“പൈക്കര നല്ല ഒരു സ്ഥലാല്ലേ കാണാന്. അവിടെ എവിടെയോ ടീ എസ്റ്റേറ്റ് ഒക്കെണ്ട്… ഇനി ഒരു ദിവസം ഇങ്ങട്ടായിട്ട് വരണട്ടോ ഏട്ടാ”
“പകല് വരണം. രാവിലെ പോരണം. ഇനി ഒരു ദിവസം… അല്ലെങ്കില് വേണ്ട…. എന്നെങ്കിലും ഒരു ദിവസം നമുക്ക് എല്ലാർക്കും കൂടെ വരാം. അച്ഛനും അമ്മേം ഒക്കെയായിട്ട്”
“മഴക്കാലം കഴിഞ്ഞിട്ട് മതി ഏട്ടാ. അപ്പഴാ വെള്ളച്ചാട്ടം കാണാൻ ഭംഗി. ഒരു നവംബർ ഡിസംബറിലെന്നേലും വരണം”
എല്ലാവരും ഒരുമിച്ച് പുറത്ത് പോയിട്ട് കുറേ നാളുകളായി. എന്തൊക്കെയോ ചില ബന്ധമില്ലാത്ത ചിന്തകൾ മനസ്സിൽ മുളച്ചു പൊന്തി.
“കഴിഞ്ഞ വർഷം… ഒക്ടോബറില്. വിജയ ദശമീൻ്റെ ലീവിന് ഏട്ടൻ വന്നപ്പോ”
ചിന്നു എൻ്റെ മനസ്സ് വായിച്ചത് പോലെ അത് പറഞ്ഞപ്പോൾ ഞാൻ പെട്ടന്ന് ഞെട്ടിപ്പോയി.
“നിനക്കെങ്ങനെ മനസ്സിലായി”?
“ഏട്ടനൊന്നും പറയാഞ്ഞപ്പോ എനിക്ക് അങ്ങനെ തോന്നി. അവസാനായിട്ട് നമ്മളൊരുമിച്ച് പുറത്ത് പോയത് എന്നാന്ന് ഏട്ടൻ കണക്ക് കൂട്ടാവൂന്ന് തോന്നി…”
“ചിന്നൂ…. നീ മാത്തമാറ്റിക്സ് തന്നെയല്ലേ പഠിക്കണത്? അതോ സൈക്കോളജീക്ക് മാറിയോ”?
“ഏട്ടൻ്റെ മനസ്സിലെന്താന്നറിയാൻ സൈക്കോളജിയൊന്നും പഠിക്കണ്ട.”
“എന്നാ ഇപ്പോ എൻ്റെ മനസ്സിലെന്താ”?
“ഞാൻ”
“അല്ല”
“എന്നാലാ നമ്രതയാവും….”
“ഞാനവിടുന്ന് പോന്നതോടെ അത് വിട്ടു. നീയാ ഇപ്പഴും അവളെ ഓർമ്മേല് താങ്ങി നടക്കണത്”
“ആണോ ഏട്ടാ”?
പെട്ടെന്നുള്ള ആ മറുപടി കേട്ട് ഞാൻ ചിരിച്ചു പോയി. ചിന്നുവിനും ചിരി അടക്കാനായില്ല.
നീട്ടിയുള്ള ഹോണടി കേട്ടു. മൈസൂരിൽ നിന്ന് കോയമ്പത്തൂർക്കുള്ള സൂപ്പർ ഫാസ്റ്റ് ബസ് മുന്നിലെ ഹെയർ പിൻ വളവ് തിരിഞ്ഞ് വന്നു. തൊട്ടു പിന്നിൽ ഒരു ലെയ്‌ലാൻ്റ് ലോറിയുമുണ്ട് മുക്കിയും മൂളിയും കയറ്റം കയറി വരുന്നു. ചിന്നു ബൈക്ക് ഒതുക്കി നിർത്തി.
ഡ്രൈവർ ഞങ്ങളെ കൈ വീശി കാണിച്ച് ബസ് വളവിലേക്ക് കയറ്റി നിർത്തി. ആ മൾട്ടി ആക്സിൽ വോൾവോക്ക് വളവ് തിരിച്ചെടുക്കാൻ കഴിയുന്നതിനേക്കാളും നീളമുണ്ട്. ഡ്രൈവർ ഒരൽപ്പം പിന്നോട്ട് എടുത്ത് വീണ്ടും സ്റ്റിയറിങ് മുഴുവനായും തിരിച്ച് വലത് വശത്തേക്ക് ചേർത്ത് ബസ് മുന്നോട്ടെടുത്തു.
