നിധിയുടെ കാവൽക്കാരൻ – 24 29

 

മാനസയുടെ കണ്ണുകളിൽ ആ നിമിഷം വല്ലാത്തൊരു ആദരവ് നിറഞ്ഞുനിന്നിരുന്നു. ജനാലയിലൂടെ അടിച്ചുകയറിയ ഒരു മിന്നൽ വെളിച്ചത്തിൽ അവരുടെ മുഖം തിളങ്ങി.

 

“അതിൽ ആദ്യത്തെ ശക്തിയായിരുന്നു… നാഗമാണിക്യം!”

 

ആ വാക്ക് ഉച്ചരിക്കുമ്പോൾ തക്ഷകനും നാഗികയും ഇരുകൈകളും കൂപ്പി നെഞ്ചോട് ചേർത്ത് തൊഴുന്നത് ഞാൻ കണ്ടു.

 

“സാധാരണക്കാർ കെട്ടുകഥകളിൽ പറയുന്നതുപോലെ വെറുമൊരു തിളങ്ങുന്ന കല്ലോ രത്നമോ ആയിരുന്നില്ല അത്,”

 

മാനസ വിശദീകരിക്കാൻ തുടങ്ങി.

 

“സാക്ഷാൽ പരമശിവന്റെ കഴുത്തിലണിഞ്ഞ വാസുകി എന്ന സർപ്പരാജാവിന്റെ ഫണത്തിൽ ശോഭിക്കാൻ മഹാദേവൻ തന്റെ സ്വന്തം പ്രാണനിൽ നിന്നും പകുത്തുനൽകി സൃഷ്ടിച്ച ദിവ്യരത്നമായിരുന്നു അത്! ജീവന്റെയും, പ്രകൃതിയുടെയും, അനശ്വരതയുടെയും മുഴുവൻ രഹസ്യങ്ങളും ഉറങ്ങിക്കിടക്കുന്ന അമാനുഷിക ശക്തിയുടെ ഉറവിടം.”

 

എല്ലാവരും നിർന്നിമേഷരായി കേട്ടിരിക്കുകയാണ്. മാനസയുടെ വാക്കുകളിലൂടെ ആ നാഗമാണിക്യത്തിന്റെ രൂപം എന്റെ മനസ്സിൽ തെളിഞ്ഞുവരാൻ തുടങ്ങി.

 

“””””പല നിറത്തിൽ, ആയിരം സൂര്യന്മാർ ഒന്നിച്ചുദിച്ചതുപോലെ പ്രകാശം വമിക്കുന്ന ഒന്നായിരുന്നു ആ നാഗമാണിക്യം. ആ മാണിക്യം കൈവശമുള്ളവർക്ക് പ്രപഞ്ചത്തിലെ പഞ്ചഭൂതങ്ങളെയും തന്റെ വിരൽത്തുമ്പിൽ നിയന്ത്രിക്കാൻ കഴിയുമായിരുന്നു. അവർ ആഗ്രഹിച്ചാൽ ഭൂമി പിളരും, സമുദ്രം വഴിമാറും, കൊടുങ്കാറ്റുകൾ അവരുടെ കാൽക്കീഴിൽ വിശ്രമിക്കും! പ്രകൃതിയെ ഒന്നാകെ തന്റെ ആജ്ഞാനുവർത്തികളാക്കാൻ പോന്ന, മരിച്ചവന് ജീവൻ നൽകാനും ജീവനുള്ളവന്റെ പ്രാണനെടുക്കാനും കഴിവുള്ള ആ നാഗമാണിക്യം ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ അത്ഭുതങ്ങളിൽ ഒന്നായി മാറി.

 

കാലങ്ങളോളം വാസുകിയുടെ ഫണത്തിൽ, ആ വെളിച്ചം പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥയെ നിലനിർത്തിക്കൊണ്ട് ശോഭിച്ചു നിന്നു.””””

 

ഇത്രയും പറഞ്ഞിട്ട് മാനസ ഒന്ന് നിർത്തി.

