നിധിയുടെ കാവൽക്കാരൻ – 24 29

 

പെട്ടെന്നാണ് അത് സംഭവിച്ചത്… ആകാശം നെടുകെ പിളരുന്നതുപോലെയുള്ള കാതടപ്പിക്കുന്ന വലിയൊരു ഇടിമുഴക്കം ആ മാന്ത്രിക തറവാടിനെ ഒന്നാകെ കുലുക്കി!

 

​കൂരിരുട്ട് നിറഞ്ഞ ആ രാത്രിയെ ഒരു നിമിഷം പകലാക്കിക്കൊണ്ട്, ഭയാനകമായ ഒരു മിന്നൽപ്പിണർ ആ കരിങ്കൽ മുറിയുടെ ജനൽപ്പാളികളിലൂടെ ഉള്ളിലേക്ക് അടിച്ചുകയറി.

 

ആ മിന്നൽവെളിച്ചത്തിൽ മാനസയുടെ മുഖത്തെ ആ ഗൗരവം ഒന്നുകൂടി വന്യമായി എനിക്ക് തോന്നി. ആ ഇടിമുഴക്കത്തിന്റെ പ്രകമ്പനം അവസാനിക്കുന്നതിന് മുൻപേ തന്നെ, ആർത്തലച്ചു പെയ്യുന്ന വലിയൊരു പേമാരിക്ക് പുറത്ത് തുടക്കമായിരുന്നു….

 

​മാനത്ത് കെട്ടിനിന്ന സകല ഭാരവും ഒറ്റയടിക്ക് ഭൂമിയിലേക്ക് ഒഴിച്ചുവിടുന്നതുപോലെയുള്ള ഒരു കൊടുംമഴ!

 

ആ വലിയ വീടിന്റെ മേൽക്കൂരയിലും തടിജനലുകളിലും ആയിരക്കണക്കിന് മഴത്തുള്ളികൾ ഒന്നിച്ചു വന്ന് പതിക്കുന്ന ശബ്ദം ആ മുറിയിലെ നിശ്ശബ്ദതയെ കൂടുതൽ ഭയാനകമാക്കി. മഴയ്ക്കൊപ്പം വീശിയടിച്ച കൊടുംകാറ്റ് ആ കരിങ്കൽ മുറിക്കുള്ളിലേക്ക് വലിയൊരു മരവിപ്പാണ് കൊണ്ടുവന്നത്.

 

പാതി തുറന്നുകിടക്കുന്ന ജനലഴികളിലൂടെ നനഞ്ഞ കാറ്റ് ഒരു ഹൂങ്കാരശബ്ദത്തോടെ ഉള്ളിലേക്ക് ഇരച്ചുകയറിക്കൊണ്ടിരുന്നു.

​ആ കാറ്റിൽ എല്ലുതുളയ്ക്കുന്ന വലിയൊരു തണുപ്പുണ്ടായിരുന്നു. എന്റെ ദേഹത്ത് ആകെയുണ്ടായിരുന്നത് ഒരു മുണ്ടുമാത്രമാണ്. യുദ്ധം കഴിഞ്ഞ്, ചോരവാർന്ന് തളർന്നിരിക്കുന്ന എന്റെ മാംസപേശികളെ ആ കാറ്റ് കോച്ചിവലിച്ചു.

 

ഞങ്ങൾ ഇരിക്കുന്ന ആ തണുത്ത കരിങ്കൽ തറയിൽ നിന്നും ശൈത്യം പതുക്കെ ഞരമ്പുകളിലൂടെ അരിച്ചുകയറുന്നതുപോലെ എനിക്ക് അനുഭവപ്പെട്ടു. ആ തണുപ്പ് താങ്ങാനാവാതെ എനിക്കിരുവശവുമിരുന്ന ആമിയും നിധിയും ചെറുതായി വിറയ്ക്കുകയും, എന്റെ ശരീരത്തോട് കൂടുതൽ ചേർന്നിരിക്കുകയും ചെയ്തു. മീനാക്ഷിമോൾ തക്ഷകന്റെ മടിയിലേക്ക് ചുരുണ്ടുകൂടി. മുറിയിലുള്ള മറ്റുള്ളവരും ആ അരിച്ചുകയറുന്ന തണുപ്പിൽ തങ്ങളുടെ കൈകൾ നെഞ്ചോട് ചേർത്തുകെട്ടി ഇരിക്കുകയായിരുന്നു.

