“നിനക്ക് ഞങ്ങളോട് എന്തെങ്കിലും പറയാനുണ്ടോ…”
വളച്ചുകെട്ടില്ലാതെ അവൻ കാര്യത്തിലേക്ക് കടന്നു…
ഉള്ളിൽ ഇപ്പോഴും സംശയമാണ്….
ഞാൻ തലയുയർത്തി നിധിയെ നോക്കി. അവൾ എല്ലാവരെയും മാറി മാറി നോക്കുകയായിരുന്നു.
”നിധി…”
എന്റെ ശബ്ദം പതറിയിരുന്നുവെങ്കിലും അതിൽ തീർച്ചയുണ്ടായിരുന്നു.
“നീ എല്ലാ കാര്യങ്ങളും ഇവരോട് കൂടി പറയുമോ…… അവരും കൂടി അറിയട്ടെ എല്ലാം..”
എല്ലാവരും കേൾക്കെ ഞാൻ അത് പറഞ്ഞപ്പോൾ നിധി ഒന്ന് ഞെട്ടി….
“അത്… അത് നമുക്ക് പിന്നെ പറയാം… ഇപ്പൊ ഇവിടെ…”
അവൾ വിക്കി വിക്കി ഒഴിഞ്ഞുമാറാൻ ശ്രമിച്ചു…
അതിന്റെ കാരണമെന്നോണം അവൾ നോക്കിയത് റോസിനെയും കൃതികയേയുമാണ്.
”പറ്റില്ല… നീ ഇപ്പോൾ പറയണം. എല്ലാവരും അറിയണം… ഇനിയും ഒന്നും കെട്ടി നിർത്താൻ സാധിക്കില്ല നമുക്കും ഒഴുക്കിനനുസരിച്ച് പോയേ മതിയാവൂ… അതിന് ഇവർ എല്ലാവരും എല്ലാ സത്യങ്ങളും അറിയണം…”
അവളുടെ കൃഷ്ണമണികളുടെ ചലനം പെട്ടെന്ന് നിന്നു…
ഒരു നിമിഷം എന്തോ ചിന്തിച്ച ശേഷം അവൾ എന്നേ നോക്കി..
എന്റെ മുഖത്തെ ഗൗരവം കണ്ടതുകൊണ്ടാവാം, അവൾ പിന്നെ എതിർത്തില്ല.
അവളുടെ മുഖത്തും ഒരു നിസ്സഹായത ഉണ്ടായിരുന്നു.
”ശരി…” അവൾ ദീർഘശ്വാസം വിട്ടു.
“എല്ലാവരും വാ… നമുക്ക് ഗ്രൗണ്ടിന് ചുറ്റും ഒന്ന് നടക്കാം…”
അവൾ മുന്നിൽ നടന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ, അമ്പരപ്പോടെ ബാക്കിയുള്ളവർ അവളുടെ പിന്നാലെ കൂടി…
ഒരു നാടകം കാണുന്ന ലാഘവത്തോടെ എല്ലാം നോക്കി കാണുന്ന കൃതികക്ക് മാത്രം പോവാൻ താൽപ്പര്യമുണ്ടായിരുന്നില്ല… പക്ഷേ ഞാൻ അവളേ ഉന്തി തള്ളി പറഞ്ഞു വിട്ടു…
നടന്നകലുന്ന നിധി അവരോട് സംസാരിക്കാൻ തുടങ്ങിയിരുന്നു.
ഞാൻ ആമിയെ ചേർത്തുപിടിച്ചു..
“പേടിക്കണ്ട… ഞാനില്ലേ കൂടെ… ഇപ്പൊ ഒന്നും സംഭവിച്ചിട്ടില്ലല്ലോ…”
അവളുടെ തോളിൽ തഴുകി, അവളെ ആശ്വസിപ്പിച്ചുകൊണ്ട്, അവർ പോവുന്നതും നോക്കി ഇരുന്നു…
സമയം മെല്ലെ മുന്നോട്ട് നീങ്ങി…
മരങ്ങളാൽ ചുറ്റപ്പെട്ട ആ വലിയ ഗ്രൗണ്ടിനെ നിധിയും കൂട്ടരും ആറാമത്തെ തവണയും വലം വയ്ക്കുകയാണ്.