 

കാറ്റിന്റെ ഹൂങ്കാര ശബ്ദം മുറിയിൽ ഒന്നുകൂടി ഭയാനകമായി മുഴങ്ങി. മാനസ എന്നെ സൂക്ഷിച്ചൊന്ന് നോക്കിയ ശേഷം

 

മുറിയിൽ തളംകെട്ടിനിന്ന ആ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് മാനസ വീണ്ടും സംസാരിച്ചു തുടങ്ങി. പുറത്ത് പെയ്യുന്ന മഴയുടെ ശബ്ദം പോലും ഇപ്പോൾ ആരും ശ്രദ്ധിക്കുന്നില്ലായിരുന്നു. എല്ലാവരുടെയും കാതുകൾ മാനസയുടെ വാക്കുകളിലായിരുന്നു.

 

“കാലങ്ങൾ കഴിയുന്തോറും നാഗമാണിക്യത്തിന്റെ ശക്തി അതീവ തീവ്രമായി വർദ്ധിക്കാൻ തുടങ്ങി,”

 

മാനസയുടെ ശബ്ദത്തിൽ ഒരു നേരിയ വിറയലുണ്ടായി.

 

“””പ്രപഞ്ചത്തിലെ ഊർജ്ജത്തെ മുഴുവൻ വലിച്ചെടുത്ത് അതൊരു ഭയാനകമായ അവസ്ഥയിലേക്ക് മാറി. ജീവന്റെ താളമായിരുന്ന ആ വെളിച്ചം, സർവ്വനാശത്തിന് കാരണമാകുന്ന അനിയന്ത്രിതമായ ഒരു കൊടുംപ്രകാശമായി മാറിതുടങ്ങി….

 

വാസുകിയുടെ ഫണത്തിന് പോലും ആ അതിമർദ്ദം താങ്ങാനാവാതെ വന്നപ്പോൾ, ഒരു കൊടുങ്കാറ്റിൽ പെട്ടെന്നപോലെ സാക്ഷാൽ കൈലാസത്തിൽ നിന്നും ആ കൊടുംശക്തി വഴുതിമാറി പ്രപഞ്ചത്തിന്റെ കാണാക്കയങ്ങളിലേക്ക് പതിച്ചു!”””

 

മുറിയിലുണ്ടായിരുന്ന എല്ലാവരും ശ്വാസമടക്കിപ്പിടിച്ചു. കൈലാസത്തിൽ നിന്നും ആ മഹാശക്തി നഷ്ടപ്പെട്ടുവെന്നത് ചിന്തിക്കാൻ പോലും കഴിയാത്ത ഒന്നായിരുന്നു.

 

“നാഗമാണിക്യം കൈലാസത്തിൽ നിന്നും നഷ്ടപ്പെട്ടുവെന്ന സത്യം ഒരു കാട്ടുതീ പോലെ പ്രപഞ്ചമാകെ അലയടിച്ചു. പാതാളത്തിന്റെ ഇരുളിൽ ഉറങ്ങിക്കിടന്നിരുന്ന അസുരന്മാർ ഈ മഹാശക്തിയെക്കുറിച്ചറിഞ്ഞു. ആ മാണിക്യം സ്വന്തമാക്കുന്നവൻ ഈ പ്രപഞ്ചത്തിന്റെ മുഴുവൻ അധിപനാകുമെന്നും, ദേവന്മാരെയും ത്രിമൂർത്തികളെയും പോലും കാൽക്കീഴിലിട്ട് ഭരിക്കാമെന്നും അവർ മനസ്സിലാക്കി. ആ വലിയ അത്യാഗ്രഹത്തിൽ നിന്നും പ്രപഞ്ചം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഭയാനകമായ ഒരു മഹായുദ്ധത്തിന് അവിടെ തുടക്കമാവുകയായിരുന്നു!”

 

മാനസയുടെ കണ്ണുകൾ വിടർന്നു, അവരുടെ വാക്കുകളിലൂടെ ആ കൊടുംയുദ്ധം എന്റെ കണ്മുന്നിൽ തെളിയുന്നതുപോലെ എനിക്ക് തോന്നി.

1 Comment

Add a Comment
  1. Please write the next part as soon as possible bro 🥺🥺🙏🏻

Leave a Reply

Your email address will not be published. Required fields are marked *