ആമി കയറാൻ നിധി സമ്മതിക്കില്ല… നിധി കയറാൻ ആമി സമ്മതിക്കില്ല.
പോട്ടെ, ഇനി കൃതികയോ റോസോ കയറിയാലോ? അത് ആമിയും നിധിയും ഒരുമിച്ച് നിന്ന് സമ്മതിക്കില്ല!
അതൊരു വലിയ തർക്കമായി മാറിയപ്പോൾ, അവസാനം വിധിക്ക് കീഴടങ്ങി ഒരു രാജാവിനെപ്പോലെ സിംഗിളായി ഞാൻ ബൈക്കിലും, പെൺപട മുഴുവൻ കാറിലും, ബാക്കിയുള്ളവർ മറ്റേ ബൈക്കിലുമായി യാത്ര തിരിച്ചു.
നേരെ വിട്ടത് നിധിയുടെ വീട്ടിലേക്കാണ്.
അങ്കിളും ആന്റിയും ഇല്ലാത്തതുകൊണ്ട് ആ വീട് ഇപ്പോൾ ഞങ്ങളുടെ ഔദ്യോഗിക താവളമായി മാറിയിരിക്കുകയാണ്. എന്ത് ചർച്ച ചെയ്യാനും, സമാധാനമായി ഇരിക്കാനും പറ്റിയ ഒരേയൊരു സ്ഥലം.
പോകുന്ന വഴിക്ക്, വയറിനും മനസ്സിനും ആശ്വാസം പകരാൻ അത്യാവശ്യം ഭക്ഷണവും വേണ്ട സാധനങ്ങളും വാങ്ങാൻ തീരുമാനിച്ചു.
കാരണം, വരാൻ പോകുന്ന ചർച്ചകൾക്ക് നല്ല ഊർജ്ജം വേണ്ടി വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു.
എന്റെയും സച്ചിന്റെയും രാഹുലിന്റെയും കയ്യിൽ നയാ പൈസ ഇല്ലാത്തതുകൊണ്ടും ബാക്കിയുള്ളവരുടെ കയ്യിൽ ആവശ്യത്തിൽ കൂടുതൽ പൈസ ഉള്ളതുക്കൊണ്ടും ആലോചിച്ച് നിന്നില്ലാ
രണ്ട് ഫുൾ മന്തിയും കുറച്ച് കുപ്പി ബിയറും അങ്ങോട്ട് വാങ്ങി..!
വീട്ടിലെത്തിയതും കാര്യങ്ങളുടെ കടിഞ്ഞാൺ പെൺപട ഏറ്റെടുത്തു.
അടുക്കളയും ഹാളുമൊക്കെ അവരുടെ കണ്ട്രോളിലായി.
ആമി നിധിയോട് പൂർണ്ണമായി മിണ്ടിത്തുടങ്ങിയിട്ടില്ലെങ്കിലും, പഴയത് പോലെ മുഖം തിരിച്ച് നടക്കുന്നില്ല. അവഗണന മാറ്റി, ഒരു വെടിനിർത്തൽ പ്രഖ്യാപിച്ച മട്ടുണ്ട് രണ്ടുപേരും.
ഈ തക്കം നോക്കി ഞാൻ സച്ചിനെയും രാഹുലിനെയും വിളിച്ചിരുത്തി. ചെറിയ പരിഭവങ്ങളും തെറിവിളികളുമായി ഞങ്ങളുടെ ഇടയിലെ മഞ്ഞുരുകി, കാര്യങ്ങളെല്ലാം സംസാരിച്ച് സോൾവാക്കി.
അങ്ങനെ സംസാരിച്ചിരിക്കുമ്പോഴാണ് ആവണിയെയും ദിയയെയും എവിടെ വെച്ച് കിട്ടി എന്ന സത്യം അവർ പറഞ്ഞത്. എന്നെ കൂട്ടാതെ അവന്മാർ പോയ ആ ക്രിക്കറ്റ് മാച്ച്! അവിടെ വെച്ചാണ് അവരുമായി കമ്പനിയായതെന്ന്.
