”ആ ചിത്രം വെറുമൊരു അടയാളമായിരുന്നില്ല ദേവാ, അവൾ നിന്നെ പൂർണ്ണമായും അവളുടെ നിയന്ത്രണത്തിലാക്കുകയായിരുന്നു”
എന്റെ മനസ്സിൽ അലയടിച്ച ആ വലിയ ചോദ്യം… ‘പക്ഷെ എന്തിന്…? വെറുമൊരു സാധാരണക്കാരനായ എന്നെ എന്തുകൊണ്ട് അവൾ ലക്ഷ്യം വെച്ചു…?’
എന്റെ മുഖത്തെ ആ സ്തംഭനാവസ്ഥ കണ്ട് മാനസയ്ക്ക് എന്റെ ഉള്ളിലെ ചിന്തകൾ കൃത്യമായി വായിച്ചെടുക്കാൻ കഴിഞ്ഞിരിക്കണം . അവരുടെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിടർന്നു.
മാനസ പതുക്കെ ആ ആട്ടുപലകയിൽ നിന്നും എഴുന്നേറ്റു. അവളുടെ ആ കരിങ്കൽ കണ്ണുകൾ എന്റെ നെറ്റിയിലേക്ക്, അവിടെ മാംസത്തോട് ചേർന്ന് തിളങ്ങുന്ന ആ രുധിരമണിയുടെ ചെറിയ അംശത്തിലേക്ക് നീണ്ടു. അവർ പതുക്കെ തന്റെ ചൂണ്ടുവിരൽ എന്റെ നെറ്റിക്ക് നേരെ ഉയർത്തി.
“നിനക്ക് മാത്രമല്ല ദേവാ, ഈ മുറിയിലുള്ള ആർക്കും മനസ്സിലാവാത്ത ഒരു വലിയ സത്യമുണ്ട്…”
മാനസയുടെ ശബ്ദം ആ മുറിയിലെ തണുപ്പിനെ വകഞ്ഞുമാറ്റി കൂടുതൽ ഗാംഭീര്യത്തോടെ മുഴങ്ങി.
“കുറച്ചുമുമ്പ് ആ കളരിയിൽ വെച്ച് എന്റെ ജീവന്റെ അവസാനത്തെ ശക്തിയും ഈ രുധിരമണിയിലൂടെ ഞാൻ നിനക്ക് പകർന്നു നൽകിയല്ലോ… ആ ശക്തി എന്റെ ശരീരത്തിൽ നിന്നും നിന്റെ സിരകളിലേക്ക് തീജ്വാലപോലെ ഒഴുകിയിറങ്ങിയ ആ ചെറിയ നിമിഷത്തിൽ, ഈ രത്നത്തിലൂടെ നിന്റെ ഉള്ളറകളിലേക്ക്, നിനക്ക് പോലും ഓർമ്മയില്ലാത്ത നിന്റെ അബോധമനസ്സിലേക്ക് എനിക്കൊരു നോട്ടം കിട്ടി!”
മുറിയിലുള്ളവർ ശ്വാസമടക്കിപ്പിടിച്ചു. ആമിയും നിധിയും പരസ്പരം നോക്കി. സച്ചിനും രാഹുലും സീറ്റിൽ നിന്നും പതുക്കെ മുന്നോട്ട് ആഞ്ഞിരുന്നു.
