ലവ് ബൈറ്റ് – 9 Likeഅടിപൊളി  

“ഒരു സാധാരണ മനുഷ്യനായ ഞാൻ നിന്റെ മുന്നിൽ എത്രത്തോളം നിസ്സഹായനായിരുന്നു എന്ന് നിനക്കറിയാമോ? ഒന്നു പ്രതികരിക്കാൻ പോലുമുള്ള ശക്തിയില്ലാതെ, ഓരോ ദിവസവും മരണത്തെ മുഖാമുഖം കണ്ട് ജീവിക്കുന്ന എന്റെ ഗതികേട് നീ എപ്പോഴെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ? ഞാൻ ചോര വാർന്നു കിടക്കുമ്പോൾ, എന്റെ ആ നിസ്സഹായവസ്ഥ നീ ശരിക്കും ആസ്വദിക്കുകയായിരുന്നില്ലേ?”

അവൻ പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു.

“എന്നെ നിന്റെ വിശപ്പകറ്റാനുള്ള വെറുമൊരു ഇരയായിട്ട് മാത്രം കണ്ടിരുന്നെങ്കിൽ പിന്നെ എന്തിനായിരുന്നു അനു നീ എന്നെ വിവാഹം കഴിച്ചത്? ഒരു നല്ല കുടുംബം, സ്നേഹിക്കുന്ന ഭാര്യ… അങ്ങനെ ഒരുപാട് വലിയ മോഹങ്ങൾ എനിക്ക് തന്നിട്ട് അവസാനം എന്തിനാടി എന്റെ ജീവിതം നീ ഇങ്ങനെ നശിപ്പിച്ചത്?”

അവന്റെ വാക്കുകളിൽ അത്രത്തോളം വേദനയും നിരാശയുമുണ്ടായിരുന്നു. ആ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം പറയാൻ കഴിയാതെ ഞാൻ തലതാഴ്ത്തി.

എന്നാൽ അടുത്ത നിമിഷം, അവന്റെ ആ സങ്കടം പെട്ടെന്ന് വല്ലാത്തൊരു ദേഷ്യത്തിന് വഴിമാറുന്നത് ഞാൻ കണ്ടു. കണ്ണീരണിഞ്ഞ അവന്റെ കണ്ണുകളിൽ എന്നോടുള്ള പക ആളിക്കത്തി. ശ്വാസം ആഞ്ഞുവലിച്ചുകൊണ്ട് അവൻ പെട്ടെന്ന് ഭിത്തിയിൽ നിന്നും മുന്നോട്ടാഞ്ഞ് തന്റെ പാന്റിന്റെ പോക്കറ്റിലേക്ക് കൈയിട്ടു. അവൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് മനസ്സിലാവാതെ ഞാൻ പകച്ചു നോക്കി നിന്നു.

പോക്കറ്റിൽ നിന്നും അവൻ തന്റെ പേഴ്സ് പുറത്തെടുത്തു. വിറയ്ക്കുന്ന കൈകളോടെ, എന്നാൽ വല്ലാത്തൊരു വാശിയിൽ അവൻ അതിലെ അറ വലിച്ചു തുറന്നു. അതിൽ നിന്നും ഉണങ്ങിയ ഇല പോലെയുള്ള എന്തോ ഒരു സാധനം അവൻ പുറത്തേക്കെടുത്തു.

അത് കണ്ടതും എന്റെ കണ്ണുകൾ വിടർന്നു.

ഞാൻ എന്തെങ്കിലും ചോദിക്കുന്നതിനോ അവനെ തടയുന്നതിനോ മുൻപ് തന്നെ, രണ്ടും കൽപ്പിച്ചവനെപ്പോലെ അവൻ ആ ഇലക്കഷ്ണം നേരെ വായിലേക്കിട്ടു! ഒരു ഭ്രാന്തനെപ്പോലെ, എന്നെത്തന്നെ രൂക്ഷമായി നോക്കിക്കൊണ്ട് അവൻ അത് വേഗത്തിൽ ചവച്ചരക്കാൻ തുടങ്ങി. അവന്റെ ശരീരത്തെയും ചോരയെയും ഇത്രത്തോളം വിഷമാക്കി മാറ്റിയ ആ അജ്ഞാതവസ്തു അതാണെന്ന് ആ നിമിഷം എനിക്ക് പൂർണ്ണമായും ബോധ്യമാവുകയായിരുന്നു.

