നിധിയുടെ കാവൽക്കാരൻ – 24 29

 

ഇത് കേട്ടതും എന്റെ നെഞ്ചിലൊരു വലിയ ഭാരം ഒഴിഞ്ഞുപോയതുപോലെ തോന്നി. പക്ഷെ ഇത്രയും നേരം ഞാൻ അനുഭവിച്ച ആ സങ്കടം എന്റെ ശക്തി വർദ്ധിപ്പിക്കാനുള്ള വെറുമൊരു നാടകമായിരുന്നോ!

 

ഞാൻ ഒന്നും മിണ്ടിയില്ല. എന്റെ തൊണ്ടയിൽ വാക്കുകൾ കുരുങ്ങിക്കിടന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ അനുഭവിച്ച ആ ഒറ്റപ്പെടലിന്റെയും വേദനയുടെയും ഭാരം ഒറ്റയടിക്ക് ഇല്ലാതായെങ്കിലും, പെട്ടെന്നൊരു മറുപടി പറയാൻ എനിക്ക് കഴിഞ്ഞില്ല.

 

എന്റെയുള്ളിലെ ആ പഴയ ദേവ തിരികെ വരികയായിരുന്നു. ഞാൻ യാതൊരു ഭാവവ്യത്യാസവുമില്ലാതെ, കണ്ണെടുക്കാതെ അവളുടെ ആ കലങ്ങിയ കണ്ണുകളിലേക്ക് തന്നെ നോക്കി കിടന്നു.

 

എന്റെ ആ നിശ്ശബ്ദത അവളെ വല്ലാതെ ഭയപ്പെടുത്തിയിരിക്കണം. ഞാൻ ഇപ്പോഴും അവളോട് പൊറുത്തിട്ടില്ലെന്നും, ആ നാടകം എന്റെ മനസ്സിനെ അത്രത്തോളം മുറിവേൽപ്പിച്ചിട്ടുണ്ടെന്നും അവൾ തെറ്റിദ്ധരിച്ചിരിക്കണം… അതുവരെ എങ്ങനെയൊക്കെയോ കടിച്ചമർത്തിപ്പിടിച്ചിരുന്ന അവളുടെ നിയന്ത്രണം ആ നിമിഷം പൂർണ്ണമായും നഷ്ടപ്പെട്ടു.

 

“ഒന്നും മിണ്ടാതിരിക്കല്ലേ ദേവാ… എന്നെ ഇങ്ങനെ നോക്കല്ലേ… എ…എന്നോട് ദേഷ്യം കാണിക്കല്ലേ വാവേ…പ്ലീസ്.. ഞാൻ കാല് പിടിക്കാം…”

 

എന്ന് വിതുമ്പിക്കൊണ്ട് അവൾ എന്റെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരയാൻ തുടങ്ങി. അവളുടെ സങ്കടം ഒരു അണപൊട്ടിയൊഴുകുകയായിരുന്നു. ഒരു കൊച്ചുകുട്ടിയെപ്പോലെ അവൾ ആർത്തലച്ചു കരഞ്ഞു. അവളുടെ ചൂടുള്ള കണ്ണുനീർ വീണ് എന്റെ നെഞ്ചിലെ ഔഷധലേപനങ്ങൾ കുതിർന്നു.

 

കരച്ചിലിനിടയിൽ അവൾ പെട്ടെന്ന് മുഖമുയർത്തി എന്റെ മുഖത്തേക്ക് നോക്കി…. ശേഷം അവളുടെ വിറയ്ക്കുന്ന ചുണ്ടുകൾ എന്റെ നെറ്റിയിലും, അടഞ്ഞ കണ്ണുകളിലും, ചോരപ്പാടുകൾ മാഞ്ഞ എന്റെ കവിളുകളിലും തുടരെത്തുടരെ പതിയുകയായിരുന്നു. എനിക്ക് വേണ്ടി, എന്റെ ജീവന് വേണ്ടി കഴിഞ്ഞ ദിവസങ്ങളിൽ അവളനുഭവിച്ച സകല ഭയവും കുറ്റബോധവും ആ ഉമ്മകളിലൂടെ അവൾ എന്നിലേക്ക് പകർന്നുനൽകി.

