ബോധം വരുമ്പോൾ വായ്ക്കകത്തെ ടേസ്റ്റ് കാരണം അവളൊന്ന് ഓക്കാനിച്ചേക്കാം,
എന്നാലും ജീവൻ തിരിച്ചു കിട്ടുമല്ലോ! എങ്ങനെയെങ്കിലും അവളെ ഒന്ന് എഴുന്നേൽപ്പിക്കാൻ ഇതിലും മികച്ചൊരു ഐഡിയ വേറെയില്ല എന്ന് പൂർണ്ണമായും വിശ്വസിച്ച്, തന്റെ ചോര അവൾക്ക് നൽകാൻ വേണ്ടി അവൻ വേഗം ചുറ്റും നോക്കി.
ചോര കൊടുക്കണം… കൊടുത്തേ തീരൂ!
പക്ഷേ അതെങ്ങനെ കൊടുക്കും?
എന്തെങ്കിലും മൂർച്ചയുള്ള സാധനം വെച്ച് കൈത്തണ്ട മുറിക്കണം. അവൻ തിടുക്കത്തിൽ എഴുന്നേറ്റ് മുറിയിലാകെ ഒന്ന് കണ്ണോടിച്ചു. മൂർച്ചയുള്ള എന്തെങ്കിലും ഈ റൂമിൽ ഉണ്ടോ? എത്ര ആലോചിച്ചിട്ടും അവന്റെ മനസ്സിലേക്ക് ആദ്യം ഓടിയെത്തിയത് അനുവിന്റെ ആ രണ്ട് കൂർത്ത പല്ലുകൾ മാത്രമാണ്!
‘അതെടുത്ത് സ്വന്തം കൈത്തണ്ടയിൽ ഒന്നുരച്ചാലോ? ഏയ്യ്… അത് പ്രാക്ടിക്കൽ അല്ലല്ലോ.എന്തിനാ വെറുതെ….’
അവൻ വേഗം ഡ്രസ്സിങ് ടേബിളിന്റെ അരികിലേക്ക് പോയി അതിലെ ഡ്രോയറുകൾ ഓരോന്നായി വലിച്ചു തുറന്നു. ഭാഗ്യത്തിന് അതിനുള്ളിൽ അവന്റെ ഷേവിങ് സെറ്റിനൊപ്പം പുതിയൊരു ബ്ലേഡ് ഇരിപ്പുണ്ടായിരുന്നു.
അവൻ ആ ബ്ലേഡും കയ്യിലെടുത്ത് വേഗം അനുവിന്റെ അടുത്തേക്ക് വന്നു. തറയിൽ അവൾക്കരികിലായി മുട്ടുകുത്തി ഇരുന്നു. പാതി തുറന്നു കിടക്കുന്ന അവളുടെ ചുണ്ടുകൾക്ക് നേരെ മുകളിലായി അവൻ തന്റെ ഇടത് കൈത്തണ്ട പൊക്കി വെച്ചു. വലതുകൈയിലെ വിരലുകൾക്കിടയിൽ ആ ബ്ലേഡ് ഇറുകിപ്പിടിച്ചിരുന്നു.
പക്ഷേ ബ്ലേഡ് കൈത്തണ്ടയിൽ വെച്ച് അമർത്താൻ തുടങ്ങിയപ്പോഴാണ് സത്യത്തിൽ അവന്റെ നെഞ്ചിടിപ്പ് കൂടിയത്. സ്വന്തം ചോര കൊടുക്കാൻ ഐഡിയ തോന്നിയപ്പോൾ ഉണ്ടായിരുന്ന ആ വലിയ ധൈര്യമൊന്നും സ്വന്തം കൈ മുറിക്കാൻ നോക്കുമ്പോൾ ഇല്ല എന്ന് അവന് മനസ്സിലായി.
പേടി കാരണം കൈകൾ വല്ലാതെ വിറയ്ക്കാൻ തുടങ്ങി. സിനിമയിൽ ഒറ്റയടിക്ക് കൈ ഞരമ്പ് മുറിക്കുന്നത് കാണാൻ നല്ല രസമാണ്, പക്ഷേ
സ്വന്തമായി ചെയ്യാൻ നോക്കുമ്പോഴാണ് അതിന്റെയൊരു ബുദ്ധിമുട്ട് മനസ്സിലാവുന്നത്.
“ഒന്നുമില്ലടാ അഭി… കണ്ണും പൂട്ടി ഒറ്റ വര വരച്ചാൽ മതി. ഒരുറുമ്പ് കടിക്കുന്ന വേദനയേ ഉണ്ടാകൂ…”
അവൻ അവനെത്തന്നെ ആശ്വസിപ്പിച്ചു.
