അത് കേട്ടപ്പോൾ മുറിയിലുള്ളവരുടെ മുഖത്തെ ഭയം ഒന്നുകൂടി വർദ്ധിച്ചു. പക്ഷേ എന്റെ മനസ്സിൽ അപ്പോൾ ഭയമായിരുന്നില്ല. ആ വലിയ കളരിയിൽ മരണത്തെ മുഖാമുഖം കണ്ടവനാണ് ഞാൻ. ഇനി എന്ത് വന്നാലും നേരിടുക എന്നത് മാത്രമാണ് മുന്നിലുള്ള ഏക വഴി. ഞാൻ എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചിരുന്നു. എന്റെ ശരീരത്തിലെ വേദനകളെല്ലാം കടിച്ചമർത്തിക്കൊണ്ട് ഞാൻ മാനസയുടെ കണ്ണുകളിലേക്ക് നേരെ നോക്കി ചോദിച്ചു:
“ഇതെല്ലാം എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?”
എന്റെ ആ ചോദ്യത്തിൽ വലിയൊരു നിശ്ചയദാർഢ്യമുണ്ടായിരുന്നു. മാനസ എന്നെത്തന്നെ കുറച്ചുനേരം നോക്കി. ശേഷം വളരെ ഗൗരവത്തിൽ അവർ പറഞ്ഞു:
“നീലാംബരിയെയും ആ ഇന്ദ്രനീലത്തെയും എന്നെന്നേക്കുമായി നശിപ്പിക്കണം! അന്ന് അവളോടുള്ള സ്നേഹം കൊണ്ട്, ഒരു സഹോദരിയോടുള്ള വാത്സല്യം കാരണം ഞങ്ങൾക്ക് പൂർണ്ണമായി ചെയ്യാൻ കഴിയാതെ പോയ ആ വലിയ കാര്യം… അത് നിങ്ങൾ പൂർത്തീകരിക്കണം! ആ അഗ്നിവലയങ്ങൾ ഭേദിച്ച് അവൾ പുറത്തുവരുന്നതിന് മുൻപ് അവളെ ഇല്ലാതാക്കണം.”
ഇത് കേട്ടതും സച്ചിൻ വല്ലാതെ അസ്വസ്ഥനായി. അവൻ ഇരുന്നിടത്തുനിന്നും അൽപ്പം ശബ്ദമുയർത്തിക്കൊണ്ട് തന്നെ ചോദിച്ചു:
“അതെങ്ങനെ ശരിയാകും? നിങ്ങൾക്ക് ശക്തി നഷ്ടപ്പെട്ടു എന്ന് പറയുന്നുണ്ടെങ്കിലും, ഇപ്പോൾ നിങ്ങളുടെ ഉള്ളിലുള്ള ആ ചെറിയ ശക്തിയുടെ ഒരംശം പോലും ഞങ്ങൾക്കില്ല! പിന്നെ വെറും സാധാരണ മനുഷ്യരായ ഞങ്ങൾ എങ്ങനെയാണ് ഇത്രയും വലിയൊരു അസുരപ്പടയെയും ആ കൊടുംശക്തിയെയും ഇല്ലാതാക്കുന്നത്?”
സച്ചിന്റെ ആ ചോദ്യം തികച്ചും ന്യായമായിരുന്നു.
പക്ഷേ മാനസ അവനോട് മറുപടി പറഞ്ഞില്ല.
പകരം, അവരുടെ വലംകൈ സാവധാനം ഉയർന്നു… ആ ചൂണ്ടുവിരൽ നേരെ എനിക്ക് നേരെയായിരുന്നു!
“ഇനി ഈ പ്രപഞ്ചത്തിൽ ഇതിനെതിരെ എന്തെങ്കിലും ചെയ്യാൻ ആർക്കെങ്കിലും കഴിയുമെങ്കിൽ… അത് ഇവന് മാത്രമാണ്!”
മാനസയുടെ ആ വാക്കുകൾ കേട്ട് എല്ലാവരും ഞെട്ടിത്തരിച്ച് എന്നെ നോക്കി.
