അതൊരു ചെറിയ കാര്യമല്ല. അവരുടെ നോട്ടത്തിലും പ്രവർത്തിയിലും അതുണ്ട്.
അവർക്ക് ഇവന്മാരോടുള്ള ഇഷ്ടം വെറും ഇഷ്ടമല്ല, അതൊരു സംരക്ഷണമാണ് എന്ന് എനിക്ക് മനസ്സിലായി.
ശത്രുപക്ഷത്ത് നിൽക്കുന്നവർ എത്ര വലിയ കൊമ്പന്മാരായാലും, തിരിച്ചടിക്കാൻ ഞങ്ങളുടെ കൂടെയും ഉണ്ട്… ഈ രണ്ട് ‘അമിട്ടുകൾ’!
“ഫൈസലേ വാ പോവാം.. ”
അർജുൻ അവന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു…
പോകുന്നതിന് മുൻപ് ഫൈസൽ ഞങ്ങളെ എല്ലാവരെയും ഒന്ന് രൂക്ഷമായി നോക്കി. ‘തീർന്നിട്ടില്ല…’ എന്നൊരു മുന്നറിയിപ്പ് ആ നോട്ടത്തിലുണ്ടായിരുന്നു.
അവർ കണ്ണിൽ നിന്നും മറഞ്ഞതും, കൂടെ വന്ന ആ രണ്ട് പെൺകുട്ടികൾ നേരെ സച്ചിന്റെയും രാഹുലിന്റെയും അടുത്തേക്ക് തിരിഞ്ഞു.
”സച്ചിൻ…”
ആവണി ഒന്ന് വിളിച്ചതേയുള്ളൂ… അതുവരെ വലിയ വായിൽ തെറിവിളിച്ചു നിന്നവൻ, അനുസരണയുള്ള ഒരു പൂച്ചക്കുട്ടിയെപ്പോലെ അവളുടെ പിന്നാലെ കുറച്ചു മാറി നിന്ന് സംസാരിക്കാനായി പോയി.
അത് കണ്ട് ഞാൻ വാ പൊളിച്ചുപോയി. ഇവനെങ്ങാനാ ഇത്ര പെട്ടെന്ന് മെരുങ്ങിയത്?
ഇതുകണ്ട്, തനിക്കും സംസാരിക്കണം എന്ന അർത്ഥത്തിൽ ‘കാറ്റുകൊണ്ട് അമ്മാനമാടിയവൾ’ രാഹുലിനെ ഒന്ന് നോക്കി.
പക്ഷേ രാഹുൽ… അവൻ ഇതൊന്നും കാണാത്ത മട്ടിൽ, ആകാശത്തെ പറവകളെയും മരത്തിലെ ഇലകളെയും നോക്കി നിൽക്കുകയാണ്.
പൊട്ടൻ കളിക്കുന്നതിന് ഒരു അവാർഡ് ഉണ്ടെങ്കിൽ അത് ഇവന് കൊടുക്കണം.
അവന്റെ ആ നിൽപ്പ് കണ്ട് അവൾക്കൊരു കള്ളച്ചിരി വന്നു. അവൾ കൈ ഒന്ന് അനക്കി…
അടുത്ത നിമിഷം, എവിടെ നിന്നോ വന്ന ഒരു കാറ്റ് രാഹുലിനെ ഉന്തിത്തള്ളി അവളുടെ അടുത്തേക്ക് നീക്കി. സ്വന്തം കാലുകൾ നിയന്ത്രിക്കാൻ പറ്റാതെ അവൻ അവൾക്ക് മുന്നിൽ ചെന്ന് നിന്നു. ഗതിയില്ലാതെ അവൻ അവളുടെ കൂടെ സംസാരിക്കാൻ മാറിപ്പോയി
ഇപ്പോൾ ഗ്രൗണ്ടിന്റെ രണ്ട് മൂലയിലായി അവർ നാല് പേരും സംസാരത്തിലാണ്.
