നിധിയുടെ കാവൽക്കാരൻ – 13 46അടിപൊളി 

 

​മിസ്സ് ഒന്ന് നിർത്തി, നെഞ്ചിൽ കൈവെച്ച് വീണ്ടും തുടർന്നു

 

​”പക്ഷേ സമരം തീർന്നിട്ടില്ല… അങ്ങനെയൊക്കെ നടക്കുന്നതിന്റെ യഥാർത്ഥ കാരണം എന്താണെന്ന് അറിയാതെ, അല്ലെങ്കിൽ ഇതിനൊരു കൃത്യമായ ഉത്തരം കിട്ടാതെ ഇനി ആരും ക്ലാസ്സിൽ കയറില്ലെന്നാ പിള്ളേര് പറയുന്നേ…”

 

കുറച്ചു നേരത്തേക്ക് ഞങ്ങൾ ഒന്നും മിണ്ടിയില്ല,എങ്ങോട്ടും അനങ്ങിയില്ല. എല്ലാവരും അവരവരുടേതായ ചിന്തകളിൽ മുഴുകി നിൽക്കുകയാണ്

 

“ചേച്ചി… ഇതിപ്പോ രണ്ടാമത്തെ മരണമല്ലേ? പോലീസുകാർക്ക് എന്തെങ്കിലും തുമ്പ് കിട്ടിയോ?”

 

​അവിടെ തളംകെട്ടി നിന്ന മൗനത്തെ ഭേദിച്ചുകൊണ്ട് ആമി ചോദിച്ചു.

 

​ശബ്ദം കേട്ട ഭാഗത്തേക്ക് മിസ്സ് തിരിഞ്ഞു നോക്കി.

 

അവിടെ നിധിയുടെ നീല ചുരിദാറും ഇട്ട് നിൽക്കുന്ന ആമിയെ കണ്ടതും മിസ്സിന്റെ കണ്ണുകളിൽ ഒരൽഭുതം തെളിഞ്ഞു. അപ്പോഴാണ് അവളവിടെ നിൽക്കുന്ന കാര്യം പോലും മിസ്സ് ശ്രദ്ധിച്ചത്.

 

​”ആഹാ… നീ എപ്പോ വന്നു?”

 

​”ഞങ്ങൾ ഉച്ചയ്ക്ക് മുൻപേ ഇങ്ങോട്ട് പോന്നു… അവിടെ നിൽക്കാൻ ഒരു സുഖം തോന്നിയില്ല.”

 

​”അതെന്തായാലും നന്നായി… അപ്പൊ നിങ്ങളുടെ പിണക്കമൊക്കെ മാറിയോ?”

 

​ആമിയുടെയും നിധിയുടെയും മുഖത്തേക്ക് മാറി മാറി നോക്കിക്കൊണ്ട് മിസ്സ് ചോദിച്ചു.

 

ഉത്തരത്തിന് പകരം രണ്ടുപേരും പരസ്പരം നോക്കി ചിരിക്കുക മാത്രം ചെയ്തു.

 

അവരുടെ ആ നിൽപ്പും ഭാവവും കണ്ടപ്പോൾ മിസ്സിന്റെ മുഖത്തും ഒരു ആശ്വാസം തെളിഞ്ഞു.

 

​പിന്നെ ആമിയുടെ ചോദ്യത്തിനുള്ള മറുപടി മിസ്സ് പറഞ്ഞു തുടങ്ങി.

 

​”ഇതുവരെ കാര്യമായിട്ടൊന്നും അറിയാൻ കഴിഞ്ഞിട്ടില്ല. മരണം മൃഗങ്ങളുടെ ആക്രമണം കൊണ്ടല്ല എന്നാണ് പ്രാഥമിക നിഗമനം. ഇനി ഇതിന് പിന്നിൽ മനുഷ്യനാണോ എന്ന് ചോദിച്ചാൽ അതിനും കൃത്യമായ ഉത്തരമില്ല. പക്ഷേ…”

 

​മിസ്സ് ഒന്ന് നിർത്തി, ശബ്ദം താഴ്ത്തി പറഞ്ഞു:

 

“എല്ലാവരും പറയുന്നത്… ‘നരിമാടൻ’ വീണ്ടും മലയിറങ്ങി എന്നാ…”

 

​ആ പേര് പറഞ്ഞപ്പോൾ മിസ്സിന്റെ മുഖത്തുണ്ടായ ഭാവമാറ്റം ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ഭയത്തെക്കാളേറെ, അടക്കിവെച്ച ദേഷ്യവും സങ്കടവുമായിരുന്നു ആ മുഖത്ത് നിഴലിച്ചത്.

