ഞാൻ ഒരു മുണ്ടുമാത്രം ഉടുത്ത് വാതിലിന്റെ കുറ്റി സാവധാനം തുറന്നു.
വാതിൽ തുറന്നതും താഴെ എന്റെ മുട്ടിന് മുകളിൽ മാത്രം പൊക്കമുള്ള ആ കൊച്ചു കുരുപ്പ്, ഇരുകൈകളും ഇടുപ്പിൽ കുത്തി ഒരു വലിയ റൗഡിയെപ്പോലെ എന്നെത്തന്നെ നോക്കി നിൽക്കുന്നു! ആ നിൽപ്പ് കണ്ടാൽ തോന്നും അവളാണ് എന്നെ പോയി യുദ്ധം ചെയ്ത് തോൽപ്പിച്ചതെന്ന്.
ഞാൻ ഒന്നുമറിയാത്തപോലെ ഒരു ഇളിച്ച ചിരിയോടെ ചോദിച്ചു: “എന്താ മോളേ… ഈ പാതിരാത്രിക്ക്?”
അവൾ എന്നെ അടിമുടി ഒന്ന് നോക്കി, പിന്നെ ഉള്ളിൽ പേടിച്ച് നിൽക്കുന്ന ആമിയെയും നിധിയെയും നോക്കി. എന്നിട്ട് വളരെ ഗൗരവത്തിൽ എന്നോട് ചോദിച്ചു:
“ഉള്ള എന്നാ പണ്ണീട്ടിരുന്തീങ്ക? തൂങ്കുറേന്ന് പൊയ് വേറെ… മാനസ ചേച്ചി അങ്കെ വെയിറ്റ് പണ്ണ്രാങ്ക… വാങ്ക…” (ഉള്ളിൽ എന്ത് ചെയ്യുകയായിരുന്നു? ഉറങ്ങുകയാണെന്ന് കള്ളം വേറെ… മാനസ ചേച്ചി അവിടെ കാത്തുനിൽക്കുന്നു… വരൂ…)
ഈശ്വരാ… ഇവളുടെ ചോദ്യങ്ങൾ കേട്ടാൽ അമ്പത് വയസ്സുള്ള കാരണവത്തിമാരെപ്പോലെ ഉണ്ടല്ലോ. എന്റെ പെണ്ണുങ്ങളുടെ മുന്നിൽ വെച്ച് എന്റെ ബാക്കിയുള്ള മാനം കൂടി ഇവൾ കപ്പലുകയറ്റുമെന്നനിക്ക് തോന്നി!
അതുകൊണ്ട് അവളുടെ ആ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാൻ നിൽക്കാതെ, ഞാൻ വേഗം അവളെ രണ്ട് കൈകൊണ്ടും കോരിയെടുത്ത് എന്റെ തോളിലിട്ടു.
“ഹേയ്… വിടുങ്കെ ദേവേട്ടാ… താഴെ ഇറക്കി വിടുങ്കെ…”
എന്ന് അവൾ കുതറുന്നുണ്ടായിരുന്നെങ്കിലും ഞാൻ കേട്ടഭാവം നടിച്ചില്ല. അവളെയും തോളിലിട്ട് ഞാൻ മാനസയുടെ ആ വലിയ മുറിക്ക് നേരെ നടന്നു. എനിക്ക് പിന്നാലെ കുറച്ചൊരു പേടിയോടെ ആമിയും നിധിയും വരുന്നുണ്ടായിരുന്നു.
മുറിക്ക് മുന്നിലെത്തിയ ഞാൻ അവിടെ കണ്ട കാഴ്ച കണ്ട് ശരിക്കും ഒന്ന് അത്ഭുതപ്പെട്ടു. ആ വലിയ വീട്ടിലുള്ള സകലരും അവിടെയുണ്ടായിരുന്നു! സച്ചിനും രാഹുലും റോസും കൃതികയും… എന്തിനേറെപ്പറയുന്നു, സാക്ഷാൽ തക്ഷകനും നാഗികയും വരെ അവിടെയുണ്ട്! ആ വലിയ മുറിയുടെ തണുത്ത കാവി പരത്തിയ തറയിൽ എല്ലാവരും വളരെ അച്ചടക്കത്തോടെ ചമ്രം പടിഞ്ഞിരിക്കുകയാണ്.
അവിടെ സൂചി വീണാൽ കേൾക്കുന്ന അത്രയും വലിയൊരു നിശ്ശബ്ദത തളംകെട്ടി നിന്നിരുന്നു.
ഞാൻ പതുക്കെ മീനാക്ഷിമോളെ താഴെയിറക്കി. അവൾ ഓടിപ്പോയി തക്ഷകന്റെ അടുത്തായി ചമ്രം പടിഞ്ഞിരുന്നു. ഞാനും ആമിയും നിധിയും അവർക്ക് പിന്നിലായി തറയിൽ ഇരുന്നു.
എല്ലാവരുടെയും നോട്ടം മുറിയുടെ നടുവിലേക്കായിരുന്നു. അവിടെ ആ ഇരുമ്പ് ചങ്ങലയിൽ തൂക്കിയിട്ട തൂക്കുക്കട്ടിലിൽ മാനസ ഇരിപ്പുണ്ടായിരുന്നു.
അങ്കത്തട്ടിൽ ഞാൻ കണ്ട ആ ഭയാനകമായ സംഹാരരൂപിണിയേ ആയിരുന്നില്ല അവർ. വളരെ ലളിതമായ ഒരു സാരിയായിരുന്നു അവരുടെ വേഷം.
കുളിയൊക്കെ കഴിഞ്ഞിട്ടുണ്ടാവണം. അയച്ചിട്ട നനഞ്ഞ മുടിയും, നെറ്റിയിലൊരു വലിയ ചുവന്ന പൊട്ടും… കണ്ണുകൾ പാതി അടച്ച്, എന്തോ വലിയ ആലോചനയിലായിരുന്നു അവർ. ആ ആട്ടുപലക പതുക്കെ മുന്നോട്ടും പിന്നോട്ടും ആടുന്നുണ്ടായിരുന്നു.
ആരും ഒരക്ഷരം മിണ്ടുന്നില്ല. മാനസയുടെ മുഖത്ത് വലിയൊരു ഗൗരവം നിഴലിച്ചിരുന്നു. അവരുടെ ആ ഇരുപ്പ് കണ്ടപ്പോൾ എനിക്ക് മനസ്സിലായി, അവർക്ക് വലിയൊരു കഥ പറയാനുണ്ട്! വെറുമൊരു കഥയല്ല, ഞങ്ങളുടെയെല്ലാം ജീവിതത്തെ മാറ്റിമറിക്കാൻ പോകുന്ന എന്തോ വലിയ സത്യങ്ങൾ…
ഒരുപക്ഷേ എന്നെപ്പോലെ തന്നെ ആ വലിയ സത്യങ്ങൾ അറിയാൻ അവിടെ കൂടിയിരിക്കുന്ന ഓരോരുത്തർക്കും അതിയായ ആഗ്രഹമുണ്ടായിരിക്കണം.
ശരിക്കും ആരാണ് ഇവരെല്ലാം? എന്താണ് അവർക്ക് പിന്നിലുള്ള രഹസ്യം? മലയുമായി മാനസക്ക് എങ്ങനെയാണ് ബന്ധം? രുധിരമണി എങ്ങനെയാണ് പൊട്ടിയത്? ഈ ചോദ്യങ്ങളെല്ലാം അവിടെ തറയിൽ ഇരിക്കുന്ന ഓരോരുത്തരുടെയും മുഖത്ത് വ്യക്തമായി
കാണാമായിരുന്നു.
തൂക്കുക്കട്ടിലിന്റെ ആട്ടം പതുക്കെ നിന്നു. മാനസ സാവധാനം അവരുടെ കരിങ്കൽ കണ്ണുകൾ തുറന്നു. ആ നോട്ടം നേരെ വന്ന് പതിച്ചത് എന്നിലായിരുന്നു!

Please write the next part as soon as possible bro 🥺🥺🙏🏻