ഞരമ്പുകളിലൂടെ ചോരയല്ല, മറിച്ച് തിളച്ചു മറിയുന്ന ലാവയാണ് ഒഴുകുന്നതെന്ന് അവന് തോന്നിപ്പോയി. ശരീരമാസകലം വല്ലാത്തൊരു ചൂട് ഇരച്ചു കയറി. അവന്റെ ഹൃദയം വലിയൊരു ചെണ്ട പോലെ ‘ഡും ഡും’ എന്ന് മിടിക്കാൻ തുടങ്ങി.
സാധാരണ ആ ഇല ഉപയോഗിക്കുമ്പോൾ കിട്ടുന്ന ആ ചെറിയ ഉന്മേഷം ആയിരുന്നില്ല അത്, അതിന്റെ നൂറിരട്ടി പവറുള്ള എന്തോ വലിയൊരു ഊർജ്ജം ശരീരത്തിൽ നിറയുന്ന അവസ്ഥയായിരുന്നു അവന്!
കണ്ണിലെ ഇരുട്ടൊക്കെ മാറി കാഴ്ച ക്ലിയർ ആയപ്പോൾ, തറയിൽ മുട്ടുകുത്തി ഇരിക്കുന്ന അനുവിനെ അവൻ കണ്ടു. അവന്റെ ഈ വെപ്രാളവും കോപ്രായങ്ങളും കണ്ട് ശരിക്കും സ്തംഭിച്ചിരിക്കുകയായിരുന്നു അവൾ. ഇത്രയും നേരം ഭയന്ന് വിറച്ചു കരഞ്ഞുകൊണ്ടിരുന്ന ഭർത്താവ് പെട്ടെന്ന് പോക്കറ്റിൽ നിന്നും ഏതോ ഇല എടുത്ത് തിന്നിട്ട്, ഷോക്ക് അടിച്ചവനെപ്പോലെ വിറയ്ക്കുന്നത് കണ്ടാൽ ആരായാലും ഒന്നു പകച്ചുപോകും.
അവന്റെ തലച്ചോറിലെ സകല പേടിയും ആ ഇല കൊണ്ടുപോയിരുന്നു. പകരം സിരകളിൽ ഒഴുകുന്നത് വല്ലാത്തൊരു അഹങ്കാരവും ധൈര്യവുമാണ്.
അവൻ ഭിത്തിയിൽ കുത്തിപ്പിടിച്ച് പതുക്കെ എഴുന്നേറ്റു നിന്നു. ഇലയുടെ ഓവർഡോസ് കാരണം കാലുകൾ ചെറുതായിട്ടൊന്ന് പാളിയെങ്കിലും അവൻ പെട്ടെന്ന് തന്നെ ബാലൻസ് ചെയ്തു. ശേഷം ഉടുത്തിരുന്ന മുണ്ടൊന്ന് മടക്കിക്കുത്തി, ഷർട്ടിന്റെ കോളർ രണ്ടു കയ്യും വെച്ച്
ഗമയിൽ ഒന്നുകൂടി പൊക്കി വെച്ചു. അവൾ ഇപ്പോഴും അവൻ എന്താ ഈ കാണിക്കുന്നത് എന്ന് മനസ്സിലാവാതെ അവനെത്തന്നെ ഉറ്റുനോക്കുകയാണ്.
“എന്താടി നോക്കുന്നത്?”
അവൻ വല്ലാത്തൊരു ഗാംഭീര്യത്തിൽ ചോദിച്ചു. ഇലയുടെ പവർ കാരണം അവന്റെ ശബ്ദം വല്ലാതെ മാറിയിരുന്നു. ആരെയും വിറപ്പിക്കുന്ന ഒരു ശബ്ദഗാംഭീര്യം അവനിൽ നിറഞ്ഞുനിന്നു.
“നീ… നീ എന്താ അഭി ഈ കഴിച്ചത്?”
അവൾ ആശങ്കയോടെ ചോദിച്ചു.
പക്ഷെ അഭിയുടെ പക്കൽ നിന്നും ഒരു മറുപടിയില്ലായിരുന്നു….