രണ്ടും കൽപ്പിച്ച് ഒരു വലിയ ദീർഘശ്വാസം ഉള്ളിലേക്കെടുത്ത്, ബ്ലേഡ് കൈത്തണ്ടയിൽ അമർത്തി അവൻ ഒരൊറ്റ വര വരയ്ക്കാൻ ആഞ്ഞു.
പക്ഷെ കൃത്യം ആ നിമിഷത്തിലാണ് അവന്റെ തലയ്ക്കുള്ളിൽ വലിയൊരു വെടി വീണ്ടും പൊട്ടിയത്! നേരത്തെ വാരിവിഴുങ്ങിയ ആ ഇലയുടെ പവർ ആയിരിക്കണം.അതിന്റെ അവസാനത്തെ ഒരു എഫക്ട് അവന്റെ ഞരമ്പുകളിലൂടെ ഒരു കറന്റ് പോലെ പാഞ്ഞു. ഈ മനുഷ്യന്റെ തലച്ചോറ് എന്ന മൈരൻ ശരിക്കും ഒരു അത്ഭുത പ്രതിഭാസമാണല്ലോ!
ആവശ്യമില്ലാത്ത സമയത്ത് കൃത്യമായി അത് പണി കൊടുക്കും.
തലയ്ക്കുള്ളിൽ ഉണ്ടായ ആ പെട്ടെന്നുള്ള ഇടിമുഴക്കത്തിൽ അവന്റെ ശരീരം അറിയാതെ ഒന്ന് വെട്ടിത്തിരിഞ്ഞു.
ആ ഒറ്റ വെട്ടിത്തിരിയലിൽ, വളരെ സൂക്ഷിച്ച് സുരക്ഷിതമായ ഭാഗത്ത് വെച്ചിരുന്ന ആ ബ്ലേഡ് പെട്ടെന്ന് ലക്ഷ്യം തെറ്റി താഴേക്ക് തെന്നിമാറി! യാതൊരു നിയന്ത്രണവുമില്ലാതെയും , സർവ്വശക്തിയോടെയും ആ ബ്ലേഡ് ചെന്നിറങ്ങിയത് അവൻ ഏറ്റവും കൂടുതൽ ഭയന്നിരുന്ന ആ പ്രധാന ഞരമ്പിലേക്ക് തന്നെയായിരുന്നു! ആഴത്തിൽ ആ ബ്ലേഡ് ഇറങ്ങിപ്പോയി.
ഞരമ്പ് മുറിഞ്ഞ ആദ്യത്തെ സെക്കൻഡിൽ അവന് വേദനയൊന്നും തോന്നിയില്ല. തലയിലെ ആ പെരുപ്പും കറക്കവും മാറാൻ രണ്ടു മൂന്നു സെക്കൻഡുകൾ എടുത്തു. കാഴ്ചകൾ ഒന്നുകൂടി ക്ലിയർ ആയപ്പോൾ, അഭി പതുക്കെ തന്റെ ഇടത് കൈത്തണ്ടയിലേക്ക് ഒന്ന് പാളി നോക്കി.
ഒരു ചെറിയ പോറലിൽ നിന്നും ഊർന്നിറങ്ങുന്ന രണ്ട് തുള്ളി ചോരയായിരുന്നു അവൻ പ്രതീക്ഷിച്ചത്. പക്ഷേ അവിടെ ഒരു
പൈപ്പ് പൊട്ടിയതുപോലെ കുടുകുടാന്ന് ചോര പുറത്തേക്ക് തെറിക്കുകയാണ്!
അവൻ ഭയത്തോടെ ആ കാഴ്ചയിലേക്ക് ഉറ്റുനോക്കി. മുറിഞ്ഞ ഞരമ്പിൽ നിന്നും ശക്തിയായി ചീറ്റുന്ന ആ ചൂടുള്ള ദ്രാവകം, നേരെ ചെന്ന് വീഴുന്നത് തറയിൽ കിടക്കുന്ന അനുവിന്റെ പാതി തുറന്ന വായിലേക്കാണ്! അവൾക്ക് ജീവൻ കൊടുക്കാൻ ഒരിറ്റ് ചോരയാണ് അവൻ ഉദ്ദേശിച്ചത്, പക്ഷേ ഇതിപ്പോ ഡാം തുറന്നുവിട്ടതുപോലെയുള്ള ഒഴുക്കാണ്!
