പാപശൽഭം – 15 1അടിപൊളി  

അയൽപക്കത്തുള്ളവരും അകന്ന ബന്ധുക്കളുമെല്ലാം ഷാഹിദിനെ കാണാനും യാത്രയാക്കാനും ഇടയ്ക്കിടെ വന്നുപോയിക്കൊണ്ടിരുന്നു.

പുറമെ ആ വീട്

മുഴുവൻ സ്നേഹത്തിന്റെയും യാത്രാമൊഴികളുടെയും തിരക്കിലായിരുന്നെങ്കിലും, മുകളിലത്തെ കിടപ്പുമുറിക്കുള്ളിലെ വായുവിന് അപ്പോഴും കുമരകത്തുനിന്ന് കൊണ്ടുവന്ന ആ തണുത്ത മരവിപ്പുണ്ടായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലൊക്കെയും ഷാഹിദ് ഒരു കുറ്റവാളിയെപ്പോലെ ജസ്‌നയുടെ നിഴലായി നടക്കുകയായിരുന്നു. കുമരകത്തെ ആ ഫോട്ടോഷൂട്ടിനിടയിൽ താൻ കാണിച്ച എടുത്തുചാട്ടം അവളുടെ മനസ്സിൽ എത്ര വലിയ മുറിവാണ് ഉണ്ടാക്കിയതെന്ന് അവൻ ഓരോ നിമിഷവും തിരിച്ചറിയുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, കഴിഞ്ഞ ദിവസങ്ങളിൽ ഒരിക്കൽപ്പോലും അവൻ അവളോട് മോഡേൺ വസ്ത്രങ്ങൾ ഇടാൻ ആവശ്യപ്പെട്ടില്ല; ഫോൺ ക്യാമറ ഓൺ ചെയ്ത് കൊണ്ട് അവളുടെ അരികിലേക്ക് ചെന്നില്ല; അവളുടെ അനുവാദമില്ലാതെ അവളുടെ വിരൽത്തുമ്പിൽ തൊടാൻ പോലും അവൻ ധൈര്യപ്പെട്ടില്ല.

പകരം, അവളുടെ പിണക്കം മാറ്റാൻ വേണ്ടി അവൻ കാണിച്ചുകൂട്ടിയ കൊച്ചുകൊച്ചു കാര്യങ്ങൾ ജസ്‌നയും ഉള്ളിലൊരു നോവോടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവൾ അടുക്കളയിൽ നിൽക്കുമ്പോൾ മറ്റാരും ഇല്ലെങ്കിൽ അവളെ ഹെൽപ് ചെയ്യുന്നതും, അവൾ അലക്കിയിട്ട തുണികൾ ആരും കാണാതെ മുകളിലെ ടെറസ്സിൽ പോയി എടുത്തുകൊണ്ടുവരിക, ബന്ധുക്കളുടെ മുന്നിൽ വെച്ച് അവളെ വാനോളം പുകഴ്ത്തി സംസാരിക്കുക—അങ്ങനെ ഒരു നല്ല ഭർത്താവാകാൻ അവൻ ആവുന്നത്ര ശ്രമിക്കുന്നുണ്ടായിരുന്നു.

ജസ്‌നയാകട്ടെ, ഒരു ഉത്തമ ഭാര്യയുടെ കടമകളിൽ ഒരിഞ്ച് വീഴ്ചയും വരുത്തിയില്ല. ടൊറന്റോയിലെ കൊടുംതണുപ്പിലേക്ക് അവന് കൊണ്ടുപോകാനുള്ള സാധനങ്ങളും ഷർട്ടുകളുമെല്ലാം അവൾ സ്വന്തം കൈകൊണ്ട് തേച്ചുമടക്കി അവന്റെ വലിയ സ്യൂട്ട്കേസുകളിലേക്ക് അടുക്കിവെച്ചു. അവന് സമയത്തിന് ഭക്ഷണം വിളമ്പിക്കൊടുത്തു, എല്ലാവരുടെയും മുന്നിൽ വെച്ച് ബഹുമാനത്തോടെ ‘ഇക്കാ’ എന്ന് മാത്രം വിളിച്ചു.

