ്മേ… ചേച്ച്യേ….അയ്യോ നാട്ടുകാരെ ഓടിവരണേ കൈ മുറിഞ്ഞേ… ചോര… ചോര…!! ആരെങ്കിലും എന്നെ ഒന്ന് ആശുപത്രിയിൽ കൊണ്ടുപോടാ…ആാാാ….!!”

​ഒരു കൊച്ചുകുട്ടിയെപ്പോലെ ആ തറയിലിരുന്ന് അലറിക്കരയുന്ന അഭിയുടെ ശബ്ദം ആ അർദ്ധരാത്രിയിൽ വീടിന്റെ ചുവരുകൾക്കുള്ളിൽ വല്ലാതെ മുഴങ്ങിക്കേട്ടു! കയ്യിലെ മുറിവ് മറുകൈ കൊണ്ട് ഇറുകിപ്പിടിച്ച്, ചോരയിൽ കുളിച്ച ആ തറയിലൂടെ അവൻ ഒരു ഭ്രാന്തനെപ്പോലെ പിടഞ്ഞു!

വാവിട്ടു നിലവിളിച്ചുകൊണ്ടിരുന്ന അഭിയുടെ ശബ്ദം പതുക്കെപ്പതുക്കെ നേർത്തുതുടങ്ങി. മുറിക്കുള്ളിൽ മുഴങ്ങിയിരുന്ന ആ കോലാഹലങ്ങൾ പതിയെ അടങ്ങുകയായിരുന്നു.

മുറിഞ്ഞ ഞരമ്പിലൂടെ ചോര കുതിച്ചൊഴുകിയപ്പോൾ, അവനിലെ ആ ഭ്രാന്തമായ വെപ്രാളവും അവസാനത്തെ ഊർജ്ജവും ചോർന്നുപോയി.

നെറ്റിയിലൂടെയും കഴുത്തിലൂടെയും തണുത്ത വിയർപ്പുകണങ്ങൾ ധാരധാരയായി ഊർന്നിറങ്ങി.

എങ്ങനെയെങ്കിലും ഒന്നുറക്കെ കരഞ്ഞ് ആരെയെങ്കിലും വിളിക്കണമെന്നുണ്ടായിരുന്നു അവന്. പക്ഷേ,

വല്ലാതെ വരണ്ടുപോയ തൊണ്ടയിൽ നിന്നും ഒരു നേർത്ത ഞരക്കം മാത്രമേ അപ്പോൾ പുറത്തേക്ക് വരുന്നുണ്ടായിരുന്നുള്ളൂ.

തലയ്ക്കുള്ളിൽ ഭാരം കൂടിക്കൂടി വന്നു.

കാഴ്ചകൾ വല്ലാതെ മങ്ങാൻ തുടങ്ങിയപ്പോഴാണ്, വിറയ്ക്കുന്ന കണ്ണുകളോടെ അവൻ ഭിത്തിയിലുള്ള ആ വലിയ ക്ലോക്കിലേക്ക് പാളി നോക്കിയത്. ആ മങ്ങിയ കാഴ്ചയിലും അതിലെ സൂചികൾ അവൻ വ്യക്തമായി കണ്ടു… സമയം രാത്രി 1:30 കഴിഞ്ഞിട്ടേയുള്ളൂ! ഇപ്പോഴും അർദ്ധരാത്രി തന്നെയാണ്.

അവന്റെ ഉള്ളൊന്നു പിടഞ്ഞു.

വീട്ടിലാണെങ്കിൽ വേറെ ആരുമില്ല. ഇനി തന്നെ അന്വേഷിച്ച് ആരെങ്കിലും ഈ മുറിയുടെ വാതിൽ തുറന്ന് വരണമെങ്കിൽ നേരം പുലരണം! അതുവരെ പിടിച്ചുനിൽക്കാൻ ഈ ഒഴുകിപ്പോകുന്ന ചോരയോ തന്റെ ശരീരമോ സമ്മതിക്കില്ലെന്ന ഭീകരമായ സത്യം അവൻ തിരിച്ചറിഞ്ഞു. ഏത് ധൈര്യത്തിന്റെ പുറത്താണോ അവൻ സ്വന്തം കൈ മുറിക്കാൻ നിന്നത്, ആ ധൈര്യമൊക്കെ എങ്ങോട്ടോ പോയ്മറഞ്ഞിരുന്നു.

കാലുകൾക്ക് ശരീരത്തിന്റെ ഭാരം താങ്ങാൻ കഴിയാതെ വന്നപ്പോൾ അവൻ പതുക്കെ തറയിലേക്ക് ഊർന്നിറങ്ങി. മങ്ങിയ കണ്ണുകൾക്ക് മുന്നിൽ ഇരുട്ട് പടർന്നു കയറാൻ തുടങ്ങിയ ആ നിമിഷത്തിൽ, അവസാനമായി അവൻ തന്റെ അരികിൽ അനക്കമറ്റ് കിടക്കുന്ന അനുവിനെ നോക്കി. താൻ ഉദ്ദേശിച്ചതിലും എത്രയോ ഇരട്ടി ചോരയാണ് ഇപ്പോൾ അവളുടെ ഉള്ളിലേക്ക് ഒഴുകിച്ചെന്നിരിക്കുന്നത്! ബോധം വരുമ്പോൾ അവൾക്ക് ജീവിക്കാൻ അത് ധാരാളമായിരിക്കും.

ആ അവസാനത്തെ കാഴ്ചയ്ക്കും അപ്പുറത്തേക്ക് വലിയൊരു ഇരുട്ട് അവനെ പൊതിഞ്ഞു. ഒടുവിൽ, തന്റെ ചോര കുടിച്ച് കിടക്കുന്ന പ്രിയതമയുടെ തൊട്ടരികിലേക്ക് തന്നെ അഭിയും പൂർണ്ണമായും ബോധരഹിതനായി വീണു. ആ അടച്ചിട്ട വലിയ മുറിക്കുള്ളിൽ പിന്നെ അവശേഷിച്ചത് ഘടികാരത്തിന്റെ ശബ്ദം മാത്രമായിരുന്നു….)

____________________________________________

(അർദ്ധരാത്രിയുടെ ഇരുട്ടിന് വല്ലാതെ കട്ടി

കൂടിയിരുന്നു. സമയം രണ്ടര കഴിഞ്ഞിട്ടുണ്ടാകണം. പുറത്ത് ചീവീടുകളുടെ കരച്ചിൽ പോലും നിലച്ചിരുന്നു. ആ വലിയ മുറിക്കുള്ളിലെ നിശബ്ദതയെ ഭേദിച്ചുകൊണ്ട്, എവിടെനിന്നോ കേട്ട നേർത്തൊരു ശബ്ദമാണ് അവളെ ഉണർത്തിയത്.

എന്തോ ഒന്ന് ആർത്തിയോടെ വലിച്ചു കുടിക്കുന്നതുപോലെയുള്ള ശബ്ദം!

തലയ്ക്കുള്ളിൽ വല്ലാത്തൊരു പെരുപ്പും ഭാരവും അവൾക്കനുഭവപ്പെട്ടു.

ചുണ്ടുകൾക്ക് മുകളിൽ എന്തോ ഒരു ദ്രാവകം ഉണങ്ങിപ്പിടിച്ചിരിക്കുന്നതുപോലെ. വായ്ക്കകത്താണെങ്കിൽ ഓക്കാനം വരുന്ന വല്ലാത്തൊരു ചീത്ത രുചിയും!

Updated: October 18, 2026 — 1:48 pm

Leave a Reply

Your email address will not be published. Required fields are marked *