 

എന്നെ എക്കാലത്തേക്കുമായി നഷ്ടപ്പെടുമോ എന്ന് ഭയന്ന ഒരുവൾക്ക്, മരണത്തിന്റെ വക്കിൽ നിന്നും തന്റെ പ്രിയപ്പെട്ടവനെ തിരികെ കിട്ടിയപ്പോൾ ഉണ്ടായ വല്ലാത്തൊരു ആശ്വാസമായിരുന്നു ആ കണ്ണുനീരിലും ചുംബനങ്ങളിലും നിറഞ്ഞുനിന്നിരുന്നത്.

 

അവളുടെ ആ സ്നേഹപ്രകടനത്തിന് മുന്നിൽ എന്റെയുള്ളിലെ അവസാനത്തെ വാശിയും അലിഞ്ഞില്ലാതാവുകയായിരുന്നു. എന്റെ ചുണ്ടുകളിൽ പതുക്കെ ഒരു പുഞ്ചിരി വിടർന്നു… ഇത്രയും വലിയൊരു യുദ്ധം ജയിച്ചതിന്റെ അഹങ്കാരത്തേക്കാൾ, അവളുടെ ഈ സ്നേഹം തിരികെ കിട്ടിയതിലായിരുന്നു എനിക്കിപ്പോൾ കൂടുതൽ സന്തോഷം.

 

വേദനകളെ വകവെയ്ക്കാതെ, വളരെ പാടുപെട്ട് എന്റെ വലതുകൈ സാവധാനം ഉയർത്തി ഞാൻ അവളെ തൊട്ടു. നിർത്താതെ പെയ്യുന്ന മഴപോലെ കണ്ണീരിൽ കുതിർന്നിരുന്നു അവളുടെ മുഖം. എന്റെ വിരലുകൾ ആ കവിളുകളിൽ തലോടിയതും, അവളെ ഞാൻ എന്നിലേക്ക് വരിഞ്ഞുമുറുക്കി. സങ്കടം താങ്ങാനാവാതെ അവളുടെ കണ്ണുകളിൽ നിന്നും ഒഴുകിയിറങ്ങിയ ആ നീരുറവയെ, സ്നേഹത്തോടെ എന്റെ ചുണ്ടുകളാൽ ഞാൻ ഒപ്പിയെടുത്തു.

 

അവളുടെ ആ കണ്ണീർ തോരുമെന്ന എന്റെ പ്രതീക്ഷ വെറുതെയായിരുന്നു. ഉള്ളിലൊതുക്കിയ നോവുകളെല്ലാം ഒരു പേമാരിയായി പെയ്തിറങ്ങുകയായിരുന്നു അപ്പോൾ. എനിക്കിനി ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയോടെയാകാം, അവൾ എന്നെ കൂടുതൽ മുറുകെ പുണർന്നു. മരണത്തിന്റെ രൂപത്തിൽ കാലൻ തന്നെ എന്റെ ജീവനെടുക്കാൻ വന്നാൽപ്പോലും അവളുടെ ആ കൈകളിൽ നിന്ന് എന്നെ പിടിച്ചുമാറ്റാൻ തോറ്റുപോകും. അത്രമാത്രം ജീവനുണ്ടായിരുന്നു എന്റെ പെണ്ണിന്റെ ആ പുൽകലിന്….

 

നിധിയുടെ ആ പൊട്ടിക്കരച്ചിൽ കേട്ടാവണം, പെട്ടെന്ന് ബാത്റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. കുളികഴിഞ്ഞ്, നനഞ്ഞ മുടിയിൽ നിന്നും വെള്ളം ഇറ്റുവീഴുന്ന അവസ്ഥയിൽ, വെറുമൊരു ബാത്ത് ടവൽ മാത്രം ശരീരത്തിൽ ചുറ്റി ആമി പുറത്തേക്ക് വന്നു.

1 Comment

Add a Comment
  1. Please write the next part as soon as possible bro 🥺🥺🙏🏻

Leave a Reply

Your email address will not be published. Required fields are marked *