ചിലപ്പോ നിതാൻ്റി വന്ന് ഓടിച്ചുവിടും… ചിലപ്പോ ആൻ്റിയും കൂടും…
“ഓ പിന്നെ… ഒന്ന് പോയേ..ട്ടാ…..”
എൻ്റെ കരുതലിനെ അപ്പാടെ പുച്ഛിച്ചുകൊണ്ട് അമ്മു ബെൽ രണ്ടുമൂന്നു തവണ അമർത്തി കളിച്ചു… അത് കേട്ടാൽത്തന്നെ അമ്മക്കറിയാം അമ്മേടെ ജനിക്കാതെപോയ മോളാണെന്ന്…
……………………
“ഹാ… വന്നാ… ൻ്റെ മോള്….”
ഡോറ് തുറന്ന് അവളെ കണ്ടതും അമ്മ ഉള്ളിലെ വാത്സല്യവും സ്നേഹവും കൂട്ടിക്കലർത്തി അമ്മൂനെ ചേർത്ത് പിടിച്ചു… തിരിച്ച് അവളും…
നമുക്കിവിടെ റോളില്ലാത്തതൊണ്ട് മെല്ലെ അകത്ത് കേറി ഷൂ ഊരി റാക്കില് വച്ചു……
“പിന്നല്ലാതെ… ഉമ്മാ..ഹ്….”
സ്നേഹമഴ പെയ്യുന്നതുപോലെ അമ്മുവിൻ്റെ ചുംബനം അമ്മക്ക് കവിളിൽ കിട്ടിയതോടെ ആ രംഗം പൂർണമായി… തിരിച്ച് അമ്മയും കൊടുക്കാൻ മറന്നില്ല…
“പണിയെടുത്ത് ക്ഷീണിച്ചല്ലോ എൻ്റെ ചുന്ദരീ…”
അമ്മയെ കൊഞ്ചിച്ചുകൊണ്ട് അമ്മു ചോദിച്ചു… ഇന്നിത്തിരി കൂടുതൽ ഇളക്കം ഉണ്ടല്ലോ രണ്ടിനും… ആ എന്തേലും ആവട്ടെ… കണ്ടില്ലെന്ന് വെക്കാ…
“ഒന്ന് പോടി പെണ്ണേ… ചുമ്മാ കളിക്കാതെ..”
നാണത്തോടെ അവളെ മെല്ലെയൊന്ന് പിച്ചിക്കൊണ്ട് അമ്മ പറഞ്ഞു…
പിച്ച് കിട്ടിയതിൽ അമ്മു പിണക്കം കാണിച്ചുകൊണ്ട് അമ്മയോട് വിട്ട് നിന്നു… അങ്ങനെ നിന്നതും അമ്മ ചിരിച്ചുകൊണ്ട് അവളുടെ ബാഗ് കയ്യിൽ വാങ്ങിപ്പിടിച്ചു…
“ബാ… വല്യമ്മ പഴംപൊരിയിണ്ടാക്കിയേണ്ട്… പിന്നെ മോൾക്കിഷ്ടോള്ള പേരക്ക ജ്യൂസും…”
അവളെ സമാധാനിപ്പിക്കാൻ എന്നോണം താടിയിൽ പിടിച്ച് കൊഞ്ചിച്ചുകൊണ്ട് അമ്മ പറഞ്ഞു… അമ്മുന് ഇഷ്ടപ്പെട്ട സംഭവം ആണ് ഉള്ളിൽ പിങ്ക് നിറമുള്ള പേരക്ക… അതിൻ്റെ ജ്യൂസ് ആണേൽ പറയേം വേണ്ട…
അത് കേട്ടതും അവളുടെ മുഖം താമര വിരിയുന്നപോലെ വിരിഞ്ഞു… ഒപ്പം കണ്ണുകളും… ശേഷം ചെരിപ്പ് ഊരി അവിടെ ഇട്ടിട്ട് അമ്മയുടെ മേൽ വീണ്ടും കേറി…
“ഓ… കുഞ്ഞിക്കൊച്ചല്ലേ… ഇങ്ങനെ കൊഞ്ചിക്കാൻ…. നിന്നെ അധികം വൈകാതെ കെട്ടിച്ചുവിടുന്നാ ആൻ്റി പറഞ്ഞേ… നോക്കിക്കോ… നിനക്കൊരു മുതുകിളവനെതന്നെ കിട്ടൂടി…”
ചുമ്മാ അവരുടെ സ്നേഹം കണ്ട് അസൂയ തോന്നിയിട്ടോ അതോ സന്തോഷം കൊണ്ടാണോ എന്നറിയില്ല പെട്ടന്ന് അങ്ങനെ പറയാനാണ് എനിക്ക് തോന്നിയത്…. പണ്ടുമുതലേ ഇങ്ങനെയുള്ള ഇടക്ക് അറിയാതെ വായിൽ വരും..
