നാക്കിൻ്റെ കാര്യത്തിൽ അവനും വല്യ മോശമില്ല… പക്ഷെ നമ്മടെ യക്ഷിടെ അടുത്ത് എത്തില്ലായെന്ന് മാത്രം…
“അല്ലല്ലോ…. ഞാൻ വന്നില്ലേല് കണ്ട കീടങ്ങളുടെ കൂടെ നടന്ന് എൻ്റെയേട്ടന് വല്ല അസുഖോം പിടിക്കും…. അല്ലേയേട്ടാ…. ഹി..ഹി… ”
അമ്മു യദുവിൻ്റെ ഇരട്ടപ്പേര് വിളിച്ചുകൊണ്ട് തിരിച്ചടിച്ചു… ഒപ്പം ഒരു ലോഡ് പുച്ഛവും പരിഹാസവും മുഖത്ത് വാരി വിതറി… പിന്നെ കുടുകുട ചിരിയും…
അവനാകെ ചമ്മി നിൽക്കുന്നുണ്ട്… ഒരു നിമിഷത്തേക്ക് അവൻ്റെ വായടഞ്ഞു…. ആ നില്പ്പ് കണ്ടിട്ട് ചെറുതായി സഹതാപം തോന്നില്ല…
അവൻ്റെ ചൊറിയാൻ സ്വഭാവം കാരണം അവളിട്ട പേരാണ് കീടം…
“ഓ പിന്നെ…. നീയാര് ഇവൻ്റെ ബോഡിഗാർഡോ.. ഹഹ…”
അവൻ്റെ സ്ഥിരം ചളിയും ചേർത്ത് അമ്മുവിനെ കളിയാക്കിക്കൊണ്ടുള്ള അവൻ്റെ അടുത്ത ഡയലോഗ് വന്നു. ഒപ്പം വളിച്ച ചിരിയും…
“ഓഹ്… തുടങ്ങി… എൻ്റെ പൊന്ന് യദു ഒന്നു മിണ്ടാതിരിടാ….”
ഇവരുടെ അങ്കം തുടർന്നാൽ വന്ന പരിപാടി നടക്കില്ല.. അതുകൊണ്ട് എങ്ങനെയെങ്കിലും ഇത് അവസാനിപ്പിക്കണം എന്ന രീതിയിൽ ഞാൻ പറഞ്ഞുകൊണ്ട് ഇടപെട്ടു……
“അതെ ബോഡിഗാർഡ് തന്നെയാ ഇയാൾക്കെന്താ….”
അവനോടായി പറഞ്ഞിട്ട് എൻ്റെ നേർക്ക് തിരിഞ്ഞു…
“ഏട്ടനെന്തിനാ ഈ കീടങ്ങളോട് യാചിക്കുന്നേ… കുറച്ച് ഹാർപ്പിക് ഒഴിച്ചാമതി… ഇത് ചത്ത് പൊക്കോളും…. ഹി ഹി…”
അമ്മു പ്രതിരോധം തുടർന്നു… ചില നേരത്ത് നമ്മൾ പ്രതീക്ഷിക്കുന്നതിലും അപ്പുറത്തെ ഡയലോഗ് വരും… പെണ്ണിൻ്റെ വായിന്നു….
ഞാൻ യദുനെ നോക്കി… വായിൽ പഴം തിരുകിവച്ച പോലുള്ള നിൽപ്പാണ് പുള്ളി… ആ നിൽപ്പ് കണ്ടിട്ട് എനിക്കും ചിരിവന്നു..
അമ്മുവാണേൽ അത് കണ്ടിട്ട് സഹിക്കാൻ കഴിയാതെ എൻ്റെ കയ്യിൽ മുറുക്കി പിടിച്ച് എൻ്റെ തോളിലേക്ക് ചാരി കിടന്ന് ചിരിക്കുവാണ്…
“അമ്മൂ….”
