ലവ് ബൈറ്റ് – 9 Likeഅടിപൊളി  

‘എന്താ ഇവിടെ സംഭവിച്ചത്?’ ബോധം മറയുന്നതിന് മുൻപ് നടന്നതൊന്നും അവൾക്ക് പെട്ടെന്ന് ഓർത്തെടുക്കാൻ കഴിഞ്ഞില്ല.

കഷ്ടപ്പെട്ട് അവൾ കണ്ണുകൾ തുറന്നു.

കാഴ്ചകൾ വല്ലാതെ മങ്ങിയിരുന്നു.

തറയിലെ തണുത്ത ടൈൽസിൽ കിടന്നുകൊണ്ട് തന്നെ അവൾ പതുക്കെ തലയുയർത്തി നോക്കി. മങ്ങിയ വെളിച്ചത്തിൽ, അല്പം മാറി തറയിൽ എന്തോ വലിയൊരു രൂപം കിടക്കുന്നത് അവൾ അവ്യക്തമായി കണ്ടു. അതിനു തൊട്ടരികിലായി മറ്റെന്തോ ഒന്ന് അനങ്ങുന്നതുപോലെ!

അവൾ കൈകൾ കൊണ്ട് കണ്ണുകൾ തിരുമ്മി. വല്ലാതെ വേദനിക്കുന്ന തല ഒന്നമർത്തിപ്പിടിച്ച്, കാഴ്ച ക്ലിയർ ആക്കാൻ അവൾ ഒന്നുകൂടി അങ്ങോട്ടേക്ക് ഉറ്റുനോക്കി.

അടുത്ത നിമിഷം, ആ കാഴ്ച കണ്ട് അവളുടെ കണ്ണുകൾ ഭയത്തോടെ വിടർന്നു!

തറയിൽ ചോര വാർന്നു കിടക്കുകയാണ് അഭി! ആ ഉണക്കയിലയുടെ ലഹരിയിലായിരുന്നെങ്കിലും, കുറച്ചു മുൻപ് വരെ അവനിലുണ്ടായിരുന്ന ആ ഒരു ഉശിരൊന്നും ഇപ്പോൾ ആ ശരീരത്തിലില്ല. ചോര വലിയ അളവിൽ വാർന്നുപോയതുകൊണ്ട് അവന്റെ ശരീരം ഒരു വെള്ളക്കടലാസ് പോലെ വിളറി വെളുത്തിരുന്നു. കവിളുകൾ ഉള്ളിലേക്ക് ഒട്ടി, ചുണ്ടുകൾക്ക് നീലനിറം വന്നിരിക്കുന്നു. ജീവന്റെ അവസാനത്തെ തുടിപ്പ് നിലനിർത്താൻ പാടുപെടുന്നതുപോലെ, അവന്റെ ഹൃദയം വളരെ നേരിയ ശബ്ദത്തിൽ ഇടിക്കുന്നത് അവൾക്ക് വ്യക്തമായി

കേൾക്കാമായിരുന്നു.

എന്നാൽ അവളുടെ സകല നിയന്ത്രണങ്ങളും തെറ്റിച്ചത് അതൊന്നുമായിരുന്നില്ല. അഭിയുടെ കഴുത്തിലേക്ക് മുഖം ചേർത്ത്, ഒരു മൃഗത്തെപ്പോലെ ആർത്തിയോടെ അവന്റെ ചോര വലിച്ചുകുടിക്കുന്ന മറ്റൊരുവൾ! അഴുക്കുപുരണ്ട വസ്ത്രങ്ങളും പാറിപ്പറന്ന മുടിയുമായുള്ള ഏതോ ഒരു അപരിചിത!

തനിക്ക് മാത്രം അവകാശപ്പെട്ടവനെ മറ്റൊരാൾ കടിച്ചു കീറുന്നത് കണ്ടതും അനുവെന്ന ഭാര്യ അവിടെ ഇല്ലാതായി. അവനെ നശിപ്പിക്കാൻ വന്നവളോടുള്ള അടങ്ങാത്ത പകയിൽ അനുവിന്റെ ശരീരം പൂർണ്ണമായും മാറാൻ തുടങ്ങി.

തറയിലെ ആ കട്ടച്ചോരയേക്കാൾ കടും ചുവപ്പായി അവളുടെ കണ്ണുകൾ മാറി. ചുണ്ടുകൾക്കിടയിലൂടെ ആ വലിയ കൂർത്ത പല്ലുകൾ പുറത്തേക്ക് നീണ്ടുവന്നു. വിളറിയ അവളുടെ മുഖത്തെ ഞരമ്പുകൾ പച്ച നിറത്തിൽ വലിഞ്ഞുമുറുകി തെളിഞ്ഞുകണ്ടു. കൈവിരലുകളിലെ നഖങ്ങൾ ഒരു വേട്ടമൃഗത്തിന്റേതുപോലെ നീളമുള്ളതും മൂർച്ചയേറിയതുമായി മാറി. ഒരൊറ്റ സെക്കൻഡ് കൊണ്ട്, ഭയാനകമായ മറ്റൊരു അമാനുഷിക രൂപത്തിലേക്ക് അവൾ പൂർണ്ണമായും മാറിയിരുന്നു.

കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ ഒരു കൊടുങ്കാറ്റ് പോലെ അവൾ ആ അപരിചിതയ്ക്ക് നേരെ കുതിച്ചു. അഭിയുടെ കഴുത്തിൽ നിന്നും അവളെ ഒറ്റ വലിക്ക് പിച്ചിപ്പറിച്ച് മാറ്റി, തറയിലേക്ക് വലിച്ചെറിഞ്ഞു! യാതൊരു ദയയുമില്ലാതെ അനു അവൾക്ക് മുകളിലേക്ക് കയറിയിരുന്നു. നീണ്ടു കൂർത്ത തന്റെ നഖങ്ങൾ ആ അഴുക്കുപുരണ്ടവളുടെ കഴുത്തിലെ ഞരമ്പുകളിലേക്ക് അവൾ അതിശക്തമായി ആഴ്ത്തിയിറക്കി. അവളെ അവിടെവെച്ച് തന്നെ കൊന്നു തീർക്കുക എന്നതായിരുന്നു അനുവിന്റെ ലക്ഷ്യം.

എന്നാൽ പെട്ടെന്ന്, താഴെ കഴുത്തിൽ നഖങ്ങൾ ആഴ്ന്നിറങ്ങിയിട്ടും യാതൊരു ഭാവവ്യത്യാസവുമില്ലാതെ ആ രൂപം അനുവിന്റെ മുഖത്തേക്ക് നോക്കി വല്ലാതെ ചിരിക്കാൻ തുടങ്ങി! ആ വന്യമായ ചിരിക്കിടയിൽ അവൾക്കും അനുവിന്റേതിന് സമാനമായ, നീണ്ടു കൂർത്ത ആ രണ്ട് പല്ലുകൾ പുറത്തേക്ക്

വരുന്നത് അനു നടുക്കത്തോടെ കണ്ടു! താങ്കൾക്ക് സമാനമായ മറ്റൊരുവൾ തനിക്ക് താഴെ കിടന്ന് ചിരിക്കുന്നത് കണ്ട് അനു ഒരു നിമിഷം സ്തംഭിച്ചുപോയി.)

Updated: October 18, 2026 — 1:48 pm

Leave a Reply

Your email address will not be published. Required fields are marked *