അത് കേട്ടതും എന്റെ തലയിൽ ഒരു മിന്നൽ വെളിച്ചം പോലെ ആ സംശയം ഉദിച്ചു.
നിധി നേരത്തെ പറഞ്ഞ കാര്യം ഞാൻ ഓർത്തു ‘കാഴ്ചയിൽ കൃത്രിമം കാണിക്കാനുള്ള കഴിവ് ആവണിക്കുണ്ട്’.
അങ്ങനെയെങ്കിൽ, ആദ്യത്തെ മാച്ചിൽ ബാറ്റ് ചെയ്യുമ്പോൾ എനിക്കും രാഹുലിനും പന്ത് കാണാൻ പറ്റാതെ വന്നതും, മുന്നിൽ ഒരു ചുഴലി പ്രത്യക്ഷപ്പെട്ടതും സ്വാഭാവികമായിരുന്നില്ല!
കാരണം ഞാനും രാഹുലും ഔട്ടായി ഗ്രൗണ്ടിൽ നിന്ന് ഇറങ്ങിയ ശേഷം ആർക്കും അങ്ങനൊരു പ്രശ്നം ഉണ്ടായിട്ടില്ല…
ഞങ്ങളെ ഔട്ടാക്കി സച്ചിന്റെ കളി കാണാൻ മനപ്പൂർവം ചെയ്തതായിരിക്കും അവൾ…
അമ്പടി….. 😐
ഓരോന്ന് ചിന്തിച്ചു പറഞ്ഞും ഇരിക്കുന്നതിനിടയിൽ ഉള്ളിൽ നിന്നും ആമിയുടെ വിളി വന്നു..
വിശപ്പിന്റെ വിളി സഹിക്കാതെ ഞാൻ ഡൈനിംഗ് ഹാളിലേക്ക് ഓടി.
മേശപ്പുറത്ത് ആവി പറക്കുന്ന കുഴിമന്തി… തൊട്ടടുത്ത് വിയർത്തു തണുത്ത ബിയർ കുപ്പികൾ… സ്വർഗ്ഗം താഴ്ന്നുവന്നതുപോലെ തോന്നി ആ നിമിഷം.
ഞാൻ നോക്കി വെച്ചിരുന്ന നടുക്കത്തെ ചെയറിൽ രാജാവിനെപ്പോലെ പോയി ഇരുന്നു. പ്രതീക്ഷിച്ചതുപോലെ തന്നെ, എന്റെ വലതുവശത്ത് നിധിയും ഇടതുവശത്ത് ആമിയും സ്ഥാനം പിടിച്ചു. സുൽത്താന്റെ ഇരുവശത്തും രണ്ട് ഹൂറികൾ ഇരിക്കുന്നത് പോലെ…
കഴിച്ചു തുടങ്ങിയതും സീൻ മാറി.
നിധി അവളുടെ പ്ലേറ്റിലെ മന്തി റൈസും ചിക്കനും മയോണൈസും കൂടി നന്നായി കുഴച്ചുരുട്ടി, വലിയൊരു ഉരുളയാക്കി എന്റെ വായയിലേക്ക് വെച്ചുതന്നു.
“കഴിക്ക് ദേവാ…”
അവളുടെ സ്നേഹം സഹിക്കാം, പക്ഷേ എന്റെ വായയുടെ വലിപ്പം അവൾക്ക് അറിയില്ലെന്ന് തോന്നുന്നു. കഷ്ടപ്പെട്ട് ഞാൻ അത് ചവയ്ക്കുമ്പോഴേക്കും, അവളുടെ പ്ലേറ്റിലെ ഏറ്റവും വലിയ ചിക്കൻ പീസുകൾ കൂടി എന്റെ പ്ലേറ്റിലേക്ക് സ്ഥലം മാറി.

Nice story waiting for next part
കുറച്ചും കൂടി പേജസ് കൂടുതൽ എഴുതാൻ ശ്രമിക്കു