അവസാനം വഴിയില്ലാതെ പെണ്ണ് പെട്ടെന്ന് കലിപ്പായി രണ്ട് കയ്യും കൊണ്ട് എൻ്റെ മുഖം ഇറുക്കുന്ന പോലെ ആക്ഷൻ ഇട്ടുകൊണ്ട് പറഞ്ഞു…..
കള്ളത്തരം പിടിക്കപ്പെട്ടാൽ ഇടുന്ന സ്ഥിരം നമ്പറാണ് കലിപ്പ്… വൈകാതെ ആള് അധികം മുഖം തരാതെ സ്‌കൂട്ടാവുകയും ചെയ്യും… ചിലപ്പോ ഞാൻ കുറച്ച് സംസാരിച്ചോട്ടെ എന്ന് കരുതിക്കാണും…. പക്ഷേ യദു നിൽക്കെ പറയാൻ മടി കാണും…
ഞാൻ അവളെ നോക്കി മേലെ ചിരിച്ചു… യഥുവും അവളെ നോക്കി ചിരിക്കുന്നുണ്ട്… നല്ല രസാണ് ഇന്നേരം അവളെ കാണാൻ…
മൂക്കും മുഖവും ചുവന്ന്… ചുണ്ടുകൾ വിറച്ച്… കണ്ണുകൾ ഉരുട്ടി കൈകൾ ബലത്തിൽ ചുരുട്ടി പിടിച്ച് ഒരു കുഞ്ഞു യക്ഷിയെ പോലെ കലിയിളകുന്ന അമ്മൂസ്….
അന്നേരം ഞങ്ങൾടെ രണ്ടാളുടേയും ചിരി കണ്ടതോടെ പെണ്ണിൻ്റെ കൺട്രോൾ പോയി…
“ഏട്ടന് പിന്നെ ഇതുങ്ങളെ കിട്ടിയാലെന്നെ വേണ്ടല്ലോ… ഓരോന്നുങ്ങള് വന്നോളും… ഹും…”
ശബ്ദം കുറച്ച് പറഞ്ഞ് എൻ്റെ കയ്യീന്ന് താക്കോലും തട്ടി പറിച്ചു…
എന്നെ നോക്കി ചുണ്ടുകൊണ്ട് കോപ്രായവും കാട്ടി അവൾ കാറിലേക്ക് നടന്നു നേരെ ഡ്രൈവിംഗ്‌സീറ്റിൽ കേറി ഡോറടച്ചു…. അൽപ്പം ശക്തിയിലാണ് അടച്ചത്…
അതിൽ തന്നെയുണ്ട് അവൾടെ ദേഷ്യം… ഇതും യക്ഷിയുടെ സ്ഥിരം ഐറ്റം ആയതുകൊണ്ട് ചുമ്മാ നോക്കി നിന്നു….
ഇനി കാറും കൊണ്ട് അവൾ ഒറ്റക്ക് പോകുമോ….
അവൾ ഡ്രൈവിംഗ് സീറ്റിൽ കയറിയതുകൊണ്ട് ഞാൻ മനസ്സിൽ ഓർത്തു.
അവൾക്ക് വണ്ടിയൊക്കെ ഓടിക്കാനറിയാം… ഞാൻ തന്നെയാണ് 18 ആയപ്പോ മെല്ലെ ഒഴിഞ്ഞ വഴിയിലും ഗ്രൗണ്ടിലും ഒക്കെയായി ഓടിച്ച് പഠിപ്പിച്ചത്.. പിന്നീട് ഡ്രൈവിംഗ് ക്ലാസ്സിലൊക്കെ പോയി ലൈസൻസ് എടുത്തു സെറ്റായി…. ആ വഴിയിലിട്ടിട്ട് പോകില്ലെന്ന് കരുതാം…
പിന്നെ കണക്ക് വെച്ച് നോക്കാണേൽ വെറെ കുറച്ച് കാര്യങ്ങൾ തീർപ്പാക്കാനുണ്ട്…അതിൽ ജോലിക്കാര്യവും, കഫേയിലെ കൊച്ചും , ഇപ്പോ നടന്നതും എല്ലാം പെടും… വീട്ടില് ചെല്ലുമ്പോ എൻ്റെ കാര്യം തീരുമാനം ആവുന്നാ തോന്നണേ…
പെട്ടെന്നാണ് ഞാൻ ഇപ്പോ നടന്ന സംഭവം ഓർത്തത്..