 

​പക്ഷേ… ഈ വലിയ ഇടിമുഴക്കമോ, ഞങ്ങളെ മരവിപ്പിക്കുന്ന ഈ തണുപ്പോ മാനസയെ ഒട്ടും ബാധിച്ചതേയില്ല! അവരുടെ മുഖത്ത് യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല. ജനലിലൂടെ വന്ന ആ കൊടുംകാറ്റിൽ അവരുടെ നനഞ്ഞ മുടിയിഴകളും സാരിത്തുമ്പും പാറിപ്പറക്കുന്നുണ്ടായിരുന്നെങ്കിലും, ആ കരിങ്കൽ കണ്ണുകൾ എന്നിൽ നിന്നും ഒരിഞ്ചുപോലും മാറിയില്ല. ഒരു കൽപ്രതിമ പോലെ അവർ എന്നെത്തന്നെ ഉറ്റുനോക്കുകയാണ്.

 

​പുറത്തു പെയ്യുന്ന ഈ കൊടുംമഴയും കൊടുങ്കാറ്റും, ഇനി അവർ പറയാൻ പോകുന്ന വലിയ സത്യങ്ങൾക്ക് മുൻപുള്ള പ്രകൃതിയുടെ വെറുമൊരു മുന്നൊരുക്കം മാത്രമാണെന്ന് എനിക്ക് തോന്നി. വരാൻ പോകുന്ന വലിയൊരു പ്രളയത്തിന്റെ സൂചന!

 

​മഴയുടെ ഇരമ്പലും കാറ്റിന്റെ മൂളലും ആ മുറിയിൽ പശ്ചാത്തല സംഗീതം പോലെ മുഴങ്ങിനിൽക്കെ, വളരെ ശാന്തവും എന്നാൽ മുറിയിലുള്ള എല്ലാവരുടെയും നെഞ്ചിടിപ്പ് കൂട്ടുന്നതുമായ ഗാംഭീര്യമുള്ള ശബ്ദത്തിൽ മാനസ സംസാരിക്കാൻ തുടങ്ങി…

 

“ഇതെല്ലാം തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല …”

 

മാനസയുടെ കണ്ണുകൾ ആ മഴപ്പാതിരയിലും ജ്വലിച്ചു നിന്നു.

 

ആയിരങ്ങളായ വർഷങ്ങൾക്കും മുൻപ്… സാക്ഷാൽ ഭഗവാൻ പരമശിവനിൽ നിന്നുമാണ് ഇതിന്റെയെല്ലാം തുടക്കം!”

 

ആ പേരു കേട്ടതും മുറിയിലുള്ള എല്ലാവരിലും ഭക്തിയും ഭയവും കലർന്ന ഒരു വിറയലുണ്ടായി. എന്റെ നെറ്റിയിലെ രുധിരമണിയുടെ അംശം ആ പേര് കേട്ടപ്പോൾ നേരിയ തോതിൽ ഒന്ന് സ്പന്ദിച്ചതുപോലെ എനിക്ക് തോന്നി.

 

ഞാൻ ശ്വാസമടക്കിപ്പിടിച്ച് മാനസയെത്തന്നെ നോക്കിയിരുന്നു.

 

അവർ തുടർന്നു:

 

“മഞ്ഞുമൂടിയ കൈലാസ കൊടുമുടിയിൽ, കാലങ്ങളെയും സമയത്തെയും നിശ്ചലമാക്കിക്കൊണ്ട് മഹാദേവൻ ഘോരമായ തപസ്സനുഷ്ഠിച്ച ഒരു കാലമുണ്ടായിരുന്നു.

 

ആയിരക്കണക്കിന് വർഷങ്ങൾ നീണ്ട ആ ധ്യാനത്തിൽ, പ്രപഞ്ചത്തിന്റെ താളത്തിനൊത്ത് അദ്ദേഹത്തിന്റെ ഉള്ളിലെ ഊർജ്ജം തിളച്ചുമറിയുകയായിരുന്നു. ആ മഹാതപസ്സിന്റെ ഒരു ഘട്ടത്തിൽ, സാക്ഷാൽ കൈലാസനാഥന്റെ തപസ്സഗ്നിയിൽ നിന്നും, ആ മൂന്നാം കണ്ണിന്റെ അതിതീവ്രമായ ഊർജ്ജത്തിൽ നിന്നും, ഈ അണ്ഡകടാഹത്തെ മുഴുവൻ സൃഷ്ടിക്കാനും ഒപ്പം നിമിഷനേരം കൊണ്ട് ഭസ്മമാക്കാനും കഴിയുന്ന അതിഭീകരമായ രണ്ട് കൊടും ശക്തികൾക്ക് രൂപംകൊണ്ടു!”

1 Comment

Add a Comment
  1. Please write the next part as soon as possible bro 🥺🥺🙏🏻

Leave a Reply

Your email address will not be published. Required fields are marked *