ഇതെല്ലാം കണ്ട് കിളി പോയ അവസ്ഥയിൽ ഞാനും റോസും കൃതികയും ആ പടികളിൽത്തന്നെ ഇരുന്നു. തലയ്ക്ക് മുകളിൽ വട്ടമിട്ടു പറക്കുന്ന കിളികളെ എണ്ണാൻ പോലും പറ്റാത്ത അവസ്ഥ.
ഞങ്ങളുടെ കിളി പോയ മുഖം കണ്ടിട്ടാവണം, നിധി പതുക്കെ പറഞ്ഞു തുടങ്ങി.
”നിങ്ങൾ കരുതുന്ന പോലെയല്ല… അവരുടെ കൈയിലുള്ള ആ മോതിരങ്ങൾ… അതൊരു ശാപമാണ്, ഒപ്പം വലിയൊരു ശക്തിയും…”
”അർജുൻ… അവന് ഒരു ആനയുടെ ശക്തിയാണ്. സാധാരണ മനുഷ്യർക്ക് ചിന്തിക്കാൻ പോലും പറ്റാത്ത അമാനുഷികമായ കായികബലം.”
”പിന്നെ ഫൈസൽ… അവൻ ചെയ്യുന്നത് നിങ്ങൾ കണ്ടല്ലോ. ശരീരത്തിൽ പണ്ട് എപ്പോഴോ ഉണ്ടായ, ഉണങ്ങിപ്പോയ ചെറിയൊരു മുട്ടുസൂചി കൊണ്ടുള്ള പാട് മതി അവന്… അതിനെ പഴയതിനേക്കാൾ വലിയൊരു മുറിവാക്കി മാറ്റാനും, ആ മുറിവിന്റെ വേദന അതിന്റെ പൂർണ്ണതയിൽ തിരിച്ചു നൽകാനും അവന് സാധിക്കും. ചോര വാർന്നു കൊല്ലാൻ അവന് പുതിയൊരു മുറിവുണ്ടാക്കേണ്ട കാര്യം പോലുമില്ല.”
രാഹുലിന്റെ കൂടെ നിൽക്കുന്നവളെ നോക്കി അവൾ തുടർന്നു.
”ദിയ… പഞ്ചഭൂതങ്ങളിൽ ഒന്നായ വായുവിനെ നിയന്ത്രിക്കാനുള്ള കഴിവാണ് അവൾക്കുള്ളത്. കൊടുങ്കാറ്റിനെപ്പോലും അവൾക്ക് വിരൽത്തുമ്പിൽ നിർത്താം.”
അവസാനം അവൾ സച്ചിന്റെ കൂടെ നിൽക്കുന്ന ആവണിയിലേക്ക് നോക്കി.
”പിന്നെ ആവണി ചേച്ചി… കൂട്ടത്തിൽ ഏറ്റവും അപകടകാരി ചിലപ്പോൾ ചേച്ചിയായിരിക്കും. നമ്മുടെ കാഴ്ചയെ മാനിപ്പുലേറ്റ് ചെയ്യാനുള്ള കഴിവ് ചേച്ചിക്കുണ്ട്. ഇല്ലാത്തത് ഉള്ളതായും, ഉള്ളത് ഇല്ലാത്തതായും ചേച്ചി തോന്നിപ്പിക്കും… കണ്മുന്നിൽ നരകം കാണിച്ചു തന്ന്, മാനസികമായി തകർത്ത് നരകയാതന അനുഭവിപ്പിക്കാൻ ചേച്ചിക്ക് കഴിയും…”
എല്ലാം ഒരു മരവിപ്പോടെയും ആകാംഷയോടെയും കേട്ട് നില്കുമ്പോഴാണ് കൃതികയുടെ ശബ്ദം ഞാൻ കേട്ടത്…
“വൗ…. ”
ചെറുപ്പം മുതലേ ഫാന്റസി,സൂപ്പർ ഹീറോ സിനിമകളുടെ ആരാധികയായ കൃതികക്ക് ഇതെല്ലാം അവൾ വിചാരിക്കുന്നതിലും അപ്പുറമായിരുന്നു…

Nice story waiting for next part
കുറച്ചും കൂടി പേജസ് കൂടുതൽ എഴുതാൻ ശ്രമിക്കു