ഞാൻ ആ കയ്യൊന്നു കുടഞ്ഞിട്ട് ഇത്തിരി കനത്തിൽ നീട്ടി വിളിച്ചു… എന്നിട്ട് അവളെ നോക്കി. ഇപ്പോ പൊട്ടിചിരി നിർത്തി വാ പൊത്തി കടിച്ച് ചിരിച്ചുകൊണ്ട് നിൽക്കാണ്…
അമ്മുവിൻ്റെ ചിരി കണ്ടിട്ട് യദുവും മെല്ലെ ചിരിച്ചു… അവന് കിട്ടേണ്ടത് കിട്ടിപ്പോ മതിയായിക്കാണും…
ഞാൻ സമാധാനമായോ എന്ന രീതിയിൽ അവനെ നോക്കി… അവൻ തിരിച്ച് എന്നെ നോക്കി കണ്ണിറുക്കി…
“വാടാ… വന്ന പരിപാടി നോക്കാം… ഇല്ലേൽ വൈകും… എനിക്ക് പോയിട്ട് കുറച്ച് തിരക്കുണ്ട്…”
ചിരിയോടെ പറഞ്ഞുകൊണ്ട് യദു ബിൽഡിങ്ങിലേക്ക് നടന്നു… പിന്നാലെ ഞാനും അമ്മുവും…
……………………
അവിടെ ഇലക്ട്രിക് വർക്കുകൾ നടക്കുന്നുണ്ട്. ഇനിയും ഒരുപാട് പണികൾ ബാക്കിയാണ്. എന്തായാലും നോക്കാം…
മൂന്ന് നിലയിലുള്ള ബിൽഡിങ്ങാണ്. റോഡിലേക്ക് ദർശനം വച്ച് നീളത്തിൽ അങ്ങ് കിടക്കുകയാണ്. അത്യാവശ്യം ഷോപ്പുകൾ തുടങ്ങാനുള്ള വകുപ്പ് ഇവിടെയുണ്ട്.
പക്ഷേ എന്നാലും കുറച്ചൂടെ ആലോചിച്ച് വേണം തീരുമാനമെടുക്കാൻ. നല്ല പ്ലാനിങ്, ഡിസൈൻ എല്ലാം ആവശ്യമാണ്. ഒരു സ്ഥാപനത്തിലേക്ക് ആളുകൾ കയറുമ്പോൾ തന്നെ അവർക്കൊരു പ്രത്യേകത ഫീൽ ചെയ്യണം. എന്നാലെ ഒരിത് ഒള്ളു.
ഞങൾ അകത്തേക്ക് കയറി എല്ലാം ജസ്റ്റ് നോക്കി. ഇപ്പൊൾ മുൻവശം ഫുൾ ഓപ്പൺ ആണ്.
പണിയുടെ മേൽനോട്ടം വഹിച്ച ആളെ പരിചയപ്പെട്ടു.. അച്ഛൻ്റെയും അങ്കിളിൻ്റെയും പേര് പറഞ്ഞപ്പോ പുള്ളിക്ക് എന്നെ മനസ്സിലായി…
രഘു എന്നാണ് ആളുടെ പേര്… ഒരു 50 വയസ്സ് പ്രായം തോന്നിക്കും… ആളെ കണ്ടപ്പോ വല്യ കുഴപ്പം തോന്നിയില്ല… ഒരു മേനോൻ ലുക്ക്…
പുള്ളി അത്യാവശ്യം കാര്യങ്ങളൊക്കെ പറഞ്ഞു… ബിൽഡിങിൻ്റെ മൊത്തം പണിതീരാൻ ഏകദേശം 4,5 മാസം എടുക്കുമെന്ന് പറഞ്ഞു. ആ എന്തായാലും ഇനീം സമയമുണ്ട്. നോക്കാം…
പക്ഷേ അച്ഛനും അങ്കിളും ഏകദേശം ഉറപ്പിച്ച മട്ടാണെന്ന് പുള്ളിയുടെ വർത്താനത്തിൽ നിന്ന് മനസ്സിലായി.. ഒരു അഞ്ചാറ് കൊല്ലം കഴിഞ്ഞാൽ രണ്ടാളും റിട്ടയർ ആവും. അപ്പൊ അതിനുശേഷം ഇത് നടത്തിക്കൊണ്ട് ഇവിടെത്തന്നെ സെറ്റിലാവനായിരിക്കും രണ്ടാളുടെയും പ്ലാൻ.
ഇത്രയും വർഷം ഈ നാട്ടിൽ ഫാമിലിയായി ജീവിച്ചതുകൊണ്ട് ഇവിടം വിടാൻ തോന്നുന്നുണ്ടാവില്ല. അതായിരിക്കും…
