നിധിയുടെ കാവൽക്കാരൻ – 13 46അടിപൊളി 

 

​”ഈയിടെയായി നമ്മുടെ പ്രദേശത്ത് നടന്ന ദുരൂഹവും അവ്യക്തവുമായ മരണങ്ങളുടെ പശ്ചാത്തലത്തിൽ, സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി… ഇന്ന് മുതൽ രാത്രി 8 മണിക്ക് ശേഷം ആരും വീടിന് പുറത്തിറങ്ങാൻ പാടുള്ളതല്ല…”

 

​ജീപ്പ് വീടിന്റെ മുന്നിലൂടെ ഒരു ഇഴജന്തുവിനെപ്പോലെ സാവധാനം നീങ്ങി. ജീപ്പിലുണ്ടായിരുന്നവരുടെ മുഖം വ്യക്തമല്ലായിരുന്നെങ്കിലും, ആ പെരുമ്പറയുടെ ഓരോ അടിയിലും ഒരു മുന്നറിയിപ്പിന്റെ സ്വരമുണ്ടായിരുന്നു.

“അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങി നടക്കുന്നവർ സ്വന്തം ഉത്തരവാദിത്വത്തിൽ വേണം നടക്കാൻ. വീടിന്റെ മുൻവാതിലുകളും ജനലുകളും അടച്ചു കുറ്റിയിട്ടു എന്ന് ഉറപ്പു വരുത്തേണ്ടതാണ് എല്ലാവരും ജാഗ്രത പാലിക്കുക…!”

 

​ആ പെരുമ്പറയുടെ മുഴക്കവും, ആജ്ഞാപിക്കുന്ന പോലെയുള്ള ആ അനൗൺസ്‌മെന്റും കേട്ടപ്പോൾ പഴയ ഏതോ യുദ്ധകാലത്തെ ഓർമ്മിപ്പിക്കും പോലെയാണ് എനിക്ക് തോന്നിയത്.

 

​സത്യം പറഞ്ഞാൽ ഉള്ളിൽ നേരിയൊരു ഭയം തോന്നേണ്ടതായിരുന്നു. പക്ഷേ, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇങ്ങനെയൊക്കെ നടക്കുമോ എന്ന അത്ഭുതവും, ഒരുതരം കൗതുകവുമാണ് ഞങ്ങൾക്ക് തോന്നിയത്. ഏതോ സിനിമയിലെ സീൻ നേരിട്ട് കാണുന്ന പ്രതീതി.

 

​ജീപ്പ് ദൂരേക്ക് അകന്നു പോയിട്ടും, ആ പെരുമ്പറയുടെ മുഴക്കം ഞങ്ങളുടെ കാതുകളിൽ തന്നെ തങ്ങി നിൽക്കുന്നുണ്ടായിരുന്നു….

 

“സംഭവം കൊള്ളാലേ ഏതോ ഒരു പഴയ കാലത്ത് എത്തിയ പ്രതീതി… ”

 

സച്ചിൻ ചിരിച്ചുകൊണ്ട് പറഞ്ഞു നിർത്തി…

 

“മതി..മതി.. നോക്കി നിന്നത് അകത്തേക്ക് കയറിയെ എല്ലാരും..”

 

ഐഷു ചേച്ചി ധൃതി വെച്ചു.

 

അവസാനമായി ഒരു തവണ കൂടേ അകന്ന് നീങ്ങുന്ന ആ ജീപ്പിനെ നോക്കി ഞങ്ങളെല്ലാവരും അകത്തേക്ക് കയറി.

 

​അകത്തേക്ക് കയറിയതും ചേച്ചി വേഗത്തിൽ വാതിലടച്ച് കുറ്റിയിട്ടു. പാവം, മൊത്തത്തിൽ ആകെ പേടിച്ചു പോയി എന്ന് തോന്നുന്നു.

 

​കുറച്ചു നേരം ടി വി കണ്ടതിന് ശേഷം ഞങ്ങൾ എല്ലാവരും അവരവരുടെ റൂമിലേക്ക് പോയി..

