ഞാൻ കണ്ണും പൂട്ടി ആ വേദനയും സഹിച്ച് അങ്ങനെ നിൽക്കുമ്പോഴാണ് തൊട്ടടുത്ത നിമിഷം…
“ത്ഫൂ… ഛെ…!!”
അവളുടെ ശബ്ദം എന്റെ കാതുകളിൽ കേട്ടത്…
എന്റെ കഴുത്തിലെ പിടുത്തം വിട്ട് അവൾ ഒരൊറ്റ ചാട്ടമായിരുന്നു പുറകോട്ട്!
എന്റെ സിരകളിൽ നിന്നും വായിലേക്ക് പോയ ആ ഒരിറ്റ് ചോര, എന്തോ വലിയ അറപ്പുള്ള സാധനം ചവച്ചതുപോലെ അവൾ അപ്പടി ടൈൽസിലേക്ക് കാർക്കിച്ചു തുപ്പിക്കളഞ്ഞു.
ഏതോ പഴയ ചീഞ്ഞ മീൻ തിന്നതുപോലെ അവളുടെ മുഖം വല്ലാതെ കോടിപ്പോയിരുന്നു.
എന്റെ ചോരയ്ക്ക് എന്തോ എയ്ഡ്സ് വന്നതുപോലെയുള്ള അവളുടെ ആ തുപ്പലും കോപ്രായവും കണ്ടപ്പോൾ എനിക്ക് ശരിക്കും ചിരിയാണ് വന്നത്.
പക്ഷെ മുന്നിലുള്ള ഭദ്രക്കാളിയേ നോക്കി ചിരിക്കാൻ പറ്റുമോ…
അവൾ കൈപ്പത്തി കൊണ്ട് ചുണ്ടൊക്കെ അമർത്തി തുടച്ച്, എന്നെ രൂക്ഷമായിട്ടൊന്ന് നോക്കി.
ആ ചുവന്ന കണ്ണുകളിൽ എന്നെ പച്ചക്ക് കത്തിക്കാനുള്ള ദേഷ്യമുണ്ടായിരുന്നു….
അപ്പോഴാണ് എനിക്ക് കാര്യം കത്തിയത്, സീൻ സോപ്പിന്റെ അല്ല… എന്റെ ചോരയുടെ ടേസ്റ്റ് മാറിയതാണ് കക്ഷിയെ ശരിക്കും ഭ്രാന്ത് പിടിപ്പിച്ചത്!
എന്നെ നോക്കി പല്ലിറുമ്മി കുറച്ചുനേരം നിന്നിട്ട്, ഒരക്ഷരം പോലും മിണ്ടാതെ അവൾ അവളുടെ ബാഗും വലിച്ച് പിടിച്ച് പുറത്തേക്ക് ചവിട്ടി തുള്ളി പോയി…!
റൂമിന്റെ വാതിൽ വലിച്ചടച്ച ആ പോക്കിൽ, വാതിലിന്റെ കട്ടിള അടക്കം ഇളകിയോ എന്ന് ഞാൻ സംശയിച്ചു.
വാതിൽ അടഞ്ഞതും, കഴുത്തിൽ നിന്നും പൊടിയുന്ന ചോര തുടച്ചുകൊണ്ട് ഞാൻ വലിയൊരു നെടുവീർപ്പിട്ടു.
എന്റെ പൊന്നോ… സുമനൻ തന്ന ആ സാധനം ഒരു ഒന്നൊന്നര ഐറ്റം തന്നെ… 😏!
അതിപ്പോഴും എന്റെ ശരീരത്തിൽ കിടന്ന് വർക്ക് ചെയ്യുന്നുണ്ട് എന്നറിഞ്ഞപ്പോൾ കിട്ടിയ സമാധാനം…..ഹോ….
ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ, ആ അടഞ്ഞ വാതിലിലേക്ക് നോക്കി ഞാൻ വീണ്ടും എന്റെ ആ പഴയ വെടലച്ചിരി പാസ്സാക്കി!
**********
അങ്ങനെ ഒരാഴ്ച കടന്നുപോയി.