“നോക്ക്യേ… വല്യമ്മെ.. ഈ ജിത്തേട്ടനിപ്പോ ഇങ്ങനെയാ… എന്നെപ്പഴും ഓരോന്നും പറഞ്ഞ് തല്ലുപിടിക്കും…”
എന്നെ കൈ ചൂണ്ടി ചിണുങ്ങിക്കൊണ്ട് അവൾ അമ്മയോട് കള്ളപരാതി പറഞ്ഞു…
സ്വന്തം അമ്മയും മോളും ആയാൽപോലും ഇത്രയും സ്നേഹം കാണില്ല… അങ്ങനെയാണ് രണ്ടും… ഈ വക വർത്താനം ആൻ്റിയോടാണ് പറയുന്നതെങ്കിൽ അവൾ വാലും പൊക്കി ഓടിയേനെ…
“എന്തുന്നാ ജിത്തൂ…. നിനക്കല്പം കൂടുന്നുണ്ട്ട്ടോ.. വെറുതെ കൊച്ചിനെ വിഷമിപ്പിക്കാൻ…”
അമ്മ എന്നെ വഴക്കുപറയുന്നപോലെ അഭിനയിച്ചു പറഞ്ഞു…
ഞങ്ങൾക്ക് മൂന്ന്പേർക്കും അറിയാം ഇത് ചുമ്മാ ചൊറിയാൻ വേണ്ടി ഓരോന്ന് പറയുന്നതാണെന്ന്… ചെറുതിലേയുള്ള ഞങ്ങളുടെ ഓരോ ശീലങ്ങളാ… ഇപ്പോഴും ഇടക്ക് അവതരിപ്പിക്കുന്നു എന്ന് മാത്രം…
“ഓ… ഞാനൊന്നും പറഞ്ഞില്ലേ… ”
ചെറിയൊരു ചിരിയോടെ ഞാൻ പറഞ്ഞുകൊണ്ട് റൂമിലേക്ക് മെല്ലെ നടന്നു…
“അവൻ പറയണതൊന്നും കേൾക്കണ്ട… മോള് വാ…”
ഇത്രയും പറഞ്ഞ് അമ്മ അവളെയും കൊണ്ട് കിച്ചണിലേക്ക് പോയി.. ഞാൻ എൻ്റെ റൂമിലേക്കും…
പിന്നെ പതിവുപോലെ അമ്മടേം അമ്മക്ക് പിറക്കാതെ പോയ പുന്നാര മോളുടെയും വക കത്തിവെപ്പും ചിരിയും അട്ടഹാസങ്ങളും കിച്ചണിലെയും ഹാളിലെയും ഭിത്തികളിൽ മുഴങ്ങി…
…….,…..,…….,..,…..,,………..,…,…..,,,…..
സമയം 6:15 ⏰
“അമ്മൂ… ദേ… ഇന്നലത്തെപോലെ ഓരോന്നും പറഞ്ഞ് കൊച്ചിൻ്റെ മെക്കിട്ട് കേറിയാലെൻ്റെ സ്വഭാവം മാറുവേ?….”
ബാൽക്കണിയിലെ ബാംബുകൊണ്ട് ഉണ്ടാക്കിയ ചാരുകസേരയിലിരുന്നു ജ്യൂസ് കുടിക്കുന്നതിനിടെ ഇന്നലെ നന്ദുൻ്റെ കാര്യമോർത്ത് ഞാൻ അമ്മൂനെ വിലക്കി…
ഒരു ചെറിയ ടീപ്പോയും ഉണ്ട് അടുത്ത്… ബാംബൂ ടൈപ്പ് തന്നെ… അതിൽ പഴംപൊരിയും കൊണ്ട് വച്ചിട്ടുണ്ട് അമ്മു…. ഒരു ടീഷർട്ടും ഷോർട്ട്സും ആണ് എൻ്റെ വേഷം… യക്ഷി കോളേജിൽനിന്ന് വന്ന അതേ വേഷം തന്നെ…