“ഒരു പിഞ്ചുകുഞ്ഞായിരുന്ന കാലത്തെ നിന്റെ ഓർമ്മകൾ… നിനക്ക് ഒരിക്കലും ഓർത്തെടുക്കാൻ കഴിയാത്ത നിന്റെ സ്വന്തം ഓർമ്മകളുടെ ഒരു ചെറിയ മിന്നൽപ്പിണർ ഞാൻ ഈ രുധിരമണിയിലൂടെ കണ്ടു ദേവാ! ആ ഓർമ്മകളിൽ, ലോകം മുഴുവൻ അപരിചിതമായിരുന്ന ഒരു പിഞ്ചുകുഞ്ഞിന്റെ മങ്ങലേറ്റ കാഴ്ചയിൽ… ഒരു സ്ത്രീയുടെ മുഖം മാത്രമാണ് തെളിഞ്ഞുനിന്നിരുന്നത്. വാത്സല്യത്തോടെ, അതിരില്ലാത്ത സ്നേഹത്തോടെ നിന്നെ നെഞ്ചോട് ചേർത്ത് പിടിച്ച് പുഞ്ചിരിക്കുന്ന ഒരു മുഖം…”
മാനസയുടെ കണ്ണുകൾ പെട്ടെന്ന് വിടർന്നു, അവരുടെ ശബ്ദത്തിൽ വലിയൊരു ആവേശവും അതിലേറെ അത്ഭുതവും നിറഞ്ഞുനിന്നു. അവരുടെ ശ്വാസത്തിന്റെ വേഗത കൂടി.
“യുഗങ്ങൾക്ക് മുൻപ്, ദേവന്മാരെയും അസുരന്മാരെയും ഒരുപോലെ കാമത്തിന്റെ മുൾമുനയിൽ നിർത്തി ഭയപ്പെടുത്തിയിരുന്ന, പ്രപഞ്ചം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മാദകമായ ആ ദിവ്യസൗന്ദര്യം… അസൂയ ഉണ്ടായിരുന്നെങ്കിലും എന്റെ സ്വന്തം ചേച്ചിയെപ്പോലെ ഞാൻ നെഞ്ചിലേറ്റിയിരുന്ന ആ മുഖം എനിക്ക് എങ്ങനെ മറക്കാൻ കഴിയും?”
മാനസ ഒന്ന് നിർത്തി. പുറത്ത് ആകാശം നെടുകെ പിളർക്കുന്ന ഭയാനകമായ ഒരു ഇടിമുഴങ്ങി! ആ ഇടിയുടെ പ്രകമ്പനത്തിൽ ആ വലിയ തറവാട് ഒന്നാകെ കുലുങ്ങി. ആ കൊടുംശബ്ദത്തിനൊപ്പം മാനസയുടെ വാക്കുകൾ എന്റെ കാതുകളിൽ വലിയൊരു സ്ഫോടനമായി മാറി.
“അതെ ദേവാ… ഇന്ദ്രനീലത്തിന്റെ ഉടമയായ നീലാംബരി നിന്നെ ലക്ഷ്യം വെക്കാൻ ഒരേയൊരു കാരണമേ ഉണ്ടായിരുന്നുള്ളൂ… നിന്റെ ഞരമ്പുകളിൽ ഓടുന്നത് ഒരു സാധാരണ മനുഷ്യന്റെ ചോരയല്ല… പ്രപഞ്ചത്തിലെ ഏറ്റവും വലിയ സംഹാരശക്തിയുടെ, പരമശിവന്റെ മൂന്നാംകണ്ണിന്റെ ചോരയാണ്! കാരണം… അന്ന് മഹാദേവന്റെയും പാർവതി ദേവിയുടെയും ശക്തിയിൽ നിന്നും ജനിച്ച ആ മഹാത്ഭുതം… സാക്ഷാൽ അപ്സര… അവളാണ് ദേവാ നിന്നെ പെറ്റ നിന്റെ സ്വന്തം അമ്മ!”
തുടരും…
കഥ ഒക്കെ മറന്ന് പോയ അവസ്ഥയിൽ നിന്നും പെട്ടെന്ന് എഴുതിയ ഒരു സാധനമാണ്. തെറ്റുകുറ്റങ്ങൾ ഉണ്ടാവും എന്നറിയാം പക്ഷെ അത് നോക്കാൻ സമയമില്ല…….അതുപോലെ നിർത്തി പിന്നേ കുറെ കഴിഞ്ഞിട്ടാണ് ഞാൻ വീണ്ടും എഴുതി തുടങ്ങിയത്. അതിന്റെ ഒരു സുഖക്കേട് തുടക്കത്തിൽ ഉണ്ടാവാൻ ചാൻസ് ഉണ്ട്

Please write the next part as soon as possible bro 🥺🥺🙏🏻