“അസുരന്മാർ ആ ദിവ്യരത്നത്തെ തേടി സർവ്വസന്നാഹങ്ങളുമായി ഇറങ്ങി. അവർ പോകുന്ന വഴികളിലെല്ലാം സർവ്വനാശം വിതച്ചു. തങ്ങൾക്ക് മുന്നിൽ തടസ്സമായി നിന്ന എല്ലാവരെയും അവർ നിഷ്കരുണം ചുട്ടെരിച്ചു. പ്രപഞ്ചമാകെ കൊടുംചൂടിൽ എരിഞ്ഞു. എങ്ങും ചോരപ്പുഴയൊഴുകി, മരണത്തിന്റെ നിലവിളികൾ മാത്രം മുഴങ്ങിക്കേട്ടു. എന്നാൽ ഇതിനെല്ലാം അപ്പുറം ഭയാനകമായ മറ്റൊന്ന് കൂടി അവിടെ സംഭവിക്കുന്നുണ്ടായിരുന്നു… ഈ കൊടുംയുദ്ധവും അന്ധകാരവും അരങ്ങേറുമ്പോൾ, യുദ്ധഭൂമിയിലെ ആ വിപരീത ഊർജ്ജവും രക്തദാഹവും മുഴുവൻ വലിച്ചെടുത്ത് നാഗമാണിക്യം സ്വന്തം ശക്തി പതിന്മടങ്ങായി വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ഒരു വശത്ത് അസുരന്മാരുടെ തീമഴ, മറുവശത്ത് നാഗമാണിക്യത്തിന്റെ നിയന്ത്രണം വിട്ടുള്ള ഊർജ്ജപ്രവാഹം… പ്രപഞ്ചം പൂർണ്ണമായും ഒരു അന്ധകാരത്തിലേക്ക് കൂപ്പുകുത്തി.”
കാറ്റിന്റെ ഹൂങ്കാരത്തിനൊപ്പം മാനസയുടെ ശബ്ദം കൂടുതൽ ഉച്ചത്തിലായി.
“തന്റെ സൃഷ്ടി തന്നെ പ്രപഞ്ചത്തിന്റെ സർവ്വനാശത്തിന് കാരണമാകുന്നത് കണ്ട പരമശിവൻ ഉഗ്രകോപിയായി. തപസ്സിൽ നിന്നുണർന്ന മഹാദേവൻ, അന്ധകാരത്തെ വകഞ്ഞുമാറ്റിക്കൊണ്ട് തന്റെ ദിവ്യായുധമായ ത്രിശൂലവുമെടുത്ത് ആ യുദ്ധഭൂമിയിലേക്ക് അവതരിച്ചു. കൊടുംശക്തിയോടെ ജ്വലിച്ചുനിൽക്കുന്ന ആ നാഗമാണിക്യത്തെ ശാന്തമാക്കാൻ ഒരേയൊരു വഴിയേ ഉണ്ടായിരുന്നുള്ളൂ. ഭഗവാൻ തന്റെ സർവ്വശക്തിയുമെടുത്ത്… സാക്ഷാൽ പ്രപഞ്ചത്തെ മുഴുവൻ വിറപ്പിച്ചുകൊണ്ട് തന്റെ ത്രിശൂലം കൊണ്ട് ആ നാഗമാണിക്യത്തിൽ ആഞ്ഞടിച്ചു!”
ജനാലയിലൂടെ ഭയാനകമായ ഒരു മിന്നൽ വെട്ടി, ശിവന്റെ ആ തൃശൂലപ്രഹരം എന്റെ മനസ്സിൽ വലിയൊരു സ്ഫോടനമായി മുഴങ്ങി.
“ആകാശവും ഭൂമിയും കുലുങ്ങിയ വലിയൊരു സ്ഫോടനമായിരുന്നു അവിടെ നടന്നത്! ശിവ ഭഗവാന്റെ ത്രിശൂലമേറ്റ ആ നാഗമാണിക്യത്തിൽ നിന്നും കണ്ണഞ്ചിപ്പിക്കുന്ന വലിയൊരു പ്രകാശധാര പുറത്തുവന്നു. ആ ഒറ്റയടിക്ക് ഭഗവാൻ ആ മാണിക്യത്തെ ഇല്ലാതാക്കുകയല്ല ചെയ്തത്, മറിച്ച് അതിന്റെ അനിയന്ത്രിതമായ ശക്തിയെ വിഭജിക്കുകയായിരുന്നു.