 

​ഞാൻ റൂമിലെത്തി വാതിലടച്ചു ബെഡിലേക്ക് വീഴാൻ തുടങ്ങിയപ്പോഴാണ് പെട്ടെന്ന് വീട്ടിലേക്ക് ഒന്ന് വിളിക്കാൻ തോന്നിയത്. എന്താണെന്നറിയില്ല, ആ അനൗൺസ്‌മെന്റും അന്തരീക്ഷവും ഒക്കെ കണ്ടപ്പോൾ മനസ്സിനൊരു ഭാരം പോലെ.

​സമയം കളയാതെ ഞാൻ വീട്ടിലേക്ക് വിളിച്ചു.

 

അമ്മയായിരുന്നു ഫോൺ എടുത്തത്. അമ്മയുടെ ശബ്ദം കേട്ടപ്പോൾ തന്നെ പാതി ആശ്വാസമായി. പിന്നെ അവിടുത്തെ വിശേഷങ്ങളും, നാട്ടിലെ കാര്യങ്ങളും ഒക്കെ ചോദിച്ചറിഞ്ഞ് അമ്മുവിനോടും കൂടി സംസാരിച്ച് ഫോൺ കട്ട്‌ ചെയ്യുമ്പോഴാണ് സമയം ശ്രദ്ധിച്ചത്. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞിരിക്കുന്നു!

 

​ബെഡിലേക്ക് വെച്ച ഫോണിലേക്ക് നോക്കിയപ്പോൾ തന്നേ കൃതികയുടെ മുഖം എന്റെ മുന്നിൽ പ്രത്യക്ഷമായി…

 

പാവം…,തിരക്കിനിടയിൽ അവളോട് ശരിക്കൊന്നു നന്ദി പറയാൻ പോലും എനിക്ക് സാധിച്ചിട്ടില്ല. മാത്രമല്ല, ഇങ്ങോട്ട് വന്നതിന് ശേഷം ഞാൻ അവളെ ഒന്ന് വിളിച്ചിട്ടുമില്ല.

 

​എന്നാ പിന്നെ ഇപ്പോൾ തന്നെ വിളിച്ചേക്കാം…

 

​ഞാൻ അവളുടെ നമ്പറിലേക്ക് ഡയൽ ചെയ്തു.

 

റിംഗ് ചെയ്തു തീരുന്നതിന് മുൻപേ അവൾ ഫോൺ അറ്റൻഡ് ചെയ്തു.

 

​”ദേവാ… എനിക്ക് നിന്നെ ഒന്ന് കാണണം. ഇന്ന് തന്നെ കാണണം…”

 

​”ഇപ്പോഴോ…?”

 

ഞാൻ അത്ഭുതത്തോടെ ചോദിച്ചു.

 

“ഇപ്പോഴല്ല രാത്രി..”

 

“എടി ഇവിടെ ഒക്കെ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാ…നീയും കേട്ട് കാണില്ലേ ആ അനൗണ്സ്മെന്റ് ഒക്കെ..”

 

​”അതൊന്നും എനിക്കറിയണ്ട. ഇന്ന് രാത്രി എനിക്ക് നിന്നെ നേരിട്ട് കണ്ടേ പറ്റൂ… അത്യാവശ്യമാണ്…”

 

​എന്താണെന്ന് ചോദിക്കുന്നതിന് മുൻപേ അവൾ ഫോൺ കട്ട് ചെയ്തു.

 

​എനിക്ക് ഒന്നും മനസ്സിലായില്ല. ഇവൾക്കിതെന്ത് പറ്റി? പകൽ മുഴുവൻ എന്റെ കൂടെ ഉണ്ടായിരുന്നപ്പോൾ ഒന്നും മിണ്ടിയില്ല, ഇപ്പോഴിതാ പാതിരാത്രി കാണണമെന്ന് പറഞ്ഞ് ദേഷ്യപ്പെടുന്നു… വട്ടാണോ ഇനി? അതോ പെണ്ണിന് മൂടായിട്ടുണ്ടാവുമോ… 🤔

3 Comments

Add a Comment
  1. വായനക്കാരൻ

    Continue bro

  2. വായനക്കാരൻ

    Adipoli aanu

  3. വായനക്കാരൻ

    Waiting for next part

Leave a Reply

Your email address will not be published. Required fields are marked *