നിധിയുടെ കാവൽക്കാരൻ – 13 46അടിപൊളി 

 

​ചുമ നിൽക്കരുതേ എന്ന് പ്രാർത്ഥിച്ച്, കിട്ടാവുന്നത്ര ഭാവങ്ങൾ മുഖത്ത് വരുത്തി ഞാൻ അഭിനയിച്ചു തകർത്തു.

 

ചുമയുടെ വോളിയം കുറച്ച് കൂടി കൂട്ടി, ശ്വാസം കിട്ടാത്തവനെപ്പോലെ ഒന്ന് അഭിനയിച്ചു.

 

ചേച്ചിയുടെ ആ തഴുകൽ ഇനിയും കിട്ടാൻ വേണ്ടി എന്തും ചെയ്യാൻ ഞാൻ റെഡിയായിരുന്നു.

 

​പക്ഷേ, എന്റെ അഭിനയവും ചേച്ചിയുടെ തഴുകലും നിന്നത് പുറത്ത് നിന്നും ബാക്കിയുള്ളവരുടെ സംസാരവും കാലൊച്ചയും കേട്ടപ്പോഴാണ്.

 

​ബോധം വന്ന ഞാൻ ഞെട്ടി!

 

അവർ കണ്ടാൽ പണിയാകുമെന്ന് ഉറപ്പുള്ളതുകൊണ്ട് ഞാൻ പെട്ടെന്ന് അഭിനയം നിർത്തി, ഒരു മാന്യനെപ്പോലെ കസേര നീക്കി ചേച്ചിയുടെ അടുത്ത് നിന്നും കുറച്ചു മാറിയിരുന്നു.

 

​എല്ലാം കൃത്യമായ പ്ലാനുകളോടെയായിരുന്നു ഞാൻ ചെയ്തത്. പക്ഷേ ആ വെപ്രാളത്തിനിടയിൽ ഞാൻ ഒരു കാര്യം മാത്രം മറന്നു പോയി…

 

​ഞാൻ മാറിയെങ്കിലും, ചേച്ചി അപ്പോഴും എന്റെ തൊട്ടടുത്ത് തന്നെ നിൽക്കുകയായിരുന്നു എന്നാ കാര്യം..!

 

എന്റെ പെട്ടെന്നുള്ള മാറ്റം ചേച്ചി ശ്രദ്ധിച്ചിരുന്നു…

 

​സഭാഷ്….. 😐

പണി പാളി!

 

​ഞാൻ പതിയേ തല ചെരിച്ചൊന്ന് നോക്കി.

 

ചേച്ചിയുടെ മുഖത്ത് ‘ഇവൻ ഇത്ര പെട്ടെന്ന് എങ്ങനെ ചുമ നിർത്തി?’ എന്ന അമ്പരപ്പ് പ്രകടമായിരുന്നു….

തൊട്ടടുത്ത നിമിഷം, ഇതെല്ലാം എന്റെ അഭിനയമായിരുന്നു മനസ്സിലായതോടെ ദേഷ്യമില്ലാഞ്ഞിട്ട് കൂടി ആ ഉണ്ടക്കണ്ണുകൾ വിടർന്നു വന്നു…കൈകൾ വായുവിൽ പൊന്തി

 

പെട്ടെന്നാണ്ആമിയുടെ ശബ്ദം കാതുകളിലേക്ക് എത്തിയത്…

 

​”എന്തുപറ്റി ദേവാ…? വല്ലാതെ ചുമയ്ക്കുന്ന ശബ്ദം കേട്ടല്ലോ…”

 

​”ഏയ് ഒന്നുമില്ല… ചായ തൊണ്ടയിൽ പോയതാ…”

 

ഞാൻ ഒരുവിധം പറഞ്ഞൊപ്പിച്ചു…

 

​ചേച്ചി അപ്പോഴേക്കും എല്ലാവർക്കും ചായയും പലഹാരങ്ങളും എടുത്തു കൊടുത്തു. രാഹുൽ ആണെങ്കിൽ ആഴ്ചകളായി പട്ടിണി കിടന്നവനെപ്പോലെ പലഹാരപ്പാത്രത്തിലേക്ക് ചാടി വീണു.