നാഗമാണിക്യത്തിന്റെ ഉള്ളറകളിൽ നിന്നും, ആ ത്രിശൂലത്തിന്റെ ആഘാതത്തിൽ… അതിതീവ്രവും അമൂല്യവുമായ വേറെ മൂന്ന് കൊടും രത്നങ്ങൾക്ക് അവിടെ രൂപംകൊണ്ടു! ആ മാണിക്യത്തിന്റെ അതിരില്ലാത്ത ഊർജ്ജത്തെ ഭഗവാൻ മൂന്നായി പകുത്തു മാറ്റുകയായിരുന്നു.”
മാനസ ആശ്വാസത്തോടെ ഒന്ന് നെടുവീർപ്പിട്ടു.
“ആ മൂന്ന് പുതിയ രത്നങ്ങൾ ജനിച്ചതോടെ, നാഗമാണിക്യത്തിന്റെ അനിയന്ത്രിതമായ ശക്തിയും രക്തദാഹവും ശാന്തമായി. ആ മൂന്ന് രത്നങ്ങളും നാഗമാണിക്യത്തിന് ചുറ്റും കാന്തികവലയം തീർക്കുകയും, അതിന്റെ സമനില വീണ്ടെടുക്കുകയും ചെയ്തു. പ്രപഞ്ചത്തെ വിഴുങ്ങിയ ആ അന്ധകാരം അതോടെ അവസാനിച്ചു.”
മാനസ തന്റെ ആട്ടുപലകയിൽ ഇരുന്ന് പതുക്കെ ആടി. അവളുടെ നോട്ടം ജനലഴികൾക്കിടയിലൂടെ പുറത്തെ ഇരുട്ടിലേക്ക് നീണ്ടു.
“നാഗമാണിക്യത്തിന്റെ ആ അനിയന്ത്രിതമായ ഊർജ്ജത്തെ പ്രപഞ്ചത്തിന് താങ്ങാവുന്ന രീതിയിൽ ക്രമീകരിച്ചപ്പോൾ രൂപപ്പെട്ട ആ മൂന്ന് അമൂല്യ രത്നങ്ങളാണ്… ചന്ദ്രകാന്തം, ഇന്ദ്രനീലം, പിന്നെ നിന്റെ നെറ്റിയിലിരിക്കുന്ന ഈ രുധിരമണി!”
ആ പേരുകൾ മുറിയിൽ ഒരു മന്ത്രം പോലെ അലയടിച്ചു. മാനസ തുടർന്നു:
“””ഈ മൂന്ന് രത്നങ്ങളും മൂന്ന് തരം ഭാവങ്ങളാണ്. ചന്ദ്രകാന്തം പ്രപഞ്ചത്തിലെ ശാന്തതയെയും കുളിർമ്മയെയും പ്രതിനിധീകരിക്കുന്നു.
ഇന്ദ്രനീലം അറിവിനെയും പ്രപഞ്ച രഹസ്യങ്ങളുടെ ഭദ്രതയെയും സൂചിപ്പിക്കുന്നു.
എന്നാൽ രുധിരമണി… അത് നേരത്തെ പറഞ്ഞതുപോലെ വന്യമായ ഊർജ്ജത്തിന്റെയും സംഹാരത്തിന്റെയും മൂർത്തീഭാവമാണ്.
ഇവയുടെ ശക്തി ഒരു നിമിഷം പോലും അനിയന്ത്രിതമാകാൻ പാടില്ലായിരുന്നു. അതിനാൽ, ഈ രത്നങ്ങളെ കാത്തുസൂക്ഷിക്കാനും അവയുടെ ശക്തിയെ ധർമ്മത്തിന് വേണ്ടി മാത്രം ഉപയോഗിക്കാനും ഭഗവാൻ തന്റെ വിശ്വസ്തരായ മൂന്ന് നാഗകന്യകളെത്തന്നെ നിയോഗിച്ചു.”

Please write the next part as soon as possible bro 🥺🥺🙏🏻