“എൻ്റെ പൊന്ന് മൈരേ ഞാനൊരു ആയിരം തവണ നിന്നോട് പറഞ്ഞേണ്ട്…. അവളെ യക്ഷിന്നു വിളിച്ചോണ്ട് ചെല്ലല്ലെന്ന്…. നിനക്ക് എന്തിൻ്റെ കേടാടാ… ”
നേരത്തേയുള്ള അങ്കത്തെ കുറിച്ച് ഞാനവനോട് ലേശം സീരിയസായി പറഞ്ഞു…. എവിടെ… എപ്പോഴും പോലെ അവനതൊന്നും കേട്ടഭാവം നടിച്ചില്ല… ചിരി തന്നെ…
ഞാനങ്ങനെ എപ്പോഴും തെറിയൊന്നും പറയാറില്ല… ഇങ്ങനെയുള്ള പ്രത്യേക സാഹചര്യങ്ങളിൽ ഫ്രെണ്ട്സ് സർക്കിളിൽ അറിയാതെ നാവിൽ വരും എന്ന് മാത്രം…
അമ്മുവിന് ഒട്ടും ഇഷ്ടല്ലാത്ത കാര്യാണ് ഈ തെറി പറച്ചിൽ… ഇടക്കെന്തോ കാര്യത്തിന് അവളോട് കലിപ്പായപ്പോ രണ്ട് തെറി എൻ്റെ വായീന്നു ചാടി… പോരെ പൂരം… പിന്നെ എന്നെ കൊന്നില്ലെന്നെ ഒള്ളു… കുറെ പിച്ചും മാന്തും സഹിച്ചു… ഇഷ്ടംപോലെ തവണ സോറിയും പറയിച്ചു പിന്നാലെ നടത്തി ലേശം…. എന്നിട്ടാണ് അവസാനം പ്രശ്നം ഒതുങ്ങിയത്… പിന്നെ കുറച്ച് നാള് അത് വെച്ച് ബ്ലാക്ക്മെയിലിങ്… അങ്ങനെ അങ്ങനെ…
“ഹ..ഹാ.. ചുമ്മാ… നല്ല രസല്ലേ അതിൻ്റെ ദേഷ്യം കാണാൻ…..”
കാറിലിരിക്കുന്ന അമ്മൂനെ നോക്കിയതിന് ശേഷം അവൻ എന്നെ നോക്കി ഒരു ചിരിയോടെ പറഞ്ഞു…
“ഉവ്വ… നല്ല രസാ… ഇടയ്ക്ക് രസങ്കൂടി സാമ്പാറാവും… അപ്പൊ ഇതിലും നൈസാണ്… എന്നെക്കൊണ്ട് ബാക്കി പറയിക്കരുത് നീ….”
അമ്മുൻ്റെ ഇടയ്ക്കുള്ള ഓന്ത് സ്വഭാവത്തെ കുറിച്ച് ഞാനൊരു തമാശ രൂപേണ പറഞ്ഞു…
അവൻ അത് കേട്ട് ചിരിച്ചു…
“ആ ചെറുതിലെ പോലെ തന്നെ… ഒരു മാറ്റോമില്ല… ”
രണ്ട് കൈപ്പത്തിയും മേലേക്ക് വിടർത്തി കാട്ടി ഒരു ഒഴുക്കോടെ അവൻ പറഞ്ഞു…
“ചുമ്മാതല്ല മോനെ… അതിനെ മെയിൻ്റെയിൻ ചെയ്യാൻ ഇച്ചിരി പണിയാ… ശാരീരികമായും സാമ്പത്തികമായും…..”
പാതി കാര്യമായും തമാശയായും ഒരു സിനിമാ ഡയലോഗ് പോലെ ഞാൻ പറഞ്ഞു…
അവനും അത് കേട്ട് ചിരിച്ചു… ഏറെക്കുറെ അവനറിയാം അമ്മുൻ്റെ സ്വഭാവം…
“സത്യം പറയാലോ… നീയൊരുപാട് ലക്കി ആണുട്ടോ ഇതിനെ കിട്ടിയതുകൊണ്ട്…..”