സുമനൻ കൊടുത്ത ആ വിദേശ ഇല അഭിയുടെ ജീവൻ രക്ഷിക്കുന്ന കാവൽമാലാഖയായി മാറിയിരുന്നു.
എല്ലാ ദിവസവും രാത്രി റൂമിലേക്ക് പോകുന്നതിന് മുൻപ് അവൻ രഹസ്യമായി ആ ഇല ഉപയോഗിച്ചുപോന്നു.
ആദ്യത്തെ രണ്ടു മൂന്നു ദിവസം കൂടി അനു അവന്റെ ചോര കുടിക്കാൻ ഒന്ന് ശ്രമിച്ചു നോക്കിയിരുന്നു.
എന്നാൽ ചോര വായിലേക്ക് എത്തുമ്പോഴേക്കും പഴയതിലും വലിയ അറപ്പോടെ അവളത് നിലത്തേക്ക് തന്നെ തുപ്പിക്കളഞ്ഞു. ഒടുവിൽ അവൾക്ക്
അവന്റെ ചോരയോട് വല്ലാത്തൊരു വെറുപ്പായി മാറി.
ആ വെറുപ്പും അവൾ അനുഭവിക്കുന്ന ദാഹവും അഭി ശരിക്കും ആസ്വദിക്കുകയായിരുന്നു.
പ്യുവർ ബ്ലഡ് മാത്രം കുടിച്ചു ശീലിച്ച ആ റോയൽ വാമ്പയർക്ക് അഭിയുടെ ചോരയുടെ രുചി ഒരു വലിയ അഡിക്ഷൻ ആയിരുന്നു.
അതുകൊണ്ടുതന്നെ മറ്റാരുടെയെങ്കിലും ചോര കുടിച്ച് വിശപ്പകറ്റാൻ അവൾക്ക് കഴിയുമായിരുന്നില്ല. ദിവസങ്ങളോളം പട്ടിണി കിടന്നത് അവളുടെ ആരോഗ്യത്തെ വല്ലാതെ ബാധിച്ചു തുടങ്ങി.
അവളുടെ ആ പഴയ ഗാംഭീര്യവും അപാരമായ ശക്തിയുമൊക്കെ പതുക്കെ ചോർന്നുപോകുന്നത് അഭി നോക്കിക്കണ്ടു.
എപ്പോഴും തുള്ളിച്ചാടി നടന്നിരുന്ന അവൾ, കുറച്ചു ദൂരം നടക്കുമ്പോൾ തന്നെ കിതക്കുന്ന, വിളറിവെളുത്ത് തീർത്തും അവശയായൊരു രോഗിയായി മാറുന്നത് കണ്ട് അവന്റെ ഉള്ളിലെ ഭർത്താവ് ഗൂഢമായി ചിരിച്ചു.
സാക്ഷാൽ റോയൽ ഡ്രാക്കുളയെ അവൻ മുട്ടുകുത്തിച്ചിരിക്കുന്നു!
പക്ഷേ, അവളെ തോൽപ്പിച്ചതിന്റെയും ജീവൻ തിരിച്ചുകിട്ടിയതിന്റെയും ആവേശത്തിൽ അവൻ ശ്രദ്ധിക്കാതെ പോയൊരു വലിയ കാര്യമുണ്ടായിരുന്നു.
ആ അജ്ഞാത ഇലയുടെ അമിതമായ ഉപയോഗം അവന്റെ ശരീരത്തിലും പതുക്കെപ്പതുക്കെ വലിയ മാറ്റങ്ങൾ ഉണ്ടാക്കി തുടങ്ങി എന്നുള്ളത്….
രാത്രികളിൽ ഉറക്കം തീരെയില്ലാതായി.
കണ്ണുകൾക്ക് താഴെ ചെറിയൊരു കറുപ്പ് വീണതും, ശരീരത്തിൽ ഇടയ്ക്കിടെ വല്ലാത്തൊരു ചൂട് അനുഭവപ്പെടുന്നതും, സിരകളിലൂടെ എന്തോ അരിച്ചുകയറുന്ന പോലെയുള്ള തോന്നലുകളുമൊക്കെ അവൻ അവഗണിച്ചു കളഞ്ഞു.