അവന്റെ ഓരോ ചുവടിലും ആ മുറിയിലെ അന്തരീക്ഷം വല്ലാതെ ഭാരമുള്ളതായി മാറി.
അടുത്ത നിമിഷം എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അവനോ അവൾക്കോ പ്രവചിക്കാൻ കഴിയുമായിരുന്നില്ല. ആ ഇലയുടെ അമിതമായ ലഹരി അഭിയുടെ തലച്ചോറിന്റെ നിയന്ത്രണം അപ്പോഴേക്കും പൂർണ്ണമായും ഏറ്റെടുത്തിരുന്നു.
അവന്റെ ആ വന്യമായ വരവ് കണ്ട് അനു ഇല്ലാത്ത ജീവനുംക്കൊണ്ട് അവനെ തടയാൻ ശ്രമിച്ചു. പക്ഷേ, ദിവസങ്ങളായി പട്ടിണി കിടന്ന് തീർത്തും അവശയായ അവൾക്ക് ഒന്നിനും ശേഷിയുണ്ടായിരുന്നില്ല.
അവനെ പിടിച്ചു മാറ്റാൻ അവൾ ആഞ്ഞെങ്കിലും, ഉരുകുന്ന ലാവ പോലെ തിളച്ചുമറിയുന്ന അഭിയുടെ ശരീരത്തിൽ തൊട്ടതേ അവൾക്ക് കൈ പിൻവലിക്കേണ്ടി വന്നു. അവന്റെ ചലനങ്ങൾ അവന് പോലും നിയന്ത്രിക്കാൻ കഴിയാത്തത്ര അക്രമാസക്തമായിരുന്നു.
അവളോടുള്ള ദേഷ്യം കൊണ്ടായിരുന്നില്ല, മറിച്ച് സിരകളിൽ പടർന്ന ആ ഇലയുടെ വിഷമാണ് അവനെക്കൊണ്ട് അതൊക്കെ ചെയ്യിച്ചിരുന്നത്. സ്വന്തം ശരീരത്തിനുള്ളിൽ തന്നെ അവൻ ഒരു തടവുകാരനെപ്പോലെയായി മാറി.
ആ പിടിവലിക്കിടയിൽ, യാതൊരു നിയന്ത്രണവുമില്ലാതെ അവൻ സർവ്വശക്തിയുമെടുത്ത് അവളെ പുറകോട്ട് ഒറ്റത്തള്ളൽ തള്ളി. തീർത്തും അവശയായ അവളുടെ ശരീരത്തിന് ആ വലിയ പ്രഹരം താങ്ങാൻ കഴിയുമായിരുന്നില്ല. ഭാരമില്ലാത്ത ഒരു കരിയില
പോലെ അവൾ പുറകോട്ട് തെറിച്ചുപോയി. ഭിത്തിയോട് ചേർത്ത് വെച്ചിരുന്ന ആ വലിയ തടിമേശയുടെ മൂലയിലേക്ക് അവളുടെ തല അതിശക്തമായി ചെന്നിടിച്ചു. കേൾക്കുന്നവന്റെ ഉള്ളൊന്നു പിടയുന്ന ആ വലിയ ശബ്ദത്തിനൊപ്പം, ജീവനില്ലാത്തതുപോലെ അവൾ തറയിലെ തണുത്ത ടൈൽസിലേക്ക് തളർന്നുവീണു.
അവിടെയൊരു നിമിഷം സമയം നിശ്ചലമായതുപോലെ തോന്നി. തറയിൽ അനക്കമറ്റ് കിടക്കുന്ന അവളുടെ തലയുടെ പിൻഭാഗത്തുനിന്നും കറുപ്പ് കലർന്ന കട്ടച്ചോര തറയിലേക്ക് ഊർന്നിറങ്ങാൻ തുടങ്ങി. തനിക്ക് ഒരിക്കലും തോൽപ്പിക്കാൻ കഴിയില്ലെന്ന് കരുതിയിരുന്നവൾ….ഇതാ വെറുമൊരു സാധാരണക്കാരിയെപ്പോലെ ചോര വാർന്നു കിടക്കുന്നു!
