ഹെയർപിൻ വളവുകളിൽ ഞാൻ ബൈക്ക് ചെരിച്ചപ്പോൾ റോഡിലേക്ക് വീണു പോകുമെന്ന് തോന്നി. ഓരോ വളവുകളിലും പിന്നിലിരുന്ന ചിന്നു എന്നെ മുറുകെ പിടിക്കുന്നുണ്ടായിരുന്നു.
ഇടത് വശത്ത് പലതരം മരങ്ങൾ തിങ്ങി നിറഞ്ഞ അഗാധമായ താഴ്‌വരകളാണ്. റോഡിനൊപ്പം ഉയരത്തിൽ മരങ്ങളുടെ പച്ച മേലാപ്പ് മാത്രം കാണാനുണ്ട്. വലത് വശത്തുള്ള കുന്നുകൾ കൊടും വേനലിലും മരങ്ങളുടെ കടും പച്ചപ്പിൽ പുതച്ചുനിൽക്കുന്നുണ്ടായിരുന്നു. ഇടക്ക് ചില ചോലകൾ. വലിയ പാറക്കൂട്ടങ്ങൾ. ആനമറി കഴിഞ്ഞതോടെ നീലഗിരി ബയോസ്ഫിയറിൻ്റെ മനോഹരമായ കാഴ്ചകൾ കണ്ണിന് ആനന്ദമായി.
ചിന്നു എന്തോ പറഞ്ഞു. ചെവിയിൽ വീശിയടിക്കുന്ന തണുത്ത കാറ്റിൻ്റെ മൂളിച്ചയിൽ അവൾ പറഞ്ഞതെന്താണ് എന്നെനിക്ക് മനസ്സിലായില്ല.
“ഏട്ടാ… ഫോട്ടോയൊക്കെ എടുത്ത് പതുക്കെ പോയാല് മതി”. ഞാൻ മറുപടി ഒന്നും പറയാഞ്ഞത് കണ്ട് ചിന്നു എൻ്റെ ഹെൽമെറ്റുയർത്തി ചെവിയിൽ പറഞ്ഞു.
വഴിയരികിൽ ആനകളെ പോലെ തോന്നിക്കുന്ന ഒരുപാട് പാറക്കൂട്ടങ്ങൾ കണ്ട് ഞാൻ ബൈക്കൊതുക്കി.
“ഇതെവിടെയാ ഏട്ടാ സ്ഥലം”? എന്നും ചോദിച്ച് ചിന്നു നാലുപാടും നോക്കി.
“തേൻ പാറ”
അങ്ങനെ പറഞ്ഞെങ്കിലും എനിക്കും വലിയ ഉറപ്പില്ലായിരുന്നു. സ്ഥലപ്പേര് സൂചിപ്പിക്കുന്ന വല്ല ദിശാസൂചികയും എവിടെയെങ്കിലുമുണ്ടോയെന്ന് ഞാൻ ചുറ്റും പരതി.
നട്ടുച്ചക്കും സന്ധ്യാസമയമാണെന്ന് തോന്നിപ്പോകുന്ന ഏകാന്തമായൊരിടം. ചെറിയൊരു ചെരിവോടെ മുകളിലേക്ക് ഒരു കൊടുമുടി പോലെ ഉയർന്നു നിൽക്കുന്ന സഹ്യപർവ്വതത്തിൻ്റെ പുരാതനമായ ഗാംഭീര്യത്തിനു മുന്നിൽ ഞങ്ങൾ വളരെ ചെറുതായിരുന്നു.
പാറയിടുക്കുകളിലൂടെ തുള്ളിച്ചാടി കലപില കൂട്ടി അതിവേഗം താഴേക്ക് ഒഴുകിയിറങ്ങുന്ന ചോല കണ്ട് ചിന്നു അങ്ങോട്ട് ചെന്നു. ചുറ്റിനും കനത്ത നിശബ്‌ദത മാത്രം. സാധാരണ കാണുന്ന പക്ഷികളും കുരങ്ങൻമാരും ഒന്നുമില്ല. നിലത്ത് വീണു കിടക്കുന്ന കരിയിലകൾ തട്ടി നീക്കിയപ്പോൾ അതിനടിയിൽ പ്രാണികളുമില്ല. ജീവരാശിയുടെ ഒരു സാന്നിദ്ധ്യവും ഇല്ലാത്തൊരിടം. ചോലക്ക് ചുറ്റും ആനപ്പിണ്ടം കണ്ടപ്പോൾ എനിക്ക് ചെറിയൊരു അത്ഭുതം തോന്നാതിരുന്നില്ല.
