ഇത് കേട്ടതും സച്ചിനും രാഹുലും ഞെട്ടിത്തരിച്ചുപോയി. യുഗങ്ങൾക്ക് മുൻപ് നടന്ന ആ മഹാപോരാട്ടത്തിലെ അസുരന്മാർ ഇപ്പോഴും ജീവനോടെയുണ്ടെന്നത് ആർക്കും വിശ്വസിക്കാൻ കഴിയുന്നതായിരുന്നില്ല. ഞാൻ സംശയത്തോടെ മാനസയെ നോക്കി. എന്റെ മനസ്സിലെ ചോദ്യം അവർക്ക് കൃത്യമായി മനസ്സിലായിരുന്നു.
“അവർ എങ്ങനെ ഇത്രയും കാലം ജീവനോടെ ഇരിക്കുന്നു എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്?”
മാനസ വിശദീകരിക്കാൻ തുടങ്ങി.
“ഇന്ദ്രനീലത്തിന്റെ ശക്തികൊണ്ട് ആ സൈന്യത്തെ സൃഷ്ടിച്ചപ്പോൾ, നീലാംബരി വളരെ ബുദ്ധിപൂർവ്വം അവരുടെ പ്രാണനെ തന്റെ ജീവനുമായി ബന്ധിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ, നീലാംബരി എന്നെന്നേക്കുമായി മരിക്കാത്തിടത്തോളം കാലം ആ അസുരന്മാരെ പൂർണ്ണമായി ഇല്ലാതാക്കാൻ ആർക്കും കഴിയില്ല! അന്ന് നീലാംബരിയെ സമയത്തിന്റെ ആ അഗ്നിവലയങ്ങളിൽ ഞങ്ങൾ ബന്ധിച്ചപ്പോൾ, തങ്ങളുടെ റാണിയുടെ ശക്തി ക്ഷയിച്ചതുകൊണ്ട് ആ അസുരപ്പട പാതാളത്തിന്റെ ഇരുളിൽ ഒരു നീണ്ട നിദ്രയിലേക്ക് വീഴുകയായിരുന്നു…”
മാനസയുടെ ശബ്ദം ഒന്നുകൂടി കനത്തു. ആ വാക്കുകളിൽ വലിയൊരു അപകടത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു.
“കാലങ്ങൾക്കിപ്പുറം ഇപ്പോൾ അവർ ആ നിദ്രയിൽ നിന്നും ഉണർന്നിരിക്കുന്നു! തങ്ങളുടെ റാണിയെ വീണ്ടും പുറത്തുകൊണ്ടുവരാൻ വേണ്ടി, ഞങ്ങൾ തീർത്ത ആ സമയത്തിന്റെ അഗ്നിവലയങ്ങൾ ഓരോന്നായി അവർ തകർക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ഏറ്റവും ഭയാനകമായ സത്യമെന്തെന്നാൽ… ആ വലയങ്ങൾ പൂർണമായി ഭേദിക്കുന്നതിൽ അവർ ഏതാണ്ട് വിജയം കണ്ടിരിക്കുന്നു!”
മുറിയിൽ മരണതുല്യമായ നിശ്ശബ്ദത പരന്നു. മീനാക്ഷിമോൾ പേടിച്ച് തക്ഷകനെ ഒന്നുകൂടി മുറുകെ കെട്ടിപ്പിടിച്ചു.
“നീലാംബരി പുറത്തുവന്നാൽ പിന്നെ പ്രപഞ്ചം വീണ്ടും അന്ധകാരത്തിലേക്ക് മുട്ടുകൂത്തും…”
മാനസയുടെ വാക്കുകളിൽ വലിയൊരു പരാജയഭീതി നിഴലിച്ചു.
“പക്ഷേ, എനിക്കിനി ഒന്നും ചെയ്യാൻ സാധിക്കുകയില്ല ദേവാ. എന്റെ ശക്തികൊണ്ട് മാത്രം ആ വലിയ അസുരപ്പടയെയും, ഇന്ദ്രനീലത്തിന്റെ ഉടമയായ നീലാംബരിയെയും എനിക്ക് തടുക്കാൻ കഴിയുമോ എന്ന് എനിക്കുറപ്പില്ല. കാരണം…”
മാനസ പതുക്കെ വിരൽ ചൂണ്ടി എന്റെ നെറ്റിയിലേക്ക് നോക്കി.
“… കാരണം, എനിക്കിനി ഒരിക്കലും ആ രുധിരമണിയുടെ പൂർണ്ണമായ ശക്തി പ്രാപിക്കാൻ കഴിയില്ല! എന്റെ ഉള്ളിലുണ്ടായിരുന്ന ആ സംഹാരരൂപത്തിന്റെ അവസാന അംശമാണ് ഇപ്പോൾ നിന്റെ ഉള്ളിൽ ഈ രുധിരമണിയായി കുടികൊള്ളുന്നത്. അത് നിന്നിലേക്ക് പകർന്നു നൽകിയതുകൊണ്ട് എനിക്കിനി പഴയ മാനസയാകാൻ കഴിയില്ല.”
ഇത്രയും പറഞ്ഞിട്ട് മാനസ പെട്ടെന്ന് നിശ്ശബ്ദയായി. ആ വാക്കുകൾ എന്റെ നെഞ്ചിൽ വലിയൊരു ഭാരമായി വീണു. ഞാൻ കാരണം അവർക്ക് അവരുടെ ബാക്കിയുണ്ടായിരുന്ന ശക്തി നഷ്ടപ്പെട്ടുവെന്ന സത്യം എന്നെ വല്ലാതെ കുറ്റബോധത്തിലാക്കി.
പുറത്ത് കാറ്റിന്റെയും മഴയുടെയും ശക്തി കുറഞ്ഞുവരികയായിരുന്നു. ആ മുറിയിലുള്ള സകലരും ഇനി എന്ത് ചെയ്യണം എന്നറിയാതെ ഭയന്ന് വിറച്ചിരിക്കുകയാണ്. പക്ഷേ മാനസ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ആട്ടുപലകയിലിരുന്ന്, താഴെ തണുത്ത കരിങ്കൽ തറയിലേക്ക് കണ്ണുംനട്ട് അവർ വളരെ ഗൗരവമേറിയ എന്തോ ഒരു വലിയ ചിന്തയിലേക്ക് വഴുതിവീണിരുന്നു. ലോകത്തിന്റെ മുഴുവൻ ഭാരവും ആ സമയത്ത് ആ മുഖത്ത് കാണാമായിരുന്നു.
“മാനസ ചേച്ചീ… ഹിമശ്രീ ഇപ്പോൾ എവിടെയാണ്?”
മാനസയുടെ ആ ദീർഘമായ ആലോചനയ്ക്കിടയിൽ, മുറിയിലെ ഭയാനകമായ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് കൃതികയാണ് ആ ചോദ്യം ചോദിച്ചത്.
ആ ചോദ്യം കേട്ടതും മാനസയുടെ മുഖത്ത് വലിയൊരു ശൂന്യത വന്ന് നിറഞ്ഞു. അവർ ജനലിലൂടെ അന്ധകാരത്തിലേക്ക് നോക്കിക്കൊണ്ട് വളരെ പതിഞ്ഞ സ്വരത്തിൽ മറുപടി പറഞ്ഞു: “എനിക്കറിയില്ല… അവൾ ഇപ്പോൾ എവിടെയാണെന്നോ, അവൾക്ക് എന്ത് സംഭവിച്ചുവെന്നോ എനിക്കൊരു അറിവുമില്ല.”

Please write the next part as soon as possible bro 🥺🥺🙏🏻