ആ മുഖം എനിക്ക് അപരിചിതമായിരുന്നു. എനിക്കറിയാവുന്ന ആരുമല്ലല്ലോ എന്ന സ്വാർത്ഥമായ ഒരാശ്വാസം ഉള്ളിലൂടെ കടന്നുപോയി.
പക്ഷേ… അവനെ കാത്തിരിക്കുന്ന ഒരമ്മയുണ്ടാകും, അല്ലെങ്കിൽ ഒരു കുടുംബം… അവരുടെ മുഖം ഓർത്തപ്പോൾ നെഞ്ചിൽ വല്ലാത്തൊരു ഭാരം തോന്നി.
ആരുടെയൊക്കെയോ സ്വപ്നമാണ് ഈ മണ്ണിൽ ഇങ്ങനെ ചിതറിക്കിടക്കുന്നത്.
ഇനിയും അവിടെ നിന്നാൽ തലകറങ്ങി വീഴുമെന്ന് തോന്നിയതുകൊണ്ട് ആൾക്കൂട്ടത്തിൽ നിന്നും ഞാൻ പുറത്തേക്ക് ഇറങ്ങി.
അപ്പോഴാണ് ആമി എന്റെ കൈയിൽ കയറി പിടിച്ചത്.
ആ കാഴ്ച കണ്ട് അവളും ആകെ തളർന്നു പോയിരുന്നു. ഭയം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എന്റെ കൈയിൽ മുറുക്കെ പിടിച്ചിരിക്കുന്ന അവളുടെ വിരലുകൾ മരവിച്ചത് പോലെ തണുത്തിരിക്കുന്നു…
”വാ… നമുക്ക് അങ്ങോട്ട് മാറാം…”
ഒന്നും മിണ്ടാതെ അവളെയും കൂട്ടി ഞാൻ ഗ്രൗണ്ടിലേക്ക് നടന്നു.
അവിടെ മരത്തിന്റെ തണലുള്ള പടികളിൽ ഞങ്ങൾ പോയി ഇരുന്നു.
ആ കാഴ്ച നൽകിയ ഞെട്ടലിൽ നിന്നും ഞങ്ങൾ രണ്ടുപേരും അപ്പോഴും മുക്തരായിരുന്നില്ല…..
തോളിലേക്ക് ചാരി കിടന്ന അവളുടെ തലയിൽ ഞാൻ പതിയേ തലോടി കൊടുത്തു…
ശൂന്യമായ ആ പടികളിൽ ഇരിക്കുമ്പോൾ, പെട്ടെന്നാണ് എന്റെ കൈപ്പുറത്തേക്ക് തണുത്ത ഒരു തുള്ളി വീണത്…
ഞാൻ ഞെട്ടി നോക്കുമ്പോൾ ആമിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്. കവിളിലൂടെ കണ്ണുനീർ ധാരധാരയായി ഒഴുകുന്നു.
”ഹേയ്… എന്തുപറ്റി? പേടിച്ചുപോയോ…?”
ഞാൻ അവളെ ആശ്വസിപ്പിക്കാൻ എന്നോണം ചോദിച്ചു.
പക്ഷേ എന്റെ ശബ്ദം കേട്ടതും അവൾ നിയന്ത്രണം വിട്ടപോലെ പൊട്ടിക്കരയാൻ തുടങ്ങി.
അവളുടെ ശരീരം വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.
അവളുടെ ആ കരച്ചിലും വിറയലും കണ്ടപ്പോൾ എനിക്കെന്തോ വല്ലാത്ത പേടി തോന്നി.
ചുറ്റും ആരുമില്ല എന്ന ധൈര്യത്തിൽ, ഞാൻ അവളെ എന്റെ നെഞ്ചോട് ചേർത്ത് മുറുക്കെ കെട്ടിപ്പിടിച്ചു. എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി അവൾ ഏങ്ങലടിച്ചു.
ഞാൻ അവളുടെ മുടിയിൽ തഴുകി.
കുറച്ചുനേരം അങ്ങനെ ഇരുന്നപ്പോൾ അവളുടെ വിറയൽ ഒന്ന് അടങ്ങി.
”എന്താ ആമി ഇത്…? മരിച്ചു കിടക്കുന്ന ആ പയ്യനെ നിനക്ക് പരിചയമുണ്ടോ…?”
ഞാൻ പതിയേ ചോദിച്ചു.
അവൾ മുഖം ഉയർത്താതെ തന്നെ തലയാട്ടി.
“ഇല്ല… പരിചയമില്ല… പക്ഷേ ഞ… ഞാൻ കണ്ടിട്ടുണ്ട്…”
അവളുടെ മറുപടിയിൽ അപ്പോഴും എങ്ങൽ ഉണ്ടായിരുന്നു…
”അതിനാണോ നീയിങ്ങനെ കിടന്നു കരയുന്നത്…? സാരമില്ല… അതൊക്കെ പോട്ടെ… നീ കരച്ചിൽ നിർത്ത്…”
ഞാൻ അവളുടെ കണ്ണുനീർ തുടക്കാൻ കൈ ഓങ്ങിയതും, അവൾ പെട്ടെന്ന് തലയുയർത്തി എന്റെ കണ്ണുകളിലേക്ക് നോക്കി.
ആ നോട്ടത്തിന് വല്ലാത്തൊരു ആഴമുണ്ടായിരുന്നു…
”നിധി… നിധി നിന്നോട് ആ ടൈം ലൂപ്പിന്റെ കാര്യം പറഞ്ഞിരുന്നില്ലേ…?”
തീർത്തും അപ്രതീക്ഷിതമായ ആ ചോദ്യം കേട്ട് ഞാൻ ചെറുതായൊന്ന് ഞെട്ടി…
നിധി പറഞ്ഞ കാര്യങ്ങൾ ഇവൾ എങ്ങനെ അറിഞ്ഞു?
അപ്പോഴാണ് റോസിനെ കൂട്ടി റൂമിൽ പോയപ്പോൾ താഴേ ആമിയും നിധിയുമായി ഉണ്ടായ വഴക്ക് എന്റെ ഓർമ്മയിലേക്ക് വന്നത്…
അതേ അപ്പോൾ നിധി എന്നോട് എല്ലാം തുറന്നു പറഞ്ഞ കാര്യം ആമിയോട് പറഞ്ഞിട്ടുണ്ടായിരിക്കണം…
അതിനേ ചൊല്ലിയായിരിക്കണം അവർ വഴക്കുണ്ടാക്കിയത്…
ഞാൻ ഒന്നും മിണ്ടാതെ, അവളെത്തന്നെ നോക്കിയിരുന്നു.
എന്റെ മൗനം സമ്മതമായി എടുത്തുകൊണ്ട്, വീണ്ടും നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അവൾ പറഞ്ഞു…
”ഞാൻ കരയുന്നത് ആ പയ്യനെ ഓർത്തിട്ടല്ല…”
അവൾ ഒന്ന് നിർത്തി, എന്റെ ഷർട്ടിൽ മുറുക്കെ പിടിച്ചു.
”ഇതുപോലെ… ആ കാട്ടിലേ ഗുഹയിൽ… ചോരയിൽ കുളിച്ച്, ശരീരം മുഴുവൻ കീറിപ്പറിഞ്ഞ്… മരിച്ചു കിടക്കുന്നത് ഇതിന് മുൻപ് ഞാൻ കണ്ടിട്ടുണ്ട്…”
അവളുടെ ശബ്ദം ഇടറി.

Nice story waiting for next part
കുറച്ചും കൂടി പേജസ് കൂടുതൽ എഴുതാൻ ശ്രമിക്കു