 

​ആദ്യം ഉണ്ടായിരുന്ന ഗൗരവവും പേടിയുമൊക്കെ മാറി അന്തരീക്ഷം മെല്ലെ തണുത്തു. ചായകുടി കഴിഞ്ഞ് ഞങ്ങൾ എല്ലാവരും ഉമ്മറത്തേക്ക് മാറി. പിന്നെ വർത്തമാനങ്ങളുടെ ഘോഷയാത്രയായിരുന്നു.

 

​ലൂപ്പിനെക്കുറിച്ചും മരണത്തെക്കുറിച്ചുമുള്ള വലിയ വലിയ ചർച്ചകൾ തൽക്കാലത്തേക്ക് മാറ്റി വെച്ച്, പഴയ കോളേജ് തമാശകളും, സിനിമയും, നാട്ടിലെ വിശേഷങ്ങളുമൊക്കെയായി ഞങ്ങൾ സമയം കൊന്നു.

 

പുറത്ത് പകൽ വെളിച്ചം മാഞ്ഞ്, സന്ധ്യ ഇരുട്ടിന് വഴിമാറുന്ന സമയം…

 

​ഞങ്ങളുടെ ചിരിയും വർത്തമാനവും അതിന്റെ മൂർദ്ധന്യത്തിൽ നിൽക്കുമ്പോഴാണ്, ദൂരെ നിന്നും അന്തരീക്ഷത്തിന് ഭാരം കൂട്ടിക്കൊണ്ട് ആ ശബ്ദം ഒഴുകിയെത്തിയത്.

 

​ആദ്യം അതൊരു മുഴക്കം മാത്രമായിരുന്നു. കാറ്റ് വീശുന്നതുപോലെ അവ്യക്തമായ ഒന്ന്.

 

​പക്ഷേ നിമിഷങ്ങൾക്കുള്ളിൽ ആ ശബ്ദത്തിന് വ്യക്തത വന്നു.

 

നിശബ്ദമായ ആ മലയിടുക്കുകളിൽ തട്ടി പ്രതിധ്വനിക്കുന്ന പെരുമ്പറയുടെ ഘനഗാംഭീര്യമുള്ള ശബ്ദം!

 

​”ഡും… ഡും… ഡും…”

 

​താളത്തിലുള്ള ആ കൊട്ട് കേട്ടതും ഞങ്ങളുടെ സംസാരം പാതിവഴിയിൽ മുറിഞ്ഞു.

 

​”എന്താടാ അത്…? ഉത്സവത്തിന്റെ വല്ല അനൗൺസ്‌മെന്റും ആണോ?”

 

​രാഹുൽ കസേരയിൽ നിന്ന് എഴുന്നേറ്റ് കഴുത്ത് നീട്ടി റോഡിലേക്ക് നോക്കി.

 

​ഞങ്ങൾ എല്ലാവരും ആകാംക്ഷയോടെ ഉമ്മറത്തേക്ക് ഇറങ്ങി ഗേറ്റിന് അടുത്തേക്ക് നടന്നു.

 

മങ്ങിയ വെളിച്ചത്തെ കീറിമുറിച്ചുകൊണ്ട് ഒരു ജീപ്പിന്റെ ഹെഡ്‌ലൈറ്റ് ദൂരെ തെളിഞ്ഞു.

​ആ ജീപ്പ് വളരെ സാവധാനം ഞങ്ങളുടെ വീടിന്റെ ഭാഗത്തേക്ക് നീങ്ങി വരികയാണ്. അതിന് മുകളിൽ കെട്ടിവെച്ച പഴയ കോളാമ്പി മൈക്കിലൂടെ, ആ പെരുമ്പറയുടെ ശബ്ദത്തിന് അകമ്പടിയായി ഒരു ഗൗരവമുള്ള ശബ്ദം കൂടേ മുഴങ്ങി കേട്ടു:

 

​”ശ്രദ്ധിക്കുക… നാട്ടുകാരുടെ ശ്രദ്ധയ്ക്ക്…!”

 

​ജീപ്പ് അടുത്തെത്തും തോറും ആ ശബ്ദത്തിന്റെ തീവ്രത കൂടി വന്നു.

3 Comments

Add a Comment
  1. വായനക്കാരൻ

    Continue bro

  2. വായനക്കാരൻ

    Adipoli aanu

  3. വായനക്കാരൻ

    Waiting for next part

Leave a Reply

Your email address will not be published. Required fields are marked *