ഓരോ തവണ അവർ ഞങ്ങളുടെ മുന്നിലൂടെ കടന്നുപോകുമ്പോഴും ഞാൻ എല്ലാവരെയും ഒന്ന് ശ്രദ്ധിക്കും.
ഉറങ്ങുന്നതിനു മുൻപ് അമ്മൂമ്മയിൽ നിന്നും അത്ഭുത കഥകൾ കേൾക്കാൻ കാത്തിരിക്കുന്ന കൊച്ചുകുട്ടികളെപ്പോലെ, അവർ നിധിയുടെ വാക്കുകളിൽ മുഴുകി നടക്കുകയാണ്.
തുടക്കത്തിൽ പുച്ഛം മാത്രം നിറഞ്ഞുനിന്ന കൃതികയുടെ മുഖത്ത് വരെ ഇപ്പോൾ അമ്പരപ്പ് തളം കെട്ടി നിൽക്കുന്നത് കാണാം. അവളുടെ കണ്ണുകളിൽ വിശ്വാസം വരാത്തതിന്റെയും ഭയത്തിന്റെയും നിഴലുകൾ മിന്നിമറയുന്നുണ്ട്.
സച്ചിനും രാഹുലും വായ തുറന്ന് അന്തംവിട്ട് നടക്കുന്നു. റോസ് നിധിയുടെ കയ്യിൽ മുറുക്കെ പിടിച്ചിട്ടുണ്ട്.
എന്റെ തോളിൽ ചാരിയിരിക്കുന്ന ആമി ഒന്നും മിണ്ടുന്നില്ലെങ്കിലും, അവളും ആ കാഴ്ച നോക്കി കാണുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകളിൽ പഴയ ഭയം മാറി, കാര്യങ്ങൾ എല്ലാവരും അറിയുന്നതിന്റെ ഒരു ആശ്വാസം തെളിഞ്ഞുതുടങ്ങിയിരുന്നു….
പക്ഷേ ഇതിനിയെല്ലാം കീറി മുറിക്കുന്ന വേദന തന്നത് പോലീസ് ജീപ്പിൽ നിന്നും ആംബുലൻസിൽ നിന്നും വരുന്ന സൈറൺ ശബ്ദത്തിൽ നിന്നായിരുന്നു..
വരാൻ പോകുന്ന ദുരന്തങ്ങളുടെ കാഹളം പോലെ ആ ശബ്ദം എന്റെ ഉള്ളിൽ ഭയം നിറച്ചു കൊണ്ടിരുന്നു….
സൈറൻ ശബ്ദങ്ങൾ അകന്ന് പോയതും, ഗ്രൗണ്ട് വലം വെക്കാൻ പോയവർ ഓരോരുത്തരായി തിരികെ എത്തി എന്റെ മുന്നിൽ വന്ന് നിന്നു.
ഞാൻ തലയുയർത്തി അവരെ നോക്കി. എല്ലാവരുടെയും മുഖം മരവിച്ചിരിക്കുകയാണ്. ഒന്നും വായിച്ചെടുക്കാൻ കഴിയാത്ത വിധം ശൂന്യം.
“എന്തെങ്കിലും പറയാനുണ്ടോ…?”
നേരത്തെ രാഹുൽ ചോദിച്ച അതേ ചോദ്യം, ഇപ്പോൾ ഞാൻ അവർക്ക് നേരെ എറിഞ്ഞു

Nice story waiting for next part
കുറച്ചും കൂടി പേജസ് കൂടുതൽ എഴുതാൻ ശ്രമിക്കു