 

എന്താ കാര്യം എന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും, ആ മുഖഭാവം കണ്ടപ്പോൾ എന്റെ നാവനങ്ങിയില്ല.

 

​പെട്ടെന്ന് ഓർമ്മകളിൽ നിന്ന് ഞെട്ടിയുണരുന്നത് പോലെ മിസ്സ് പറഞ്ഞു:

 

​”നിങ്ങൾ അതേക്കുറിച്ചൊന്നും ആലോചിച്ചു തല പുകയ്ക്കണ്ട. പിന്നെ, രാത്രി ആരും വീടിന് പുറത്തേക്ക് ഇറങ്ങരുത്… കേട്ടല്ലോ?”

 

​വിഷയം മാറ്റാനെന്നോണം മിസ്സ് വേഗം ചോദിച്ചു:

 

“അല്ല… നിങ്ങളെല്ലാവരും ചായ കുടിച്ചോ? ഇല്ലെങ്കിൽ എല്ലാവരും അകത്തേക്ക് വാ… ഞാൻ ഉണ്ടാക്കി തരാം.”

 

​എന്തൊക്കെയോ പറഞ്ഞ്, നിറയാൻ തുടങ്ങിയ കണ്ണുകൾ ഞങ്ങൾ കാണാതിരിക്കാൻ മിസ്സ് വേഗത്തിൽ അകത്തേക്ക് നടന്നു.

 

ഒന്നും പറയാനാകാതെ, ആ പോക്ക് നോക്കി നിൽക്കാനേ എനിക്ക് സാധിച്ചുള്ളൂ…

 

അവർ കണ്ണിൽ നിന്നും മായുന്നത് വരേ ഞാൻ അവരേ തന്നേ നോക്കി നിന്നു…

 

​”നിധി…?”

 

​”മ്മ്…”

 

​”ആരാ ഈ നരിമാടൻ?”

 

​എന്റെ ചോദ്യം കേട്ട് അവൾ ദീർഘശ്വാസം വിട്ടു. പിന്നെ ദൂരേക്ക് നോക്കി പറഞ്ഞു തുടങ്ങി.

 

​”സത്യമാണോ അതോ വെറും കഥയാണോ എന്നൊന്നും എനിക്കറിയില്ല… പക്ഷെ വർഷങ്ങളായി ഈ മലനിരകളിൽ അങ്ങനെ ഒന്നുണ്ടെന്നാണ് പഴമക്കാർ പറയുന്നത്…”

 

​”അതിനെ നേരിട്ട് കണ്ടവർ, അല്ലെങ്കിൽ കണ്ടു എന്ന് അവകാശപ്പെടുന്നവർ പറയുന്നത്… അതിന് ഒരു മനുഷ്യന്റെ ഉടലും ചെന്നായയുടെ തലയുമാണെന്നാണ്. സാധാരണ മനുഷ്യനേക്കാൾ വലിപ്പം… ഏകദേശം ഏഴെട്ട് അടി പൊക്കം വരും. പിന്നെ അതിന്റെ വേഗത… കണ്ണിമ ചിമ്മുന്ന വേഗത്തിലാണ് അത് സഞ്ചരിക്കുന്നത്. അതിന്റെ മുന്നിൽ പെട്ടാൽ പിന്നെ രക്ഷപ്പെടുക അസാധ്യമാണത്രേ…”

 

3 Comments

Add a Comment
  1. വായനക്കാരൻ

    Continue bro

  2. വായനക്കാരൻ

    Adipoli aanu

  3. വായനക്കാരൻ

    Waiting for next part

Leave a Reply

Your email address will not be published. Required fields are marked *