____________________________________________

(അവളുടെ കൈ തട്ടിമാറ്റിയപ്പോൾ ആ മുഖത്തുണ്ടായ പകപ്പ് കണ്ടതും അഭിയുടെ ഉള്ളിൽ എവിടെനിന്നോ വല്ലാത്തൊരു ധൈര്യം ഇരച്ചുകയറി.

അവന്റെ സങ്കടവും ഭയവുമെല്ലാം പെട്ടെന്നൊരു വല്ലാത്തൊരു വാശിക്ക് വഴിമാറുന്നത് അവനറിഞ്ഞു.

ഇത്രയും കാലം തന്നെ ഇഞ്ചിഞ്ചായി കൊന്നവളെ ഇന്നൊരു പാഠം പഠിപ്പിച്ചിട്ട് തന്നെ ബാക്കി കാര്യം!

അവൻ വേഗം പോക്കറ്റിൽ നിന്നും പേഴ്സ് വലിച്ചെടുത്ത് അതിന്റെ അറ തുറന്നു.

അതിൽ ബാക്കിയുണ്ടായിരുന്ന ആ ഇല അവൻ മുഴുവനായും കയ്യിലെടുത്തു.

സാധാരണ അതിൽ നിന്നും ഒരു നുള്ളെടുത്ത് മൂക്കിലേക്ക് വലിക്കുകയോ, അല്ലെങ്കിൽ ഒരു ചെറിയ തരി വായിലിട്ട് ചവയ്ക്കുകയോ ആണ് പതിവ്. ആ ചെറിയ തരിക്ക് തന്നെ അത്രയും വലിയ ഊർജ്ജം നൽകാൻ കഴിയുമെങ്കിൽ, ഇത് മൊത്തത്തിൽ തിന്നാൽ പിന്നെ എന്തായിരിക്കും അവസ്ഥ എന്നവൻ ചിന്തിച്ചു.

മറ്റൊന്നും അവൻ ആലോചിച്ചില്ല. തന്നെ അദ്ഭുതത്തോടെ ഉറ്റുനോക്കുന്ന അവളുടെ മുഖത്തേക്ക് നോക്കി, വാശിയോടെ ആ ഇല മുഴുവനായും അവൻ വായിലേക്കിട്ടു.

ഒരു ആട് പ്ലാവിന്റെ ഇല തിന്നുന്ന അതേ ആവേശത്തിൽ അതങ്ങോട്ട് ചവച്ചരച്ച് വിഴുങ്ങി!

പക്ഷേ… തൊണ്ടക്കുഴിയിലൂടെ ആ സാധനം താഴേക്ക് ഇറങ്ങിയതും അഭിയുടെ ബോധം ഒന്നു പാളി. തലയ്ക്കുള്ളിൽ

ഭൂമികുലുക്കം ഉണ്ടായതുപോലെ വല്ലാത്തൊരു കറക്കം. ചെവിക്കുള്ളിൽ വലിയൊരു ശംഖ് മുഴങ്ങുന്നതുപോലെ അവന് തോന്നി. ‘ശിവനേ… ഒരു ആവേശത്തിന് ആ ഇല മൊത്തത്തിൽ അങ്ങോട്ട് തിന്നുകയും ചെയ്തു!’ അവന്റെ ഉള്ളിലിരുന്ന് ആരോ വിളിച്ചു കൂവുന്നുണ്ടായിരുന്നു.

എന്നാൽ നിമിഷങ്ങൾക്കകം ആ അസ്വസ്ഥതകൾ മാറി. അവന്റെ ശരീരത്തിന്റെ സിസ്റ്റം മൊത്തത്തിൽ ഒന്ന് റീബൂട്ട് ആവുന്നതുപോലെ അവനുതോന്നി.

Updated: October 18, 2026 — 1:48 pm

Leave a Reply

Your email address will not be published. Required fields are marked *