“ചിന്നൂ… ഇവിടെ നിക്കണ്ട… പോകാം”…
പാറക്ക് മുകളിൽ വലിഞ്ഞു കയറി ഫോട്ടോ എടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ചിന്നു. ഞാൻ വിളിച്ചത് കേട്ട് അവൾ മിണ്ടാതെ ഇറങ്ങി വന്ന് ബൈക്കിൽ കയറി.
ചുരത്തിൽ വീശിയടിക്കുന്ന ഈർപ്പം നിറഞ്ഞ തണുത്ത കാറ്റിന് നനഞ്ഞ പച്ച മണ്ണിൻ്റെ ഗന്ധമായിരുന്നു. ചുറ്റിനും ചതച്ചരച്ച യൂക്കാലിപ്റ്റിസിൻ്റെ മണം പരന്നു. ചിന്നു എൻ്റെ പുറത്ത് തല ചേർത്തു വെച്ച് ചാരി കിടക്കുകയാണ്….
“ഏട്ടാ…” ചെവിയിൽ നേർത്ത മന്ത്രണത്തിൻ്റെ തിരയടക്കം. “ഗന്ധർവ്വനിറങ്ങുമ്പോ ഉള്ളതു പോലത്തെ മണം”
“പേടി തോന്നുന്നുണ്ടോ നിനക്ക്”?
“ഇല്ല… ഏട്ടനില്ലേ കൂടെ….”
ഞാൻ ഗിയർ മാറ്റി. ആക്‌സിലറേറ്റർ തിരിച്ചു. വണ്ടിക്ക് വേഗത കൂടി.
“എന്നാലേ അത് ഗന്ധർവ്വനല്ല. ആനക്കൂട്ടം ഇറങ്ങിയതാ….” ഒരു ചിരിയോടെ ഞാൻ തുടർന്നു…..” ഇന്നലെ ഇവിടെ നല്ല മഴ പെയ്തൂന്ന് തോന്നുന്നുണ്ട്. ചിലപ്പോ മഞ്ഞാവും. ചോല നിറഞ്ഞൊഴുകുന്നത് കണ്ടിട്ട് മലയുടെ മേലെ എവിടെയോ നല്ല മഴ പെയ്തിട്ടുണ്ടൂന്നാ തോന്നണത്…”
വണ്ടിക്ക് വേഗത കൂടിയപ്പോൾ ഹാൻഡിൽ ബാറിൽ പിടിച്ച വിരൽത്തുമ്പുകളെ മരവിപ്പിക്കുന്ന തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി. ഉച്ചസമയത്തും പശ്ചിമഘട്ടത്തിന് മുകളിൽ വെള്ളക്കടലായി പരന്ന മൂടൽമഞ്ഞ് റോഡിലെ മഞ്ഞവരകളെ മായ്ച്ചുകൊണ്ട് പ്രേതങ്ങളെപ്പോലെ ഒഴുകി നടന്നു.
“ഈ മൂടൽ മഞ്ഞിൻ്റെ ഉള്ളുക്കൂടെ പോവുമ്പോ ദേവലോകത്ത് ചെന്ന പോലെണ്ട്. ഇല്ലേ ഏട്ടാ”?
ഞാൻ ഒന്നും പറഞ്ഞില്ല. ചിന്നു നിവർന്നിരുന്ന് കൈകൾ നിവർത്തി നീട്ടി പിടിച്ചു… എതിരെ വന്ന കാറുകാർ രണ്ട് പ്രാവശ്യം ബ്രൈറ്റടിച്ച് കൈവീശി കാണിച്ചു. ഞാനും നീട്ടി മൂന്ന് ഹോണടിച്ച് ബൈക്കിന് വേഗത കൂട്ടി.
“എന്താ അവര് പറഞ്ഞത്? ഏട്ടനെന്തിനാ ഇത്രക്ക് സ്പീഡില് പോണത്”? ചെറിയൊരു ചിന്താ കുഴപ്പത്തോടെ ചിന്നു ചോദിച്ചു.