മുന്നിലെ ചക്രങ്ങൾക്കൊപ്പം പിന്നിലെ ചക്രങ്ങളും തിരിയുന്നത് കാണാനൊരു കൗതുകം. ഞങ്ങൾ ആ ബസ് വളവ് തിരിഞ്ഞ് പോകുന്നതും നോക്കിയിരുന്നു.
തൊട്ടു പിന്നാലെ ലോറിയും ഞങ്ങളെ കടന്ന് പോയി.
ബൈക്ക് വീണ്ടും പതിഞ്ഞ വേഗത്തിൽ നീങ്ങാൻ തുടങ്ങി. സെക്കൻ്റ് ഗിയറിലാണ് ബൈക്ക് ഇറക്കം ഇറങ്ങുന്നത്.
“ഇത് കോർണറ് ചെയ്യാൻ വല്യ പാടാ ഏട്ടാ”
“കോർണറ് ചെയ്യാൻ ഇത് ആർ വൺ ഫൈവൊന്നും അല്ലല്ലോ. ക്രൂയിസറല്ലേ ചിന്നൂ.”
മലഞ്ചെരിവിലാകെ ഇലഞ്ഞി പൂവിൻ്റെ ഗന്ധം പരന്നു. നേരിയ മഞ്ഞ് കാഴ്ചയെ മറക്കുന്നു. ഉൾക്കാട്ടിൽ കാട്ടുപന്നികൾ അമറുന്ന ശബ്ദം കേട്ട് ഞാൻ ചെവി കൂർപ്പിച്ചു. പുലി ഇര പിടിക്കുകയാവും.
“നല്ല മണല്ലേ ഏട്ടാ…” ചുറ്റും പരന്ന സുഗന്ധം ആഞ്ഞ് ശ്വസിക്കുന്നതിനിടെ ചിന്നു വെറുതേ ചോദിച്ചു.
“അത് ചുരത്തിൻ്റെ താഴെ എവിടെയോ ഇലഞ്ഞി പൂത്തതിൻ്റെ മണാ”
“യക്ഷികളുണ്ടാവും”
“അത് ഏഴിലം പാല. ഇത് ഇലഞ്ഞി”
“ഇലഞ്ഞി പൂക്കുമ്പോ പിന്നെ ആരാണ്ടാവാ”?
“ആരുണ്ടാവാൻ? ആനണ്ടാവും ചിലപ്പോ”
ചിന്നു ആനകളേയും പ്രതീക്ഷിച്ച് വേഗം പറ്റെ കുറച്ച് ജാഗ്രതയോടെ ചുറ്റും നിരീക്ഷിച്ച് ബൈക്കോടിക്കാൻ തുടങ്ങി.
“ചിന്നൂ… കോട പരന്നത് കണ്ടില്ലേ? മഴ പെയ്തോണ്ടാവും. ഒരിത്തിരി സ്പീഡില് പോവാം. പതിനൊന്നര ആവുമ്പോഴേക്ക് ഗൂഡല്ലൂരെത്തണം”
“അപ്പോ ആനയോ”?
“ആന ഇവിടുണ്ടാവില്ല. നാടുകാണീല്. പന്തല്ലൂര്. ദേവാലേല്…. അവിടെ ഒക്കെയാ ആനണ്ടാവാ. അതല്ലെങ്കില് നേരത്തേ പൈക്കര എത്തുന്നേന് മുന്നെ ഒരു കാട് കണ്ടില്ലേ? അവിടേണ്ടാവും. നീ ഇങ്ങട്ട് പോന്നപ്പോ ഈ റോഡൊന്നും ശ്രദ്ധിച്ചില്ലേന്നോ”
“ഞാൻ ശ്രദ്ധിച്ചതാ. പിന്നെ ഏട്ടനാനേനെ പറ്റി ഇങ്ങനെ പറഞ്ഞപ്പോ…”
“ആന അങ്ങനെ എല്ലാടത്തൂണ്ടാവില്ല. കാടായിട്ട് കാര്യല്ല. ആനക്ക് നിക്കാൻ പറ്റിയ സ്ഥലം കൂടിയാവണം”