എന്റെ തലയിലാണെങ്കിൽ അപ്പോൾ ഇടിത്തീ വീണ അവസ്ഥയായിരുന്നു.
ഞാനോ… ഇതെന്ത് മൈര്!
എന്റെ മുഖത്തെ ആ പരുങ്ങലും അത്ഭുതവും കണ്ട്, എന്നെത്തന്നെ കുറച്ചുനേരം നോക്കിയിരുന്ന ശേഷം മാനസ വീണ്ടും സംസാരിച്ചു തുടങ്ങി. അവരുടെ ശബ്ദത്തിൽ ഇപ്പോൾ വലിയൊരു രഹസ്യം വെളിപ്പെടുത്തുന്നതിന്റെ ഗാംഭീര്യമുണ്ടായിരുന്നു.
“അന്ന് മഹാദേവന്റെ കൊടുംകോപത്തിൽ നിന്നും ആദ്യമുണ്ടായത് നാഗമാണിക്യം ആയിരുന്നെങ്കിൽ,”
മാനസ ആ വലിയ ഭൂതകാലം വീണ്ടും ഓർത്തെടുത്തു,
“രണ്ടാമത് രൂപംകൊണ്ടത് ഒരു വസ്തുവോ രത്നമോ ആയിരുന്നില്ല… മറിച്ച്, ആ തീഗോളങ്ങൾക്കിടയിൽ ജനിച്ച ഒരു പിഞ്ചുകുഞ്ഞായിരുന്നു അത്! സംഹാരത്തിന്റെ സകല ഊർജ്ജവും പേറുന്ന ഒരു പെൺകുഞ്ഞ്! പക്ഷേ… ആ കുഞ്ഞിന് ജീവനുണ്ടായിരുന്നില്ല.”
മാനസയുടെ കണ്ണുകളിൽ വല്ലാത്തൊരു ആരാധന നിറഞ്ഞുനിന്നു….
“ജീവനില്ലാതെ കിടക്കുന്ന ആ പിഞ്ചുകുഞ്ഞിനെ കണ്ട് സാക്ഷാൽ പാർവതി ദേവിയുടെ മാതൃഹൃദയം അലിഞ്ഞു. ആ കുഞ്ഞിനെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് ദേവി ഭഗവാനോട് നിറകണ്ണുകളോടെ അപേക്ഷിച്ചു. ഒടുവിൽ പ്രിയതമയുടെ കണ്ണുനീരിന് മുന്നിൽ അലിഞ്ഞ മഹാദേവൻ ആ ആവശ്യം അംഗീകരിച്ചു. ശിവനും പാർവതിയും ചേർന്ന്, തങ്ങളുടെ ഇരുവരുടെയും ദൈവികമായ ശക്തികൾ ആ കുഞ്ഞിന്റെ ഉള്ളിലെ കൊടുംശക്തിയോടൊപ്പം സംയോജിപ്പിച്ചുകൊണ്ട് അവൾക്ക് ജീവൻ നൽകി! മരണത്തിൽ നിന്നും ജീവനിലേക്ക് കണ്ണുതുറന്ന, തങ്ങളുടെ ജീവന്റെ പാതിയായി മാറിയ ആ കൊച്ചുകുഞ്ഞിനെ പാർവതി ദേവി വളരെ സ്നേഹത്തോടെ ഒരു പേര് വിളിച്ചു…
“അപ്സര”
‘അപ്സര…’ആ പേര് ഉച്ചരിക്കുമ്പോൾ മാനസയുടെ ചുണ്ടിൽ അതിമനോഹരമായ ഒരു ചെറുപുഞ്ചിരി വിടർന്നിരുന്നു. ഇത്രയും നേരം അവരുടെ മുഖത്തുണ്ടായിരുന്ന ആ ഭയവും ശൂന്യതയും മാറി, വല്ലാത്തൊരു കുശുമ്പ് വിടർന്നു…

Please write the next part as soon as possible bro 🥺🥺🙏🏻