എന്നാൽ രാത്രിയിൽ കിടപ്പുമുറിയുടെ വാതിൽ അടയുന്ന നിമിഷം, അവൾ തനിക്ക് ചുറ്റും ആ അദൃശ്യമായ മതിൽക്കെട്ട് വീണ്ടും ഉയർത്തും. കട്ടിലിന്റെ രണ്ടറ്റത്തായി കിടക്കുമ്പോൾ, ഇടയിലുള്ള ആ ചെറിയ

വിടവ് ഒരു സമുദ്രം പോലെ ഷാഹിദിനെ ഭയപ്പെടുത്തി.

യാത്രയ്ക്ക് രണ്ടു ദിവസം മാത്രം ബാക്കിനിൽക്കെ, അന്ന് രാത്രി പതിനൊന്നു മണിയോടെയാണ് ആ മൗനത്തിന്റെ കനം പൊട്ടിത്തകർന്നത്. താഴെ നിന്ന് ഉമ്മ കൊടുത്തയച്ച അച്ചാറുകുപ്പികൾ ബബിൾ റാപ്പിൽ പൊതിഞ്ഞ് സ്യൂട്ട്കേസിന്റെ നടുവിലായി വെച്ചുകൊണ്ടിരിക്കുകയായിരുന്നു ജസ്‌ന. കട്ടിലിന്റെ അരികിൽ നിശ്ശബ്ദനായി ഇരുന്നിരുന്ന ഷാഹിദ് പെട്ടെന്ന് എഴുന്നേറ്റ് അവളുടെ അരികിലേക്ക് വന്നു. നിലത്ത് മുട്ടുകുത്തിയിരുന്ന് തുണികൾ അടുക്കുകയായിരുന്ന അവളുടെ തൊട്ടുമുന്നിലായി അവനും തറയിലേക്ക് മുട്ടുകുത്തിയിരുന്നു.

ജസ്‌ന ഞെട്ടി തലയുയർത്തി നോക്കുന്നതിന് മുൻപ് തന്നെ, ഷാഹിദ് അവളുടെ മൈലാഞ്ചിയിട്ട ഇരുകൈകളും തന്റെ കൈപ്പത്തികൾക്കുള്ളിലേക്ക് എടുത്തു വെച്ചു. അവന്റെ കൈകൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.

അവൾ കൈ വലിച്ചെടുക്കാൻ ആഞ്ഞെങ്കിലും, ഷാഹിദിന്റെ മുഖത്തേക്ക് നോക്കിയ നിമിഷം അവളുടെ ചലനം നിന്നുപോയി. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു! ഒരു കൊച്ചുകുട്ടിയെപ്പോലെ ചുണ്ടുകൾ വിറപ്പിച്ചുകൊണ്ട് അവൻ തന്റെ നെറ്റി അവളുടെ കൈപ്പത്തികളിലേക്ക് ചേർത്തുവെച്ചു.

“പൊന്നൂ… എന്നോട് ഇനിയും ഇങ്ങനെ മിണ്ടാതിരിക്കല്ലേ ഡാ…” അവന്റെ ശബ്ദം പൂർണ്ണമായും ഇടറിപ്പോയിരുന്നു. അവളുടെ ഉള്ളംകയ്യിലേക്ക് അവന്റെ കണ്ണുനീർത്തുള്ളികൾ ചൂടോടെ ഇറ്റുവീണു. “മറ്റന്നാൾ രാത്രി ഞാൻ തിരിച്ചു പോവുകയാണ് പൊന്നൂ. ഇനി എപ്പോഴാ നിന്റെ വിസ ശരിയായി നീ അങ്ങോട്ട് വരുന്നതെന്ന് പടച്ചോന് മാത്രമേ അറിയൂ. പക്ഷേ… നീ എന്നോട് ഇങ്ങനെ പിണങ്ങിയിരിക്കുമ്പോൾ, നിന്റെ മനസ്സിൽ എന്നോടുള്ള ഈ ദേഷ്യം വെച്ചുകൊണ്ട് ഞാൻ എങ്ങനെയാ പൊന്നൂ ആ ഫ്ലൈറ്റിൽ കയറുക? അങ്ങ് കാനഡയിൽ ഒറ്റയ്ക്ക് ചെന്നിരുന്നാൽ എനിക്ക് ശ്വാസം മുട്ടി ചത്തുപോകും ഡാ…”

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *